സിങ്കപ്പൂരില്‍ നിന്നും രാവിലെ ഫ്ലൈറ്റില്‍ കയറി. ആദ്യമായാണ് ഇത്രയും വലിയ ഫ്ലൈറ്റില്‍ കയറുന്നത്, മസ്കറ്റീന്ന് നാട്ടിപ്പോകുന്നത് ചെറിയ ഫ്ലൈറ്റുകളാണ്. അതിന്റെ ഒരു ത്രില്ലിലായിരുന്നു. ഫ്ലൈറ്റില്‍ എപ്പോള്‍ ടിക്കറ്റ് എടുത്താലും ആദ്യത്തെ സീറ്റ് അല്ലെങ്കില്‍ അതിന്റെ തൊട്ടടുത്ത സീറ്റ് ആണ് എടുക്കാറ്. ഇപ്രാവശ്യവും അത് മാറ്റിയില്ല. ആദ്യത്തെ സീറ്റ് തന്നെയെടുത്തു. ഇപ്രാവശ്യം അത് അബദ്ധമായി. ടി വിയില്ല ആ സീറ്റില്‍. ബാക്കിയെല്ലാവരും ടി വി കണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ ലോക കാര്യം പറഞ്ഞിരുന്നു. പക്ഷേ അതു കൊണ്ട് ഒരു ഗുണമുണ്ടായി. ഫ്ലൈറ്റിന്റെ ഫ്രണ്ടില്‍ ക്യാമറയുണ്ട്. അതിന്റെ സ്ക്രീന്‍ ഞങ്ങളുടെ സീറ്റിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ചുമ്മാ അതില്‍ നോക്കിയപ്പോള്‍ ഒരു ഫ്ലൈറ്റ് കുറച്ച് മുമ്പില്‍ പോകുന്നു. ഈശ്വരാ ഒരു റണ്‍വേയില്‍ രണ്ട് ഫ്ലൈറ്റ്. ഞങ്ങളുടെ ഫ്ലൈറ്റ് സ്പീഡ് കുറയ്ക്കുന്നുമില്ല. അടുത്തടുത്ത് വരുന്നു... ഈശ്വരാ.. എല്ലാം കഴിഞ്ഞു. ഇതാ ഞങ്ങളുടെ അവസാനം.. ഞങ്ങളിതാ എല്ലാരോടും ബൈ പറയുന്നു. ട്രിപ്പ് കഴിഞ്ഞു ചെന്നാല്‍ ബ്ലോഗെഴുതണം എന്നൊക്കെ കരുതിയതാണ് - ഇനിയിപ്പോ സൈബര്‍ ലോകത്ത് ഗതി കിട്ടാതൊരു പ്രേതമായി കറങ്ങേണ്ടിവരുമല്ലോ എന്നൊക്കെ പറഞ്ഞ് ഇരുന്നു. ട്രാന്‍സ്ഫോര്‍മര്‍ റൈഡില്‍ കയറിയപ്പോള്‍ "കാപ്പാത്തുങ്കോ... കാപ്പാത്തുങ്കോ " എന്ന് ആള്ക്കാര് പറഞ്ഞപോലെ.... അങ്ങനെ ഞങ്ങളാ ഫ്ലൈറ്റിന്റെ അടുത്തെത്തി.. ഈ സ്പീഡില്‍ കുറച്ചുകൂടി പോയാല്‍, ഞങ്ങളുടെ പൈലറ്റ് മുന്നിലെ ഫ്ലൈറ്റിന്റെ ടോയ്ലറ്റില് ഇരിക്കുന്നത് കാണേണ്ടിവരും. പെട്ടെന്ന് മുന്നിലെ ഫ്ലൈറ്റ് യൂ ടേണ്‍ ചെയ്തു. അങ്ങനെ ഞങ്ങളുടെ ഫ്ലൈറ്റും യൂ ടേണ്‍ ചെയ്തു. അപ്പോഴാണ് സംഭവം മനസ്സിലായത്. ഞങ്ങളുടെ പുറകിലും ഒരു പാട് ഫ്ലൈറ്റുകള്‍ - ഇതിപ്പോ തൃശ്ശൂര്‍ ട്രാന്സോര്ട്ട് സ്റ്റാന്റില്‍ ഓട്ടോ കിടക്കുന്നതു പോലെ. എല്ലാ ഫ്ലൈറ്റുകളും ടേക്ക് ഓഫിനു വേണ്ടി കാത്ത് കിടക്കുകയാണ്. ആദ്യം പോയ ഫ്ലൈറ്റ് സ്പീഡ് കൂട്ടി പൊന്തുന്ന സമയം കൊണ്ട് അടുത്ത ഫ്ലൈറ്റും സ്പീഡ് കൂട്ടും, അങ്ങനെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോകുന്നത്. ഇനി ഇതിന്റെയിടയില്‍ ഒരു ഫ്ലൈറ്റ് ഒന്ന് അമാന്തിച്ചാല്‍ .. ഈശ്വരാ... എന്റെ മനസില്‍ നിറഞ്ഞിരിക്കുന്ന അപാരമായ സാഹിത്യം.... എന്തായാലും ഒരു കുഴപ്പവുമില്ലാതെ ഞങ്ങളുടെ ഫ്ലൈറ്റും പൊങ്ങി... ചുമ്മാ കുറച്ചു നേരെ ടെന്‍ഷനടിച്ചു.
![]() | |
ഈ ഫോട്ടോ നോക്കി നിങ്ങള്‍ പറയ്, എന്റെ ടെന്‍ഷന്‍ വെറുതെയായിരുന്നോയെന്ന്.... |
(സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്ഥിരം പോകുന്നവര്‍, അല്ലെങ്കില്‍ അതു പോലത്തെ വലിയ എയര്‍പോര്‍ട്ടില്‍ പോകുന്നവരേ... കളിയാക്കരുത്.... ഞങ്ങള്‍ ആകെ കണ്ടിട്ടുളളത് നെടുമ്പാശ്ശേരി, തിരുവോന്തരം, മസ്കറ്റ്, ശ്രീലങ്ക.. ഇത്രയേയുളളൂ.. ഇതെല്ലാം ചെറുതാണ്...പിന്നെ പുറത്തെ വ്യൂ കാണാന്‍ പറ്റിയ ക്യാമറയും ഈ ഫ്ലൈറ്റുകളില്‍ ഉണ്ടാവാറില്ലാ...)
എന്തായാലും ഫ്ലൈറ്റ് പൊങ്ങി. ചേച്ചിമാരും, ചേട്ടന്മാരും ജ്യൂസ് കൊണ്ടു വന്നു.. ഭക്ഷണം കൊണ്ടു വായെന്നൊക്കെ ഞങ്ങള്‍ (മനസില്‍) പറഞ്ഞു നോക്കി.. എവിടെ.... ജ്യൂസ് ഫ്ലൈറ്റിലെ മുഴുവന്‍ പേര്‍ക്കും കൊടുത്തു തീരുന്നതിന് മുമ്പേ വിമാനം കോലാലംമ്പൂരില്‍ ഇറങ്ങി... അങ്ങനെ പുതിയ ഒരു എയര്‍പോര്‍ട്ടിലേക്ക്... ഇറങ്ങിയിട്ട് എവിടെയാണ് ഞങ്ങളുടെ ലഗേജ് വരുന്നതെന്ന് തപ്പി നടക്കലായി. അവിടെ എഴുതിയൊക്കെ വെച്ചിട്ടുണ്ട്, അതും നോക്കി നടന്നു.. അങ്ങനെ നടന്ന് നടന്ന് ഒരു മോണോറെയിലിന്റെ മുമ്പിലെത്തി. ഞങ്ങള്‍ ചെന്നപ്പോഴേക്കും ഒരു ട്രയിന്‍ പോയി. ഇനിയിപ്പോള്‍ ഇതില്‍ കേറണോ.. അതോ ട്രാക്കിന്റെ അപ്പുറത്തെങ്ങാനുമാണോ ലഗേജ് വരുന്നത്... കുറേ പേര് അവിടെ നില്പുണ്ടായിരുന്നു. എന്തായാലും ഞങ്ങളും അവിടെ നിന്നു. ട്രയിന്‍ വന്നു, ഞങ്ങളും ഇടിച്ചു കയറി. കുറച്ചു ദൂരം പോയപ്പോള്‍ വേറെ ഒരു കെട്ടിടം കണ്ടു. അപ്പോഴാണ് സംഭവം മനസ്സിലായത് മെയിന്‍ ടെര്‍മിനലും ഞങ്ങള്‍ ഇറങ്ങിയതും തമ്മില്‍ കുറച്ച് ദൂരമുണ്ടെന്ന്. എന്തായാലും അവിടെ ചെന്നപ്പോഴേക്കും പെട്ടിയൊക്കെ വന്നിട്ടുണ്ടായിരുന്നു.. ഈ സിങ്കപൂര് യാത്രയില്‍ വേറെ ഒരു കാര്യം മനസ്സിലായി, അവിടെയൊന്നും ആരും പെട്ടിയില്‍ പേരെഴുതി ഒട്ടിക്കില്ലായെന്ന്. നമ്മള് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോകുന്നവര്‍ മാത്രമാണെന്ന് തോന്നുന്നു ഇത് ചെയ്യാറ്.... അല്ലെങ്കിലേ പെട്ടി അടിച്ചു മാറ്റി കൊണ്ടു പോകും, ഇനിയീ ഈ പേരും കൂടി ഒട്ടിക്കാതിരുന്നാലുളള അവസ്ഥയേ.....
അങ്ങനെ പെട്ടിയെല്ലാം എടുത്ത് ഞങ്ങള്‍ ബസ് സ്റ്റേഷന്റെയവിടെ പോയി. ചെന്നപ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ്സ് കാരന് ഞങ്ങളെയേറ്റെടുത്തു. ഞങ്ങളിവിടുന്നു തന്നെ എയര്‍പോര്‍ട്ട് കോച്ചില്‍ കേറിയാല്‍ മതിയെന്നൊക്കെ തീരുമാനിച്ചാണ് പോയത്. നമ്മുടെ ഹോട്ടലിന്റെ മുമ്പില്‍ ഇറക്കി തരും. എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് ഇയാള്‍ ചാടി വീണു. ഹോട്ടലിന്റെ മുമ്പിലൊക്കെ ഇറക്കും. പക്ഷേ ഞങ്ങളുടെ ഒരു പാട് സമയം ഇയാള്‍ കളഞ്ഞു. 2 എയര്‍പോര്‍ട്ട് കോച്ച് പോയിട്ടാണ് ഇവരുടെ വണ്ടി വന്നത്. അതു മാത്രമല്ല കോലാലമ്പൂര്‍ മുഴുവന്‍ ചുറ്റിയിട്ടാണ് ഇവര്‍ ഹോട്ടലിന്റെ മുമ്പില്‍ ഇറക്കിയത്... ആ ഒരബദ്ധം ആര്‍ക്കും പറ്റൂലോ.......
അങ്ങനെ ഹോട്ടലിലെത്തി ചെക്കിന് ചെയ്തു. സെന്‍ട്രലിലുളള ഹോട്ടലില്‍ തന്നെയാണ് ബുക്ക് ചെയ്തിരുന്നത്. അല്ലെങ്കില്‍ ഓരോ പ്രാവശ്യവും ഓരോ സ്ഥലത്ത് പോകാന്‍ വീണ്ടും നമ്മള് സെന്‍ട്രലില്‍ എത്തണം.. അതു വേണ്ടല്ലോയെന്ന് വെച്ചാണ് ഞങ്ങള്‍ ഇവിടെ തന്നെ തിരഞ്ഞെടുത്തത്.. എന്തായാലും ഞങ്ങളെടുത്തെ ഹോട്ടല്‍ വൃത്തിയുളളതായിരുന്നു. അടുത്ത് തന്നെ ഒരു ഹോട്ടലുണ്ടായിരുന്നു. അതില്‍ കയറി ഭക്ഷണം കഴിച്ചു. ആ നാട്ടുകാരുടെ ഭക്ഷണമാണ് കഴിച്ചത്. അത്ര നല്ലതെന്ന് പറയാനില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. അവിടെ തന്നെ കരിക്കുമുണ്ടായിരുന്നു. എന്തായാലും നമ്മുടെ നാട്ടിലെ കരിക്കിനേക്കാളും, മസ്കറ്റിലെ കരിക്കിനേക്കാളും നല്ല മധുരമുളളതാണ് അവിടുത്തെ കരിക്ക്. വലുപ്പവും കൂടുതലാണ്. പഞ്ചസാര കലക്കിയിട്ടാണോ ഇത് കൊടുക്കുന്നതെന്ന് തോന്നും...
ഭക്ഷണവും കഴിച്ച് കുറച്ചു നേരം കിടന്നു. നെറ്റില്‍ നോക്കി ഞാന്‍ കണ്ടു പിടിച്ച ഒരു സ്ഥലത്തേക്കായിരുന്നു ആദ്യയാത്ര.. ടൂറിസ്റ്റുകള്‍ അധികം പോകാത്ത ഒരു കോലാലംമ്പൂര്‍ മാര്‍ക്കറ്റ്.. ചോകിറ്റ് ബസാര്‍... ഇവിടെയെന്തു കാര്യമെന്നല്ലേ.. പല വിധ പഴങ്ങളിവിടെ കിട്ടുമെന്ന് മനസ്സിലായിട്ടാണ് ഈ പോക്ക്. നാട്ടില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതിത്ര വലിയ കാര്യമല്ലെങ്കിലും, 10 ചുള കഷ്ടിച്ച് ഉളള ഒരു ചെറിയ ചക്ക കഷണത്തിന് 200 രൂപയൊക്കെ കൊടുത്ത് വാങ്ങുന്ന ഞങ്ങള്‍ പ്രവാസികള്‍ക്ക് ഇത് വലിയ കാര്യമാണ്.. നാട്ടില്‍ ആര്‍ക്കും വേണ്ടാതെ ചീഞ്ഞ് അളിഞ്ഞ് കിടക്കുന്ന ചക്ക, വീണ് ചീഞ്ഞളിയുന്നതിന് മുമ്പേ ആരെങ്കിലും ഒന്ന് പറിച്ചോണ്ടു പോകുമോ എന്ന് കെഞ്ചുന്നത് എനിക്കറിയാം. കാരണം ഇതൊക്കെ എന്റെ വീട്ടില്‍ സാധാരണമായിരുന്നു.. ഇപ്പോളാണെങ്കില്‍ കിട്ടാന്‍ കൊതിയും... ഇവിടെയുളളപ്പോള്‍ മാത്രമേ ഈ കൊതിയുളളൂ.. നാട്ടില്‍ ചക്കയുടേയും മാങ്ങയുടേയും സീസണില്‍ പോയാലും ആദ്യത്തെ രണ്ടു ദിവസം കാണും ആക്രാന്തം.. പിന്നെ ആ ആരെങ്കിലും വെട്ടി പ്ലേറ്റിലാക്കി കൊണ്ടുവന്ന് തിന്നെടീ എന്നു പറഞ്ഞാല്‍ തിന്നും..
ആ അപ്പോള്‍ പറഞ്ഞ് വന്നത് ചോ കിറ്റ് ബസാര്‍ . കോലാലംമ്പൂരില്‍ മോണോറെയിലും, മെട്രോയുമുണ്ട്.. ചോ കിറ്റ് ബസാറില്‍ പോകാന്‍ മോണോറെയിലില്‍ കയറി ചോകിറ്റ് സ്റ്റോപ്പില്‍ ഇറങ്ങണം. സ്റ്റേഷന്റെ മറുവശത്ത് തന്നെയാണ് മാര്‍ക്കറ്റ്. എല്ലാ തരം ഭക്ഷണസാധനങ്ങളും (പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍. ഇറച്ചി.... അങ്ങനെയെല്ലാം അവിടെ നിന്നും കിട്ടും. ഉണക്കമീന്‍ അവിടെത്തെ ഭക്ഷണത്തില്‍ കൂടുതല്‍ ഉപയോഗിക്കുമെന്ന് തോന്നുന്നു. എല്ലായിടത്തും ഉണക്കമീനാണ് കൂടുതലും. പിന്നെ പലവിധ ഇറച്ചികളും ഉണ്ട്. എല്ലാം കണ്ട് ഞങ്ങള്‍ നടന്നു. ഇതൊന്നും അന്വേഷിച്ചല്ലല്ലോ നമ്മള് വന്നത്.... അങ്ങനെ അവസാനം കണ്ടു പിടിച്ചു... കണ്ടപ്പോള്‍ തന്നെ മനസ്സു നിറഞ്ഞു.
![]() |
Langsat fruit ( google photo) |
ചക്കയും, റംമ്പുത്താനും, മാംഗോസ്റ്റീനും, ലാംഗ്സാറ്റും (langsat), ലോംഗനും (Longan), സ്നേക്ക് ഫ്രൂട്ടും, ആപ്പിളും, ഓറഞ്ചും, പിന്നെ പേരറിയാത്ത ഒരു പാട് പഴങ്ങളും.... ആദ്യം ചക്കയില്‍ നിന്നു തന്നെ തുടങ്ങി. ഡിസംബറിലും ചക്കയുണ്ടെന്നത് അല്‍ഭുതമായിരുന്നു. ചക്ക ചുള തൂക്കിയാണ് വില്പന. 6 റിഗ്ഗിറ്റിന് (ഏകദേശം 100 രൂപ) 1 കിലോ... കുറച്ചു കൂടുതലാണ്.. എന്നാലും കുഴപ്പമില്ല.. സീസണല്ലാത്തതു കൊണ്ടല്ലേ...
![]() |
ചക്ക യെന്ന് പ്രത്യേകം പറയണ്ടല്ലോ... |
പിന്നെ വാങ്ങിയത് റംമ്പുത്താനായിരുന്നു... 4 കിലോക്ക് 10 റിഗ്ഗിറ്റ്... അതോ 5 കിലോ കിട്ടിയോ.. ഓര്‍മ്മയില്ല. എന്തായാലും അത് പറഞ്ഞപ്പോള്‍ കണ്ണു തളളി പോയി. ഇവിടെ 10 റിഗ്ഗിറ്റിന് (റിയാല്‍ കണ്വെര്ട്ടിയതാ) കിട്ടുക എട്ടോ .. പത്തോ എണ്ണമാണ്..
![]() |
റംമ്പുത്താനൊക്കെ കുന്നു പോലെ കൂട്ടിയിരിക്കുന്നത് കണ്ടില്ലേ... |
പിന്നെ വാങ്ങിയത് മാഗോസ്റ്റീനാണ്.. ഇതു കിട്ടി 10 റിഗ്ഗിറ്റിന് 3 കിലോ... ഇനിയും വാങ്ങിയിട്ട് എന്തു ചെയ്യാനാ... 2 മെയിന്‍ വയറും, പിന്നെ ഒരു കുഞ്ഞു വയറുമല്ലേ ഉളളൂ.. അതു കൊണ്ട് അവിടെ നിന്നും സന്തോഷത്തോടെ തിരിച്ചു.
മാംഗോസ്റ്റീന്‍ |
![]() |
ലോംഗന്‍- ഗൂഗിളിലെ ഫോട്ടോയാണേ.. |
പിന്നെ വേറെയെവിടേയും പോയില്ല. നേരെ ഹോട്ടലിലേക്ക് വിട്ടു... അവിടെ വന്ന് കുത്തിയിരുന്നു തീറ്റ തുടങ്ങിയെന്നൊന്നും വിചാരിക്കല്ലേ... അല്ലാ അതില്‍ അല്പം സത്യമില്ലാതെയുമില്ല...
കൂടുതല്‍ കഴിച്ചാല്‍ ഈ ട്രിപ്പ് കുളമായാലോ എന്ന് തോന്നിയത് കൊണ്ട് നിര്‍ത്തിയിട്ട് ബാത്തു കേവ്സ് കാണാന്‍ വേണ്ടി പോയി. പക്ഷേ അന്നത്തെ ദിവസം എന്തോ ട്രാക്കിന് പ്രശ്നമുളളത് കൊണ്ട് അങ്ങോട്ടുളള ട്രയിന്‍ ഒന്നും പോകുന്നില്ലായിരുന്നു. അതു കൊണ്ട് ഞങ്ങള്‍ തിരിച്ച് ഹോട്ടലിലേക്ക് തന്നെ വന്നു. ഡിസംബര്‍ 31 ആയതു കൊണ്ട് രാത്രി ഫയര്‍വര്‍ക്ക്സ് കാണാന്‍ എഴുന്നേല്ക്കണമെന്നതു കൊണ്ടും, സിങ്കപ്പൂര്‍ യാത്രയുടെ ക്ഷീണം മാറാത്തതു കൊണ്ടും ഞങ്ങള്‍ ഭക്ഷണം കഴിച്ച് കിടന്നു. അപ്പോഴേക്കും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം ഞങ്ങള്‍ ഹോട്ടലിന്റെയടുത്ത് തന്നെ കണ്ടു പിടിച്ചിരുന്നു (അല്ല പിന്നെ, ഇത് കണ്ടുപിടിക്കാന്‍ എനിക്ക് ഒരു പ്രത്യേക കഴിവാണ്).
ഹോട്ടലിന് നിന്നുളള വ്യൂ കണ്ടില്ലേ.. പെട്രോണാ ട്വിന്‍ടവറും, കെ. എല്‍ ടവറും എല്ലാം ഞങ്ങളുടെ റൂമില്‍ നിന്നു തന്നെ കാണാം...
12 മണിയ്ക്ക് ഫയര്‍ വര്‍ക്ക്സ് തുടങ്ങിയപ്പോളാണ് പിന്നെ എഴുന്നേറ്റത്. ഹോട്ടലിലെ ഞങ്ങളുടെ റൂമില്‍ നിന്നു തന്നെ പെട്രോണാ ട്വിന്‍ ടവര്‍ കാണാമായിരുന്നു. ഫയര്‍ വര്‍ക്ക്സ് തുടങ്ങിയപ്പോള്‍ ഏതു കാണണമെന്ന കണ്‍ഫ്യൂഷനാകുന്ന വിധത്തില്‍ ഒരു പാട് സ്ഥലത്ത് വെടിക്കെട്ട്.. എല്ലാം റൂമില്‍ നിന്ന് കാണാം.. അങ്ങനെ പുതു വര്‍ഷം കോലാംലംമ്പൂരില്.....
ബാക്കി കോലാലംബൂര്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.......
കൂടുതല്‍ യാത്രാ വിശേഷങ്ങള്‍ക്കും വിവരനതിനുമായി കാത്തിരിക്കുന്നു. (നമ്മള് ഒരു രണ്ടു ഭാഗം പോസ്ടിയിട്ടു അവിടെ നിര്‍ത്തിയിരിക്കുകയാ...ഇനിയെന്നു തുടങ്ങും എന്ന് പറയാന്‍ ഒട്ടു കഴിയുന്നുമില്ല.)
ReplyDeleteഎന്താ യാത്രാവിവരണം നിര്‍ത്തികളഞ്ഞത്.... മടി പിടിച്ചിരിക്കുകയാണോ..
Deleteസുനി, സിംഗപ്പൂർ കഴിഞ്ഞ് കോലാലമ്പൂരിലേയ്ക്ക് വേഗത്തിൽ എത്തിയല്ലോ..അല്ല ഒരു സംശയം...ഇങ്ങനെ ലോകം മുഴുവൻ ചുറ്റിയടിയ്ക്കലാണോ പണി.. ഒരു അപൂർവ്വ ഭാഗ്യം തന്നെയാണ് കേട്ടോ...ഞാനൊക്കെ ഇങ്ങനെയുള്ള യാത്രകൾക്കായി കൊതിയ്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി..പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല.അതുകൊണ്ട് നിങ്ങളുടെയൊക്കെ കണ്ണുകളിലൂടെയുള്ള കോലാലമ്പൂരിന്റെ ബാക്കി കാഴ്ചകൾക്കായി കാത്തിരിയ്ക്കുന്നു..
ReplyDeleteഇനിയും ഒരു പാട് യാത്രകൾ നടത്തുവാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.
സിങ്കപ്പൂര്‍, മലേഷ്യ ട്രിപ്പ് ഒന്നിച്ചായിരുന്നു.. സിങ്കപ്പൂര്‍ 5 ദിവസവും, മലേഷ്യ 5 ദിവസവും ഉണ്ടായിരുന്നു. സിങ്കപ്പൂര്‍ 5 ദിവസം മതി മുഴുവന്‍ കാണാന്‍ . പക്ഷേ മലേഷ്യ 5 ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ പറ്റില്ല. ബാക്കി പിന്നീടൊരിക്കല്‍ ആവട്ടെയെന്നു വെച്ചു..
Deleteഎല്ലാ സ്ഥലങ്ങളും കാണാന്‍ പറ്റുന്നതു തതന്നെ ജീവിതത്തിലെ ഒരു ഭാഗ്യമാണെ. വിവരണം കൊള്ളാം. ബാക്കിയും വായിക്കണം. വീണ്ടും വരാം.
ReplyDeleteനന്ദി കുസുമം.. കുറേ കാലത്തെ ആഗ്രഹമായിരുന്നു ഈ യാത്ര..
Deleteനന്നായിരിക്കുന്നു വിവരണം..മലേഷ്യ പോകാന്‍ താല്പര്യമുള്ള സ്ഥലം തന്നെ..ചിലവുകള്‍ ഒക്കെ അവിടെ എങ്ങനെ എന്നുള്ള വിവരം ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു..
ReplyDeleteബാക്കി വായിക്കാനായി വീണ്ടും വരാം.
ചിലവുകളെ പറ്റിയൊക്കെ ഞാന്‍ ഡീറ്റയിലായി എഴുതാം. വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി..
Deleteവിമാനയാത്രയും നല്ല പഴങ്ങളും കിട്ടി.....ആശംസകൾ
ReplyDeleteനന്ദി ...
Deletenice
ReplyDeleteഒരു പാട് യാത്രകൾ നടത്തുവാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.
ReplyDeleteനന്ദി കൈതപ്പുഴ..
Deleteപഴപുരാണം കൊള്ളാം.ഡുറിയാന്‍ ട്രൈ ചെയ്തിരുന്നോ?
ReplyDelete(ഫോണ്ട് സൈസ് കുറവാണു സുനി)
ഡുരിയാന്‍ കഴിച്ചു.. ഇഷ്ടപ്പെട്ടില്ല. നമ്മുടെ ചക്കയുടെ ടേസ്റ്റിന്റെ അടുത്തൊന്നും വരില്ല അത്.. (ഫോണ്ട് സൈസ് കൂട്ടുമ്പോള്‍ ഒരു പാട് വലുതാവുന്നു.. ഇനി ടൈപ്പ് ചെയ്യുമ്പോള്‍ കൂട്ടാം..)
Deleteഒരിക്കൽ കോലാലമ്പൂർ എയർപോർട്ടിൽ പോയിട്ടുണ്ട്....സിറ്റിയിൽ ഇറങ്ങാൻ പട്ടിയിട്ടില്ല....ബാക്കി വിശെഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു...
ReplyDeleteഇനി പോകാന്‍ അവസരമുണ്ടാകുമ്പോള്‍ സിറ്റി കാണാന്‍ സാധിക്കട്ടെ...
Deletechitrangalum, vivaranavum manoharamayittundu....... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane..........
ReplyDeleteനന്ദി ജയരാജ്..
Deleteingane ariyathe pokunna ethra blogukal....njan vannu ketto iniyum varam. post idumpol oru link thannal upakaramaayi.aashamsakalode.....
ReplyDeleteവരവിനും , നല്ല അഭിപ്രായത്തിനും നന്ദി..
Deleteഇന്നാണ് ഒന്നാം ഭാഗം വായിച്ചത്. സിംഗപ്പൂരും ചാംഗി എയര്‍പോര്‍ട്ടും മലേഷ്യയുമൊക്കെ ഓര്‍മ്മകളുണര്‍ത്തുന്ന കാര്യങ്ങളാണ്. യുവത്വത്തിന്റെ കുറെ വര്‍ഷങ്ങള്‍ ആ ഭാഗത്തായിരുന്നു. ടൈഗര്‍ ബാം കമ്പനിയുടെ ഹാവ്-പാര് ഗാര്ഡന് ഒക്കെ ഇപ്പോഴുമുണ്ടോ? ജുറോംഗ് ബേര്‍ഡ് പാര്‍ക്കുമൊക്കെ സന്ദര്‍ശിച്ചിരുന്നുവോ. കുറെക്കൂടി ഫോട്ടോകളാകാം. ഡുരിയാന്‍ പഴം മെല്ലെ മെല്ലെ അഡിക്റ്റ് ആക്കുന്ന ഒരു വിശേഷഫലമാണ് കേട്ടോ. ആദ്യം ചിലപ്പോള്‍ ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ജോഹോര്‍ ബാരു സന്ദര്ശനാര്ഹമായ ഒരു സംസ്ഥാനമാണ്.
ReplyDeleteഹാവ്-പാര് ഗാര്ഡന് ഉണ്ടെന്ന് തോന്നുന്നു. ഞങ്ങള്‍ അവിടെ പോയില്ല.
Deleteജുറോംഗ് ബേര്‍ഡ് പാര്‍ക്ക് പോയിരുന്നു.(http://ourtrip-syamsuni.blogspot.com/2012/04/1.html) ഇതിലുണ്ട് അതിന്റെ വിവരങ്ങള്‍.
ഡുരിയാന്‍ പഴം ഞങ്ങള്‍ക്ക് 3 പേര്‍ക്കും ഇഷ്ടമായില്ല.
റംമ്പുത്താനും, മാംഗോസ്റ്റീനും, എനിക്ക് ഭയങ്കര ഇഷ്ടമാണ്..എന്തൊരു മുടിഞ്ഞ വിലയാ ഇവിടെ.കുട്ടികള്ടെ കൊതി കാണുമ്പോള്‍ ഒന്നോ രണ്ടോ എടുത്തു അവര്‍ക്ക് കൊടുക്കും ബാക്കി മുഴുവന്‍...എന്നാണാവോ മലേഷ്യയില്‍ പോയി വയറു നിറച്ചും ഇത് കഴിക്കാന്‍ പറ്റുക:(എന്നാലും വയറു നിറഞ്ഞു സുനി കഴിച്ചത് കേട്ട്..:)നല്ല യാത്ര വിവരണം....യാത്രകള്‍ തുടരട്ടെ...പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..അഭിനന്ദനം.ഒപ്പം യാത്രാ മംഗളങ്ങളും ..............:)
ReplyDeleteഎഴുത്ത് കൊള്ളാം..ഈ നാട്ടില്‍ ജീവിച്ചിട്ട് ഇതൊന്നും അറിയാന്‍ പറ്റീല്ല
ReplyDelete