Thursday, April 19, 2012

മലേഷ്യ യാത്ര- രണ്ടാം ദിവസം


അങ്ങനെ പുതുവര്‍ഷം മലേഷ്യയില്‍. പുതുവര്‍ഷം മുതല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുമെന്നൊന്നും പ്രതിജ്ഞയെടുക്കാത്തതു കൊണ്ട് പതിവു പോലെ തന്നെ എഴുന്നേറ്റു. ഇന്നലെ പോകാന്‍ പറ്റാത്ത ബത്തു കേവ്സ് തന്നെയാവട്ടെ രാവിലെത്തെ യാത്രയെന്ന് തീരുമാനിച്ചു. വെയിലായാല്‍ ബാത്തു കേവ്സ് കേറാന്‍ ബുദ്ധിമുട്ടാവുമെന്ന് ഗൂഗിളമ്മാവന്‍ പറഞ്ഞിരുന്നതിനാല്‍ വേഗം തന്നെ ഡ്രസ്സ് മാറിയിറങ്ങി. കേവ്സിന്‍റെ താഴെ തന്നെ വെജിറ്റേറിയന്‍ റെസ്റ്റോറന്‍റ് ഉണ്ടെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു... (അല്ലെങ്കിലും ഇതൊക്കെ കണ്ടു പിടിക്കാന്‍ പ്രത്യേക കഴിവാണെന്ന് ഞാന്‍ മുമ്പേ പറഞ്ഞില്ലേ.... ) അതു കൊണ്ട് ഭക്ഷണം അവിടെ ചെന്നിട്ടാവട്ടെയെന്ന് വെച്ച് നേരെ സെന്‍റട്രല്‍ സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു.. പല തരം ട്രയിനുണ്ട് കോലാലംമ്പൂരില്‍. മോണോ റെയില്‍, മെട്രോ, KTM komuter train.  KTM Komuter train എന്നാല്‍ നമ്മുടെ നാട്ടിലെ ട്രെയിന്‍ പോലത്തെ ട്രെയിന്‍ തന്നെയാണ്. (നാട്ടിലെ പോലെ എസി യില്ലാത്ത ട്രയിനല്ല. എസി യൊക്കെയുളള നല്ല ഭംഗിയുളള ട്രെയിന്‍) സിറ്റിയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ വേണ്ടി 1995 ല്‍ തുടങ്ങിയതാണത്രേ ഈ ട്രയിന്‍. സിറ്റിയുടെ അടുത്തുളള സ്ഥലത്തേക്ക് മാത്രം പോകുന്നതു കൊണ്ടാണ് ഇത് കമ്യൂട്ടര്‍ ട്രയിന്‍ എന്ന് അറിയപ്പെടുന്നത്. ബാത്തു കേവ്സിലേക്ക് ഈ കമ്യൂട്ടര്‍ ട്രയിനാണ്.

അങ്ങനെ ഈ ട്രെയിനില്‍ കയറി ബാത്തു കേവ്സില്‍ ഇറങ്ങി. ഇവിടെ വരെയുളളൂ ട്രെയിന്‍. 
റെയില്‍വേ സ്റ്റേഷനില്‍ നിന്നുളള കാഴ്ച

ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കണ്ടത് വലിയ ഒരു ചുണ്ണാമ്പു മലയാണ്. അതിനടുത്ത് തന്നെ ഒരു വലിയ ഹനുമാന്‍ പ്രതിമയും. 
ഹനുമാന്‍ പ്രതിമ..
ഹനുമാന്‍റെ ഒരു കോവിലും. നാനൂറു ദശലക്ഷം വര്‍ഷം പഴക്കമുള്ള ലൈംസ്റ്റോണിലാണു (ചുണ്ണാമ്പ് കല്ല്) ബാത്തു കേവ്സ് സ്ഥിതി ചെയ്യുന്നത്.മലേഷ്യയിലെ ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ആരാധനാസ്ഥലമാണ് ഇവിടെ.. നൂറ്റിനാല്‍പത് അടിയിലധികം ഉയരത്തില്‍, സുവര്‍ണ നിറത്തിലൊരു മുരുക പ്രതിമയുണ്ട് ഇവിടെ. അതിനടുത്ത് അമ്പലവും. സ്വര്‍ണ്ണം പൂശിയതാണോ ഇതിന്‍റെ മകുടങ്ങളും, ഈ പ്രതിമകളും എന്നൊരു സംശയമില്ലാതെയില്ല. സ്വര്‍ണ്ണമല്ലാട്ടോ. സ്വര്‍ണ്ണ കളറു പൂശിയതാണ്. വെയില്‍ തട്ടുമ്പോള്‍ അതിന് പ്രത്യേക ഭംഗിയാണ്. എന്തായാലും സംഭവം കാണാന്‍ അടി പൊളി. ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമയാണത്രേ ഇത്.   ഈ പ്രതിമയുടെ താഴെ പ്രാവുകളുടെ കൂട്ടമുണ്ട്. അതിന് ഭക്ഷണം കൊടുത്ത് ഒരു പാട് ആള്‍ക്കാരും. 

പ്രകൃതിദത്തമായ ഈ ചുണ്ണാമ്പു മലയുടെ മുകളിലാണ് പ്രധാന ക്ഷേത്രം. മുരുകഭഗവാനാണ് പ്രതിഷ്ഠ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിലായിരുന്നു ഈ പ്രതിഷ്ഠ. ഇവിടെത്തെ തൈപ്പൂയോത്സവം മഹാകേമമാണ്. 
വിശന്നതു കൊണ്ട് അവിടെയുളള ഹോട്ടലില്‍ നിന്നും ദോശയും, സാമ്പാറും കഴിച്ചു. അത്ര നല്ലതെന്ന് പറയാന്‍ പറ്റില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. നാട്ടിലെ പോലെ വലിയ പാത്രത്തില്‍ ചായ തിളപ്പിച്ച് വെച്ചിരിക്കുന്നതു കൊണ്ട് ചായയും, കാപ്പിയും കുടിക്കാനേ തോന്നിയില്ല. 
ഇനിയാണ് അങ്കം. 272 പടി കയറണം. ഈശ്വരാ ഇതെങ്ങനെ കയറും.. ആദ്യം ഈ പടികള്‍ തടിയില്‍ നിര്‍മിച്ചതായിരുന്നു, പിന്നീടതു കോണ്‍ക്രീറ്റാക്കി മാറ്റിയതാണത്രേ. എന്തായാലും കേറാന്‍ തുടങ്ങി. ചൂട് തുടങ്ങിയതു കൊണ്ട് ശരീരം മുഴുവന്‍ വിയര്‍ത്തൊട്ടി. നാട്ടില്‍ പഴനിയില്‍ പോയി തല മൊട്ടയടിക്കുന്നതു പോലെ പിള്ളേരെ തല മൊട്ടയടിപ്പിച്ച് ഇവിടെ കൊണ്ടു വരുന്നു. ഇനി ഇവിടെ തന്നെ മൊട്ടയടിപ്പിക്കു ന്നതാണോയെന്നറിയില്ല. എന്തായാലും ഇങ്ങനെ തല മുട്ടയടിച്ച പിള്ളേരെ കൊണ്ട് ഒരു പാട് പേര്‍ മല കയറുന്നുണ്ട്. അതു പോലെ കരിമ്പൊക്കെ പിടിച്ച് ആള്‍ക്കാര്‍ കയറുന്നതു കണ്ടു. എനിക്ക് ഒറ്റക്ക് കയറാന്‍ വയ്യ. അപ്പോളാണ് ആള്‍ക്കാര്‍ കുറേ സാധനങ്ങളും കയ്യില്‍ പിടിച്ച് കയറുന്നത്..
പോകുന്ന വഴിക്ക് കുരങ്ങന്മാരെയും, നല്ല നാടന്‍ പൂവന്‍ കോഴികളെയും കണ്ടു. നാടന്‍ കോഴികളെയൊക്കെ കണ്ടിട്ട് ഒരു പാട് കാലമായി. ഇപ്പോള്‍ നാട്ടില്‍ പോയാലും കാണാന്‍ പറ്റില്ലല്ലോ. എന്തായാലും ഇവിടെ ഒരു പാട് കോഴികളെ കണ്ടു. ഒരെണ്ണത്തിനെ പിടിച്ച് ബാഗിലിട്ടാലോയെന്നാലോചിച്ചു - വളര്‍ത്താനാ, നല്ല കുരുമുളകും നാടന്‍ മസാലയുമിട്ട് വെളിച്ചെണ്ണയില്‍ വളര്‍ത്താന്‍. നല്ല അടി നാട്ടില്‍ കിട്ടില്ലേ. അവിടത്തെ തമിഴന്മാരുടെ കയ്യില്‍ നിന്ന് വാങ്ങണ്ടല്ലോയെന്ന് കരുതി വേണ്ടായെന്ന് വെച്ചു. 
മുകളില്‍ നിന്നുളള കാഴ്ച..
ഗുഹാമുഖം.
എന്‍റെ സ്റ്റെപ്പു കയറല്‍ തീര്‍ന്നിട്ടില്ലാട്ടോ.. ഇടയ്ക്ക് നിന്നും, നിരങ്ങിയും അത് നടക്കുന്നുണ്ട്. മോള്‍ സ്റ്റെപ്പൊക്കെ എണ്ണി ആളുടെ കയ്യും പിടിച്ച് കയറുന്നതു കൊണ്ട് അത് ബുദ്ധിമുട്ടായില്ല. അല്ലെങ്കില്‍ അവളെയും എടുക്കേണ്ടി വന്നേനേ. ഇടയ്ക്ക് എന്നെ പിടിച്ച് കയറ്റാനും നോക്കുന്നുണ്ട്. അങ്ങനെ കുറേ കയറി ചെന്നപ്പോള്‍ ഇടത്തേക്ക് ഒരു വഴി. തിരക്കില്ലാത്ത ഒരു വഴിയും, ഇരിക്കാനുളള സ്ഥലവും. എന്നാലവിടെ പോയി കുറച്ച് ഇരുന്നിട്ടാവട്ടെ ബാക്കിയെന്ന് തീരുമാനിച്ചു. അങ്ങനെ അവിടേക്ക് പോയി. അവിടെ ഒരു കുരങ്ങന്‍ കുപ്പി ചെരിച്ചിട്ട് അതില്‍ നിന്ന് വെളളം കുടിക്കുന്നു. അതു ഫോട്ടോയും, വീഡിയോയും എടുക്കാന്‍ ഞങ്ങളെ പോലെ കുറച്ചു പേരും.  അങ്ങനെ ആ ഗുഹയുടെ ഉളളില്‍ എത്തി. എന്തൊരു സുഖം. എ. സി റൂമിലെത്തിയപോലെ ഒരു തോന്നല്‍ അത്ര തണുപ്പായിരുന്നു അതിന്‍റെയുളളില്‍. വെറുതെയല്ലാ പണ്ടത്തെ ആള്ക്കാര് ഗുഹയ്ക്കുളളില്‍ ഇരിക്കുന്നതെന്ന് മനസ്സിലായി. 
അവിടെ രണ്ടു മൂന്ന് പേര് ഇരിപ്പുണ്ട് , ഇരുളടഞ്ഞ ഗുഹകളിലേക്കു മലേഷ്യന്‍ നേച്ചര്‍ സൊസൈറ്റി അഡ്വഞ്ചര്‍ ട്രിപ്പുകളുണ്ട്. വേണമെങ്കില്‍ പോകാം. അതിന്‍റെയാള്‍ക്കാരാണ് അവിടെയിരിക്കുന്നത്. വെറുതെ ഡിസ്കെടുക്കണ്ടല്ലോയെന്ന് വെച്ച് (ഡിസ്കെടുക്കണം മാധവിയമ്മേ ഡിസ്കെടുക്കണം എന്ന് മനസിലിരുന്ന് ആരോ പറഞ്ഞെങ്കിലും..) നമ്മളത് വേണ്ടായെന്ന് വെച്ചു. അങ്ങനെ കുറച്ച് നേരം അവിടെയിരുന്നതിനു ശേഷം ബാക്കി മല കയറി. ഗുഹാമുഖം കഴിഞ്ഞാല്‍ അതിവിശാലമായ സ്ഥലമാണ്. അവിടെ നിന്ന് മുകളിലേക്ക് നോക്കിയാല്‍ വെളുത്ത ചുണ്ണാമ്പു പാറയില്‍ നിന്നും തൂങ്ങി നില്‍ക്കുന്ന ചെറിയ ശില്പങ്ങളാണോയെന്ന് തോന്നുന്ന പാറകള്‍. ഇടയ്ക്ക് വെളളം കിനിഞ്ഞിറങ്ങുന്നുണ്ട്. മുകളില്‍ നിന്ന് ചെറിയ ഹോളുകളിലൂടെ സൂര്യരശ്മികള്‍ താഴത്തേക്ക്. എല്ലാം കൊണ്ട് സംഭവം കൊളളാം. ഇതിന് മുമ്പ് ഇതു പോലത്തെ ഗുഹകളില്‍ പോകാത്തതു കൊണ്ട് ശരിക്കും നല്ല അനുഭവമായിരുന്നു. ഇതിന്‍റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളുടേയൊക്കെ പ്രതിമകളുണ്ട്. ഇതൊക്കെ ഒരു പാട് കണ്ടിട്ടുളളതു കൊണ്ട് അതിനൊന്നും അത്ര പ്രാധാന്യം കൊടുത്തില്ല. കുറച്ചു കൂടി കയറിയാലാണ് പ്രധാന കോവില്‍. ചെറിയ കോവിലാണ് ഇത്. അവിടേയ്ക്ക് പോയില്ല. അതിന്‍റെ ഫോട്ടോ എടുത്തിട്ട് തിരിച്ചിറങ്ങി. തിരിച്ചിറങ്ങുമ്പോള്‍ ചെറിയ പേടിയില്ലാതെയിരുന്നില്ല. കുത്തനെയുളള ഇറക്കമാണ്. കാല് തെറ്റിയാല്‍ പോയി...... എന്തായാലും ഒന്നും പറ്റിയില്ല...
ഗുഹയുടെ ഉള്ളില്‍ നിന്നുളള വ്യൂ..
താഴെ വന്നിട്ട് മോളുടെ ഡയപ്പര്‍ മാറ്റാന്‍ വേണ്ടി ടോയ്ലറ്റില്‍ പോയപ്പോഴാണ് മതിയായത്. വൃത്തിയില്ലായ്മ. സിങ്കപ്പൂരും കൂടി പോയതു കൊണ്ട് ഈ വൃത്തിയില്ലായ്മ കൂടുതല്‍ ഫീല്‍ ചെയ്തു. വൃത്തിയുളള സിറ്റികളില്‍ ഒന്നായ മസ്കറ്റില്‍ നിന്ന് , വൃത്തിയില്‍ പേരു കേട്ട സിങ്കപ്പൂര്‍ വഴി പോയതു കൊണ്ടും മലേഷ്യ യാത്ര കുറച്ചു ബുദ്ധിമുട്ടായിരുന്നു.  പോകുന്ന വഴിക്കെല്ലാം പത്തും, പതിനാലും പ്രായമുളള ചെറിയ പിള്ളേര് സിഗരറ്റ് വലിച്ച് നടക്കുന്നതെല്ലാം ശരിക്കും ബുദ്ധിമുട്ടായി. ഈ പുക വലിക്കുന്നവര്‍ സ്വയം നശിച്ചാല്‍ പോരേ.. മറ്റുളളവരേയും കൂടി എന്തിനാ ബുദ്ധിമുട്ടിക്കുന്നത്.. തലേ ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ പുക വലിക്കുന്നവരുടെ സംസ്ഥാന സമ്മേളനം അവിടെ . ഭക്ഷണം ഓര്‍ഡര്‍ പോലും ചെയ്യാതെ ഇറങ്ങി പോന്നു... 
ആ എന്തായാലും ടോയ്ലലറ്റില്‍ കയറി അവിടെ കുളിമുറിയുണ്ടായിരുന്നു. അവിടെ നിന്നും ഡയപ്പറും മാറ്റി ഇറങ്ങി. ഇവിടെ നമ്മുടെ നാട്ടിലെ പോലെ പൈസ കൊടുക്കണം ടോയ്ലലറ്റ് ഉപയോഗിക്കാന്‍...
കരിക്കുകള്‍ കുന്നു പോലെ കൂട്ടിയിട്ടിരിക്കുന്നു. എന്നാല്‍ അടുത്തതു കരിക്കില്‍ തന്നെയാവട്ടെ ഗുസ്തി. 2 കരിക്കിന് പറഞ്ഞു. അവര് കരിക്ക് വെട്ടുന്നതു കാണാന്‍ തന്നെ നല്ല രസം. കരിക്ക് വെച്ച് 4 വെട്ട്, കരിക്ക് സ്റ്റൈലായി വെട്ടി കിട്ടി. പക്ഷേ ഒരു പ്രശ്നമുണ്ട് അതിന്‍റെ തല വെട്ടി അങ്ങോട്ടു കളഞ്ഞു. ചാടി പിടിക്കുന്നതിന് മുമ്പ് അത് നിലത്തെത്തി. അവിടെ അതൊന്നും ആരും എടുക്കാറില്ലായെന്ന് തോന്നി. പക്ഷേ ഞങ്ങളുടെ പിന്നാലെ ഓര്‍ഡര്‍ കൊടുത്തയാള്‍ അയാള്‍ കളഞ്ഞപ്പോള്‍ ചാടി പിടിച്ചു. ഈ കരിക്ക് മതി ഒരു നേരത്തേക്ക്, അത്ര വലുതാണ്. അതു പോലെ മധുരവും.. 
കരിക്ക് വെട്ടിയ സ്റ്റൈല്‍ കണ്ടോ...
അങ്ങനെ അതും കുടിച്ച് അവിടെ നിന്ന് ബൈ പറഞ്ഞു. ചെന്നപ്പോഴേക്കും ട്രെയിന്‍ പോയി. പിന്നെ പതിനഞ്ച് മിനിട്ട് കാത്തിരിക്കേണ്ടി വന്നു അടുത്തതിന്. 
നേരെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്ന് വേറെ ട്രെയിനില്‍‌ കയറി വാങ്സാ മജു സ്റ്റേഷനില്‍ ഇറങ്ങി. ഒരു പ്യൂട്ടര്‍ ഫാക്ടറിയാണ് അടുത്തതായി പ്ലാന്‍ ചെയ്തിരുന്നത്. സ്റ്റേഷനില്‍ നിന്ന് നേരെ ടാക്സി പിടിച്ചു.. ഭാഗ്യത്തിന് ടാക്സിക്കാരന് ഞങ്ങള്‍ പറഞ്ഞതു മനസ്സിലായില്ല. ഞങ്ങള്‍ സ്ഥലം പറഞ്ഞപ്പോള്‍ ആ അറിയാമൊന്നൊക്കെ പറഞ്ഞു, എന്നിട്ട് ഒരു സ്ഥലത്ത് നിര്‍ത്തിയിട്ട് ഇനിയെവിടേക്കാണെന്ന്... അവസാനം ഫോണില്‍ വിളിച്ച് കൊടുത്ത് അയാള്‍ പറഞ്ഞ വഴിക്ക് ടാക്സി വിട്ടു. ആ ടാക്സി ചാര്‍ജിന്‍റെ ഇരട്ടിയായിട്ടുണ്ടാവും ഫോണ്‍ ചാര്‍ജ്. റോമിംഗല്ലേ.. എന്തായാലും ടാക്സി കാരന്‍ പറഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വിട്ടു. മീറ്റര്‍ ടാക്സിയാണെങ്കിലും അതില്‍ കാണിച്ച കാശ് മുഴുവന്‍ അയാള്‍ വാങ്ങിയില്ല... 

അങ്ങനെ ഫാക്ടറിക്കുളളില്‍, ചെന്നയുടനെ ഓരോ ബാഡ്ജും തന്നു, കാണിച്ചു തരാന്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം ഒരു ഗൈഡും. ആഹാ കൊളളാലോ യെന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഫാക്ടറി കാണാന്‍ തുടങ്ങി. ഓരോന്നും എങ്ങനെയുണ്ടാക്കുന്നുവെന്നൊക്കെ ശരിക്കും വിവരിച്ചും, കാണിച്ചും തന്നു. ഞായറാഴ്ച യായതു കൊണ്ട് എല്ലാ പണിക്കാരും അന്നുണ്ടായിരുന്നില്ല. അതു കൊണ്ട് കുറച്ചൊക്കെ ഞങ്ങള്‍ക്ക് മിസ്സായി. എന്നാലും കൊളളാമായിരുന്നു ആ യാത്ര. ഇവിടെ നിന്നും ഈ വെള്ളോട് (pewter) കൊണ്ടുണ്ടാക്കിയ പാത്രത്തില്‍ ജ്യൂസും തന്നു. ജ്യൂസിന്‍റെ തണുപ്പ് അതുപോലെ തന്നെ പാത്രത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നു. നല്ല തിളച്ച ചായ ഒഴിച്ചാല്‍ ആ ഗ്ലാസില്‍ തൊടാന്‍ പറ്റില്ല.  

ഫാക്ടറിയില്‍ തന്നെ ഒരു ഷോറൂമുണ്ട് അവിടെ നിന്നും അവരുണ്ടാക്കിയ സാധനങ്ങള്‍ വാങ്ങാം, പക്ഷേ നല്ല വിലയാണ് സാധനങ്ങള്‍ക്ക്,  വിന്‍ഡോ ഷോപ്പിംഗ് മാത്രം ചെയ്ത് അവിടെ നിന്നിറങ്ങി. ഫാക്ടറിയുടെ പുറത്ത് വലിയ ഒരു ടാങ്കര്‍ഡ്. എന്തുട്ട് തേങ്ങയാ ഇത് എന്നു ആലോചിച്ച് പുറത്തിറങ്ങിയപ്പോ ഒരു ബിയര്‍ മഗ്ഗ്. ഇതിപ്പോ അരിക്ക് എവാളുതേ അക്കരേലു എന്നു പറയുന്നതുപോലെ ആവും, പിന്നേ.. ഞാന്‍ ഗപ്പ് എന്നങ്ങു പറയും. ഗിന്നസ്സ് ബുക്കില്‍ കയറിയ ലോകത്തിലെ ഏറ്റവും വലിയ ഗപ്പ് ആണിത്. അവിടെ നിന്ന് അതിന്‍റെ ഫോട്ടോയുമെടുത്ത് ടാക്സിയും വിളിച്ച് അതില്‍ കയറി സ്റ്റേഷനില്‍ വന്നു. 


ഇതാണ് ആ കപ്പ്..

ഭക്ഷണം കഴിക്കാനുളള സമയമായി ഇന്ത്യന്‍ റെസ്റ്റോറന്‍റുകളൊന്നും ഇല്ലാത്ത സ്ഥലമായതു കൊണ്ട് മലയ് ഫുഡ് തന്നെയാവട്ടെയെന്നു വെച്ചു. (സിങ്കപ്പൂരില്‍ വെച്ചു ഒന്നു പരീക്ഷിച്ചതാണ്, കാബേജിട്ട മീന്‍കറിയും, മധുരമുളള ചിക്കന്‍ കറിയും, പച്ചരി ചോറും കഴിച്ച് മതിയായതാണ്...) കണ്ടാല്‍ കുഴപ്പമില്ലായെന്ന് തോന്നിയ കടയില്‍ കയറി, അവിടെയൊക്കെ കടയില്‍ എല്ലാം നിരത്തി വെച്ചിരിക്കും, നമുക്ക് ഇഷ്ടമുളളത് എടുക്കാം. അങ്ങനെ പരീക്ഷണം തുടങ്ങി. ആദ്യം ചോറെടുത്തു, ഇനി കറിയെടുക്കണം. കണ്ടാല്‍ കൊളളാമെന്ന് തോന്നിയ ഒരു പാല് കറി പോലത്തെ എന്തൊയൊന്ന്, സംഭവം കൊളളാമായിരുന്നു, നമ്മുടെ ഇടിചക്ക (മനസ്സിലായില്ലേ.. നമ്മുടെ ചക്കയുടെ ചെറുത്) പാലൊഴിച്ചു വെച്ചതായിരുന്നു, പിന്നെയെടുത്തത് ഒരു ഇലക്കറിയായിരുന്നു, ലെറ്റ്യൂസ് ഉണക്ക ചെമ്മീന്‍ പൊടിച്ചിട്ടിട്ട് ഉണ്ടാക്കിയത്, പിന്നെ ചിക്കന്‍ വരട്ടിയതും എടുത്തു. അങ്ങനെ ഒരു മലയ് ഫുഡും കഴിച്ച് ഇറങ്ങി.

നേരെ സ്റ്റേഷനിലേക്ക്, സെന്‍ട്രലിലേക്ക് പോകുന്ന വഴിക്കാണ് മസ്ജിദ് ജമക്, അവിടെയിറങ്ങി. അവിടെ ചെന്നപ്പോള്‍ വിസിറ്റേഴ്സ് സമയം കഴിഞ്ഞു, പിന്നെ തലയില്‍ ഷോളും ഇടണം... പിന്നെന്തൊക്കെയേ ഡ്രസ്സ് കോഡ് ഉണ്ട്.. പിന്നെ ഇതില്‍ കയറിയില്ലെങ്കില്‍ എന്ത് സംഭവിക്കാനാ...
അങ്ങനെ അതിന്‍റെയും, സുല്‍ത്താന്‍ അബ്ദുള്‍ സമദ് ബില്‍ഡിംഗിന്‍റേയും പുറത്തു നിന്നുളള ഫോട്ടോയുമെടുത്ത് നേരെ ചൈനാ ടൌണിലേക്ക് നടന്നു. എല്ലാം അടുത്ത് തന്നെയാണ്. അവിടെ ചുമ്മാ ചുറ്റി കറങ്ങി കണ്ടു, കുറച്ചൊക്കെ ഷോപ്പിംഗ് ഒക്കെ ചെയ്തു, ഞാനിങ്ങനെ കറങ്ങി തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഹസ്ബന്‍റും , മോളും കൂടി പോയി ഫിഷ് സ്പായുണ്ടെന്ന് മനസ്സിലാക്കി വന്നു. അങ്ങനെ അവിടെ കയറി. രണ്ടു തരത്തിലുളള മീനുണ്ട് അവിടെ, ചെറുതും, കുറച്ചു കൂടി വലുതും, ഇതിലേതാണ് സെലക്ട് ചെയ്യേണ്ടതെന്ന് അറിയില്ല. രണ്ടിലും ധാരാളം ആള്‍ക്കാരുണ്ട്. എന്തായാലും എന്നെ പരീക്ഷണ വസ്തുവാക്കാന്‍ തീരുമാ നിച്ചു. 10 മിനിട്ടിന് 5 റിഗ്ഗിറ്റ്.. അങ്ങനെ ടാങ്കില്‍ കാലിട്ടു.. ഈശ്വരാ, വല്ല പിരാനക്കുഞ്ഞുകളും ഇതിലുണ്ടെങ്കിലോ, കാലു പുറത്തെടുക്കുമ്പോ ഇറച്ചിയില്ലെങ്കില്‍ എന്‍റെ പുതിയ ചെരുപ്പ് വേസ്റ്റാകുമോ... എന്തായാലും കാല് വെളളത്തില്‍ തൊടുന്നതിന് മുമ്പ് മീനുകളെല്ലാം എന്‍റെ കാലില്‍, എന്‍റെ കാലില്‍ ഇത്ര അഴുക്കുണ്ടോ.. കാല് വെളളത്തിലിടും, ഇക്കിളിയായിട്ട് അപ്പോള്‍ തന്നെയെടുക്കും, അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോളേക്കും ഓക്കെയായി. നല്ല രസമായിരുന്നു അത്. ഞാനീ ചെയ്യുന്നതു കണ്ടപ്പോള്‍ മോള്‍ക്കും ചെയ്താല്‍ കൊളളാമെന്ന് തോന്നി.. അങ്ങനെ 10 മിനിട്ട് കഴിഞ്ഞു.. വേഗം തീര്‍ന്നു പോയ പോലെ തോന്നി. എന്തായാലും കാല്‍ വൃത്തിയായി... അങ്ങനെ അവിടെ നിന്നിറങ്ങി അവിടെ പോകുമ്പോള്‍ ലോംഗന്‍ ജ്യൂസ് ഉറപ്പായും കുടിക്കണമെന്ന് ആരോ ഗൂഗിളില്‍ എഴുതിയിരിക്കുന്നു... അയാളെ കയ്യില്‍ കിട്ടിയാല്‍ ഞാനിടിക്കും, അമ്മച്യാണെ ഇടിക്കും. ആ എഴുതിയ മഹാന്‍ പരീക്ഷിച്ച് പണി കിട്ടിയിട്ട്  എന്നാപ്പിന്നെ മറ്റുളളവര്‍ക്കും ഇരിക്കട്ടെ എന്നു കരുതി പണി കൊടുത്തതാണെന്ന് തോന്നുന്നു.. അവിടെ നിന്ന് ലോഗന്‍ ജ്യൂസും, പിന്നെ നമ്മുടെ പനംകരിക്കുമില്ലേ... അതിന്‍ ജ്യൂസ്.. പനം കരിക്കല്ലാ, പനം കരിക്ക് മൂത്തിട്ട് തേങ്ങ പ്രായമായതിന്‍റെ ജ്യുസ് ആണോയെന്ന് സംശയമില്ലാതെയില്ല.. എന്തായാലും രണ്ടും മഹാ കൂതറയായിരുന്നു... അങ്ങനെ അതവിടെ വെച്ച് നേരെ ഹോട്ടലിലേക്ക് പോയി, കുറച്ചു നേരം വിശ്രമിച്ചിട്ട് കെ . എല്‍ ടവറും. പെട്രോണാസ് ട്വിന്‍ ടവറും കാണാന്‍ പോയി... 
KL ടവര്‍

പെട്രോണാസ് ട്വിന്‍ടവര്‍- ഗൂഗിള്‍ പടം
പെട്രോണാസ് ട്വിന്‍ ടവറിനെ കുറിച്ച് പറയുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ടവറായിരുന്നു 2004 വരെ. ഇപ്പോള്‍ ഏറ്റവും വലിയ ട്വിന്‍ടവറ് മാത്രമായി ഇത്. ഇതിന്‍റെ 41,42 നിലകളെ യോജിപ്പിച്ച് ഒരു പാലമുണ്ട്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ 2 നില പാലം. ഇവിടേയ്ക്ക് ഓരോ ദിവസവും പാസ്സ് എടുത്ത് വിസിറ്റേഴ്സിന് കയറാം. പക്ഷേ രാവിലെ 6 മണിക്ക്  ചെന്ന് ക്യൂ നില്ക്കണമെന്ന്. 10 മണിക്കാണ് കൌണ്ടര്‍ ഓപ്പണാവൂ.. പിന്നെ രാവിലെ മൂന്നാലു മണിക്കൂര്‍ കാത്ത് നിന്നിട്ട് ഇതില്‍ കയറണ്ടായെന്ന് ഞങ്ങളും കരുതി..  ഇത് കാണാന്‍ കെ.എല്‍.സി.സി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്നും പുറത്തിറങ്ങിയിട്ട് നോക്കുമ്പോള്‍ ട്വിന്‍ ടവറ് കാണാം. പക്ഷേ ഫോട്ടൊയെടുക്കാന്‍ പറ്റുന്നില്ല- നമ്മളൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായിപ്പോയില്ലേ (എന്നു പറഞ്ഞാല്‍ എടുക്കുന്ന ഫോട്ടോ കണ്ടാല്‍ കാണുന്നവര്‍ നിനക്ക് വേറെ പണി -പ്രൊഫഷന്‍- ഇല്ലേടീ എന്നു ചോദിക്കും). കുറച്ചു നടന്നു നോക്കിയപ്പോള്‍ ഒരു പാര്‍ക്കിലെത്തി. അവിടെ നിന്നും എടുത്താല്‍ ശരിക്കും ഫോട്ടോ കിട്ടും, കുറച്ച് ഫോട്ടോസ് എടുത്തപ്പോഴേക്കും മോള്  ഉറങ്ങി, അവളൊന്നും കഴിച്ചില്ലല്ലോയെന്ന് കരുതി സ്റ്റേഷനിലേക്ക് തിരിച്ച് നടന്നു.. നടന്നു ചെന്നത് ട്വിന്‍ ടവറിന്‍റെ വേറെ വ്യൂ കിട്ടുന്ന സ്ഥലം. 
പെട്രോണാസ് ട്വിന്‍ടവര്‍
അങ്ങനെ അവിടെ നിന്നും വീണ്ടും ഫോട്ടോയെടുത്ത് തിരിച്ച് ഹോട്ടലിലേക്ക് പോയി, മോളേയും എഴുന്നേ ല്പിച്ച് ഫുഡ് കഴിക്കാന്‍ പോയി...
ഇനി നാളെ കാമറൂണ്‍ ഹൈലാന്‍റിലേക്കാണ്... അതിന്‍റെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍... 
(കോലാലംമ്പൂരില്‍ ഇത്ര മാത്രമല്ലാ കാണാന്‍.. വേറെയും ഉണ്ട്.. ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഞങ്ങള്‍ കാണാത്തതു മാത്രമാണ് ഇവിടെ കണ്ടുളളൂ.. കെ.എല്‍.സി.സി  അക്വേറിയ, ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍, ബേര്ഡ് പാര്ക്ക്,.... അങ്ങനെ ഒരു പാടുണ്ട്. സിങ്കപ്പൂരില്‍ ഇതൊക്കെ കണ്ടതു കൊണ്ട് മനപ്പൂര്‍വ്വം വേണ്ടായെന്ന് വെച്ചതാണ്...)
Top of Form



Saturday, April 14, 2012

മലേഷ്യ യാത്ര- ഒന്നാം ദിവസം

സിങ്കപ്പൂരില്‍ നിന്നും രാവിലെ ഫ്ലൈറ്റില്‍ കയറി. ആദ്യമായാണ് ഇത്രയും വലിയ ഫ്ലൈറ്റില്‍ കയറുന്നത്, മസ്കറ്റീന്ന് നാട്ടിപ്പോകുന്നത് ചെറിയ ഫ്ലൈറ്റുകളാണ്. അതിന്‍റെ ഒരു ത്രില്ലിലായിരുന്നു. ഫ്ലൈറ്റില്‍ എപ്പോള്‍ ടിക്കറ്റ് എടുത്താലും ആദ്യത്തെ സീറ്റ് അല്ലെങ്കില്‍ അതിന്‍റെ തൊട്ടടുത്ത സീറ്റ് ആണ് എടുക്കാറ്. ഇപ്രാവശ്യവും അത് മാറ്റിയില്ല. ആദ്യത്തെ സീറ്റ് തന്നെയെടുത്തു. ഇപ്രാവശ്യം അത് അബദ്ധമായി. ടി വിയില്ല ആ സീറ്റില്‍. ബാക്കിയെല്ലാവരും ടി വി കണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ ലോക കാര്യം പറഞ്ഞിരുന്നു. പക്ഷേ അതു കൊണ്ട് ഒരു ഗുണമുണ്ടായി. ഫ്ലൈറ്റിന്‍റെ ഫ്രണ്ടില്‍ ക്യാമറയുണ്ട്. അതിന്‍റെ സ്ക്രീന്‍‌ ഞങ്ങളുടെ സീറ്റിന്‍റെ മുമ്പില്‍ ഉണ്ടായിരുന്നു. ചുമ്മാ അതില്‍ നോക്കിയപ്പോള്‍ ഒരു ഫ്ലൈറ്റ് കുറച്ച് മുമ്പില്‍ പോകുന്നു. ഈശ്വരാ ഒരു റണ്‍വേയില്‍ രണ്ട് ഫ്ലൈറ്റ്. ഞങ്ങളുടെ ഫ്ലൈറ്റ് സ്പീഡ് കുറയ്ക്കുന്നുമില്ല. അടുത്തടുത്ത് വരുന്നു... ഈശ്വരാ.. എല്ലാം കഴിഞ്ഞു. ഇതാ ഞങ്ങളുടെ അവസാനം.. ഞങ്ങളിതാ എല്ലാരോടും ബൈ പറയുന്നു. ട്രിപ്പ് കഴിഞ്ഞു ചെന്നാല്‍ ബ്ലോഗെഴുതണം എന്നൊക്കെ കരുതിയതാണ് - ഇനിയിപ്പോ സൈബര്‍ ലോകത്ത് ഗതി കിട്ടാതൊരു പ്രേതമായി കറങ്ങേണ്ടിവരുമല്ലോ എന്നൊക്കെ പറഞ്ഞ് ഇരുന്നു. ട്രാന്‍സ്ഫോര്‍മര്‍ റൈഡില്‍ കയറിയപ്പോള്‍ "കാപ്പാത്തുങ്കോ... കാപ്പാത്തുങ്കോ " എന്ന് ആള്‍ക്കാര് പറഞ്ഞപോലെ.... അങ്ങനെ ഞങ്ങളാ ഫ്ലൈറ്റിന്‍റെ അടുത്തെത്തി.. ഈ സ്പീഡില്‍ കുറച്ചുകൂടി പോയാല്‍, ഞങ്ങളുടെ പൈലറ്റ് മുന്നിലെ ഫ്ലൈറ്റിന്‍റെ ടോയ്‍ലറ്റില്‍ ഇരിക്കുന്നത്  കാണേണ്ടിവരും. പെട്ടെന്ന് മുന്നിലെ ഫ്ലൈറ്റ് യൂ ടേണ്‍ ചെയ്തു. അങ്ങനെ ഞങ്ങളുടെ ഫ്ലൈറ്റും യൂ ടേണ്‍ ചെയ്തു. അപ്പോഴാണ് സംഭവം മനസ്സിലായത്. ഞങ്ങളുടെ പുറകിലും ഒരു പാട് ഫ്ലൈറ്റുകള്‍ - ഇതിപ്പോ തൃശ്ശൂര്‍ ട്രാന്‍സോര്‍ട്ട് സ്റ്റാന്‍റില് ഓട്ടോ കിടക്കുന്നതു പോലെ. എല്ലാ ഫ്ലൈറ്റുകളും ടേക്ക് ഓഫിനു വേണ്ടി കാത്ത് കിടക്കുകയാണ്. ആദ്യം പോയ ഫ്ലൈറ്റ് സ്പീഡ് കൂട്ടി പൊന്തുന്ന സമയം കൊണ്ട് അടുത്ത ഫ്ലൈറ്റും സ്പീഡ് കൂട്ടും, അങ്ങനെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്‍റിലാണ് പോകുന്നത്. ഇനി ഇതിന്‍റെയിടയില്‍ ഒരു ഫ്ലൈറ്റ് ഒന്ന് അമാന്തിച്ചാല്‍ .. ഈശ്വരാ... എന്‍റെ മനസില്‍ നിറഞ്ഞിരിക്കുന്ന അപാരമായ സാഹിത്യം....  എന്തായാലും ഒരു കുഴപ്പവുമില്ലാതെ ഞങ്ങളുടെ ഫ്ലൈറ്റും പൊങ്ങി...   ചുമ്മാ കുറച്ചു നേരെ ടെന്‍ഷനടിച്ചു. 
ഈ ഫോട്ടോ നോക്കി നിങ്ങള്‍ പറയ്, എന്‍റെ ടെന്‍ഷന്‍ വെറുതെയായിരുന്നോയെന്ന്....
(സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്ഥിരം പോകുന്നവര്‍, അല്ലെങ്കില്‍ അതു പോലത്തെ വലിയ എയര്‍പോര്‍ട്ടില്‍ പോകുന്നവരേ... കളിയാക്കരുത്.... ഞങ്ങള്‍ ആകെ കണ്ടിട്ടുളളത് നെടുമ്പാശ്ശേരി, തിരുവോന്തരം, മസ്കറ്റ്, ശ്രീലങ്ക.. ഇത്രയേയുളളൂ.. ഇതെല്ലാം ചെറുതാണ്...പിന്നെ പുറത്തെ വ്യൂ കാണാന്‍ പറ്റിയ ക്യാമറയും ഈ ഫ്ലൈറ്റുകളില്‍ ഉണ്ടാവാറില്ലാ...)
എന്തായാലും ഫ്ലൈറ്റ് പൊങ്ങി. ചേച്ചിമാരും, ചേട്ടന്മാരും  ജ്യൂസ് കൊണ്ടു വന്നു.. ഭക്ഷണം കൊണ്ടു വായെന്നൊക്കെ ഞങ്ങള്‍ (മനസില്‍) പറഞ്ഞു നോക്കി.. എവിടെ.... ജ്യൂസ് ഫ്ലൈറ്റിലെ മുഴുവന്‍ പേര്‍ക്കും കൊടുത്തു തീരുന്നതിന് മുമ്പേ വിമാനം കോലാലംമ്പൂരില്‍ ഇറങ്ങി... അങ്ങനെ പുതിയ ഒരു എയര്‍പോര്‍ട്ടിലേക്ക്... ഇറങ്ങിയിട്ട് എവിടെയാണ് ഞങ്ങളുടെ ലഗേജ് വരുന്നതെന്ന് തപ്പി നടക്കലായി. അവിടെ എഴുതിയൊക്കെ വെച്ചിട്ടുണ്ട്, അതും നോക്കി നടന്നു.. അങ്ങനെ നടന്ന് നടന്ന് ഒരു മോണോറെയിലിന്‍റെ മുമ്പിലെത്തി. ഞങ്ങള്‍ ചെന്നപ്പോഴേക്കും ഒരു ട്രയിന്‍ പോയി. ഇനിയിപ്പോള്‍ ഇതില്‍ കേറണോ.. അതോ ട്രാക്കിന്‍റെ അപ്പുറത്തെങ്ങാനുമാണോ ലഗേജ് വരുന്നത്... കുറേ പേര്‍ അവിടെ നില്‍പുണ്ടായിരുന്നു. എന്തായാലും ഞങ്ങളും അവിടെ നിന്നു. ട്രയിന്‍ വന്നു, ഞങ്ങളും ഇടിച്ചു കയറി. കുറച്ചു ദൂരം പോയപ്പോള്‍ വേറെ ഒരു കെട്ടിടം കണ്ടു. അപ്പോഴാണ് സംഭവം മനസ്സിലായത് മെയിന്‍ ടെര്‍മിനലും ഞങ്ങള്‍ ഇറങ്ങിയതും തമ്മില്‍ കുറച്ച് ദൂരമുണ്ടെന്ന്. എന്തായാലും അവിടെ ചെന്നപ്പോഴേക്കും പെട്ടിയൊക്കെ വന്നിട്ടുണ്ടായിരുന്നു.. ഈ സിങ്കപൂര്‍ യാത്രയില്‍ വേറെ ഒരു കാര്യം മനസ്സിലായി, അവിടെയൊന്നും ആരും പെട്ടിയില്‍ പേരെഴുതി ഒട്ടിക്കില്ലായെന്ന്. നമ്മള്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോകുന്നവര്‍ മാത്രമാണെന്ന് തോന്നുന്നു ഇത് ചെയ്യാറ്.... അല്ലെങ്കിലേ പെട്ടി അടിച്ചു മാറ്റി കൊണ്ടു പോകും, ഇനിയീ ഈ പേരും കൂടി ഒട്ടിക്കാതിരുന്നാലുളള അവസ്ഥയേ.....

അങ്ങനെ പെട്ടിയെല്ലാം എടുത്ത് ഞങ്ങള്‍ ബസ് സ്റ്റേഷന്‍റെയവിടെ പോയി. ചെന്നപ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ്സ് കാരന്‍ ഞങ്ങളെയേറ്റെടുത്തു. ഞങ്ങളിവിടുന്നു തന്നെ എയര്‍പോര്‍ട്ട് കോച്ചില്‍ കേറിയാല്‍ മതിയെന്നൊക്കെ തീരുമാനിച്ചാണ് പോയത്. നമ്മുടെ ഹോട്ടലിന്‍റെ മുമ്പില്‍ ഇറക്കി തരും. എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് ഇയാള്‍ ചാടി വീണു. ഹോട്ടലിന്‍റെ മുമ്പിലൊക്കെ ഇറക്കും. പക്ഷേ ഞങ്ങളുടെ ഒരു പാട് സമയം ഇയാള്‍ കളഞ്ഞു. 2 എയര്‍പോര്‍ട്ട് കോച്ച് പോയിട്ടാണ് ഇവരുടെ വണ്ടി വന്നത്. അതു മാത്രമല്ല കോലാലമ്പൂര്‍ മുഴുവന്‍ ചുറ്റിയിട്ടാണ് ഇവര്‍ ഹോട്ടലിന്‍റെ മുമ്പില്‍ ഇറക്കിയത്... ആ ഒരബദ്ധം ആര്‍ക്കും പറ്റൂലോ.......

അങ്ങനെ ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തു. സെന്‍ട്രലിലുളള ഹോട്ടലില്‍ തന്നെയാണ് ബുക്ക് ചെയ്തിരുന്നത്. അല്ലെങ്കില്‍ ഓരോ പ്രാവശ്യവും ഓരോ സ്ഥലത്ത് പോകാന്‍ വീണ്ടും നമ്മള്‍ സെന്‍ട്രലില്‍ എത്തണം.. അതു വേണ്ടല്ലോയെന്ന് വെച്ചാണ് ഞങ്ങള്‍ ഇവിടെ തന്നെ തിരഞ്ഞെടുത്തത്.. എന്തായാലും ഞങ്ങളെടുത്തെ ഹോട്ടല്‍ വൃത്തിയുളളതായിരുന്നു. അടുത്ത് തന്നെ ഒരു ഹോട്ടലുണ്ടായിരുന്നു. അതില്‍ കയറി ഭക്ഷണം കഴിച്ചു. ആ നാട്ടുകാരുടെ ഭക്ഷണമാണ് കഴിച്ചത്. അത്ര നല്ലതെന്ന് പറയാനില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. അവിടെ തന്നെ കരിക്കുമുണ്ടായിരുന്നു. എന്തായാലും നമ്മുടെ നാട്ടിലെ കരിക്കിനേക്കാളും, മസ്കറ്റിലെ കരിക്കിനേക്കാളും നല്ല മധുരമുളളതാണ് അവിടുത്തെ കരിക്ക്. വലുപ്പവും കൂടുതലാണ്. പഞ്ചസാര കലക്കിയിട്ടാണോ ഇത് കൊടുക്കുന്നതെന്ന് തോന്നും... 

ഭക്ഷണവും കഴിച്ച് കുറച്ചു നേരം കിടന്നു. നെറ്റില്‍ നോക്കി ഞാന്‍ കണ്ടു പിടിച്ച ഒരു സ്ഥലത്തേക്കായിരുന്നു ആദ്യയാത്ര.. ടൂറിസ്റ്റുകള്‍ അധികം പോകാത്ത ഒരു കോലാലംമ്പൂര്‍ മാര്‍ക്കറ്റ്.. ചോകിറ്റ് ബസാര്‍... ഇവിടെയെന്തു കാര്യമെന്നല്ലേ.. പല വിധ പഴങ്ങളിവിടെ കിട്ടുമെന്ന് മനസ്സിലായിട്ടാണ് ഈ പോക്ക്.  നാട്ടില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതിത്ര വലിയ കാര്യമല്ലെങ്കിലും, 10 ചുള കഷ്ടിച്ച് ഉളള ഒരു ചെറിയ ചക്ക കഷണത്തിന്  200 രൂപയൊക്കെ കൊടുത്ത് വാങ്ങുന്ന ഞങ്ങള്‍ പ്രവാസികള്‍‌ക്ക് ഇത് വലിയ കാര്യമാണ്.. നാട്ടില്‍ ആര്‍ക്കും വേണ്ടാതെ ചീഞ്ഞ് അളിഞ്ഞ് കിടക്കുന്ന ചക്ക, വീണ് ചീഞ്ഞളിയുന്നതിന് മുമ്പേ ആരെങ്കിലും ഒന്ന് പറിച്ചോണ്ടു പോകുമോ എന്ന് കെഞ്ചുന്നത് എനിക്കറിയാം. കാരണം ഇതൊക്കെ എന്‍റെ വീട്ടില്‍ സാധാരണമായിരുന്നു.. ഇപ്പോളാണെങ്കില്‍ കിട്ടാന്‍ കൊതിയും... ഇവിടെയുളളപ്പോള്‍ മാത്രമേ ഈ കൊതിയുളളൂ.. നാട്ടില്‍ ചക്കയുടേയും മാങ്ങയുടേയും സീസണില്‍ പോയാലും ആദ്യത്തെ രണ്ടു ദിവസം കാണും ആക്രാന്തം.. പിന്നെ ആ ആരെങ്കിലും വെട്ടി പ്ലേറ്റിലാക്കി കൊണ്ടുവന്ന് തിന്നെടീ എന്നു പറഞ്ഞാല്‍ തിന്നും.. 

ആ അപ്പോള്‍ പറഞ്ഞ് വന്നത് ചോ കിറ്റ് ബസാര്‍ . കോലാലംമ്പൂരില്‍ മോണോറെയിലും, മെട്രോയുമുണ്ട്.. ചോ കിറ്റ് ബസാറില്‍ പോകാന്‍ മോണോറെയിലില്‍ കയറി ചോകിറ്റ് സ്റ്റോപ്പില്‍ ഇറങ്ങണം. സ്റ്റേഷന്‍റെ മറുവശത്ത് തന്നെയാണ് മാര്‍ക്കറ്റ്. എല്ലാ തരം ഭക്ഷണസാധനങ്ങളും (പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍. ഇറച്ചി.... അങ്ങനെയെല്ലാം അവിടെ നിന്നും കിട്ടും. ഉണക്കമീന് അവിടെത്തെ ഭക്ഷണത്തില്‍ കൂടുതല്‍ ഉപയോഗിക്കുമെന്ന് തോന്നുന്നു. എല്ലായിടത്തും ഉണക്കമീനാണ് കൂടുതലും. പിന്നെ പലവിധ ഇറച്ചികളും ഉണ്ട്.  എല്ലാം കണ്ട് ഞങ്ങള്‍ നടന്നു. ഇതൊന്നും അന്വേഷിച്ചല്ലല്ലോ നമ്മള്‍ വന്നത്.... അങ്ങനെ അവസാനം കണ്ടു പിടിച്ചു... കണ്ടപ്പോള്‍ തന്നെ മനസ്സു നിറഞ്ഞു. 
Langsat fruit ( google photo)

ചക്കയും, റംമ്പുത്താനും, മാംഗോസ്റ്റീനും, ലാംഗ്സാറ്റും (langsat),  ലോംഗനും (Longan),  സ്നേക്ക് ഫ്രൂട്ടും, ആപ്പിളും, ഓറഞ്ചും, പിന്നെ പേരറിയാത്ത ഒരു പാട് പഴങ്ങളും.... ആദ്യം ചക്കയില്‍ നിന്നു തന്നെ തുടങ്ങി. ഡിസംബറിലും ചക്കയുണ്ടെന്നത് അല്‍ഭുതമായിരുന്നു. ചക്ക ചുള തൂക്കിയാണ് വില്പന. 6 റിഗ്ഗിറ്റിന് (ഏകദേശം 100 രൂപ) 1 കിലോ... കുറച്ചു കൂടുതലാണ്.. എന്നാലും കുഴപ്പമില്ല.. സീസണല്ലാത്തതു കൊണ്ടല്ലേ... 
ചക്ക യെന്ന് പ്രത്യേകം പറയണ്ടല്ലോ...
പിന്നെ വാങ്ങിയത് റംമ്പുത്താനായിരുന്നു... 4 കിലോക്ക് 10 റിഗ്ഗിറ്റ്... അതോ 5 കിലോ കിട്ടിയോ.. ഓര്‍മ്മയില്ല. എന്തായാലും അത് പറഞ്ഞപ്പോള്‍ കണ്ണു തളളി പോയി. ഇവിടെ 10 റിഗ്ഗിറ്റിന് (റിയാല്‍ കണ്‍വെര്‍ട്ടിയതാ) കിട്ടുക എട്ടോ .. പത്തോ എണ്ണമാണ്..   
റംമ്പുത്താനൊക്കെ കുന്നു പോലെ കൂട്ടിയിരിക്കുന്നത് കണ്ടില്ലേ...
പിന്നെ വാങ്ങിയത് മാഗോസ്റ്റീനാണ്.. ഇതു കിട്ടി 10 റിഗ്ഗിറ്റിന് 3 കിലോ... ഇനിയും വാങ്ങിയിട്ട് എന്തു ചെയ്യാനാ... 2 മെയിന്‍ വയറും, പിന്നെ ഒരു കുഞ്ഞു വയറുമല്ലേ ഉളളൂ.. അതു കൊണ്ട് അവിടെ നിന്നും സന്തോഷത്തോടെ തിരിച്ചു. 
മാംഗോസ്റ്റീന്‍
ലോംഗന്‍- ഗൂഗിളിലെ ഫോട്ടോയാണേ..
പിന്നെ വേറെയെവിടേയും പോയില്ല. നേരെ ഹോട്ടലിലേക്ക് വിട്ടു... അവിടെ വന്ന് കുത്തിയിരുന്നു തീറ്റ തുടങ്ങിയെന്നൊന്നും വിചാരിക്കല്ലേ... അല്ലാ അതില്‍ അല്പം സത്യമില്ലാതെയുമില്ല...  

കൂടുതല്‍ കഴിച്ചാല്‍ ഈ ട്രിപ്പ് കുളമായാലോ എന്ന് തോന്നിയത് കൊണ്ട് നിര്‍ത്തിയിട്ട് ബാത്തു കേവ്സ് കാണാന്‍ വേണ്ടി പോയി. പക്ഷേ  അന്നത്തെ ദിവസം എന്തോ ട്രാക്കിന് പ്രശ്നമുളളത് കൊണ്ട് അങ്ങോട്ടുളള ട്രയിന്‍ ഒന്നും പോകുന്നില്ലായിരുന്നു. അതു കൊണ്ട് ഞങ്ങള്‍ തിരിച്ച് ഹോട്ടലിലേക്ക് തന്നെ വന്നു. ഡിസംബര്‍ 31 ആയതു കൊണ്ട് രാത്രി ഫയര്‍വര്‍ക്ക്സ് കാണാന്‍ എഴുന്നേല്ക്കണമെന്നതു കൊണ്ടും, സിങ്കപ്പൂര്‍‌ യാത്രയുടെ ക്ഷീണം മാറാത്തതു കൊണ്ടും ഞങ്ങള്‍ ഭക്ഷണം കഴിച്ച് കിടന്നു. അപ്പോഴേക്കും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം ഞങ്ങള്‍ ഹോട്ടലിന്‍റെയടുത്ത് തന്നെ കണ്ടു പിടിച്ചിരുന്നു (അല്ല പിന്നെ, ഇത് കണ്ടുപിടിക്കാന്‍ എനിക്ക് ഒരു പ്രത്യേക കഴിവാണ്).  

ഹോട്ടലിന്‍ നിന്നുളള വ്യൂ കണ്ടില്ലേ.. പെട്രോണാ ട്വിന്‍ടവറും, കെ. എല്‍ ടവറും എല്ലാം ഞങ്ങളുടെ റൂമില്‍ നിന്നു തന്നെ കാണാം...
12 മണിയ്ക്ക് ഫയര്‍ വര്‍ക്ക്സ് തുടങ്ങിയപ്പോളാണ് പിന്നെ എഴുന്നേറ്റത്. ഹോട്ടലിലെ ഞങ്ങളുടെ റൂമില്‍ നിന്നു തന്നെ പെട്രോണാ ട്വിന്‍ ടവര്‍ കാണാമായിരുന്നു. ഫയര്‍ വര്‍ക്ക്സ് തുടങ്ങിയപ്പോള്‍ ഏതു കാണണമെന്ന കണ്‍ഫ്യൂഷനാകുന്ന വിധത്തില്‍ ഒരു പാട് സ്ഥലത്ത് വെടിക്കെട്ട്.. എല്ലാം റൂമില്‍ നിന്ന് കാണാം.. അങ്ങനെ പുതു വര്‍ഷം കോലാംലംമ്പൂരില്‍.....

ബാക്കി കോലാലംബൂര്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.......


Thursday, April 5, 2012

സിങ്കപൂര്‍ യാത്ര - അഞ്ചാം ദിവസം- ഭാഗം 2


ബേര്‍ഡ് പാര്‍ക്കില്‍ നിന്നിറങ്ങി ഭക്ഷണവും കഴിച്ച് നേരെ മെട്രോയില്‍ കയറി ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് പോയി. ഗാര്‍ഡനിന്‍റെ മുമ്പില്‍ തന്നെയാണ് സ്റ്റേഷന്‍. ഇവിടെ ഇറങ്ങി അങ്ങു നടന്നു ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ. പോകുന്ന വഴിക്കെല്ലാം ഒരു പാട് ചെടികളും, മരങ്ങളും (കൊക്കോ, അങ്ങനെയുളളവ) ഈ ഗാര്‍ഡനുള്ളില്‍ തന്നെയാണ് ഓര്‍ക്കിഡ് ഗാര്‍ഡന്‍. അവിടേക്കാണ് നമ്മള്‍ പോകുന്നത്. അതു കൊണ്ട് ഇതധികം ഡീറ്റയിലായി കാണാന്‍ നിന്നില്ല. ഇത് മുഴുവന്‍ കാണണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ വേണം. 

എന്തോ ഒരു കായ... തേങ്ങയുടെ വലുപ്പമുണ്ട്....  ഇത് നാട്ടിലെത്തിയാല് തേങ്ങയില്‍ മായം ചേര്‍ക്കാനുപയോഗിക്കാമായിരുന്നു. (കണ്ടില്ലേ എന്‍റെ ബുദ്ധിയുടെ പോക്ക്..)

എന്തായാലും ഞങ്ങളുടെ ഈ നടപ്പ് വെറുതെയായില്ല. അത്രയ്ക്ക് രസമായിരുന്നു ഓര്‍ക്കിഡ് ഗാര്‍ഡന്‍. പണ്ടു തൊട്ടേ പൂക്കള്‍ എന്‍റെയൊരു വീക്ക്നസ്സാണ്. അപ്പോള്‍ പിന്നെ ഓര്‍ക്കിഡുകളുടെ കാര്യം പറയേണ്ടല്ലോ..  
ടിക്കറ്റ് എടുത്ത് ഗാര്‍ഡനില്‍ കയറി, ഇവിടെ ലോക്കറുമില്ല, സ്ട്രോളറുമില്ല വാടകയ്ക്കെടുക്കാന്‍, അതു കൊണ്ടു തന്നെ മോളെയും, ബാഗും, ക്യാമറയും, വീഡിയോ ക്യാമറയുമെല്ലാം കൂടി ശരിക്കും വശം കെട്ടു, അതും മോള് ഉറങ്ങുകയും ചെയ്തു. അതു കൊണ്ട് കേറിയപ്പോള്‍ ഞാന്‍ ഹസ്ബന്‍റിനോട് പറഞ്ഞു പോയി വീഡിയോയും, ഫോട്ടോയും എടുത്തിട്ട് വാ. ഞാനിവിടെ മോളെയും കൊണ്ടിരിക്കാമെന്ന്, ആള് സമ്മതിച്ചില്ല, അതെന്തായാലും നന്നായെന്ന് പിന്നീട് മനസ്സിലായി. അല്ലെങ്കില്‍ ശരിക്കും സങ്കടമായേനേ... ഇതു വരെ കാണാത്ത ഒരു പാട് തരം പൂക്കള്‍.
പൂവിന്‍റെ പകുതി പോയതല്ല, ഡിസൈനാ ഡിസൈന്‍..
തേനീച്ചയുടെ ഡ്യൂപ്പാണോ?
അഞ്ചുകാലി ഓര്‍ക്കിഡ്

ആദ്യം കേറുമ്പോള്‍ തന്നെ ഇവിടെ കാണുന്നത് ഒരു അര്‍ദ്ധ വ്യത്താക്യതിയിലുളള ഒരു ഫൌണ്ടനാണ്, അതിന്‍റെ മുകളില്‍ കൊക്കിന്‍റെ 2 പ്രതിമയും, അതിന് ചുറ്റും, മുകളിലുമായി നിറയെ ഓര്‍ക്കിഡുകളുമാണ്. 
ഇതിനിപ്പോ എന്താ പേരിടുക?
താമരോക്കിര്‍ഡ്
അവിടെ നിന്ന് 2 വഴിയുണ്ട്,  രണ്ടു വഴിയും പോകാം, ഞങ്ങള്‍ ഇടതു വഴി തിരഞ്ഞെടുത്തു. പോകുന്ന വഴിയുടെ വശങ്ങളില്ലെല്ലാം ഓര്‍ക്കിഡുകള്‍ പല കളറിലും, വലുപ്പത്തിലും. അതും നമ്മളിതു വരെ കാണാത്ത നിറവും, ആകൃതിയും, വലുപ്പവും. അതും കണ്ട് ഫോട്ടോയും എടുത്ത് പോയപ്പോളാണ് നിലത്ത് മുഴുവന്‍ നെല്ലിക്ക കിടക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ കുറേ കാട്ടുനെല്ലി മുഴുവന്‍ നെല്ലിക്ക നിറഞ്ഞു ഇപ്പോള്‍ കൊമ്പു പൊട്ടുമെന്ന് തോന്നലോടെ നില്‍ക്കുന്നു. മലയാളിയായതു കൊണ്ട് ഞാനപ്പോളേ അതെല്ലാം പറിച്ച് ബാഗിലിട്ടുണ്ടാവുമെന്നല്ലേ നിങ്ങള്‍‌ കരുതുന്നത്. അത് വെറും തോന്നലാണ് മക്കളേ.... നല്ല അടി നാട്ടില്‍ കിട്ടില്ലേ..... മഹാ മോശം നെല്ലിക്കളാണ്, ചെറിയ വിഷാംശം ഉണ്ടെന്ന് ഉറക്കെ പറഞ്ഞ് -ഒരു നെടുവീര്‍പ്പുമിട്ട്  അവിടെ നിന്ന് പോയി. 
 
 


നേരെ ചെന്നത് Orchidarium ലേക്കാണ്. ട്രോപ്പിക്കല്‍ ഏരിയയില്‍ വളരുന്ന ഓര്‍ക്കിഡുകള്‍ കാട്ടില്‍ എങ്ങനെ വളരുന്നു, അതു പോലെ തന്നെ വളര്‍ത്തിയിരിക്കുന്നു.
തണുപ്പില്‍ വളരുന്നവയെ Cool House ലും, മഞ്ഞിലും, വെളളച്ചാട്ടത്തിലും വളരുന്നവയെ Mist House ലും, കുറഞ്ഞ വെളളത്തില്‍ വളരുന്നവയെ Bromeliad House ലും വളര്‍ത്തിയിരിക്കുന്നു.ഇത് കാണാനായി പോകുന്ന പാത അടി പൊളിയായിരുന്നു. മരങ്ങള്‍ക്ക് മുകളില്‍ കെട്ടിയുണ്ടാക്കിയ ഒരു തടിപാലം, അതില്‍ കൂടി നടന്നു വേണം നമ്മള്‍ക്ക് ഇവിടെയത്താന്‍
ഈ ചൂടു സമയത്ത് Cool House ഒരു അനുഗ്രഹമായിരുന്നു. അവിടെ നിന്ന് ഇറങ്ങാനേ തോന്നിയില്ല. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഓര്‍ക്കിഡുകളുടെ ഭംഗിയും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ നിന്നിറങ്ങി.
മിസ്റ്റ് ഹൌസില്‍ ചെറുതായി വെളളം സ്പ്രേ ചെയ്ത്, വെളളച്ചാട്ടത്തിന്‍റെ സൈഡില്‍ വളരുന്ന ഓര്‍ക്കിഡുകളെ വളര്‍ത്തിയിരിക്കുന്നു. ഫോട്ടോ എടുത്ത് വിരല്‍ വേദനിച്ചു തുടങ്ങി, ഈശ്വരാ എന്‍റെ ക്യാമറ അടിച്ചു പോകല്ലേന്ന് പ്രാര്‍ത്ഥിച്ച് വീണ്ടും ഫോട്ടോഗ്രാഫിയിലേക്ക് ...
 ഇതെല്ലാം കണ്ട് തിരിച്ച് നടന്നപ്പോളാണ് കുറേ മഞ്ഞ കളറിലുളള കമാനങ്ങള്‍ കണ്ണില്‍ പെട്ടത്, നോക്കിയപ്പോഴാണ് മനസ്സിലായത് അത് മഞ്ഞ നിറത്തിലുളള ഓര്‍ക്കിഡ്(golden Shower orchids)വളര്‍ത്തിയ കമാനങ്ങളാണെന്ന്.
ഈ പോകുന്ന വഴിക്കെല്ലാം നമുക്ക് അവിടെയിരുന്ന് ഫോട്ടോയെടുക്കാന്‍ വേണ്ടി അവര്‍ ഓര്‍ക്കിഡുകളെ വളര്‍ത്തിയിട്ടുണ്ട്. അവിടെയിരുന്ന് ഫോട്ടോയെടുത്താല്‍ നമ്മുടെ ചുറ്റും ഓര്‍ക്കിഡുകള്‍.. 


എല്ലാം കണ്ട് അവിടെ നിന്നിറങ്ങി , ഇറങ്ങിയപ്പോള്‍ കണ്‍ഫ്യൂഷന്‍ എങ്ങനെ ബസ്സ് അല്ലെങ്കില്‍ മെട്രോ കിട്ടും, തിരിച്ച് നമ്മള്‍ ഇറങ്ങിയ സ്ഥലം വരെ നടക്കല്‍ അത് പറ്റില്ല. അവിടെ റോഡ് സൈഡില്‍ ക്ലീന്‍ ചെയ്ത ഒരാളോട് ചോദിച്ചു, അയാള്‍ മനസ്സിലാവുന്ന ഇംഗ്ലീഷില്‍ വഴി പറഞ്ഞു തന്നു. അങ്ങനെ കുറച്ചു ദൂരം നടന്നപ്പോളേക്കും ബസ്സ് കിട്ടി. ബസ്സില്‍ കയറി ഓര്‍ച്ചാഡ് റോഡില്‍ ഇറങ്ങി, രാത്രി ഈ സ്ഥലം നല്ല ഭംഗിയാണെന്ന് കൂട്ടുകാരി പറഞ്ഞിരുന്നു, അത് കാണുകയെന്നതാണ് ഉദ്ദേശ്യം, അവിടെയെത്തിയപ്പോള്‍ ലൈറ്റൊന്നും ഓണായിട്ടില്ല, അങ്ങനെ ഷോപ്പിംഗ് മാളില്‍ കയറി, ഇത്ര ദിവസത്തെ യാത്രയ്ക്കിടയില്‍ ഷോപ്പിംഗ് എന്നത് നടന്നില്ലായിരുന്നു, സമയം കിട്ടിയില്ലായെന്നതാണ് സത്യം, പിന്നെ മുസ്തഫായില്‍ എന്നും വൈകീട്ട് കയറാറുണ്ടായിരുന്നു, ഇവിടെ മസ്കറ്റില്‍ കിട്ടാത്ത സാധനങ്ങളൊന്നും കണ്ണില്‍ പെടാത്തതു കൊണ്ട് ഒന്നും വാങ്ങിയില്ല.

 
എന്തായാലും ഓര്‍ച്ചാഡ് റോഡില്‍ നിന്ന് കുറച്ചു സാധനങ്ങളും വാങ്ങി അവിടെയുളള ഫുഡ് കോര്‍ട്ടില്‍ കയറി, ഓരോരുത്തര്‍ ഉണ്ടാക്കുന്ന സാധനവും, കഴിക്കുന്ന സാധനവും കണ്ടപ്പോള്‍ തന്നെ ഒന്നും വേണ്ടയെന്ന അവസ്ഥയിലായി. എന്നാ പിന്നെ ഫ്രഷ് ജൂസ് കുടിക്കാമെന്നായി.. ഇതു വരെഎകഴിക്കാത്ത 2 ജൂസ് മേടിക്കാന്‍ ആളെയും വിട്ട് ഞാനും, മോളും അവിടെയിരുന്നു, നല്ല തിരക്കായിരുന്നു അവിടെ, നമ്മള്‍  എഴുന്നേല്‍ക്കുന്നത് നോക്കിയിരിക്കുകയാണ് ആള്‍ക്കാര്‍ കസേര അടിച്ചു മാറ്റാന്‍. എന്തായാലും എന്‍റെ കെട്ട്യോന്‍ ഇങ്ങനെ പണി തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. കൊണ്ടു വന്നത് സ്റ്റാര്‍ ഫ്രൂട്ട് ജൂസ്.
            
ഇത് ഗൂഗിള്‍ മാമന്‍ കടം തന്ന പടമാണേ...
ഞങ്ങളുടെ (ചേലക്കര ഭാഗത്ത്) ഇതില്ലാ. അതു കൊണ്ട് ഞാനിതിനേ പറ്റി കേട്ടിട്ടേയുളളൂ. അതു കൊണ്ട് എന്‍റെ ഭാര്യ കഴിക്കട്ടെയെന്ന് വെച്ച് ആള് മേടിച്ചോണ്ടു വന്നതാണ്. എനിക്ക് പുളി ഇഷ്ടമാണ്, പണ്ടൊക്കെ കറിക്ക് മമ്മി പുളിയെടുക്കുമ്പോള്‍ അതിന്‍റെ പകുതി അടിച്ചു മാറ്റി തിന്നുമായിരുന്നു. എന്നാലും ഇത് കുറച്ചു കടുത്തു പോയി. അങ്ങനെ ആ ജൂസ് മോഹം അവിടെ തീര്‍ന്നു, അത് എങ്ങനെയൊക്കെയോ കുടിച്ച് വറ്റിച്ച് അവിടെ നിന്നിറങ്ങി ഫോട്ടോയുമെടുത്ത് (റോഡ് മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്) നേരെ ഹോട്ടലിലേക്ക്, പെട്ടിയില്‍ എല്ലാം കുത്തി കയറ്റി, പെട്ടിയും പൂട്ടി, ഭക്ഷണവും കഴിച്ച് നേരെ ബെഡിലേക്ക്. നാളെ പുലര്‍ച്ചെ സിങ്കപൂരിനോട് വിട... ഇനിയെന്നാവും ഇവിടേക്ക്, അറിയില്ല.... 

സിങ്കപ്പൂരില്‍ ചെന്ന ദിവസം സിം കാര്‍ഡ് ഒക്കെ എടുത്തിരുന്നു, ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്തു. പക്ഷേ ഞങ്ങള്‍ തിരിച്ചു വരുന്നതു വരെ അത് ആക്ടിവേറ്റായില്ല. ആ 10ഡോളര്‍ പോയതു മിച്ചം.. പിന്നീട് ആണ് മനസ്സിലായത് സിറ്റി മുഴുവന്‍ ഫ്രീ വിഫി യുണ്ട്, വെറുതെ മൊബൈല്‍ നമ്പര്‍ കൊടുത്ത് ആക്റ്റിവേറ്റ് ചെയ്താല്‍ മതിയെന്ന്. ചുമ്മാ കാശ് കളഞ്ഞു..


പുലര്‍ച്ചെ വണ്ടി വന്നു, ഏതാ എയര്‍വെയ്സെന്ന് ഡ്രൈവന്‍ ചോദിച്ചു.. ശ്രീലങ്കന്‍ എയര്‍വെയ്സ്, ഓക്കെയെന്ന് പറഞ്ഞു കൊണ്ടുപോയി, അത് ഇങ്ങനെയൊരു പാരയാവുമെന്നോര്‍ത്തില്ല. സിങ്കപ്പൂരില്‍ മൂന്ന് ടെര്‍മിനല്‍ ഉണ്ട്, അയാള്‍ ഞങ്ങളെ കൊണ്ടു വിട്ടത് ടെര്‍മിനല്‍ ഒന്നില്‍. അവിടെ ചെന്ന് ഞങ്ങള്‍ നോക്കുമ്പോള്‍ കൌണ്ടര്‍ കാണാനില്ല- ഇനിയെന്തു ചെയ്യും.. ഇന്നല്ലേ ഫ്ലൈറ്റ് എന്നൊക്കെ വിചാരിച്ച് അവിടെ നിന്ന പോലീസു കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ടെര്‍മിനല്‍ മൂന്നിലാണന്ന്. ഷട്ടില്‍ ബസ്സ് ഉണ്ട്, ഇപ്പോള്‍ വരുമെന്ന്, ഫ്രീ ഷട്ടിലൊക്കെയാണ്. പക്ഷേ ഈ ലഗേജെല്ലാം കയറ്റി വെയ്ക്കണ്ടേ.. ആ വണ്ടിക്കാരനെ തെറിയും പറഞ്ഞു കൊണ്ട് ടെര്‍മിനല്‍ 3 യിലേക്ക്.


സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടിനെ കുറിച്ച് പറയാനാണെങ്കില്‍ ഒരു പോസ്റ്റ് തന്നെ വേണ്ടി വരും. 
ഗൂഗിള്‍ പടം

കുട്ടികള്‍ക്ക് ഫ്രീ സ്ട്രോളര്‍ ഉണ്ട്. മോള്‍ക്ക് അത് ഇഷ്ടപ്പെട്ടതു കൊണ്ട് അവളെ എടുത്ത് നടക്കേണ്ടി വന്നില്ല.

ക്രിസ്മസ് ന്യൂഇയര്‍ സമയമായതു കൊണ്ട് എയര്‍പോര്‍ട്ടിന്‍റെ ഉള്‍വശം മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്.. ചെടികളും പൂക്കളും കൊണ്ട് ഈഫല്‍ ടവറൊക്കെ ഭംഗിയില്‍ ഉണ്ടാക്കിയിരിക്കുന്നു.. 
ഗൂഗിള്‍ പടം
ഗൂഗിള്‍ പടം
ഗൂഗിള്‍ പടം
 
ഇതു ഞങ്ങളെടുത്തതാ...
മറ്റ് എയര്‍പോര്‍ട്ടുകളെ പോലെ വെറുതെയിരുന്ന് സമയം കളയേണ്ട. ഒരു പാട് കാര്യങ്ങളുണ്ട് ഇവിടെ.. ഫൂട്ട് മസാജറിരിക്കുന്നതു കണ്ടപ്പോള്‍ എന്നാലിതൊന്നു പരീക്ഷിച്ചു കളയാമെന്ന് വെച്ചു.(ഓസി.. ആസിഡ്.. എന്നൊന്നും പറയണ്ടാട്ടോ... )5 ദിവസത്തെ യാത്ര കൊണ്ട് കാലിന്‍റെ പണി തീര്‍ന്നിരിക്കുകയാണ്. ഫുട്ട് മസാജറിനെക്കൊണ്ട് ഒന്ന് കാലു തിരുമിച്ചാല്‍ ശരിയായാലോ.. പരീക്ഷിക്കണമല്ലോ.. എന്തായാലും സംഭവം കൊളളാമായിരുന്നു. കാലങ്ങ് പിഴിഞ്ഞ് നീരൊക്കെ പുറത്തെടുക്കുമെന്ന് തോന്നി.. ഞാനിത് ചെയ്യുന്നത് കണ്ടപ്പോള്‍ മോള്‍ക്കും, കെട്ട്യോനും ചെയ്താലോ എന്നൊരു പൂതി. മോളെ കൊണ്ട് ചെയ്യിപ്പിച്ചില്ല.. ചെറുതായി വിശന്നു തുടങ്ങിയപ്പോള്‍ വയറുനിറച്ച് ഫുഡ്ഡും വാങ്ങി തിന്ന് വീമാനത്തിക്കേറാന്‍ പോയി...

 (ചിത്രങ്ങള്‍ ഞെക്കിയാല്‍ വലുതാക്കി കാണാം..)