Sunday, March 2, 2014

യു എ ഇ യാത്ര -1

കുറേ കാലത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ യു എ ഇ - ലേക്ക്. യു എ ഇ എന്ന് വെച്ചാലറിയാത്തവരാരും ഉണ്ടാവില്ലല്ലോ, എന്നാലും ഗള്‍ഫ് എന്ന് വെച്ചാല്‍ ദുഫായി (ദുബായെന്നും പറയാം) മാത്രമാണെന്ന് വിചാരിച്ചിരിക്കുന്ന വര്‍ക്ക് ഒരു വിശദീകരണം കൊടുക്കാലേ. യു എ ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ് ) ഒരു അറബ് രാജ്യമാണെന്നറിയാലോ. അതിര്‍ത്തിയില്‍ സൌദി അറേബിയയും, എന്‍റെ പ്രീയപ്പെട്ട ഒമാനും (എനിക്ക് അന്നം തരുന്ന, ഞാന്‍ ജീവിക്കുന്ന രാജ്യമായതു കൊണ്ട് മാത്രമല്ല, ഇവിടെത്തെ സ്വദേശികളെല്ലാം നല്ലവരാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന, കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പാട് നല്ല അറബികളുളള രാജ്യമാണ് ഒമാന്‍). ഏഴ് എമിറേറ്റ്സുകള്‍ ചേര്‍ന്നതാണ് യു എ ഇ. അബുദാബി, ദുബായ്, അജ്മാന്‍, ഫുജൈറ, റാസ് അല്‍ കൈമ, ഷാര്‍ജ പിന്നെ ഉം അല്‍ കുവൈന്‍ (വല്ല ജൂനിയര്‍ ചേലക്കര എന്നെങ്ങാനും ഇട്ടാല്‍ പോരേ.. ഈ വായില്‍ കൊളളാത്ത പേര് ഇടേണ്ട വല്ല ആവശ്യവുമുണ്ടോ.. ). അബുദാബിയാണത്രേ ഇതിന്‍റെ തലസ്ഥാനം. (ആ ഇത്രയൊക്കെ മതി, വിക്കിപീഡിയ ഇല്ലെങ്കില്‍ ഞാന്‍ പെട്ടു പോയേനേ ) 
ആ അപ്പോളെന്താ പറഞ്ഞു വന്നത്—ഓ... യു എ ഇ യാത്ര അല്ലേ, സ്വന്തം അയല്‍ രാജ്യമായിട്ടും, വണ്ടി ഓടിച്ച് പോകാമായിരുന്നിട്ടും എന്തേ ഈ ബുദ്ധി മുമ്പ് തോന്നാതിരുന്നതെന്ന് ചോദിച്ചാല്‍ എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ എന്നല്ലാതെ വേറെയെന്തു പറയാന്‍. ബുദ്ധി തോന്നാഞ്ഞിട്ടല്ല, നാളെ നാളെ നീളെ നീളെയെന്നല്ലേ.

അങ്ങനെ ഈ പെരുന്നാളവധിക്ക് എന്തായാലും കുറ്റിയും പറിച്ച് പോകാമെന്ന് തന്നെ തീരുമാനിച്ചു ബുക്കിംഗ്. കോമും, അഗോഡയും തപ്പി ഓരോ ഹോട്ടലുകള്‍ അബുദാബിയിലും, ദുബായിലും ബുക്ക് ചെയ്തു. അങ്ങനെ പെരുന്നാളവധിയും നോക്കിയിരുന്നു. എല്ലാവരും പറഞ്ഞു വെളളി തൊട്ട് ഞായര്‍ വരെ ഹോളിഡേ ആയിരിക്കുമെന്ന്, നമ്മളെത്ര ബക്രീദ് കണ്ടിട്ടുളളതാ നമുക്കറിയാം അത് തിങ്കള്‍ തൊട്ട് ശനിയായിരിക്കുമെന്ന്. അതു കൊണ്ട് നാട്ടാര് പറയുന്നത് കേള്‍ക്കാതെ തിങ്കള്‍- വെളളിയാണ് ട്രിപ്പ് പ്ലാന്‍ ചെയ്തത്. അതു കൊണ്ട് ആ സമയത്ത് കണവന് ലീവെടുക്കാതെ രക്ഷപ്പെട്ടു. 
റൂട്ട് മാപ്പ്
അങ്ങനെ കാത്ത് കാത്ത് തിങ്കളാഴ്ചയായി, തലേ ദിവസം രാത്രി തന്നെ ലെഗേജ് എല്ലാം പായ്ക്ക് ചെയ്ത് വണ്ടിയില്‍ കൊണ്ടു പോയി വെച്ചിരുന്നു. പുലര്‍ച്ച മൂന്ന് മണിയ്ക്ക് ഡ്രസ്സ് മാറി, ഉറങ്ങി കിടന്ന രണ്ട് മക്കളെയും അതേ വേഷത്തോടെ വണ്ടിയിലെ ബേബി സീറ്റുകളില്‍ കൊണ്ട് കിടത്തി. അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി. ജി പി എസില്‍ അലൈനും സെറ്റ് ചെയ്ത് വണ്ടി വിട്ടു. ഏഴരയോടെ ബോര്‍ഡറിലെത്തി, അവിടെയെത്തിയപ്പോള്‍ തിരക്ക് കുറവായിരുന്നു. എന്നാലും ഏകദേശം രണ്ട് മണിക്കൂര്‍ എടുത്തു വിസ സ്റ്റാംപ് ചെയ്ത് പുറത്ത് കടക്കാന്‍. ഒരാള്‍ക്ക് നൂറ്റി ഇരുപത് ദിര്‍ഹമാണ് വിസ ചാര്‍ജ്ജ്.

രാവിലെ എണീറ്റപ്പോള്‍ കുടിച്ചിരുന്ന ചായ ഒക്കേ പണ്ടേ പൊഹയായി (പൊഗ എന്നും പറയും) മാറിയിരുന്നത് കൊണ്ട് വിശപ്പ് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ഥലങ്ങള്‍ കാണുന്നതിന് മുമ്പേ ജി പി എസില്‍ റെസ്റ്റോറന്‍റും തപ്പി വണ്ടി വിട്ടു. അങ്ങനെ ചെന്നെത്തിയത് ഒരു മലയാളിയുടെ ഹോട്ടലില്‍, നമ്മുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും, ചിക്കന്‍ കറിയും കഴിച്ച് അവിടെ നിന്ന് വണ്ടി വിട്ടു.

നല്ല വെയിലായിരുന്നത് കൊണ്ട് സൂവിലൊന്നും കയറാനുളള മൂഡില്ലായിരുന്നു. നല്ല കാലാവസ്ഥയില്‍ പോലും നാട്ടിലെ സൂ ഇഷ്ടപ്പെടാത്ത മോളെയും കൊണ്ട് ഒരു പരീക്ഷണത്തിന് നില്‍ക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് സൂവിന്‍റെ സൈഡിലേക്ക് പോലും വണ്ടി വിട്ടില്ല.

പിന്നെയെന്തുണ്ട് അലൈനില്‍ കാണാന്‍ മ്യൂസിയം അയ്യേ ഞാനാ ടൈപ്പല്ല, പിന്നെയുളളത് ഒയാസിസ് ആണ്. നേരെ അവിടേയ്ക്ക് വണ്ടി വിട്ടു. അവിടെ സൂചി കുത്താന്‍ സ്ഥല മില്ല, പോലീസുകാര്‍ വരുന്ന വണ്ടികളെ മുഴുവന്‍ തിരിച്ച് വിടുന്നു. ദൂരെ പാര്‍ക്ക് ചെയ്ത് നടന്നു വന്ന് ഒയാസിസ് കാണേണ്ട ആവശ്യം ഒമാനില്‍ നിന്ന് പോയത് കൊണ്ട് ഉണ്ടെന്ന് തോന്നിയില്ല. ഒമാനില്‍ ഒരു പാടുളളതാണ് ഇത്. എന്താണെന്ന് മനസ്സിലായില്ലാലേ. നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന (ഇപ്പോ ഫുള്ള് റബ്ബറല്ലേ) മാവിന്‍ തോട്ടം പോലെ ഇവിടെ ഈന്തപ്പന തോട്ടങ്ങളുണ്ട്. ഫലാജ് (വെള്ളം പോകുന്ന വഴികള്‍ - കുട്ടിക്കാലത്ത് മഴക്കാലത്ത് ഇതു പോലത്തെ സ്ഥലത്ത് കളിച്ച് തോര്‍ത്ത് കൊണ്ട് മീന്‍ പിടിച്ചതോര്‍മ്മയില്ലേ.. ഇല്ലെങ്കില്‍ പോട്ടേ നിങ്ങളൊക്കെ വലിയ പട്ടണവാസികള്‍) രീതിയിലാണ് ഇത് നനക്കുന്നത്. ഈന്തപഴത്തിന്‍റെ സീസണല്ലാത്തതു കൊണ്ട് അതിന്‍റെ ഉളളില്‍ കയറിയാലും പ്രത്യേകിച്ച് (വയറിന്) ഗുണമൊന്നുമില്ലാത്തതു കൊണ്ട് ഡീസന്‍റായി വണ്ടി അവിടെ നിന്നും വിട്ടു. (തൃശ്ശൂര്‍ സ്റ്റൈലില്‍ദിപ്പോ എന്തുട്ട് ത്യേങ്ങ കാണാനാ ഈ ശവികള്‍  പോയേഎന്ന് ചോദിച്ചേക്കരുതേ. ഈ പൊരി വെയിലത്ത് മക്കളേയും കൊണ്ട് (അതും 5 മാസം മാത്രം പ്രായമുളള മോനേയും കൊണ്ട്) ഇറങ്ങിയാലേ 4-5 ദിവസത്തെ ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വണ്ടി തിരിച്ച് വിടേണ്ടി വരും. അല്ലാതെ എന്‍റെ ഗ്ലാമറ് കുറയുമെന്ന് കരുതിയല്ലാട്ടോ. ഈ ഒക്ടോബര്‍ പകുതിയിലും ഇത്ര ചൂടുണ്ടാവുമെന്ന് കരുതിയില്ല ഒമാനില്‍ നിന്ന് വണ്ടി വിട്ടപ്പോള്‍.
 
അങ്ങനെ വണ്ടി നേരെ വിട്ടു എവിടേയ്ക്കെന്നല്ലേ -- ജബല്‍ ഹഫീത്തിലേക്ക്. അതിന്‍റെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.... (ഇതാണ് ഈ സീരിയല്‍ കുത്തിയിരുന്ന് കാണുന്നത് കൊണ്ടുള്ള കുഴപ്പം... അതു കൊണ്ടല്ലാട്ടോ ബ്ലോഗിന്‍റെ നീളം കുറയ്ക്കണമെന്ന എന്‍റെ ആരാധകവൃന്ദങ്ങളുടെ (കോപ്പാന്നല്ലേ ഇപ്പോള്‍ മനസ്സില്‍) അഭിപ്രായം മാനിച്ച് നമുക്ക് അടുത്ത പോസ്റ്റില്‍ കാണാട്ടോ.....
 
ജബല്‍ ഹഫീത്ത് -- ഗൂഗിളമ്മാവന്‍ തന്നതാണുട്ടോ..

22 comments:

  1. നീ ഒക്കെ എന്തിനാ ഇങ്ങനെ എഴുതുന്നത് ഇത് ഒരുമിച്ചു എഴുതാൻ നിനക്ക് വല്ല കാശ് ചിലവും ഉണ്ടോ ബ്ലോഗർ നല്കുന്ന ഓസിൽ കാട്ടി കൂട്ടുന്ന ഈ എഴുത്തിലും പിന്നേക്ക് എടുത്ത്വെ ക്കുന്ന മൂരാച്ചി ഈ ജി പി ആർ എസ് ഇല്ലെങ്കിൽ താനൊക്കെ എങ്ങിനെയാ ഈ ദുനിയാവിൽ ജീവിക്കുക
    ====================================================================================================
    നല്ല രസകരമായി എഴുതീട്ടോ ആശംസകൾ ബാക്കി കൂടി പോരട്ടെ

    ReplyDelete
  2. സുനി, നാളെ നാളെ നീളെ നീളെ... എന്നത് ഓര്‍ക്കാതെ ഞാന്‍ ഇവിടെ എത്തിട്ടോ. ഇനി ആ പല്ലവി ചൊല്ലി അടുത്ത ഭാഗം വൈകിക്കണ്ട... വേഗം വേണം, വായിക്കാന്‍ തിടുക്കായി :) :) നന്നായിട്ടുണ്ട്ട്ടോ

    ReplyDelete
  3. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
    എന്നാല്‍ സമയം ആയിക്കോട്ടെ.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ജ്ജ് തനി സ്വഭാവം കാണിച്ചു ( ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള ) രസം പിടിച്ചുവന്നപ്പോള്‍ നിര്‍ത്തി കളഞ്ഞുവല്ലോ സുനി ... :( .എന്റെ കൂടെ കൂടിയാണെന്ന് തോന്നുന്നു എഴുതി തെളിഞ്ഞുവല്ലോ നീ ... :P .അവതരണം കലക്കി ബോറടിക്കാതെ വായിക്കാം . അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു . അഭിനന്ദനങ്ങള്‍ .. i w u da.. :)

    ReplyDelete
  6. അവസാനം കത്തിയും വാളുമൊക്കെയായി സുനിയും ബ്ലോഗിലേയ്ക്ക് മടങ്ങിയെത്തി. സന്തോഷായി സുനീ, സന്തോഷായി. അടുത്ത പോസ്റ്റില്‍ ഫോട്ടംസ് ഒക്കെ ഉണ്ടാവൂലോ അല്ലേ!!

    ReplyDelete
  7. വീണ്ടും കണ്ടതില്‍ സന്തോഷം , പതിവ് പോലെ കസറി :)

    ReplyDelete
  8. ചിത്രങ്ങള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു,ഉം സാരല്യ.
    :)

    ReplyDelete
  9. Allelum serial pole ayippoyi...rasam pidichu vannappol ee chathI vendaayirunnu.nga.a...potte aduthapostil knam.

    ReplyDelete
  10. കണ്ടതൊക്കെ തന്നെ . എന്നാലും വായിക്കാന്‍ രസമുണ്ട്.

    ReplyDelete
  11. അത് ശരി! ഞങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ടു മിണ്ടാതെ വന്നു പോയി അല്ലേ?

    ReplyDelete
  12. പുതിയ ഒരു യാത്രാ വിവരണവുംമായി ബ്ലോഗിലേക്ക് മടങ്ങിവന്നതില്‍ സന്തോഷം...!
    എന്ത് പറ്റി..ഫോടോസുകള്‍ കുറവായിരിക്കുന്നല്ലോ..?
    ആശംസകള്‍ ...!!!

    ReplyDelete
  13. യാത്രാ വിവരണം ഇഷ്ടപ്പെട്ടു

    ReplyDelete
  14. ബാക്കി വിവരണവുമായി വേഗം വരിക .
    വിവരണത്തിന്റെ ഒപ്പം ചിത്രങ്ങളും കൂടി വേണം ട്ടോ ..!

    ReplyDelete
  15. സീരിയല്‍ എനിക്ക് പണ്ടേ അലെര്‍ജിയാ ! യാത്ര ഇഷ്ടമായത് കൊണ്ട് പിന്നേം വരാട്ടോ :)
    കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കുമല്ലോ !
    നല്ല ആശംസകളോടെ
    @srus..

    ReplyDelete
  16. ഔ.. എന്തൂട്ട് യു യേ യീ.. അദൊക്കെ മ്മടെ ശ്ശൂര് റൗണ്ട്..

    ( വേറൊന്നും വിജാരിയ്ക്കര്ത്..കുശുമ്പായ്ട്ടാ.. )

    ReplyDelete
  17. ഹോ അപ്പൊ ഇനീണ്ട് ല്ലേ.. പോന്നോട്ടെ.. പോന്നോട്ടെ.. രസായിട്ടുണ്ട് ട്ടോ.. :)

    ReplyDelete
  18. ഫേസ് ബുക്ക്‌ വഴി എത്തി. ഞങ്ങളുടെ നാട്ടിലൂടെ ഉള്ള യാത്ര എങ്ങിനെ ഉണ്ടെന്നു നോക്കട്ടെ.

    ReplyDelete