Tuesday, March 20, 2012

സിങ്കപൂര്‍ യാത്ര - നാലാം ദിവസം

അങ്ങനെ സിങ്കപൂരില്‍ 3 ദിവസം കഴിഞ്ഞു. ദിവസങ്ങള്‍‌     ഓടി പോകുന്നതു പോലെ.. പണ്ടു മുതല്‍ സ്കൂളില്‍ നിന്നൊക്കെ ട്രിപ്പ് പോകുമ്പോള്‍ പ്രാര്‍ത്ഥിക്കും...ഈശ്വരാ ഈ യാത്ര അവസാനിക്കല്ലേയെന്ന്... അതു പോലെയാണ് ഇപ്പോളും മനസ്സില്‍. എന്തായാലും രാവിലെ നേരത്തെ എഴുന്നേറ്റെന്നൊന്നും കരുതേണ്ട.. എന്നും എഴുന്നേല്ക്കുന്നതു പോലെ നേരം വൈകി തന്നെ. എന്നാലും 9.30 യ്ക്ക് ഉളള സിങ്കപ്പൂര്‍ അട്രാക്ഷന്‍ എക്സ്പ്രസ്സില്‍ കയറി. ഹോട്ടലിന്‍റെ അടുത്തു തന്നെയാണ് സ്റ്റോപ്പ്. ഈ ബസ്സ് 8.30, 9.30, 10.30, 1.30 യ്ക്കൊക്കെയുണ്ട് അവിടെ നിന്നും. ഒരാള്‍ക്ക് 4.30 സിങ്കപ്പൂര്‍ ഡോളറിന് നേരെ സിങ്കപ്പൂര്‍ സൂവിലേക്കാണ്. (6753-0506 ഇതില്‍ വിളിച്ചാല്‍ ഈ ബസ്സിന്‍റെ ഡീറ്റെയില്‍സ് കിട്ടും). അര മണിക്കൂര്‍ യാത്രയേയുളളൂ സൂവിലേക്ക്. ബസ്സ് സിറ്റി വിട്ട് കുറച്ചു ദൂരം കൂടി പോയി. വൃത്തിയുളള റോഡുകള്‍. വശങ്ങളിലെല്ലാം മരങ്ങള്‍ ഭംഗിയായി നട്ടു പിടിപ്പിച്ചിരിക്കുന്നു. (ഇതുപോലുള്ള ഡയലോഗ് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഓ സഞ്ചാരം പ്രോഗ്രാമില്‍)

സിങ്കപ്പൂരിലെ റോഡിനെയും വൃത്തിയേയും പറ്റി പ്രത്യേകിച്ച് പറയണ്ടല്ലോ.. വര്‍ഷം മുഴുവന്‍ മഴ പെയ്യുന്ന സ്ഥലമായിട്ടും ഒരു റോഡും പൊട്ടിപ്പൊളിഞ്ഞിട്ടില്ല.( നമ്മുടെ നാട്ടില്‍ റോഡു പൊളിയുന്നതിന് കാരണമായി പറയുന്നത് മഴയാണെന്നല്ലേ...) അതു പോലെ ആരും വേസ്റ്റ് റോഡ്സൈഡില്‍ ഇടുന്നുമില്ല. 

 എന്തായാലും സൂവിലെത്തി, ടിക്കറ്റ് നേരത്തെയെടുത്തതു കൊണ്ട് അതിന് ക്യൂ നില്ക്കേണ്ടി വന്നില്ല. മോള്‍ക്ക് സ്ട്രോളറും വാടകയ്ക്കെടുത്ത് ഉളളിലേക്ക് നടന്നു. സ്ട്രോളര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ സൂവിന്‍റെ മാപ്പും കിട്ടി. അതില് കുന്നംകുളം എവിടെയാണെന്ന് നോക്കി ഞങ്ങള്‍ നടന്നു.


  ട്രാം ഉണ്ട് സൂവിന്‍റെയുളളില്‍. അതില്‍ കയറിയാല്‍ നടക്കാതെ സൂ കാണാലോയെന്ന് കരുതി (ഹമ്പട ഞാനേ...) അതിന്‍റെ ടിക്കറ്റ് അന്വേഷിച്ചു. നേരെ അവിടേക്ക് പോയി ടിക്കറ്റെടുത്തു ട്രാമില്‍ കയറി. ട്രാമിന് 4 സ്റ്റോപ്പ് മാത്രമേയുളളൂ..  പിന്നെ ട്രാമില്‍ ഇരുന്നാല്‍ വശങ്ങളില്‍ കാണാന്‍ പറ്റുന്ന മൃഗങ്ങള്‍ കുറവാണ്. പോകുന്ന വഴിക്ക്  സിംഹം, സീബ്ര, ജിറാഫിനെയും കണ്ടു. നമ്മുടെ നാട്ടിലെ പോലത്തെ സൂവല്ല. എല്ലാ മൃഗങ്ങളേയും ഫ്രീയായി വിട്ടിരിക്കുകയാണ്. ട്രാം ടിക്കറ്റെടുത്തത് വെറുതെയായെന്ന് പിന്നീട് തോന്നി. ഞങ്ങള്‍ ട്രാമില്‍ കയറി ആദ്യത്തെ സ്റ്റോപ്പില്‍ ഇറങ്ങി. സൂവില്‍ ദിവസവും ഷോകളുണ്ട് പക്ഷേ ഓരോന്നിന്‍റെയും സമയത്ത് അവിടെയെത്തി പെടുകയെന്നത് ബുദ്ധിമുട്ടാണ്. വീട്ടിലിരുന്ന് ലിസ്റ്റൊക്കെയുണ്ടാക്കിയപ്പോള്‍ ഓരോ സമയത്ത് ഏതൊക്കെ കാണണം എന്നൊക്കെ നമ്പറിട്ടെഴുതിക്കൊണ്ടാ വന്നത്... അതു വെറും നമ്പറായിത്തന്നെ കയ്യിലിരുന്നുവെന്ന് മാത്രം... അവിടെ ചെന്നപ്പോളാണ് ഇതൊന്നും നടക്കുന്ന കാര്യമല്ലായെന്ന് മനസ്സിലായത്. 

ഞങ്ങള്‍ ആദ്യം കയറിയത് കിഡ്സ് റെയിന്‍ഫോറസ്റ്റിലാണ്(Kidz Rainforest ). കയറുന്നയുടന്‍ തന്നെ പോണി റൈഡുകള്‍ക്കുളള അവസരമുണ്ട്. അതിനു വേണ്ടിയുളള പോണികളുടെ ഒരു കുതിരാലയം അവിടെ.. നാട്ടിലേ പോലെ വ്യത്തിയില്ലാത്ത തൊഴുത്തല്ലാട്ടോ, ഫാനൊക്കെയിട്ട് നല്ല ക്ലീന്‍ സ്ഥലത്തിങ്ങനെ ജാഡയായി നില്‍ക്കുന്നു..

ചെന്നപ്പോള്‍ തന്നെ അവിടെയുളള വാട്ടര്‍ തീമ്ഡ് പ്ലേഗ്രൌണ്ടില്‍ മോള്‍ക്ക് കളിക്കണം.. പിന്നീട് കളിക്കാമെന്ന് പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവുമോ.. അനിമല്‍ ഫ്രണ്ട്സ് ഷോ തുടങ്ങാന്‍ സമയവുമായി.. എന്തായാലും അത് കാണാമെന്ന് വെച്ചു.  അവളെ പിടിച്ച് വലിച്ച് അവിടേക്ക് കൊണ്ടു പോയി. അവിടെ ചെന്നിട്ടും ആദ്യമെല്ലാം വാശിയിലായിരുന്നു. പിന്നീട് അവിടെ നടന്ന പൂച്ചയുടേയും, നായയുടേയും ഷോ കണ്ടപ്പോള്‍ അവള്‍ക്ക് ഇഷ്ടമായി. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഷോ ആയിരുന്നു അത്. ഷോയുടെ അവസാനം ബബിള്‍സില്‍ കളിക്കാനുളള അവസരവും ഉണ്ടായിരുന്നു. രാവിലെ ഒന്നും കഴിക്കാതെ ഫുഡ് പാഴ്സലായി വാങ്ങിയാണ് പോയത്. അവിടെയിരുന്ന് അതും കഴിച്ച് ഞങ്ങള്‍ നടന്നു. നേരെ പോയത് Elephants of Asia യിലേക്കാണ്  അവിടെ ചെന്നപ്പോളേക്കും 'Elephants at Work and Play'  ഷോ തീര്‍ന്നു. ആ ഷോ തീര്‍ന്നതു കൊണ്ട് അധികം വിഷമം തോന്നിയില്ല. പിന്നെ തൃശ്ശൂര്‍ക്കാരിക്കാണ് ആനയെ കാണാത്തതിന് വിഷമം. നമ്മള്‍ കാണാത്ത ആനയുണ്ടോ.. കാളിയാറോഡ് നേര്‍ച്ചയ്ക്ക് എത്ര ആനയേ ആണ് നമ്മള്‍ കാണാറ്.. ( ഇപ്പോളല്ലേ ആനയുടെ എണ്ണം കുറഞ്ഞത്.) പണ്ടൊക്കെ നേര്‍ച്ചയ്ക്ക് ആനയെ കൊണ്ടു വരുമ്പോള്‍ തളയ്ക്കാറ്  ഞങ്ങളുടെ പറമ്പിലാണ്. എത്രയോ കറുപ്പും വെളുപ്പും ആനകളെ വാലില്‍ പിടിച്ച് കറക്കി എറിഞ്ഞിരിക്കുന്നു (വെറുതേ ഇരിക്കട്ടന്നേ) .എന്തായാലും മോള്‍ക്ക് ആനയേയും കാണിച്ച് കൊടുത്ത് അവിടെ നിന്ന് പോന്നു.


അപ്പോളേക്കും 'The Rainforest Fights Back'   ഷോ തുടങ്ങാറായെന്ന് മനസ്സിലാക്കി നേരെ Shaw Foundation Amphitheatre ലേക്ക് വെച്ചു പിടിച്ചു.അവിടെ ചെന്ന് ഐസ്ക്രീമും വാങ്ങി ഷോ കാണാന്‍ പറ്റിയ സ്ഥലം നോക്കിയിരുന്നു.  കാട്ടിലെ കാലാവസ്ഥയില്‍ മൃഗങ്ങള്‍ എങ്ങനെ വളരുന്നു.. എന്നൊക്കെ മനസ്സിലാക്കി തരുന്ന ഒരു ഷോയാണിത്. മനുഷ്യര്‍ക്ക് സാധിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മൃഗങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നും ഇതില്‍ കാണിക്കുന്നു. എക്സാംപിള്‍ കുരങ്ങന്മാര്‍ തേങ്ങ പൊതിക്കുന്നത്, ആദ്യം ഒരാളെ വിളിച്ച് തേങ്ങ, എറിഞ്ഞോ, ഇടിച്ചോ, കടിച്ചോ എങ്ങനെയെങ്കിലും പൊതിക്കാന്‍ പറഞ്ഞു. ആ ചേട്ടന്‍ കുറേ നേരം ചകിരി കടിച്ചെടുക്കാന്‍ നോക്കി, ചകിരി അവിടെതന്നെയിരുന്നതല്ലാതെ പൊളിഞ്ഞു വന്നില്ല. ഇതൊരു ചിമ്പാന്‍സിക്ക് കൊടുത്തപ്പോള്‍ അത് ഈസിയായി 10 സെക്കന്‍റ് കൊണ്ട് ചകിരിയും കളഞ്ഞ് പൊട്ടിച്ച് വെളളവും കുടിച്ചു. 

 പിന്നെ പാമ്പിനെ ഒരാള് തോളിലിട്ടു കൊണ്ടു  നടന്നിട്ട്, അയാളുടെ രണ്ടാമത്തെ പാമ്പിനെ കാണാനില്ല, നിങ്ങളുടെ സീറ്റിനടിയിലോ മറ്റോ ഉണ്ടോ എന്ന് നോക്ക് എന്നൊക്കെ പറഞ്ഞ് കാണികളെ പേടിക്കാന്‍ നോക്കി. ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു വെന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പേടിച്ചൊന്നുമില്ല. നമുക്കറിയാലോ ഇത് ഷോയാണെന്ന്. അല്ലെങ്കില്‍ കാണായിരുന്നു എപ്പോളേ നമ്മള്‍ (തിരുവന്തപുരം ഭാഷയില്‍ പറഞ്ഞാല്‍) ഓടിത്തളളിക്കളഞ്ഞേനേ...
Shaw Foundation Amphitheatre ല്‍ Splash Safari ഷോ ഉണ്ടായിരുന്നു. പക്ഷേ അത് 10.30 യ്ക്കും, 5 മണിക്കും ആയിരുന്നു. 10. 30 ക്ക് കാണാന്‍ പറ്റിയില്ല. പിന്നെ 5 മണി വരെ അവിടെ നില്‍ക്കാന്‍ വയ്യാത്തതു കൊണ്ട് അത് കാണണ്ടായെന്ന് വെച്ചു. അല്ലാതെയെന്തു ചെയ്യാം. ഇവന്മാര്‍ക്ക് ഇതെല്ലാം സമയം നോക്കി വെച്ചു കൂടേ... എന്തായാലും അവിടെ പോയി ആഫ്രിക്കന്‍ പെന്‍ഗിനു കളെയും, പെലിക്കനെയും കണ്ടു.


ഇവയുടെ ഷോ ആയിരുന്നു നമ്മള്‍ മിസ് ചെയ്തത് എന്നത് ശരിക്കും വിഷമമായി. എന്നാലും  സിനിമകളില്‍ മാത്രം കണ്ടിട്ടുളള പെന്‍ഗിനുകളെ നേരിട്ട് കണ്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നി..
ഇതിനിടയില്‍ പോകുന്ന വഴിക്കെല്ലാം ഒരുപാട് ജീവികളെ കണ്ടൂട്ടോ.. 
 


 വെളള കടുവ താമസിക്കുന്ന സ്ഥലം കണ്ടപ്പോള്‍ ചെറിയ പേടി തോന്നാതിരുന്നില്ല. 3,4 കടുവകളെ ഒരു കിടങ്ങിന് അപ്പുറത്ത് ഇട്ടിരിക്കുന്നു. അതും ആരോഗ്യമൊന്നും ഇല്ലാത്ത ഞാഞ്ഞൂല്‍ കടുവയല്ല.. നല്ല തടിയന്‍ കടുവകള്‍. ബ്രേക്ക്ഫാസ്റ്റിന് ഒരു പാവം തൃശ്ശൂര്‍ക്കാരിയെ റോസ്റ്റാക്കി കഴിക്കാമെന്ന് വെറുതേ തോന്നല്ലേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ച് അവിടെ നിന്നു.
പിന്നെ സൂവില്‍ ഇഷ്ടമായത് മീനുകളെയാണ്.. ഇതിനെയെന്താണാവോ ഇത്ര ഇഷ്ടമെന്നല്ലേ... പണ്ടേ മീനുകളെന്‍റെ വീക്ക്നസ്സാണ്.. കഴിഞ്ഞ ജന്മത്തില്‍ മത്സ്യകന്യകയായിരുന്നുവെന്ന് ഹസ്ബന്‍റ് പറയാറുള്ളതാ....


 
അതെന്തായാലും എനിക്ക് മീനുകളെ കണ്ടാല്ഒരിളക്കമാണ്...  തിന്നാനല്ലാട്ടോ.. ചുമ്മാ മീന്‍മാര്‍ക്കറ്റില്‍ പോവുക.. മീനെ കാണുക.. ഇത്ര മാത്രം. ചൂണ്ടയിടാനൊക്കെ ഇഷ്ടമാണ്. . പക്ഷേ എനിക്കൊരു കൂട്ടില്ലാത്തതു കൊണ്ട് അതെന്‍റെ നടക്കാത്ത സ്വപ്നമാണ്. പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ... അപ്പോള്‍ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍ സൂവില്‍ എല്ലായിടത്തും ചെറിയ അരുവി പോലെ ഉണ്ടാക്കിയിട്ടുണ്ട്,അതിലെല്ലാം വലിയ മീനുകളും, ആമകളും.അരുവികളില്‍ മാത്രമല്ലാട്ടോ. ചെറുതും വലുതുമായ ടാങ്കുകളിലുമുണ്ട്.,പക്ഷേ കാണാന്‍ രസം അരുവികളിലെയാണ്
 .
 


 പിന്നെ കണ്ടതില്‍ ഇഷ്ടം തോന്നിയത് കങ്കാരുവിനെ കണ്ടപ്പോളാണ്.. ഈ കങ്കാരു .. കങ്കാരു .. എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു.
അവിടെ പോകുന്ന വഴിക്ക് ഒരു പഴയ ആഫ്രിക്കന്‍ വില്ലേജ് പോലെയെന്തോ കണ്ടു.. എന്താണെന്ന് ശരിക്കും മനസ്സിലായില്ല. പഴയ ഗ്രാനറി ഒക്കെയാണത്രേ –നമ്മുടെ നാട്ടിലെ പത്തായത്തിന്‍റെ റോളാണ് ഈ ഗഡിക്ക്.. ഒന്നും മനസ്സിലായില്ലെങ്കിലും നമ്മള്‍ അതിന്‍റെയടുത്ത് നിന്ന് ഫോട്ടോയൊക്കെയെടുത്തു.. ഈ ഫോട്ടോ കണ്ടിട്ട് നിങ്ങള്‍ക്കെന്തെങ്കിലും മനസ്സിലായോ (വലത്തു നിന്നും രണ്ടാമത്തേതാ ഞാന്‍‍ ‍)...
പിന്നെ കണ്ടത് ഒറങ് ഒട്ടാനെയാണ്.. മരത്തിന്‍റെ മുകളില്‍ പ്രത്യേക വലയൊക്കെ വിരിച്ചും, മറ്റു മരങ്ങളെ കയറുപയോഗിച്ച് കെട്ടിയും അതിന് ഓടികളിക്കാനുമുളള സൌകര്യങ്ങള്‍ ചെയ്തു കൊടുത്തിരിക്കുന്നു.  

ദേ തിന്നു ബോറടിച്ച് ഒരെണ്ണം.....


 അതു പോലെ കരടികള്‍ക്കും കാട്ടില്‍ കഴിയുന്ന രീതിയില്‍ ഇവിടെ കഴിയാന്‍ അവസരമുണ്ടാക്കിയിരിക്കുന്നു.


പിന്നീട് കണ്ടത് മുതല, ആമ (ആമയെന്ന് പറഞ്ഞാല്‍ ചെറിയ ആമകളെയല്ല.വലിയ ആമകളെയാണ്..കണ്ടാല്‍ കടലാമയുടെ വലുപ്പമുണ്ട് ) അതു പോലെ നക്ഷത്ര ആമകളെയും അവിടെ കണ്ടു. 


അങ്ങനെ സൂ മുഴുവന്‍ കണ്ടു തീര്‍ന്നതിനുശേഷം ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി, തൊട്ടടുത്ത് തന്നെ ബസ്സ് സ്റ്റോപ്പുണ്ടായിരുന്നു അവിടെ നിന്ന് ബസ്സ് കയറി നേരെ സിങ്കപ്പൂര്‍ ഫ്ലയറിലേക്ക് വിട്ടു. ആദ്യത്തെ ദിവസം പോയപ്പോള്‍ തിരക്കു കാരണം കയറാതിരുന്ന സ്ഥലം ഇപ്പോളെത്തിയപ്പോള്‍ ആടു കിടന്നയിടത്ത് പൂട പോലുമില്ലായെന്ന അവസ്ഥയിലായിരുന്നു. അവിടെയെത്തി ടിക്കറ്റ് എടുത്ത് ഫ്ലയറില്‍ കയറി. ഫ്ലയറില്‍ കേറുന്നതിന് മുമ്പ് Journey of Dreams ഉണ്ട്. ഫ്ലയറിന്‍റെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോയും മറ്റും ഒരു പനോരോമിക് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും മറ്റും കണ്ടു. ടൈം മെഷീന്‍ എന്ന ഡിസ്പ്ലേയില്‍ ഒരു ഡയല്‍ തിരിച്ച് നമുക്ക് ഫ്ലയറിന്‍റെ ഓരോ കാലഘട്ടങ്ങളിലൂടെ കടന്നു പോകാം. അങ്ങനെ പലതും..

സിങ്കപ്പൂര്‍ ഫ്ലയര്‍ 165 മീറ്റര്‍ ഉയരമുളള ലോകത്തിലെ ഏറ്റവും വലിയ ഒബ്സര്‍വേഷന്‍ വീലാണ്.  ആകാശത്തില്‍ നിന്നുള്ള വ്യൂ കാണാന്‍ പറ്റുന്ന പൊക്കത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഇതില്‍ നിന്നാല്‍ സിങ്കപ്പൂര്‍ മാത്രമല്ല ഇന്ത്യോനേഷ്യയും, മലേഷ്യയും കാണാമത്രേ (ഞാന് നോക്കീട്ട് കുറേ കിളികളെ മാത്രമേ കണ്ടുള്ളൂ, മലേഷ്യന്‍ കിളികളായിരിക്കും).... ഇതൊക്കെ സിങ്കപ്പൂരിന്‍റെ ഏതു സൈഡിലാണ് എന്താണെന്ന് വിവരമില്ലാത്തവര്‍ ഇതിന്‍റെ മുകളില്‍ കയറി നിന്നിട്ട് എന്തു കാര്യം. ഇതാണ് ജോഗ്രഫി ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയാലുളള സ്ഥിതി. (ചുമ്മാ... ആ ചേലക്കര കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ട് എവിടെ പോകാന്‍. അങ്ങനെയെങ്ങാനും പോയാല്‍ സിസ്റ്റേഴ്സ് അപ്പോളെ കാല് വെട്ടില്ലേ... പിന്നെ പോകാന്‍ പറ്റിയ തീയ്യറ്ററുമില്ലല്ലോ.. ) എന്തൊക്കെ പറഞ്ഞാലും ഫ്ലയറിന്‍റെ മുകളില്‍ നിന്നുളള വ്യൂ കൊള്ളാമായിരുന്നു.
 

ഇതിനു മുമ്പൊക്കെ നമ്മള്‍ തൃശ്ശൂര്‍ പൂരപറമ്പിലെ ജെയ്ന്‍റ് വീലിലല്ലേ കയറിയിട്ടുളളൂ... അതില്‍ കയറിയാല്‍ എന്തു കാണാന്‍. പണ്ടു തൊട്ടേ ജെയ്ന്‍റ് വീലില്‍ കയറുമ്പോള്‍ നല്ല ഇഷ്ടമാണ്. പക്ഷേ അത് താഴോട്ട് വരുമ്പോള്‍ വയറ്റില്‍ നിന്ന് എരിച്ചിലോ... പുകച്ചിലോ..എന്താ പറയുക... എന്തായാലും ഞാനെന്താണെന്ന് പറഞ്ഞു വരുന്നതെന്ന് അതില്‍ കയറിയവര്‍ക്ക് മനസ്സിലായിട്ടുണ്ടാവും... പക്ഷേ സിങ്കപ്പൂര്‍ ഫ്ലയര്‍ ഇങ്ങനെയൊന്നുമല്ലാട്ടോ. ഇത് മെല്ലെയാണ് കറങ്ങുക. എല്ലാം കണ്ട് ഫോട്ടോയൊക്കെ എടുക്കാനുളള സമയമുണ്ട്. നമ്മള്‍ കയറി നില്‍ക്കുന്ന കാപ്സൂളുകളില്‍ നില്‍ക്കാനും, ഇരിക്കാനും പറ്റും. കാപ്സൂളിന്‍റെ ആക്യതിയുളള എല്ലാ വശവും ഗ്ലാസ്സു കൊണ്ട് അടച്ചിരിക്കുന്ന എസിയുളള റൂമാണ് ഇത്. ഇതില്‍ കയറി മുകളില്‍ എത്തിയപ്പോള്‍ താഴെ ഒരു പുല്‍തകിടി കണ്ടു. നല്ല ഭംഗിയുണ്ടല്ലോ എന്ന് മനസ്സില്‍‌ പറഞ്ഞു ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോളാണ് അതൊരു കെട്ടിടത്തിന്‍റെ മുകള്‍ഭാഗമാണെന്ന് മനസ്സിലായത്. നല്ല ഭംഗിയില്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ പുല്ല് പിടിപ്പിച്ചിരിക്കുന്നു.

അവിടെ നിന്നാല്‍ എക്സപ്ലനേഡും, മറീനാബേയും, നദിയും എല്ലാം നല്ല ഭംഗിയില്‍ കാണാം. പിന്നെ വേറെ ഒരു കാര്യം ശ്രദ്ധിച്ചത്, നമ്മളിതിന്‍റെ മുകളില്‍ കയറിയപ്പോള്‍ തൊട്ട് ഫോട്ടോയെടുക്കല്‍, വീഡിയോ യെടുക്കലൊക്കെയായി ഭയങ്കര ബിസിയായിരുന്നു, അപ്പോള്‍ കുറച്ചു പേര്‍ ഒരു റിയാക്ഷനുമില്ലാതെ ചുമ്മാ കാപ്സൂളിന്‍റെ നടുവിലുളള ഇരിപ്പിടത്തില്‍ ഇരിക്കുന്നു. ഇരിക്കാനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരേ..  പൊക്കം പേടിയായിട്ടാവുമായിരിക്കുമല്ലേ...


പിന്നീട് പോയത് ലോകത്തിലെ ഏറ്റവും വലിയ ഫൌണ്ടനായി 1998 ല്‍ ഗിന്നസ് ബുക്കില്‍ വന്ന ഫൌണ്ടന്‍ ഓഫ് വെല്‍ത്ത് കാണാനാണ്.ഇത് സിങ്കപ്പൂരിലെ വലിയ ഷോപ്പിംഗ് മാളായ സണ്‍ടെക് സിറ്റിയിലാണ്. അവിടെ ചെന്നപ്പോള്‍ ലേസര്‍ഷോയുടെ സമയമായിരുന്നു. ലേസര്‍ഷോ അത്ര രസമില്ലെങ്കിലും ഞങ്ങള്‍ അത് കണ്ട് അവിടെയിരുന്നു. ചൈനീസ് സംസ്കാരമനുസരിച്ച് ഈ ഫൌണ്ടനിലെ വെളളം ജീവന്‍റെയും സമ്പത്തിന്‍റെയും അടയാളമായാണത്രേ, അത് ഉള്ളിലേക്ക് ഒഴുകുന്നത്കൊണ്ട് സമ്പത്ത് സണ്‍ടെക്ക് മാളിലേക്ക് ഒഴുകിവരുമെന്ന്. ഫെങ്ഷൂയ് അനുസരിച്ച് ഈ ഫൌണ്ടന് 3 പ്രാവശ്യം വെളളം തൊട്ടുകൊണ്ട് ചുറ്റിയാല്‍ ആ തൊടുന്നവന്‍റെ കൂടെ ഭാഗ്യം വരുമത്രേ.. എന്തായാലും ഇത് പരീക്ഷിക്കാനൊന്നും ഞാന്‍ നിന്നില്ല. എങ്ങാനും ഭാഗ്യം വന്നാല്‍ ഞാന്‍ അഹങ്കാരിയായി പോയാലോ..  

 അവിടെ നിന്ന് പോയത് മെര്‍ലയണ്‍ പാര്‍ക്കിലേക്കാണ്. ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് സിങ്കപ്പൂര്‍ നദിയുടെ ഒരു വശത്താണ്. അവിടെ നിന്നുളള രാത്രി കാഴ്ച അതി മനോഹരമാണ്. 
ഞാന്‍ വാളു വെയ്ക്കുന്നതു പോലെ തോന്നുന്നത് ഒരു Optical illution (പറ്റിക്കല്‍ ഇല്യൂഷന്‍ അഥവാ ഭൂഖണ്ഡാന്തര ഛായാചിത്ര ഉഡായിപ്പ്) മാത്രമാണ്, അല്ലാതെ ഒരു ബിയറുകുടിച്ചാല്‍ വാളുമോ....
 സിങ്കപ്പൂരിന്‍റെ അടയാളമാണ് പകുതി മീനും, പകുതി സിംഹവുമായ  മെര്‍ലയണ്‍ പ്രതിമ. ഈ പാര്‍ക്കിലുളള ഈ പ്രതിമയുടെ പൊക്കം 8.6 മീറ്ററും തൂക്കം വെറും 40 ടണ്ണും ആണ്. സിങ്കപ്പൂര്‍  നദിയുടെ മറു വശത്തുളള മറീനാ ബേയിലേക്ക് വായനോക്കി  നില്‍ക്കുന്നതു പോലെയാണ് നില്‍പ്പ്. ഫോട്ടോ എടുക്കാന്‍ ഇതിനുമുമ്പില്‍ വ്യൂവിംഗ് ഡക്ക് ഉണ്ട്. ഇവിടെ നിന്നാല്‍ സിങ്കപ്പൂര്‍ ഫ്ലയറും. എക്സപ്ലനേഡും, മറീനാബേയും എല്ലാ നന്നായി കാണാം.  ഇവിടെ നിന്നുളള രാത്രി കാഴ്ച നല്ലതായിരിക്കുമെന്ന് മനസ്സിലാക്കി ഞങ്ങള്‍ സന്ധ്യയായിട്ടാണ് അവിടെ പോയത്. കേട്ടതു സത്യമാണെന്ന് അവിടെ ചെന്നപ്പോള്‍ മനസ്സിലായി. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ലേസര്‍ഷോ തുടങ്ങി. അത്ര വലുതെന്ന് പറയാനില്ലെങ്കിലും കൊളളാമായിരുന്നു.  ആ പാര്‍ക്കില്‍ ഈ പ്രതിമയുടെ പുറകിലായി രണ്ടു മീറ്റര്‍ പൊക്കമുളള രണ്ടുചെറിയ പ്രതിമകളും ഉണ്ട്. അമ്മയും രണ്ടു കുഞ്ഞുങ്ങളും എന്നും പറയാം.

അതും കണ്ട് കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടലില്‍ പോയി കുളിച്ച് ഫ്രഷായി (തിളച്ച വെളളം ഒഴിച്ചുവെന്നാണ് പറയേണ്ടത്. അന്ന് നടന്ന ദൂരം നേരെ നടന്നിരുന്നെങ്കില്‍ മലേഷ്യയിലെത്തിയേനെ...) ഭക്ഷണം കഴിച്ച് സൈഡായി - അങ്ങനെ നാലാം ദിവസവും തീര്‍ന്നു, ദിവസത്തിനപ്പോ 24 മണിക്കൂറില്ലേ എന്നൊരു സംശയം.
വായിച്ചിട്ട് നല്ലതാണെന്ന് തോന്നിയാല്‍ ഒരു കമന്‍റ് എഴുതണേ..

19 comments:

 1. അങ്ങനെയിതാ എന്‍റെ യാത്രയുടെ നാലാം ദിവസം... വെറുതേ വായിച്ചു നോക്കൂ.

  ReplyDelete
 2. സുനി....ഇന്നലെ മുതൽ വായിയ്ക്കുവാൻ ശ്രമിയ്ക്കുന്നതാണ്..തുറക്കാൻ പറ്റുന്നില്ലായിരുന്നു..ഇന്ന് വെറുതെയല്ല, കാര്യമായിട്ടുതന്നെ വായിച്ചു...വളരെ നന്നായിട്ടുണ്ട്..മൃഗശാലക്കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു..
  ഇനിയും ധാരാളം യാത്രകൾക്കായി ആശംസകൾ...

  ReplyDelete
 3. താങ്ക്സ് ഷിബു. ഇന്നലെ പോസ്റ്റ് ചെയ്ത ശേഷമാണ് ഫോട്ടോസ് ഇട്ടില്ലല്ലോയെന്നോര്‍ത്തത്, അതു കൊണ്ട് അത് ഡ്രാഫ്റ്റാക്കി. സോറിട്ടോ..

  ReplyDelete
 4. നല്ല ചിത്രങ്ങളും വിവരണവും...തുടർന്നും എഴുതൂ...ചിത്രങ്ങൾക്ക് അടിക്കുറിപ്പു കൂടി കൊടുത്താൽ നന്നായിരുന്നു....

  സസ്നേഹം,
  പഥികൻ

  ReplyDelete
  Replies
  1. വായിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൊടുക്കാന്‍ ശ്രമിക്കാം

   Delete
 5. വളരെ രസകരമായ ഈ വിവരണം എല്ലാ ഭാഗവും

  ഒറ്റ ഇരുപ്പിന് വായിച്ചു...ഒരു യാത്രയുടെ എല്ലാ

  അനുഭവങ്ങളും സമ്മാനിച്ചു...


  കുന്നംകുളം മാപ്പും ആല്മഗതങ്ങളും വായനക്ക്

  താളം പകര്‍ന്നു..നര്‍മം നന്നായി വഴങ്ങുന്നുണ്ട്..ഒരു

  പോസ്റ്റ്‌ അങ്ങനെയും ശ്രമിക്കൂ...

  വലതു നിന്നു രണ്ടാമത്തെ ആണോ അതോ ഇടത്തു നിന്നു

  രണ്ടാമത്തെ ആണോ എന്നൊരു സംശയം..അല്ല ഇടത്തു

  നിന്നു മൂന്നാമത്തെ ആണല്ലേ..ഹ..ഹ..ആശംസകള്‍..

  ഇനി പോസ്റ്റ്‌ ഇടുമ്പോള്‍ ഒന്ന് മെയില്‍ ചെയ്യണേ...

  ReplyDelete
  Replies
  1. ഇത്രയും നല്ല അഭിപ്രായത്തിന് ഒരു പാട് നന്ദിയുണ്ട്. അടുത്ത പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ ചെയ്തേക്കാം.

   Delete
 6. വായിച്ചിട്ട് നല്ലതാണെന്ന് തോന്നിയാല്‍ ഒരു കമന്‍റ് എഴുതണേ.."...ഹ്ഹ്ഹ്..അപ്പോള്‍ നന്നായിട്ടില്ലെന്ന് തോന്നിയാല്‍ കമന്റിടണ്ടാന്ന് ല്ലെ? [ചുമ്മാ പറഞ്ഞതാട്ടൊ..]
  സാധാരണ സംസാരരീതിയില്‍ ഉള്ളൊരു യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്..ഒട്ടും ബോറടിപ്പിക്കാതെ ശരിക്കും ആസ്വദിച്ചു വായിക്കനായി...നല്ല ചിത്രങ്ങളും..മോള്‍ വികൃതിയാണോ? അവിടെ തൂങ്ങി കിടന്ന് പോസ് ചെയ്യുന്നത് കണ്ടപ്പൊ ചോദിച്ചതാ..ആ ചിത്രം നന്നായ് ഇഷ്ടപ്പെട്ടു...

  ReplyDelete
  Replies
  1. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. മോള് വികൃതി കുട്ടിയൊന്നുമല്ല. പക്ഷേ അവള്‍ക്ക് ബോറഡിച്ചു. ഇത്ര ദിവസം അവളുടെ ഇഷ്ടങ്ങളൊന്നും നടക്കാതെ അവളുടെ ഇഷ്ടപ്പെട്ട ഭക്ഷണം സമയത്ത് കിട്ടാതെ ഒക്കെയായപ്പോള്‍ അവള്‍ക്ക് മതിയായി. അതിന്‍റേതായ ചെറിയ വാശികളൊക്കെയായി അവസാനമായപ്പോള്‍.

   Delete
 7. യാത്രാവിവരണങ്ങള്‍ ഇത്രയേറെ ഇഷ്ടത്തോടെ വായിക്കുവാന്‍ തുടങ്ങിയത് ബ്ലോഗില്‍ വന്നതിന് ശേഷമാണ്. നിരക്ഷരന്‍, സജിമാര്‍ക്കോസ്, ശിവ, മഞ്ജു മനോജ്, സിജോയ് , ജ്യോ , ഇവരുടെ ഒക്കെ യാത്ര പോസ്റ്റുകള്‍ വല്ലാത്ത അനുഭവങ്ങളാണ്. ഇത് വളരെ ന്യൂട്രലായി, നമ്മുടെ അടുത്തിരുന്ന് ഒരു വായാടി വര്‍ത്തമാനം പറയും പോലെ തോന്നി :) അത് ഒരു തരത്തില്‍ രസകരമായി ഫീല്‍ ചെയ്തു. എന്ന് വെച്ച് എല്ലാ പോസ്റ്റുകളും അങ്ങിനെ എഴുതണമെന്നല്ല കേട്ടോ..

  ReplyDelete
  Replies
  1. ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.. എന്തായാലും താങ്ക്സ്..
   (ഫേഷ്യല്‍ ചെയ്തതിനു ശേഷം മുഖത്ത് ഒരു പേസ്റ്റ് പുരട്ടിയിട്ട് ഇത് ഉണങ്ങുന്നതു വരെ മിണ്ടരുതെന്ന് പറയും. എന്നിട്ടും അവരു തന്നെ പറയും അത്ര നേരമെങ്കിലും ആ വായ് അടഞ്ഞിരിക്കുമല്ലോയെന്ന്... ഇപ്പോള്‍ മനസ്സിലായില്ലേ എന്‍റെയൊരു സ്വഭാവം.. )
   എല്ലാവരും സാഹിത്യവല്‍ക്കരിച്ചെഴുതുന്നതു പോലെ എനിക്കെഴുതാന്‍ അറിയാത്തതു കൊണ്ടല്ലേ... അങ്ങ് ക്ഷമിച്ചുകളയന്നേ.....

   Delete
 8. ആദ്യം നീളം കണ്ടപ്പോള്‍ ടാബ് ക്ലോസ് ചെയതതാണ്
  പിന്നേം ഫോട്ടോസ് കണ്ടപ്പോ വയിചെക്കാമെന്ന് കരുതി
  വായിച്ചു വന്നപ്പോഴല്ലേ നമ്മടെ ത്രിസ്സുര്കാരിയാനെന്നു അറിഞ്ഞത്
  അതും നമ്മടെ സ്വന്തം ചേലക്കര
  അപ്പൊ സംഗതി കലക്കീട്ടുണ്ട് ട്ടാ..
  ഞങ്ങള്‍ സിങ്കപ്പൂര്‍ പോയിട്ട്
  വിമാനത്താവളം പോലും കാണാത്തവര്‍ക്ക് വായിച്ചെങ്കിലും ആസ്വദിക്കാം
  എന്തായാലും നല്ല എഴുത്ത്
  മടുപ്പിച്ചില്ല എന്നല്ല
  സമയം പോയതറിഞ്ഞില്ല

  ReplyDelete
  Replies
  1. സന്തോഷമായി അനാമികേ.. സന്തോഷമായി...
   ഇനിയും വായിക്കണേ....

   (എങ്ങനെയാ ഈ ചേലക്കരയായി ബന്ധം.... )

   Delete
 9. വിവരണം നന്നാവുന്നുണ്ട്

  ReplyDelete
  Replies
  1. നന്ദി വെട്ടത്താന്‍.

   Delete
 10. എത്രയോ കറുപ്പും വെളുപ്പും ആനകളെ വാലില്‍ പിടിച്ച് കറക്കി എറിഞ്ഞിരിക്കുന്നു (വെറുതേ ഇരിക്കട്ടന്നേ)..... ഇക്കഥയൊക്കെയായിരിക്കും മോളോട് പറയുന്നത് അല്ലേ.

  ReplyDelete
 11. നന്നായി എഴുതിയിരിക്കുന്നു... 10 വര്ഷം മുനപു പോയി കണ്ടു മറന്ന സ്ഥലങ്ങളിലൊക്കെ വീണ്ടും പോയ പോലൊരു അനുഭവം...
  merlion , ഫൗന്റൈൻ ഒക്കെ സാന്റോസ യിൽ അല്ലെ ??? അങ്ങനെ ഒരു ഓര്മ്മ .....

  ReplyDelete