Sunday, March 11, 2012

സിങ്കപൂര്‍ യാത്ര –രണ്ടാം ദിവസം

രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെന്ന് വിചാരിച്ചാണ് കിടന്നത്. പക്ഷേ തലേ ദിവസത്തെ ഉറക്കമില്ലായ്മ കാരണം അത് നടന്നില്ല. എന്തായാലും 8.30 യ്ക്ക് റൂമില്‍ നിന്ന് ഇറങ്ങി. താഴെ തന്നെയുളള റസ്റ്റോറന്‍റില്‍ നിന്ന് നല്ല ഇഡ്ഡലിയും, സാമ്പാറും കഴിച്ച് മെട്രോയില്‍ കയറി ഹാര്‍ബര്‍ ഫ്രണ്ട് സ്റ്റേഷനില്‍ (HarbourFront MRT Station) ഇറങ്ങി. അവിടെ നിന്ന് വിവോ സിറ്റിയിലെ സെന്‍റോസ എക്സ്പ്രസ്സ് സ്റ്റേഷനിലേക്ക്. സെന്‍റോസാ ഐലന്‍ഡിലേക്ക് പോകാന്‍ മോണോ റെയില്‍, കേബിള്‍ കാര്‍ ഇതിലേതെങ്കിലും ഒന്നായിരിക്കും നല്ലത് - നടന്നു പോകാനും ഓപ്ഷനുണ്ട്.  നടക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ലാത്തതുകൊണ്ട് അതു വേണ്ട എന്നു തീരുമാനിച്ചു. ഐലന്‍ഡിലേക്കുള്ള ടിക്കറ്റ് എടുത്ത് അവിടെ എത്തിയാല്‍ നമുക്ക് ആ ദിവസം മുഴുവന്‍ അവിടെയുള്ള ഏതു പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷനിലും കയറാം. വിവോ സിറ്റിയിലെത്തിയപ്പോള്‍ പൂരത്തിന്‍റെ തിരക്ക്. ഈ സിങ്കപൂരിലിലുളളവരെല്ലാം ഞങ്ങള്‍ വന്ന ദിവസം തന്നെ എന്തിനാണാവോ ഇറങ്ങിയിരിക്കുന്നത്. എന്തായാലും ക്യൂ നിന്ന് മോണോറെയിലില്‍ കയറിപ്പറ്റി.

ആദ്യം Imbiah Station ലാണ് ഇറങ്ങിയത്. അവിടെ ഇറങ്ങി മെര്‍ലയണ്‍ പ്രതിമയും, ടൈഗര്‍ സ്കൈയും കണ്ട് ഫോട്ടോ എടുത്തു.
മെര്‍ലയണിന്‍റെ ഉളളില്‍ കയറി അതിന്‍റെ മുകളില്‍ കയറി വേണമെങ്കില്‍ നമുക്ക് കാണാം. വൈകീട്ട് വീണ്ടും വരാമെന്ന് കരുതി വീണ്ടും മോണോറെയില്‍ കയറി. 
പിന്നെ ഞങ്ങള്‍ പോയത് അണ്ടര്‍വാട്ടര്‍ വേള്‍ഡ് കാണാനാണ്. മോള്‍ക്ക് വിശന്നതു കൊണ്ട് അവള്‍ക്കു ഫുഡും വാങ്ങി അവിടെ ഒരു ബെഞ്ചില്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരാള്‍ വന്നു. ഒരു വെളളമയില്‍. എന്‍റെ കയ്യിലുളള നഗ്ഗറ്റ്സ് തട്ടിപ്പറിക്കാനാവുമോ എന്ന് പേടിച്ച് ഞാനെന്തു ചെയ്യണം എന്നറിയാതെ ഇരുന്നു. അല്ലെങ്കിലേ പണ്ടു തൊട്ടേ കോഴിയെ പേടിയുളള എന്‍റെ അപ്പോളത്തെ അവസ്ഥ  ഒന്ന് ആലോചിച്ചു നോക്കിയേ..എന്തായാലും ഒന്നും സംഭവിച്ചില്ല. അത് ഒരു പാവം മയിലായിരുന്നു. ഇത് ഞങ്ങളുടെ അടുത്ത് നില്‍ക്കുന്നതു കണ്ടിട്ട് കുറേ പേര്‍ ഫോട്ടോയെടുക്കാന്‍ വന്നു. അങ്ങനെ നിങ്ങളെന്‍റെ ഫോട്ടോയെടുക്കേണ്ട എന്ന് മയിലും. എന്തായാലും എന്തിനധികം പറയുന്നു അവസാനം മയില്‍ മയിലിന്‍റെ പാട്ടിനു പോയി.ഞങ്ങള്‍ അണ്ടര്‍വാട്ടര്‍ വേള്‍ഡിലേക്കും. ഇതിനു മുമ്പ് മലമ്പുഴയിലുളള സാദാ അക്വേറിയം മാത്രം കണ്ടിട്ടുളള എനിക്ക് ഇത് വേറിട്ട അനുഭവമായിരുന്നു. ഇവിടെ ലോകത്തിലെ വിവിധ സ്ഥലങ്ങളിലുളള 250 തരത്തിലുളള 2,500 സമുദ്രജല ജീവികളുണ്ട്. പവിഴ പുറ്റുകളും, തിരണ്ടികളും, ഈലുകളും, ആമകളും, ഷാര്‍ക്കുകളും അടക്കം. . ഇത് മുഴുവനായി അണ്ടര്‍ഗ്രൌണ്ടിലാണ്.   കേറി ചെല്ലുന്നതിന് സൈഡിലായി  ടച്ച് പൂളുണ്ട്. എന്നു വെച്ചാല്‍ മനസ്സിലായില്ലേ.. ഓ അതു തന്നെ.. കയ്യിടാന്‍ പറ്റുന്ന ഒരു ടാങ്ക്. അതില്‍ നമുക്ക് കൈ വൃത്തിയാക്കിയതിനുശേഷം (കയ്യ് കഴുകാന്‍ അവിടെ സോപ്പും, പൈപ്പുമെല്ലാം ഉണ്ട്) കയ്യിടാം. മീനിനെ തൊട്ടുനോക്കാം. ചെറിയ മീനൊന്നുമല്ലാട്ടോ... Starfish, rays, baby sharks ഒക്കെയാണ്.  ഞാനും ചുമ്മാ കൈയ്യിട്ട് നോക്കി. മീനുകളെല്ലാം നമ്മുടെ കയ്യില്‍ ഉരുമി പോകും. വേണമെങ്കില്‍ എടുത്തു പൊക്കാം. എന്നു വെച്ച് അധികം പൊക്കിയാല്‍ വിവരം അറിയും.  അതിനു ശേഷം  കടലിലുളള എല്ലാ ജീവികളെയും തരം തിരിച്ച് ഓരോ ടാങ്കിലിട്ടിരിക്കുന്നതും കണ്ടു. അതു കണ്ടതിന്‍ ശേഷം താഴേത്തേക്ക് ഇറങ്ങി. അവിടെയും ഒരു പാട് മീനുകളുടെ ടാങ്കുകള്‍. 

പിന്നെ ഒരു ടണലും. 83 മീറ്റർ നീളമുള്ള ഒരു വലിയ അക്രിലിക്‌ ടണലാണിത്‌, കാഴ്‌ചകൾ കാണാൻ നാം ഇതിലൂടെ നടക്കണമെന്നില്ല. സ്വയം നീങ്ങുന്ന ഒരു ട്രാവലേറ്റര്‍ ഇതിലുണ്ട്‌ (ഞാന് വീണ്ടും രക്ഷപെട്ടു). അതിൽ കയറി നിന്നാൽ മതി. ഇനി അതില്‍ കയറി പോകണ്ട. സ്വയം നടക്കണമെങ്കില്‍ അതുമാവാം. ഇതിന്‍റെ ഒരു വശം മാത്രമേ സഞ്ചരിക്കൂ.. മറ്റേ വശത്തു കൂടി നമുക്ക് നടന്നോ, നിന്ന് ഫോട്ടോയെടുത്തോ പോകാം. എങ്ങനെയായാലും നമ്മുടെ തലയ്ക്കു മുകളില്‍ കൂടി വലിയ വലിയ മീനുകള്‍ നീന്തുന്നത് കാണാം. നമുക്ക് തൊടാന്‍ പറ്റുന്ന വിധത്തില്‍.

അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ പോയത് അതിന്‍റെയടുത്ത് തന്നെയുളള ഡോള്‍ഫിന്‍ ഷോ കാണാനാണ്. ഒരു വലിയ നീന്തല്‍ കുളം. അതിന്‍റെ ചുറ്റും ഇരിക്കാനുളള സ്ഥലം. ഞങ്ങള്‍ നേരത്തെ തന്നെ എത്തിയതുകൊണ്ട്‌ ഇരിക്കാൻ നല്ല സീറ്റുകിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഷോ തുടങ്ങി. ശരിക്കും കാണേണ്ടതു തന്നെയാണ്. ഡോള്‍ഫിനെ കൊണ്ട് ഓരോന്നും ചെയ്യിക്കുന്നത്. ഡോള്‍ഫിന്‍ ഷോയുടെ ഇടയ്ക്ക് ഫര്‍സീലുകളും വന്നു. അവയുടെ നടത്തവും,  നൃത്തവും,  വളയത്തിലൂടെ ചാട്ടവുംപന്തുകളിയും ശരിയ്ക്കും ഞങ്ങളെ രസിപ്പിച്ചു
.


പരിപാടി തീരാറായപ്പോള്‍ മഴ പെയ്തു. ഭാഗ്യത്തിന് ഞങ്ങള്‍ ഇരിക്കുന്നയിടം നനഞ്ഞില്ല. മഴ പെയ്യുമ്പോളും ഷോ അവിടെ നടന്നു.
ഷോ കഴിഞ്ഞിട്ടും മഴ മാറിയില്ല. കുറച്ചു നേരം കൂടി ഞങ്ങള്‍ അവിടെയിരുന്നു. കുടയുണ്ടെങ്കിലും ക്യാമറയും, വീഡിയോ ക്യാമറയും, ബാഗുമെല്ലാം നനഞ്ഞാലോ.. മഴ മാറിയ ശേഷം ഞങ്ങള്‍ അവിടെ നിന്നും ബസ്സില്‍ കയറി ബീച്ചിലേക്ക് പോയി. അവിടെ ചെന്ന് എവിടെയാണ് അനിമല്‍ എന്‍കൌണ്ടേഴ്സ് നടക്കുന്നതെന്ന് ചോദിച്ചപ്പോള് അത് പലാവന്‍ ബീച്ചിലാണെന്ന് അറിഞ്ഞു. ഫുഡ് കഴിച്ച് ഞങ്ങള്‍ ബീച്ചിലേക്ക് പോകാനുളള ട്രാമും കാത്തു നിന്നു. ട്രാമില്‍ കയറി അവിടെയെത്തിയപ്പോളേക്കും ഷോ തുടങ്ങിയിരുന്നു. ഓപ്പണ്‍ സ്റ്റേജിലായിരുന്നു ഷോ.ഞങ്ങളുടെ ഭാഗ്യക്കേടെന്നല്ലാതെ എന്തു പറയാന്‍ മഴ ചതിച്ചു. മഴ പെയ്തതോടെ ഷോ അവര്‍ മതിയാക്കി. മഴയത്തു കയറി നില്‍ക്കാന്‍ അവിടെ സ്ഥലമില്ലായിരുന്നു. ക്യാമറ നനയാതെ നോക്കണോ, അതോ മഴയത്തു ഓടി കളിക്കുന്ന മോളെ പിടിക്കണോ എന്നറിയാതെ ശരിക്കും പണിപെട്ടു. അവസാനം ഓടി അവിടെയുളള ബസ് സ്റ്റോപ്പില്‍ പോയി ഇരുന്നു.

മഴ മാറിയപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ എതിരെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കണ്ടു. രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം കാര്യമായ ഭക്ഷണം ഹസ് കഴിക്കാത്തതു കൊണ്ട് (ഞാനും, കൊച്ചും ഹെല്‍ത്ത് കോണ്‍ഷസ്‍ അല്ലാത്തതുകൊണ്ട് കയ്യില്‍ കിട്ടിയതെല്ലാം കഴിച്ചിരുന്നു.) നേരെ ഞാന്‍ അവിടെ പോയി ഒരു കോഫിയും, ഫുഡും മേടിച്ചു. .

 അപ്പോഴേക്കും മോള്‍ക്ക് വെളളത്തില്‍ കളിക്കണമെന്ന്. പണ്ടേ വെളളം കണ്ടാല്‍ അതില്‍ ചാടുന്ന സ്വഭാവമാണ് അവള്‍ക്ക്. അവളിറങ്ങിയാല്‍ എന്നെയും നനയ്ക്കുമെന്നറിയാവുന്നതു കൊണ്ട് അവിടെ നിന്നും മെല്ലെ മാറ്റി അടുത്തുളള ടോയ്സില്‍ കൊണ്ടു പോയി. അവിടെ അവള്‍ക്ക് ഒരു കൂട്ടുകാരിയേയും കിട്ടി. പിന്നെ അവിടെ നിന്നും പിടിച്ചു കൊണ്ടു പോകാന്‍ കുറച്ചു ബുദ്ധിമുട്ടി.

പിന്നീട് ഞങ്ങള്‍ പോയത് ലൂജ്&സ്കൈ റൈഡിലേക്ക് ആയിരുന്നു. അവിടെ ചെന്ന് ഫാമിലി ടിക്കറ്റെടുത്ത് സ്കൈ റൈഡില്‍ കയറി. വളരെ ഉയരത്തില്‍ വലിച്ച് കെട്ടിയിരിക്കുന്ന ഇരുമ്പ് വടത്തില്‍ ബന്ധിച്ച കസേരയില്‍ ഇരുന്ന് കൊണ്ടുള്ള ഒരു ആകാശ യാത്ര .ഒരു മലയുടെ മുകളിലേക്ക് പോകുന്നതു പോലെ. അത്ര പേടിയൊന്നും തോന്നിയില്ല. മോളും പ്രശ്നമൊന്നു മുണ്ടാക്കിയില്ല.  മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ നല്ല രസമായിരുന്നു. അതില്‍ പോയപ്പോളാണ് ഒരു ദുരിയാന്‍ മരവും, അതില്‍ ദുരിയാന്‍ തൂങ്ങി കിടക്കുന്നതും കണ്ടത്.

പിന്നെ ലൂജ് റൈഡായിരുന്നു. യന്ത്ര സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത വണ്ടിയാണിത്.  വളഞ്ഞു പുളഞ്ഞ പാതയിലൂടെയുളള ഒരു യാത്ര. അതും ഇറക്കത്തിലേക്ക്. ഹാന്‍ഡില്‍ പിന്നോട്ട് വലിച്ച് വണ്ടിയുടെ വേഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ആവാം. ആദ്യം എനിക്ക് പേടി തോന്നിയെങ്കിലും ഓടിച്ചു നോക്കിയപ്പോള്‍ നല്ല രസമായി. ഫാമിലി പാസ്സുളളതു കാരണം 2 പ്രാവശ്യം ലൂജ്&സ്കൈ റൈഡില്‍ കയറി. അങ്ങനെ ഒരു പാട് രസമുളള ആ റൈഡ് കഴിഞ്ഞ സങ്കടത്തോടെ അവിടെ നിന്ന് പോന്നു. ഇനിയുളളത് സോങ് ഓഫ് ദി സീ യാണ്. അതിന്‍റെ സമയം 7.30 ആണ്. ആ സമയത്തിനുളളില്‍ രാവിലെ പോയ മെര്‍ലയണ്‍ പ്രതിമയുടെ അവിടെ ഒന്നു കൂടി പോകാമെന്നു കരുതി അങ്ങോട്ട് പോയി. അവിടെ ചെന്ന് പ്രതിമയുടെ സൈഡില്‍ ചെന്നപ്പോളാണ് അവിടെ വെളളച്ചാട്ടങ്ങളും, ബീച്ചിലേക്ക് പോകുന്ന ഒരു പാതയുമുണ്ടെന്ന് മനസ്സിലായത്. ഞങ്ങള് ആ പാതയിലൂടെ നടന്നു. 
അപ്പോഴേക്കും സോങ് ഓഫ് ദി സീ തുടങ്ങാനുളള സമയം ആകാറായി.  സോങ് ഓഫ് ദി സീ ഒരു  പാട്ടു പാടി ഒരു രാജകുമാരിയെ ഉണര്‍ത്താന്‍ ‍ ശ്രമിക്കുന്ന ഒരാളുടെ കഥ പറയുന്ന ലേസര്‍ഷോയാണ്. വാട്ടര്‍ജെറ്റും. ഫ്ലെയിം ബഴ്സ്റ്റേഴ്സും, ലേസറും, പാട്ടും എല്ലാം കൂടി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന എന്‍റര്‍ടെയിംമെന്‍റ് ഷോയാണ്. നേരത്തെ പോയില്ലെങ്കില്‍ നല്ല സീറ്റ് കിട്ടിയില്ലെങ്കിലോ എന്നു വിചാരിച്ച് ഞങ്ങള്‍ അവിടേയ്ക്ക് പോയി. 


ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിളിന്

 അവിടെയെത്തി ഇരുന്ന് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷോ തുടങ്ങി. അന്നത്തെ ദിവസത്തെ നടന്ന ക്ഷീണമെല്ലാം മറക്കാന്‍ ആ ഒരു ഷോ മതിയായിരുന്നു. ഇതിനു മുന്‍പ് പല ലേസര്‍ഷോകള്‍ മസ്കറ്റില്‍ വെച്ചു കണ്ടിട്ടുണ്ടെങ്കിലും  അതൊന്നും ഇതിന്‍റെ അടുത്തൊന്നും വരില്ല. ഇതില്‍ ഓരോ കഥാപാത്രങ്ങള്‍ വരുന്നതെല്ലാം എത്ര നന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്.  ഷോ തീര്‍ന്നതിനു ശേഷം മോണോറെയിലില്‍ കയറി ഹാര്‍ബര്‍ഫ്രന്‍റിലേക്ക്, അവിടെ നിന്നും ഹോട്ടലിലേക്ക്...


4 comments:

 1. ആ പുലിയുടേലും മയിലിന്‍റെ കളറ് മഴ നനഞ്ഞ് പോയതാവും... അല്ലെങ്കില്‍ ചൈനീസ് മെയ്ഡ്.

  ReplyDelete
 2. സുനി..ഇന്നാണ് ഈ വിവരണങ്ങൾ കാണുന്നത്.. തുടക്കമാണെങ്കിലും വളരെ നന്നായിട്ടുണ്ട്.ചിത്രങ്ങളും... അക്ഷരങ്ങൾ അല്പം ചെറുതാണ് എന്ന് തോന്നുന്നു.. ഫോണ്ട് സൈസ് അല്പംകൂടി കൂട്ടിയാൽ നന്നായിരുന്നു.

  വെള്ളത്തിനടിയിലെ അക്വേറിയത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്.. ചിത്രങ്ങളും കണ്ടിട്ടുണ്ട്..അവയെക്കുറിച്ചൊക്കെ അല്പം കൂടി വിശദമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ കൂടുതൽ മനോഹരമാകും എന്ന് തോന്നുന്നു.
  കൂടുതൽ യാത്രാവിവരണങ്ങളുമായി പ്രതീക്ഷിയ്ക്കുന്നു...ആശംസകൾ.

  ReplyDelete
 3. ഷിബു- അഭിപ്രായങ്ങൾക്ക് നന്ദി. ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്... അക്വേറിയത്തെ കുറിച്ച് കുറച്ചു കൂടി എഴുതാന്‍ ശ്രമിക്കാം. അതു പോലെ ഇനിയുളള പോസ്റ്റുകളില്‍ ചിത്രങ്ങളും. ഫോണ്ട് സൈസും വലുതാക്കാം. തുടർന്നും താങ്കളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.

  ReplyDelete
 4. അണ്ടര്‍ വാട്ടര്‍ അക്വേറിയത്തില്‍ ചില പ്രത്യേക സമയങ്ങളില്‍ ഫീഡിംഗ് ഉണ്ട്. ഡൈവിംഗ് സ്യൂട്ട് ഇട്ട് ആളുകള്‍ നീന്തി വന്ന് വലിയ മീനുകള്‍ക്ക് വായില്‍ ഫുഡ് വച്ചുകൊടുക്കുന്നത് കാണാം.

  ReplyDelete