Thursday, April 19, 2012

മലേഷ്യ യാത്ര- രണ്ടാം ദിവസം


അങ്ങനെ പുതുവര്‍ഷം മലേഷ്യയില്‍. പുതുവര്‍ഷം മുതല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുമെന്നൊന്നും പ്രതിജ്ഞയെടുക്കാത്തതു കൊണ്ട് പതിവു പോലെ തന്നെ എഴുന്നേറ്റു. ഇന്നലെ പോകാന്‍ പറ്റാത്ത ബത്തു കേവ്സ് തന്നെയാവട്ടെ രാവിലെത്തെ യാത്രയെന്ന് തീരുമാനിച്ചു. വെയിലായാല്‍ ബാത്തു കേവ്സ് കേറാന്‍ ബുദ്ധിമുട്ടാവുമെന്ന് ഗൂഗിളമ്മാവന്‍ പറഞ്ഞിരുന്നതിനാല്‍ വേഗം തന്നെ ഡ്രസ്സ് മാറിയിറങ്ങി. കേവ്സിന്‍റെ താഴെ തന്നെ വെജിറ്റേറിയന്‍ റെസ്റ്റോറന്‍റ് ഉണ്ടെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു... (അല്ലെങ്കിലും ഇതൊക്കെ കണ്ടു പിടിക്കാന്‍ പ്രത്യേക കഴിവാണെന്ന് ഞാന്‍ മുമ്പേ പറഞ്ഞില്ലേ.... ) അതു കൊണ്ട് ഭക്ഷണം അവിടെ ചെന്നിട്ടാവട്ടെയെന്ന് വെച്ച് നേരെ സെന്‍റട്രല്‍ സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു.. പല തരം ട്രയിനുണ്ട് കോലാലംമ്പൂരില്‍. മോണോ റെയില്‍, മെട്രോ, KTM komuter train.  KTM Komuter train എന്നാല്‍ നമ്മുടെ നാട്ടിലെ ട്രെയിന്‍ പോലത്തെ ട്രെയിന്‍ തന്നെയാണ്. (നാട്ടിലെ പോലെ എസി യില്ലാത്ത ട്രയിനല്ല. എസി യൊക്കെയുളള നല്ല ഭംഗിയുളള ട്രെയിന്‍) സിറ്റിയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ വേണ്ടി 1995 ല്‍ തുടങ്ങിയതാണത്രേ ഈ ട്രയിന്‍. സിറ്റിയുടെ അടുത്തുളള സ്ഥലത്തേക്ക് മാത്രം പോകുന്നതു കൊണ്ടാണ് ഇത് കമ്യൂട്ടര്‍ ട്രയിന്‍ എന്ന് അറിയപ്പെടുന്നത്. ബാത്തു കേവ്സിലേക്ക് ഈ കമ്യൂട്ടര്‍ ട്രയിനാണ്.

അങ്ങനെ ഈ ട്രെയിനില്‍ കയറി ബാത്തു കേവ്സില്‍ ഇറങ്ങി. ഇവിടെ വരെയുളളൂ ട്രെയിന്‍. 
റെയില്‍വേ സ്റ്റേഷനില്‍ നിന്നുളള കാഴ്ച

ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കണ്ടത് വലിയ ഒരു ചുണ്ണാമ്പു മലയാണ്. അതിനടുത്ത് തന്നെ ഒരു വലിയ ഹനുമാന്‍ പ്രതിമയും. 
ഹനുമാന്‍ പ്രതിമ..
ഹനുമാന്‍റെ ഒരു കോവിലും. നാനൂറു ദശലക്ഷം വര്‍ഷം പഴക്കമുള്ള ലൈംസ്റ്റോണിലാണു (ചുണ്ണാമ്പ് കല്ല്) ബാത്തു കേവ്സ് സ്ഥിതി ചെയ്യുന്നത്.മലേഷ്യയിലെ ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ആരാധനാസ്ഥലമാണ് ഇവിടെ.. നൂറ്റിനാല്‍പത് അടിയിലധികം ഉയരത്തില്‍, സുവര്‍ണ നിറത്തിലൊരു മുരുക പ്രതിമയുണ്ട് ഇവിടെ. അതിനടുത്ത് അമ്പലവും. സ്വര്‍ണ്ണം പൂശിയതാണോ ഇതിന്‍റെ മകുടങ്ങളും, ഈ പ്രതിമകളും എന്നൊരു സംശയമില്ലാതെയില്ല. സ്വര്‍ണ്ണമല്ലാട്ടോ. സ്വര്‍ണ്ണ കളറു പൂശിയതാണ്. വെയില്‍ തട്ടുമ്പോള്‍ അതിന് പ്രത്യേക ഭംഗിയാണ്. എന്തായാലും സംഭവം കാണാന്‍ അടി പൊളി. ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമയാണത്രേ ഇത്.   ഈ പ്രതിമയുടെ താഴെ പ്രാവുകളുടെ കൂട്ടമുണ്ട്. അതിന് ഭക്ഷണം കൊടുത്ത് ഒരു പാട് ആള്‍ക്കാരും. 

പ്രകൃതിദത്തമായ ഈ ചുണ്ണാമ്പു മലയുടെ മുകളിലാണ് പ്രധാന ക്ഷേത്രം. മുരുകഭഗവാനാണ് പ്രതിഷ്ഠ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിലായിരുന്നു ഈ പ്രതിഷ്ഠ. ഇവിടെത്തെ തൈപ്പൂയോത്സവം മഹാകേമമാണ്. 
വിശന്നതു കൊണ്ട് അവിടെയുളള ഹോട്ടലില്‍ നിന്നും ദോശയും, സാമ്പാറും കഴിച്ചു. അത്ര നല്ലതെന്ന് പറയാന്‍ പറ്റില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. നാട്ടിലെ പോലെ വലിയ പാത്രത്തില്‍ ചായ തിളപ്പിച്ച് വെച്ചിരിക്കുന്നതു കൊണ്ട് ചായയും, കാപ്പിയും കുടിക്കാനേ തോന്നിയില്ല. 
ഇനിയാണ് അങ്കം. 272 പടി കയറണം. ഈശ്വരാ ഇതെങ്ങനെ കയറും.. ആദ്യം ഈ പടികള്‍ തടിയില്‍ നിര്‍മിച്ചതായിരുന്നു, പിന്നീടതു കോണ്‍ക്രീറ്റാക്കി മാറ്റിയതാണത്രേ. എന്തായാലും കേറാന്‍ തുടങ്ങി. ചൂട് തുടങ്ങിയതു കൊണ്ട് ശരീരം മുഴുവന്‍ വിയര്‍ത്തൊട്ടി. നാട്ടില്‍ പഴനിയില്‍ പോയി തല മൊട്ടയടിക്കുന്നതു പോലെ പിള്ളേരെ തല മൊട്ടയടിപ്പിച്ച് ഇവിടെ കൊണ്ടു വരുന്നു. ഇനി ഇവിടെ തന്നെ മൊട്ടയടിപ്പിക്കു ന്നതാണോയെന്നറിയില്ല. എന്തായാലും ഇങ്ങനെ തല മുട്ടയടിച്ച പിള്ളേരെ കൊണ്ട് ഒരു പാട് പേര്‍ മല കയറുന്നുണ്ട്. അതു പോലെ കരിമ്പൊക്കെ പിടിച്ച് ആള്‍ക്കാര്‍ കയറുന്നതു കണ്ടു. എനിക്ക് ഒറ്റക്ക് കയറാന്‍ വയ്യ. അപ്പോളാണ് ആള്‍ക്കാര്‍ കുറേ സാധനങ്ങളും കയ്യില്‍ പിടിച്ച് കയറുന്നത്..
പോകുന്ന വഴിക്ക് കുരങ്ങന്മാരെയും, നല്ല നാടന്‍ പൂവന്‍ കോഴികളെയും കണ്ടു. നാടന്‍ കോഴികളെയൊക്കെ കണ്ടിട്ട് ഒരു പാട് കാലമായി. ഇപ്പോള്‍ നാട്ടില്‍ പോയാലും കാണാന്‍ പറ്റില്ലല്ലോ. എന്തായാലും ഇവിടെ ഒരു പാട് കോഴികളെ കണ്ടു. ഒരെണ്ണത്തിനെ പിടിച്ച് ബാഗിലിട്ടാലോയെന്നാലോചിച്ചു - വളര്‍ത്താനാ, നല്ല കുരുമുളകും നാടന്‍ മസാലയുമിട്ട് വെളിച്ചെണ്ണയില്‍ വളര്‍ത്താന്‍. നല്ല അടി നാട്ടില്‍ കിട്ടില്ലേ. അവിടത്തെ തമിഴന്മാരുടെ കയ്യില്‍ നിന്ന് വാങ്ങണ്ടല്ലോയെന്ന് കരുതി വേണ്ടായെന്ന് വെച്ചു. 
മുകളില്‍ നിന്നുളള കാഴ്ച..
ഗുഹാമുഖം.
എന്‍റെ സ്റ്റെപ്പു കയറല്‍ തീര്‍ന്നിട്ടില്ലാട്ടോ.. ഇടയ്ക്ക് നിന്നും, നിരങ്ങിയും അത് നടക്കുന്നുണ്ട്. മോള്‍ സ്റ്റെപ്പൊക്കെ എണ്ണി ആളുടെ കയ്യും പിടിച്ച് കയറുന്നതു കൊണ്ട് അത് ബുദ്ധിമുട്ടായില്ല. അല്ലെങ്കില്‍ അവളെയും എടുക്കേണ്ടി വന്നേനേ. ഇടയ്ക്ക് എന്നെ പിടിച്ച് കയറ്റാനും നോക്കുന്നുണ്ട്. അങ്ങനെ കുറേ കയറി ചെന്നപ്പോള്‍ ഇടത്തേക്ക് ഒരു വഴി. തിരക്കില്ലാത്ത ഒരു വഴിയും, ഇരിക്കാനുളള സ്ഥലവും. എന്നാലവിടെ പോയി കുറച്ച് ഇരുന്നിട്ടാവട്ടെ ബാക്കിയെന്ന് തീരുമാനിച്ചു. അങ്ങനെ അവിടേക്ക് പോയി. അവിടെ ഒരു കുരങ്ങന്‍ കുപ്പി ചെരിച്ചിട്ട് അതില്‍ നിന്ന് വെളളം കുടിക്കുന്നു. അതു ഫോട്ടോയും, വീഡിയോയും എടുക്കാന്‍ ഞങ്ങളെ പോലെ കുറച്ചു പേരും.  അങ്ങനെ ആ ഗുഹയുടെ ഉളളില്‍ എത്തി. എന്തൊരു സുഖം. എ. സി റൂമിലെത്തിയപോലെ ഒരു തോന്നല്‍ അത്ര തണുപ്പായിരുന്നു അതിന്‍റെയുളളില്‍. വെറുതെയല്ലാ പണ്ടത്തെ ആള്ക്കാര് ഗുഹയ്ക്കുളളില്‍ ഇരിക്കുന്നതെന്ന് മനസ്സിലായി. 
അവിടെ രണ്ടു മൂന്ന് പേര് ഇരിപ്പുണ്ട് , ഇരുളടഞ്ഞ ഗുഹകളിലേക്കു മലേഷ്യന്‍ നേച്ചര്‍ സൊസൈറ്റി അഡ്വഞ്ചര്‍ ട്രിപ്പുകളുണ്ട്. വേണമെങ്കില്‍ പോകാം. അതിന്‍റെയാള്‍ക്കാരാണ് അവിടെയിരിക്കുന്നത്. വെറുതെ ഡിസ്കെടുക്കണ്ടല്ലോയെന്ന് വെച്ച് (ഡിസ്കെടുക്കണം മാധവിയമ്മേ ഡിസ്കെടുക്കണം എന്ന് മനസിലിരുന്ന് ആരോ പറഞ്ഞെങ്കിലും..) നമ്മളത് വേണ്ടായെന്ന് വെച്ചു. അങ്ങനെ കുറച്ച് നേരം അവിടെയിരുന്നതിനു ശേഷം ബാക്കി മല കയറി. ഗുഹാമുഖം കഴിഞ്ഞാല്‍ അതിവിശാലമായ സ്ഥലമാണ്. അവിടെ നിന്ന് മുകളിലേക്ക് നോക്കിയാല്‍ വെളുത്ത ചുണ്ണാമ്പു പാറയില്‍ നിന്നും തൂങ്ങി നില്‍ക്കുന്ന ചെറിയ ശില്പങ്ങളാണോയെന്ന് തോന്നുന്ന പാറകള്‍. ഇടയ്ക്ക് വെളളം കിനിഞ്ഞിറങ്ങുന്നുണ്ട്. മുകളില്‍ നിന്ന് ചെറിയ ഹോളുകളിലൂടെ സൂര്യരശ്മികള്‍ താഴത്തേക്ക്. എല്ലാം കൊണ്ട് സംഭവം കൊളളാം. ഇതിന് മുമ്പ് ഇതു പോലത്തെ ഗുഹകളില്‍ പോകാത്തതു കൊണ്ട് ശരിക്കും നല്ല അനുഭവമായിരുന്നു. ഇതിന്‍റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളുടേയൊക്കെ പ്രതിമകളുണ്ട്. ഇതൊക്കെ ഒരു പാട് കണ്ടിട്ടുളളതു കൊണ്ട് അതിനൊന്നും അത്ര പ്രാധാന്യം കൊടുത്തില്ല. കുറച്ചു കൂടി കയറിയാലാണ് പ്രധാന കോവില്‍. ചെറിയ കോവിലാണ് ഇത്. അവിടേയ്ക്ക് പോയില്ല. അതിന്‍റെ ഫോട്ടോ എടുത്തിട്ട് തിരിച്ചിറങ്ങി. തിരിച്ചിറങ്ങുമ്പോള്‍ ചെറിയ പേടിയില്ലാതെയിരുന്നില്ല. കുത്തനെയുളള ഇറക്കമാണ്. കാല് തെറ്റിയാല്‍ പോയി...... എന്തായാലും ഒന്നും പറ്റിയില്ല...
ഗുഹയുടെ ഉള്ളില്‍ നിന്നുളള വ്യൂ..
താഴെ വന്നിട്ട് മോളുടെ ഡയപ്പര്‍ മാറ്റാന്‍ വേണ്ടി ടോയ്ലറ്റില്‍ പോയപ്പോഴാണ് മതിയായത്. വൃത്തിയില്ലായ്മ. സിങ്കപ്പൂരും കൂടി പോയതു കൊണ്ട് ഈ വൃത്തിയില്ലായ്മ കൂടുതല്‍ ഫീല്‍ ചെയ്തു. വൃത്തിയുളള സിറ്റികളില്‍ ഒന്നായ മസ്കറ്റില്‍ നിന്ന് , വൃത്തിയില്‍ പേരു കേട്ട സിങ്കപ്പൂര്‍ വഴി പോയതു കൊണ്ടും മലേഷ്യ യാത്ര കുറച്ചു ബുദ്ധിമുട്ടായിരുന്നു.  പോകുന്ന വഴിക്കെല്ലാം പത്തും, പതിനാലും പ്രായമുളള ചെറിയ പിള്ളേര് സിഗരറ്റ് വലിച്ച് നടക്കുന്നതെല്ലാം ശരിക്കും ബുദ്ധിമുട്ടായി. ഈ പുക വലിക്കുന്നവര്‍ സ്വയം നശിച്ചാല്‍ പോരേ.. മറ്റുളളവരേയും കൂടി എന്തിനാ ബുദ്ധിമുട്ടിക്കുന്നത്.. തലേ ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ പുക വലിക്കുന്നവരുടെ സംസ്ഥാന സമ്മേളനം അവിടെ . ഭക്ഷണം ഓര്‍ഡര്‍ പോലും ചെയ്യാതെ ഇറങ്ങി പോന്നു... 
ആ എന്തായാലും ടോയ്ലലറ്റില്‍ കയറി അവിടെ കുളിമുറിയുണ്ടായിരുന്നു. അവിടെ നിന്നും ഡയപ്പറും മാറ്റി ഇറങ്ങി. ഇവിടെ നമ്മുടെ നാട്ടിലെ പോലെ പൈസ കൊടുക്കണം ടോയ്ലലറ്റ് ഉപയോഗിക്കാന്‍...
കരിക്കുകള്‍ കുന്നു പോലെ കൂട്ടിയിട്ടിരിക്കുന്നു. എന്നാല്‍ അടുത്തതു കരിക്കില്‍ തന്നെയാവട്ടെ ഗുസ്തി. 2 കരിക്കിന് പറഞ്ഞു. അവര് കരിക്ക് വെട്ടുന്നതു കാണാന്‍ തന്നെ നല്ല രസം. കരിക്ക് വെച്ച് 4 വെട്ട്, കരിക്ക് സ്റ്റൈലായി വെട്ടി കിട്ടി. പക്ഷേ ഒരു പ്രശ്നമുണ്ട് അതിന്‍റെ തല വെട്ടി അങ്ങോട്ടു കളഞ്ഞു. ചാടി പിടിക്കുന്നതിന് മുമ്പ് അത് നിലത്തെത്തി. അവിടെ അതൊന്നും ആരും എടുക്കാറില്ലായെന്ന് തോന്നി. പക്ഷേ ഞങ്ങളുടെ പിന്നാലെ ഓര്‍ഡര്‍ കൊടുത്തയാള്‍ അയാള്‍ കളഞ്ഞപ്പോള്‍ ചാടി പിടിച്ചു. ഈ കരിക്ക് മതി ഒരു നേരത്തേക്ക്, അത്ര വലുതാണ്. അതു പോലെ മധുരവും.. 
കരിക്ക് വെട്ടിയ സ്റ്റൈല്‍ കണ്ടോ...
അങ്ങനെ അതും കുടിച്ച് അവിടെ നിന്ന് ബൈ പറഞ്ഞു. ചെന്നപ്പോഴേക്കും ട്രെയിന്‍ പോയി. പിന്നെ പതിനഞ്ച് മിനിട്ട് കാത്തിരിക്കേണ്ടി വന്നു അടുത്തതിന്. 
നേരെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്ന് വേറെ ട്രെയിനില്‍‌ കയറി വാങ്സാ മജു സ്റ്റേഷനില്‍ ഇറങ്ങി. ഒരു പ്യൂട്ടര്‍ ഫാക്ടറിയാണ് അടുത്തതായി പ്ലാന്‍ ചെയ്തിരുന്നത്. സ്റ്റേഷനില്‍ നിന്ന് നേരെ ടാക്സി പിടിച്ചു.. ഭാഗ്യത്തിന് ടാക്സിക്കാരന് ഞങ്ങള്‍ പറഞ്ഞതു മനസ്സിലായില്ല. ഞങ്ങള്‍ സ്ഥലം പറഞ്ഞപ്പോള്‍ ആ അറിയാമൊന്നൊക്കെ പറഞ്ഞു, എന്നിട്ട് ഒരു സ്ഥലത്ത് നിര്‍ത്തിയിട്ട് ഇനിയെവിടേക്കാണെന്ന്... അവസാനം ഫോണില്‍ വിളിച്ച് കൊടുത്ത് അയാള്‍ പറഞ്ഞ വഴിക്ക് ടാക്സി വിട്ടു. ആ ടാക്സി ചാര്‍ജിന്‍റെ ഇരട്ടിയായിട്ടുണ്ടാവും ഫോണ്‍ ചാര്‍ജ്. റോമിംഗല്ലേ.. എന്തായാലും ടാക്സി കാരന്‍ പറഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വിട്ടു. മീറ്റര്‍ ടാക്സിയാണെങ്കിലും അതില്‍ കാണിച്ച കാശ് മുഴുവന്‍ അയാള്‍ വാങ്ങിയില്ല... 

അങ്ങനെ ഫാക്ടറിക്കുളളില്‍, ചെന്നയുടനെ ഓരോ ബാഡ്ജും തന്നു, കാണിച്ചു തരാന്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം ഒരു ഗൈഡും. ആഹാ കൊളളാലോ യെന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഫാക്ടറി കാണാന്‍ തുടങ്ങി. ഓരോന്നും എങ്ങനെയുണ്ടാക്കുന്നുവെന്നൊക്കെ ശരിക്കും വിവരിച്ചും, കാണിച്ചും തന്നു. ഞായറാഴ്ച യായതു കൊണ്ട് എല്ലാ പണിക്കാരും അന്നുണ്ടായിരുന്നില്ല. അതു കൊണ്ട് കുറച്ചൊക്കെ ഞങ്ങള്‍ക്ക് മിസ്സായി. എന്നാലും കൊളളാമായിരുന്നു ആ യാത്ര. ഇവിടെ നിന്നും ഈ വെള്ളോട് (pewter) കൊണ്ടുണ്ടാക്കിയ പാത്രത്തില്‍ ജ്യൂസും തന്നു. ജ്യൂസിന്‍റെ തണുപ്പ് അതുപോലെ തന്നെ പാത്രത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നു. നല്ല തിളച്ച ചായ ഒഴിച്ചാല്‍ ആ ഗ്ലാസില്‍ തൊടാന്‍ പറ്റില്ല.  

ഫാക്ടറിയില്‍ തന്നെ ഒരു ഷോറൂമുണ്ട് അവിടെ നിന്നും അവരുണ്ടാക്കിയ സാധനങ്ങള്‍ വാങ്ങാം, പക്ഷേ നല്ല വിലയാണ് സാധനങ്ങള്‍ക്ക്,  വിന്‍ഡോ ഷോപ്പിംഗ് മാത്രം ചെയ്ത് അവിടെ നിന്നിറങ്ങി. ഫാക്ടറിയുടെ പുറത്ത് വലിയ ഒരു ടാങ്കര്‍ഡ്. എന്തുട്ട് തേങ്ങയാ ഇത് എന്നു ആലോചിച്ച് പുറത്തിറങ്ങിയപ്പോ ഒരു ബിയര്‍ മഗ്ഗ്. ഇതിപ്പോ അരിക്ക് എവാളുതേ അക്കരേലു എന്നു പറയുന്നതുപോലെ ആവും, പിന്നേ.. ഞാന്‍ ഗപ്പ് എന്നങ്ങു പറയും. ഗിന്നസ്സ് ബുക്കില്‍ കയറിയ ലോകത്തിലെ ഏറ്റവും വലിയ ഗപ്പ് ആണിത്. അവിടെ നിന്ന് അതിന്‍റെ ഫോട്ടോയുമെടുത്ത് ടാക്സിയും വിളിച്ച് അതില്‍ കയറി സ്റ്റേഷനില്‍ വന്നു. 


ഇതാണ് ആ കപ്പ്..

ഭക്ഷണം കഴിക്കാനുളള സമയമായി ഇന്ത്യന്‍ റെസ്റ്റോറന്‍റുകളൊന്നും ഇല്ലാത്ത സ്ഥലമായതു കൊണ്ട് മലയ് ഫുഡ് തന്നെയാവട്ടെയെന്നു വെച്ചു. (സിങ്കപ്പൂരില്‍ വെച്ചു ഒന്നു പരീക്ഷിച്ചതാണ്, കാബേജിട്ട മീന്‍കറിയും, മധുരമുളള ചിക്കന്‍ കറിയും, പച്ചരി ചോറും കഴിച്ച് മതിയായതാണ്...) കണ്ടാല്‍ കുഴപ്പമില്ലായെന്ന് തോന്നിയ കടയില്‍ കയറി, അവിടെയൊക്കെ കടയില്‍ എല്ലാം നിരത്തി വെച്ചിരിക്കും, നമുക്ക് ഇഷ്ടമുളളത് എടുക്കാം. അങ്ങനെ പരീക്ഷണം തുടങ്ങി. ആദ്യം ചോറെടുത്തു, ഇനി കറിയെടുക്കണം. കണ്ടാല്‍ കൊളളാമെന്ന് തോന്നിയ ഒരു പാല് കറി പോലത്തെ എന്തൊയൊന്ന്, സംഭവം കൊളളാമായിരുന്നു, നമ്മുടെ ഇടിചക്ക (മനസ്സിലായില്ലേ.. നമ്മുടെ ചക്കയുടെ ചെറുത്) പാലൊഴിച്ചു വെച്ചതായിരുന്നു, പിന്നെയെടുത്തത് ഒരു ഇലക്കറിയായിരുന്നു, ലെറ്റ്യൂസ് ഉണക്ക ചെമ്മീന്‍ പൊടിച്ചിട്ടിട്ട് ഉണ്ടാക്കിയത്, പിന്നെ ചിക്കന്‍ വരട്ടിയതും എടുത്തു. അങ്ങനെ ഒരു മലയ് ഫുഡും കഴിച്ച് ഇറങ്ങി.

നേരെ സ്റ്റേഷനിലേക്ക്, സെന്‍ട്രലിലേക്ക് പോകുന്ന വഴിക്കാണ് മസ്ജിദ് ജമക്, അവിടെയിറങ്ങി. അവിടെ ചെന്നപ്പോള്‍ വിസിറ്റേഴ്സ് സമയം കഴിഞ്ഞു, പിന്നെ തലയില്‍ ഷോളും ഇടണം... പിന്നെന്തൊക്കെയേ ഡ്രസ്സ് കോഡ് ഉണ്ട്.. പിന്നെ ഇതില്‍ കയറിയില്ലെങ്കില്‍ എന്ത് സംഭവിക്കാനാ...
അങ്ങനെ അതിന്‍റെയും, സുല്‍ത്താന്‍ അബ്ദുള്‍ സമദ് ബില്‍ഡിംഗിന്‍റേയും പുറത്തു നിന്നുളള ഫോട്ടോയുമെടുത്ത് നേരെ ചൈനാ ടൌണിലേക്ക് നടന്നു. എല്ലാം അടുത്ത് തന്നെയാണ്. അവിടെ ചുമ്മാ ചുറ്റി കറങ്ങി കണ്ടു, കുറച്ചൊക്കെ ഷോപ്പിംഗ് ഒക്കെ ചെയ്തു, ഞാനിങ്ങനെ കറങ്ങി തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഹസ്ബന്‍റും , മോളും കൂടി പോയി ഫിഷ് സ്പായുണ്ടെന്ന് മനസ്സിലാക്കി വന്നു. അങ്ങനെ അവിടെ കയറി. രണ്ടു തരത്തിലുളള മീനുണ്ട് അവിടെ, ചെറുതും, കുറച്ചു കൂടി വലുതും, ഇതിലേതാണ് സെലക്ട് ചെയ്യേണ്ടതെന്ന് അറിയില്ല. രണ്ടിലും ധാരാളം ആള്‍ക്കാരുണ്ട്. എന്തായാലും എന്നെ പരീക്ഷണ വസ്തുവാക്കാന്‍ തീരുമാ നിച്ചു. 10 മിനിട്ടിന് 5 റിഗ്ഗിറ്റ്.. അങ്ങനെ ടാങ്കില്‍ കാലിട്ടു.. ഈശ്വരാ, വല്ല പിരാനക്കുഞ്ഞുകളും ഇതിലുണ്ടെങ്കിലോ, കാലു പുറത്തെടുക്കുമ്പോ ഇറച്ചിയില്ലെങ്കില്‍ എന്‍റെ പുതിയ ചെരുപ്പ് വേസ്റ്റാകുമോ... എന്തായാലും കാല് വെളളത്തില്‍ തൊടുന്നതിന് മുമ്പ് മീനുകളെല്ലാം എന്‍റെ കാലില്‍, എന്‍റെ കാലില്‍ ഇത്ര അഴുക്കുണ്ടോ.. കാല് വെളളത്തിലിടും, ഇക്കിളിയായിട്ട് അപ്പോള്‍ തന്നെയെടുക്കും, അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോളേക്കും ഓക്കെയായി. നല്ല രസമായിരുന്നു അത്. ഞാനീ ചെയ്യുന്നതു കണ്ടപ്പോള്‍ മോള്‍ക്കും ചെയ്താല്‍ കൊളളാമെന്ന് തോന്നി.. അങ്ങനെ 10 മിനിട്ട് കഴിഞ്ഞു.. വേഗം തീര്‍ന്നു പോയ പോലെ തോന്നി. എന്തായാലും കാല്‍ വൃത്തിയായി... അങ്ങനെ അവിടെ നിന്നിറങ്ങി അവിടെ പോകുമ്പോള്‍ ലോംഗന്‍ ജ്യൂസ് ഉറപ്പായും കുടിക്കണമെന്ന് ആരോ ഗൂഗിളില്‍ എഴുതിയിരിക്കുന്നു... അയാളെ കയ്യില്‍ കിട്ടിയാല്‍ ഞാനിടിക്കും, അമ്മച്യാണെ ഇടിക്കും. ആ എഴുതിയ മഹാന്‍ പരീക്ഷിച്ച് പണി കിട്ടിയിട്ട്  എന്നാപ്പിന്നെ മറ്റുളളവര്‍ക്കും ഇരിക്കട്ടെ എന്നു കരുതി പണി കൊടുത്തതാണെന്ന് തോന്നുന്നു.. അവിടെ നിന്ന് ലോഗന്‍ ജ്യൂസും, പിന്നെ നമ്മുടെ പനംകരിക്കുമില്ലേ... അതിന്‍ ജ്യൂസ്.. പനം കരിക്കല്ലാ, പനം കരിക്ക് മൂത്തിട്ട് തേങ്ങ പ്രായമായതിന്‍റെ ജ്യുസ് ആണോയെന്ന് സംശയമില്ലാതെയില്ല.. എന്തായാലും രണ്ടും മഹാ കൂതറയായിരുന്നു... അങ്ങനെ അതവിടെ വെച്ച് നേരെ ഹോട്ടലിലേക്ക് പോയി, കുറച്ചു നേരം വിശ്രമിച്ചിട്ട് കെ . എല്‍ ടവറും. പെട്രോണാസ് ട്വിന്‍ ടവറും കാണാന്‍ പോയി... 
KL ടവര്‍

പെട്രോണാസ് ട്വിന്‍ടവര്‍- ഗൂഗിള്‍ പടം
പെട്രോണാസ് ട്വിന്‍ ടവറിനെ കുറിച്ച് പറയുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ടവറായിരുന്നു 2004 വരെ. ഇപ്പോള്‍ ഏറ്റവും വലിയ ട്വിന്‍ടവറ് മാത്രമായി ഇത്. ഇതിന്‍റെ 41,42 നിലകളെ യോജിപ്പിച്ച് ഒരു പാലമുണ്ട്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ 2 നില പാലം. ഇവിടേയ്ക്ക് ഓരോ ദിവസവും പാസ്സ് എടുത്ത് വിസിറ്റേഴ്സിന് കയറാം. പക്ഷേ രാവിലെ 6 മണിക്ക്  ചെന്ന് ക്യൂ നില്ക്കണമെന്ന്. 10 മണിക്കാണ് കൌണ്ടര്‍ ഓപ്പണാവൂ.. പിന്നെ രാവിലെ മൂന്നാലു മണിക്കൂര്‍ കാത്ത് നിന്നിട്ട് ഇതില്‍ കയറണ്ടായെന്ന് ഞങ്ങളും കരുതി..  ഇത് കാണാന്‍ കെ.എല്‍.സി.സി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്നും പുറത്തിറങ്ങിയിട്ട് നോക്കുമ്പോള്‍ ട്വിന്‍ ടവറ് കാണാം. പക്ഷേ ഫോട്ടൊയെടുക്കാന്‍ പറ്റുന്നില്ല- നമ്മളൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായിപ്പോയില്ലേ (എന്നു പറഞ്ഞാല്‍ എടുക്കുന്ന ഫോട്ടോ കണ്ടാല്‍ കാണുന്നവര്‍ നിനക്ക് വേറെ പണി -പ്രൊഫഷന്‍- ഇല്ലേടീ എന്നു ചോദിക്കും). കുറച്ചു നടന്നു നോക്കിയപ്പോള്‍ ഒരു പാര്‍ക്കിലെത്തി. അവിടെ നിന്നും എടുത്താല്‍ ശരിക്കും ഫോട്ടോ കിട്ടും, കുറച്ച് ഫോട്ടോസ് എടുത്തപ്പോഴേക്കും മോള്  ഉറങ്ങി, അവളൊന്നും കഴിച്ചില്ലല്ലോയെന്ന് കരുതി സ്റ്റേഷനിലേക്ക് തിരിച്ച് നടന്നു.. നടന്നു ചെന്നത് ട്വിന്‍ ടവറിന്‍റെ വേറെ വ്യൂ കിട്ടുന്ന സ്ഥലം. 
പെട്രോണാസ് ട്വിന്‍ടവര്‍
അങ്ങനെ അവിടെ നിന്നും വീണ്ടും ഫോട്ടോയെടുത്ത് തിരിച്ച് ഹോട്ടലിലേക്ക് പോയി, മോളേയും എഴുന്നേ ല്പിച്ച് ഫുഡ് കഴിക്കാന്‍ പോയി...
ഇനി നാളെ കാമറൂണ്‍ ഹൈലാന്‍റിലേക്കാണ്... അതിന്‍റെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍... 
(കോലാലംമ്പൂരില്‍ ഇത്ര മാത്രമല്ലാ കാണാന്‍.. വേറെയും ഉണ്ട്.. ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഞങ്ങള്‍ കാണാത്തതു മാത്രമാണ് ഇവിടെ കണ്ടുളളൂ.. കെ.എല്‍.സി.സി  അക്വേറിയ, ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍, ബേര്ഡ് പാര്ക്ക്,.... അങ്ങനെ ഒരു പാടുണ്ട്. സിങ്കപ്പൂരില്‍ ഇതൊക്കെ കണ്ടതു കൊണ്ട് മനപ്പൂര്‍വ്വം വേണ്ടായെന്ന് വെച്ചതാണ്...)
Top of Form27 comments:

 1. ലോകത്തിലെ ഉയരമുള്ള പ്രതിമകളെക്കുറിച്ച് വായിച്ചപ്പോൾ ഈ മുരുകൻ പ്രതിമ കണ്ടതായി ഓർമ്മയുണ്ട്...യാത്ര തുടരൂ

  ReplyDelete
  Replies
  1. നന്ദി പഥികന്‍..

   Delete
 2. nice writeup

  and

  good photos esp twin towers

  thanks for sharing this travelogue

  ReplyDelete
 3. സുനി, തുടരട്ടെ യാത്രകൾ കൂടുതൽ ഉയരങ്ങളും, കാഴ്ചകളും തേടി......
  ബാക്കി കോലാലംമ്പൂർ യാത്രാ വിശേഷങ്ങൾക്കായി കാത്തിരിയ്ക്കുന്നു.

  ReplyDelete
  Replies
  1. വരവിനും, അഭിപ്രായത്തിനും നന്ദി

   Delete
 4. ചിത്രങ്ങളും വിശേഷങ്ങള്‍ പങ്കു വച്ചതും നന്നായി.

  ReplyDelete
 5. മലേഷ്യയിലെത്തിയാല്‍ ശ്യാം ഡത്തോശ്രീ ശ്യാം ആകും. സുനി ഡത്തോശ്രീ സുനി ആകും. പിന്നെ നാസി ലെമക് (കോക്കനട്ട് റൈസ്) ഒന്ന് പരീക്ഷിച്ച് നോക്കണം കേട്ടോ. തുടരൂ

  ReplyDelete
  Replies
  1. നന്ദി അജിത്.. നാസി ലെമക് പരീക്ഷിച്ചിരുന്നു. സംഭവം കൊളളാം..

   Delete
 6. super descriptions .. congrats... nalla avatharanam

  ReplyDelete
 7. ഒരു യാത്രാവിവരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വായനക്കാരനെ കൂടെ കൊണ്ടുപോകുന്ന രീതിയാണ്. ഈ രീതിയില്‍ എഴുതുന്ന ഒരു ബ്ലോഗര്‍ ഒരു യാത്രികന്‍ ബ്ലോഗിന്റെ ഉടമ വിനുവേട്ടനാണ്. ഇപ്പോള്‍ ഈ ബ്ലോഗിലും അത് അനുഭവപ്പെടുന്നു. ആശംസകള്‍
  ബാക്കി ഭാഗങ്ങള്‍ ഇടുമ്പോള്‍ മെയില്‍ അയക്കൂ.

  ReplyDelete
  Replies
  1. നല്ല അഭിപ്രായത്തിന് നന്ദി.. മെയില്‍ ചെയ്യാം ഇനി പോസ്റ്റ് ചെയ്യുമ്പോള്‍.

   Delete
 8. മനോഹരമായിരിക്കുന്നു.. വായനക്കാരൻ അവിടെ സന്ദർശിച്ച പ്രതീതി ഉണ്ടാക്കി… താങ്കളുടെ ഈ എഴുത്തിന് അഭിനന്ദനങ്ങൾ നേരുന്നു…
  ലിങ്ക് ഇടുമെന്ന് വിശ്വസിക്കുന്നു..
  ഇടയ്ക്ക് സമയമുള്ളപ്പോൾ വീണ്ടും വന്ന് താങ്കളുടെ ബ്ലോഗ് വായിക്കുന്നതാണ്..ഒറ്റയിരുപ്പിനു വായിച്ചു തീർത്തു…ആശംസകൾ

  ReplyDelete
  Replies
  1. ഇത്രയും നല്ല അഭിപ്രായം പറഞ്ഞതിന് വളരെ നന്ദിയുണ്ട്. ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ മെയില്‍ ചെയ്യാം..

   Delete
 9. നന്നായിരിക്കുന്നു

  ReplyDelete
 10. ആദ്യമാ ഇവിടെ.. കൊള്ളാം ട്ടാ.. ന്തായാലും പൂവങ്കോഴീയെ പിടിച്ച് കറിവയ്ക്കാന്‍ പോവാഞ്ഞത് നന്നായി.. ഇത്രയൊക്കെ എഴുതിക്കൂട്ടാന്‍ ആളുണ്ടാവില്ലയിരുന്നല്ലോ :) പുതിയ പോസ്റ്റുകള്‍ അറിയിയ്ക്കൂ.. ഇനിയും ഇതിലേ വരാം :)

  ReplyDelete
  Replies
  1. വന്നതിനും കമന്‍റിയതിനും നന്ദി. ചിക്കന്‍ ഫ്രൈ ഉണ്ടാക്കണം എന്നു തന്നെ കരുതിയതാ... പക്ഷേ ഇപ്പോ മലേഷ്യന്‍ ജയിലുകളില്‍ ഭയങ്കര കൊതുകാണ്, ഭക്ഷണവും ശരിയല്ല എന്നു കേട്ടു മാത്രമല്ല ഈ ചൈനക്കാരെല്ലാം കരാട്ടേ കുംങ്ഫൂ തുടങ്ങിയ ആന്‍റീ-സോഷ്യല്‍ ആക്ടിവിറ്റികളില്‍ ഭയങ്കര പ്രാവീണ്യമുള്ളവരാ. എനിക്കാണങ്കി ഓടാന്‍ അത്ര സ്പീഡുമില്ല....

   Delete
 11. മലേഷ്യയില്‍ പോകാതെ തന്നെ മലേഷ്യ കണ്ട പ്രതീതി. ചിത്രങ്ങളോടൊപ്പം തന്നെ അല്‍പ്പം വിശദമായി പറഞ്ഞ ഈ യാത്ര വിവരണം നന്നായി .. ആദ്യത്തെ പോസ്ടിനെക്കള്‍ രണ്ടാമത്തെ ദിവസത്തെ പോസ്റ്റ്‌ അല്‍പ്പം കൂടി നന്നായി ... ആശംസകള്‍

  ഇവിടെ ആദ്യമാണ് . ഫോളോ ചെയ്തിട്ടുണ്ട് . എന്നാലും പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ കൂടി വിട്ടോളൂ ട്ടോ

  ReplyDelete
  Replies
  1. വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി.. ആദ്യത്തെ ദിവസം കാര്യമായി ഒന്നും കണ്ടില്ലല്ലോ.. ഞാന്‍ പോസ്റ്റ് ഇടുമ്പോള്‍ ആര്‍ക്കും മെയില്‍ ചെയ്യാറില്ല.. പറഞ്ഞ സ്ഥിതിക്ക് ചെയ്തേക്കാം..

   Delete
 12. Replies
  1. വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 13. പലസ്ഥലങ്ങളെ കുറിച്ച് ഒരു നല്ല വായനാ അനുഭവം നല്‍കുന്ന ഒരു പോസ്റ്റ്‌ ,ഇനിയും യാത്രകള്‍ ഉണ്ടാവട്ടെ . ഇതു പോലെ ഉള്ള സചിത്ര ലേഖനങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 14. Nasi Lemak Recipe തപ്പി ഇറങ്ങിയതാ, ഇവിടെ എത്തി... വളരെ നല്ല വിവരണം

  ReplyDelete
 15. യാത്രകള്‍ എനിക്കും വലിയ ഇഷ്ടാ...അതില്‍ മലേഷ്യ എന്‍റെ സ്വപ്ന ഭൂമിയാണ്‌. ഇവിടത്തെ വിവരണം വളരെ ഉപകാരപ്പെട്ടു...അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു...ഗുരുമുഖത്തുനിന്ന് പഠിക്കുന്നതിനു വലിയ അര്‍ഥങ്ങള്‍ ഉണ്ടെന്നാണ് പഴമ. ഇയിടെ ഞാന്‍ ഈജിപ്റ്റ്‌, ജോര്‍ദാന്‍, പോയിരുന്നു...അവയുടെ വിവരങ്ങള്‍ എഴുതണമെന്ന്‍ ഇത് കണ്ടപ്പോള്‍ തോന്നി.....ഉടനെ എന്‍റെ പേജില്‍ അതുണ്ടാകും....ഏതായാലും ഭാവുകങ്ങള്‍.....

  ReplyDelete