Sunday, April 1, 2012

സിങ്കപൂര്‍ യാത്ര - അഞ്ചാം ദിവസം- ഭാഗം 1

സിങ്കപ്പൂരിലെ അവസാന ദിവസം, ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... സിങ്കപ്പൂരിലെ മൈനകളെന്നെ സ്നേഹപൂര്‍വം വിളിച്ചുണര്‍ത്തി, ഈ മൈനകളുടെ ഒരു കാര്യമേ....
മൈനയുടെ കാര്യം ഞാന്‍ വെറുതേ പറഞ്ഞതാ... തലേ ദിവസം കണ്ട ജീവികളെുടെ ഇഫക്ട് മാറാത്തതു കാരണമാവും - രാവിലെ അലാം കേട്ട് ഉണര്‍ന്നിട്ട് ഞാന്‍ തന്നെ ക്ലാ ക്ലീ എന്നങ്ങു വിളിച്ചു സമാധാനിച്ചു. 


ഇന്നും കൂടിയേയുളളൂ ഇവിടുത്തെ കാഴ്ച. നാളെ പുലര്‍ച്ചെയാണ് മലേഷ്യ ഫ്ലൈറ്റ്. ബാക്കി കാണാനുളള സ്ഥലങ്ങളെല്ലാം ഇന്നു തന്നെ കാണണം. അതു കൊണ്ട് ഭക്ഷണവും കഴിച്ച് ഇറങ്ങി. നേരെ മെട്രോയിലേക്ക്, മെട്രോ ഉളള കാരണം ഒരു ട്രാഫിക് ബ്ലോക്കിലും പെടാതെ കറക്ട് സമയത്ത് നമ്മള്‍ക്ക് നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്താം. കഴിഞ്ഞ പ്രാവശ്യത്തെ ഡല്‍ഹി ട്രിപ്പിലും മെട്രോയുടെ ഗുണം മനസ്സിലായതാണ്. എന്നിട്ടും നമ്മുടെ നാട്ടില്‍ മെട്രോ വരുന്നതിന് എല്ലാവരും തടസ്സം നില്‍ക്കുന്നതെന്തിനാണാവോ..  കൊച്ചിയിലും, തിരുവനന്തപുരത്തും, കോഴിക്കോടും മെട്രോ വന്നിട്ട് അത് റെയില്‍വേ സ്റ്റേഷനുമായും, വിമാനത്താവളമായും കണക്ട് ചെയ്താല്‍ തിരക്കില്‍പെടാതെ എല്ലാവര്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം.  ആ... എന്നെങ്കിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാവുമല്ലേ..... നമുക്ക് പ്രതീക്ഷിക്കാം.


അയ്യോ ടോപിക്ക് മാറി പോയി. പറഞ്ഞ് പറഞ്ഞ് കേരളത്തിലോട്ട് പോയി.. കേരളം വിട്ട് ഇനി നമുക്ക് സിങ്കപ്പൂരിലേക്ക് തിരിച്ച് പോകാം. അങ്ങനെ മെട്രോയില്‍ കയറി Outram Park (ഇതു മലയാളത്തിലെഴുതാന്‍ അമ്മച്ചിയാണേ എനിക്കറിയില്ല. അല്ലെങ്കിലും ഞാന്‍ ഇംഗ്ലീഷില്‍ എം എ ആണ്, ഏഴാം ക്ലാസിലേ ഞാന്‍ അപാരമായ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ചതുകൊണ്ട് മലയാളം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതാ - കൊച്ചേ നീ ഇന്നുമുതല്‍ എം എ ആയീന്ന് - ‍സര്‍ട്ടീറ്റ് ഇരുപ്പുണ്ട് വീട്ടില്‍) ല്‍ ഇറങ്ങി അവിടെ നിന്നും പച്ച ലൈന്‍ മെട്രോയിലേക്ക് പോയി. 


ഇതു പറഞ്ഞപ്പോളാണ് ഓര്‍ത്തത്, സിങ്കപ്പൂര്‍ ഒരു മെട്രോയില്‍ നിന്നിറങ്ങി അടുത്ത മെട്രോയില്‍ കേറാന്‍ പോകുന്ന സ്ഥലം കണ്ടാല്‍ ഇത് അണ്ടര്‍ഗ്രൌണ്ടാണോ, അതോ നമ്മുടെ നാട്ടിലെ പോലെയുളള കെട്ടിടങ്ങളാണോ എന്താണെന്നും തിരിച്ചറിയില്ല. ശരിക്കും സിങ്കപ്പൂരില്‍ സിറ്റി കൂടാതെ സിങ്കപ്പൂരിന്‍റെ അണ്ടര്‍ഗ്രൌണ്ടു കൂടി ഒരു സിറ്റി  ആക്കി മാറ്റിയിരിക്കുകയാണെന്ന് തോന്നുന്നു. മുഴുവന്‍ ഷോപ്പിംഗ് മാളുകളും, കടകളും ആണ്. എല്ലാ സ്ഥലത്തും സെക്യൂരിറ്റി ക്യാമറയും, എസിയും, പിന്നെ പറയാനുളളത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ബോസിന്‍റെ സ്പീക്കര്‍ ആണ് ബീച്ചില്‍ പോലും (ബോസിന്‍റെ ഹോം തിയേറ്റര്‍ വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുന്ന എനിക്ക് ഇതു കണ്ടാല്‍ സഹിക്കുമോ - ലോട്ടറി അടിച്ചില്ല എന്ന ഒറ്റക്കാരണത്താലാ വാങ്ങാത്തത്.). മോള്‍ ബീച്ചില്‍ പോയി കളിച്ചതിന് ശേഷം കാല് കഴുകിച്ച് തുടക്കാന്‍ നിര്‍ത്തിയ സ്ഥലത്ത് ബോസിന്‍റെ സൌണ്ട് സിസ്റ്റം, ചുമ്മാ മണ്ണില് വെച്ചിരിക്കുന്നു - ചുറ്റും നോക്കിയപ്പോ ബീച്ച് മുഴുനവനും ഇതുണ്ട്. വെതര്‍പ്രൂഫായിരിക്കും , എന്നാലും അതിന്‍റെ വിലയോര്‍ത്തപ്പോള്‍ ചുമ്മാ ഒരു സങ്കടം. ഇത് അവിടെ മാത്രമല്ലാട്ടോ ഞങ്ങള്‍ കുറേ സ്ഥലത്ത് കണ്ടു ബോസ് സൌണ്ട് സിസ്റ്റം - സൂവിലെ ട്രാമില്‍ പോലും. ഇവിടെ നമ്മുടെ സ്വന്തം വീട്ടില്‍ ഒരു ചെറിയേ 5.1 സറൌണ്ട് സിസ്റ്റം വാങ്ങാന്‍ പോയാല്‍ നമ്മുടെ പഴ്സും, ക്രെഡിറ്റ് കാര്‍ഡും, ബാങ്കില്‍ നമ്മുടെ പൈസ സൂക്ഷിച്ചിരിക്കുന്ന തകരപ്പെട്ടിയും (ബാങ്കില്‍ അങ്ങനെ തന്നെ അല്ലേ പൈസ സൂക്ഷിക്കുന്നത്?) പോരാത്തതിന് ആ കടയില്‍ മത്തിവാങ്ങാന്‍ വന്നവരുടെ പഴ്സും എല്ലാം കൂടി കമിഴ്ത്തി അവരുടെ കാഷ് കൌണ്ടറില്‍ തട്ടിക്കൊടുക്കേണ്ടിവരും, . അപ്പോളാണ് സിങ്കപ്പൂരുകാരുടെ അഹങ്കാരം – പിന്നെ എനിക്കു തോന്നി ഇപ്പോ ബോസിനൊന്നും പഴയ ഒരു ക്വാളിറ്റി ഇല്ല, വെറുതേ പേര് മാത്രം –(മുന്തിരി, കുറുക്കന്‍, പുളി തുടങ്ങിയ വാക്കുകള് കമന്‍റ് ബോക്സില്‍ നിരോധിച്ചിരിക്കുന്നു)..... 

പിന്നെ വേറെ പറയാനുളളത് അവിടുത്തെ വൃത്തിയാണ്. ടോയ്ലറ്റുകളൊക്കെ എത്ര വൃത്തിയായാണ് അവര്‍ സൂക്ഷിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഡയപ്പര്‍ മാറ്റാന്‍ എല്ലാ ടോയ്ലറ്റിലും പ്രത്യേക മുറികളുണ്ട്. പിന്നെ പ്രശ്നം ഉളളത് വെളളം ടോയ്ലറ്റില്‍ ഇല്ലായെന്നതാണ്. അത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മാത്രമേ പ്രശ്നമാവൂ.. മോളുടെ ഡയപ്പര്‍ മാറ്റിയപ്പോളാണ് ഇത് ഏറ്റവും പാരയായി തോന്നിയത്. പിന്നെ മസ്കറ്റില്‍ നിന്നേ വെറ്റ് ഡിഷ്യൂ ബാഗ് നിറയെ ലോഡ് ചെയ്തിട്ടാണ് പോയത്, അതു കൊണ്ട് അത്ര പ്രശ്നമായില്ല.(സിങ്കപ്പൂരില്‍ കിട്ടാത്തതു കൊണ്ടല്ലാ, നമ്മള്‍ മലയാളിയുടെ സ്വഭാവം അനുസരിച്ച് ഒരു സ്ഥലത്തേക്ക് പോവുകയാണെങ്കില്‍ ഒന്നു രണ്ട് വലിയ പെട്ടിയില്ലാതെ എങ്ങനെ പോകും..)

വീണ്ടും ടോപ്പിക്ക് മാറി പോയി.. ദേഷ്യം തോന്നരുതേ.. ഇന്നത്തോടെ സിങ്കപ്പൂര്‍ യാത്ര തീരുകയല്ലേ.. അപ്പോള്‍ സിങ്കപ്പൂരില്‍ എനിക്ക് ഇഷ്ടപ്പെട്ടതും, മനസ്സില്‍ തോന്നിയതൊക്കെ ഞാനെവിടെ കൊണ്ടു പോയി എഴുതും. ഇപ്രാവശ്യത്തേക്ക് ക്ഷമി..

അങ്ങനെപച്ച ലൈന്‍ മെട്രോയില്‍ കയറി ബേര്‍ഡ് പാര്ക്കിലേക്ക്. സിറ്റി വിട്ടപ്പോള്‍ അണ്ടര്‍ ഗ്രൌണ്ട് ട്രയിന്‍ മെല്ലെ മുകളില്‍ കയറി. പിന്നെ കാഴ്ചകള്‍ കണ്ടായി യാത്ര. അങ്ങനെ പോകുന്ന വഴിക്ക് സിങ്കപ്പൂര്‍ പോളിടെക്നിക് കണ്ടു. എന്താ പ്രത്യേകത എന്നൊന്നും ചോദിച്ചേക്കല്ലേ,, ഒന്നുമില്ല. ചുമ്മാ പറഞ്ഞുവെന്ന് മാത്രം. അങ്ങനെ സിറ്റിയുടെ തിരക്ക് വിട്ട് ഉളളിലേക്ക്. 


അങ്ങനെ ബൂണ്‍ലെ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ നിന്ന് ബസ്സ് കയറിയാലേ ജുറോംഗ് ബേര്‍ഡ് പാര്‍ക്കിലെത്തൂ.. ഇവിടെ നിന്ന് പോകുന്നതിനേ മുമ്പേ ഗൂഗിള്‍ മാപ്പ് ഒക്കെ നോക്കി ബസ്സ്റ്റേഷന്‍ തപ്പി, ഈശ്വരാ ഒരുപാട് ദൂരമുണ്ടല്ലോയെന്നൊക്കെ വിചാരിച്ചാണ് പോയത്, പക്ഷേ ബൂണ്‍ലേ സ്റ്റേഷനിലെത്താറായപ്പോള്‍ ട്രെയിനില്‍ വിദേശികള്‍ മാത്രമായി, അപ്പോള്‍ സമാധാനമായി, എന്തായാലും അവിടെയിറങ്ങി ചുറ്റും നോക്കി, അപ്പോളാണ് മനസ്സിലായത് റോഡു ക്രോസ്സ് ചെയ്താല്‍ ബസ്സ്റ്റേഷനാണ് എന്ന്. അവിടെ ബസ്സിന്‍റെ നമ്പര്‍ അനുസരിച്ച് ബസ്സ് വരുന്ന സ്ഥലം എഴുതി വെച്ചിട്ടുണ്ട്. ബസ്സ് വന്നാല്‍ മാത്രമേ വാതില്‍ തുറക്കൂ. (ബസ്സിന്‍റെ ഡോറല്ലാട്ടോ ), അങ്ങനെ ബസ്സും വരുന്നതും കാത്ത് അവിടെ ക്യൂ നിന്നു. നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തളളി കയറുകയൊന്നുമില്ലാട്ടോ.. അങ്ങനെ ബസ്സില്‍ കയറി ഡ്രൈവറോട് ചോദിച്ച് ടിക്കറ്റിനു വേണ്ടി കയ്യിലുളള ചില്ലറപൈസ ഒരു പിടി ഇട്ടു കൊടുത്തു, ഒരു സെക്കന്‍റു കൊണ്ട് അത് കൌണ്ട് ചെയ്ത് ടിക്കറ്റും തന്നു. ഇത്രയും ഫാസ്റ്റായി ഇതെങ്ങനെയാണ് കൌണ്ട് ചെയ്തത് എന്നാലോചിച്ച് നിന്നപ്പോളേക്കും ബേര്‍ഡ് പാര്‍ക്കിലെത്തി. (കുറച്ചു ദൂരമുണ്ട് കേട്ടോ..) 

അങ്ങനെ അവിടെയെത്തിയപ്പോളേക്കും സമയം അതിന്‍റെ പാട്ടിന് പോയി.. 11 ആയി, ഞാന്‍ എപ്പോളും പറയാറുളളതാണ് ഇങ്ങനെ ഓടി പോകണ്ടായെന്ന്, എവിടെ പറഞ്ഞാല്‍ കേള്‍ക്കണ്ടേ സമയം. കയ്യില്‍ ടിക്കറ്റൊക്കെയുണ്ട്, അകത്തു കയറി കൊച്ചിനുളള സ്ട്രോളര്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോളാണ് അത് പുറത്താണെന്ന് പറയുന്നത്. പിന്നെ ടിക്കറ്റ് ചെക്ക് ചെയ്യുന്നവനോട് പറഞ്ഞ് പുറത്തു കടന്നു, ഇറങ്ങിയപ്പോള്‍ അവന്‍ കയ്യില്‍  ഒരു സീല് കുത്തി തന്നു. അത് വൈകുന്നേരം കുളിച്ചിട്ടും കയ്യില്‍ നിന്ന് പോയില്ല. കുളിച്ചത്  വൃത്തിയായില്ലാന്നൊന്നും വിചാരിക്കല്ലേ. സത്യമായും ഞാന്‍ തേച്ചു കഴുകി, നമ്മുടെ നാട്ടിലാണെങ്കില്‍ ചകിരിയിട്ട്  ഉരക്കാമായിരുന്നു. ഞാന്‍ സിങ്കപ്പൂരില്‍ ചകിരിക്ക് എവിടെ പോകാനാ..അങ്ങനെ സ്ട്രോളറിന്‍റെയവിടെ പോയി ചോദിച്ചപ്പോള്‍ എല്ലാം രാവിലെ തന്നെ  വേറൊരു പണിയുമില്ലാത്ത കുറേ പേരു വന്നിട്ട് എല്ലാം വാടകക്കെടുത്തുവെന്ന്.

നമുക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ, അതു കൊണ്ട് തന്നെ ഓരോ സ്ഥലവും നമുക്ക് ഇഷ്ടമുളളപ്പോള്‍ പോകാം, ഓടി നടന്ന് കാണണ്ടാ.. കഴിഞ്ഞ പ്രാവശ്യത്തെ ഡല്‍ഹി ട്രിപ്പിന് ശേഷം തീരുമാനിച്ചതാണ് ഇനി പാക്കേജ് ടൂറില്ലായെന്ന്. പക്ഷേ എല്ലാ സ്ഥലത്തും ഇത് പറ്റില്ലല്ലോ.. എന്തായാലും സിങ്കപ്പൂരും, കോലാലംമ്പൂരും ഇതു പറ്റുമെന്ന് മനസ്സിലായി. അങ്ങനെ കുറച്ചു നേരം കാത്ത് നിന്ന് സ്ട്രോളറും വാടയ്ക്കെടുത്ത് പാര്‍ക്ക് കാണാന്‍ തുടങ്ങി.
കയറി ചെല്ലുന്നയിടത്തു തന്നെ പെന്‍ഗിനുകളാണ്, ജൂറോഗ് ബേര്‍ഡ് പാര്‍ക്കില്‍ 5 തരം പെന്‍ഗിനുകളുണ്ട്. Humboldt, Macaroni, Rock hopper, Fairy & King Penguin. ഇടതു വശത്ത് കുറച്ചു വെയിലൊന്നും പ്രശ്നമില്ലാത്ത പെന്‍ഗിനാണെന്ന് തോന്നുന്നു, ഓപ്പണായി വെളളം നിറച്ച സ്ഥലത്ത് കടലിലെ പോലെ തിര ആര്‍ട്ടിഫിഷ്യലായുണ്ടാക്കിയ വെളളത്തില്‍ കുറേ  പെന്‍ഗിനുകള്‍. ഇതാണ് Humboldt പെന്‍ഗിനുകള്‍. 


ഈ പെന്‍ഗിനുകള്‍ തെക്കേ അമേരിക്കക്കാരാണ്. ആഫ്രിക്കന്‍ പെന്‍ഗിനുകളുടെ ബന്ധുക്കളാണത്രേ ഇവര്‍. കറുത്ത തലയില്‍ കണ്ണും തൊണ്ടയും മാത്രം വെളളയും ചുണ്ടും, മൂക്കും കറുപ്പും കളറുളള പെന്‍ഗിനാണ് ഇവ.  

അതിന്‍റെ മറുവശത്ത് അടഞ്ഞ റൂമില്‍ ഗ്ലാസ്സ് റൂമിന്‍‌റെയുളളില്‍ ഐസ് ഒക്കെ നിറച്ച് കുറേതരം പെന്‍‌ഗിനുകള്‍. അതില്‍ ഒരു ഗ്ലാസ്സ് റൂമില്‍ Macaroni പെന്‍ഗിനുകളാണ്. ഇവര് വളരുന്നത് അന്‍റാര്‍ട്ടിക്കയിലാണത്രേ -വെറുതെയല്ലാ ഇതിനെയൊക്കെ ഐസ് നിറച്ച് ഇട്ടിരിക്കുന്നത്,. രാജകുടുംബമായി ബന്ധമുളളവരാണെന്ന്, വെറുതെയല്ലാ തലയില്‍ കിരീടം പോലെ മഞ്ഞ നിറത്തില്‍ മുടി. ഹാപ്പി ഫീറ്റ് സിനിമ കണ്ടിട്ടില്ലേ... അതിലുണ്ട് ഇവരൊക്കെ.
അടുത്തതായി കണ്ടത് rockhopper പെന്‍ഗിനുകളെയാണ്. 
പിന്നീട് കണ്ടത് കുഞ്ഞു പെന്‍ഗിനുകളെയാണ്. Fairy പെന്‍ഗിനുകള്‍ ഇതിന് ഏകദേശം 33 സെ.മീ. പൊക്കവും 43 സെ.മീ വീതിയുമേ ഉണ്ടാവൂ. ഇവയെ കാണുന്നത് തെക്കേ ആസ്ട്രേലിയയിലും, നൂസിലാന്‍ഡിലുമാണ്.  
പിന്നീട് കണ്ടത് രാജാക്കന്മാരെയാണ്. ബേര്‍ഡ് പാര്‍ക്കില്‍ ഏതു രാജാവെന്നല്ലേ സംശയം. ഞാന്‍ പറഞ്ഞു വന്നത് പെന്‍ഗിനുകളുടെ രാജാവിനെയാണ്. ഇതിന് ഏകദേശം 11-16 കിലോ ഭാരമുണ്ടാവും. ഇത് കഴിക്കുന്നത് ചെറിയ മീനുകളെയും, സ്ക്വിഡുകളെയും, ക്രില്ലുകളെയുമാണ് (ഹാപ്പി ഫീറ്റില്‍ കണ്ടിട്ടില്ലേ.. ഇതെന്ത് ഹാപ്പി ഫീറ്റിന്‍റെ പരസ്യമാണോയെന്നൊന്നും ചോദിക്കല്ലേ...)
(ഈ പെന്‍ഗിനുകളെയൊക്കെ കണ്ടെങ്കിലും നല്ല ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. എല്ലാം ഗ്ലാസ്സിന്‍റെ ഉളളിലാണ്. നീരാവി നിറഞ്ഞ ഗ്ലാസ്സില്‍ കൂടിയുളള ഫോട്ടോ എടുക്കല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ പറയാതെ അറിയാലോ...  അതു കൊണ്ട് ഇതിലെ കുറച്ച് ഫോട്ടോസ് ഗൂഗിളില്‍ നിന്ന് എടുക്കുന്നു.)

അത് കണ്ടതിന് ശേഷം അവിടെ നിന്നിറങ്ങി. അടുത്ത് കണ്ടത് തത്തകളെയാണ്, കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ വേണ്ടി പല നിറത്തിലുളള തത്തകളും, ലൌ ബേര്‍ഡ്സും, അവിടെ ബിസിനസ്സാണ്.
 
നമ്മുടെ കയ്യില്‍ കിളിയെ കൊണ്ട് തന്നിട്ട് അവര്‍ ഫോട്ടോയെടുത്തു തരും. കാശ് മുടക്കിയുളള ഫോട്ടോയെടുപ്പ് വേണ്ടായെന്ന് വെച്ച് (ഓ പിന്നേ ഞാനിപ്പോ കാശു കൊടുത്ത് ഫോട്ടോ എടുക്കും... ) അവിടെ നിന്നും പോയി.

കണ്ണിന് മധുരമുളള കാഴ്ചയായിരുന്നു അടുത്തത്. ഓറഞ്ച് നിറമുളള കിളികള്‍ , അതും ഒരു പാട് . പെലിക്കനാണോ ഇത് അതോ ഓറഞ്ച് പെയിന്‍റില്‍ വീണ കൊക്കുകളോ... എന്തായാലും അതിന്‍റെ ഫോട്ടോയുമെടുത്ത് അടുത്ത സ്ഥലത്തേക്ക് പോയി. 


പോകുന്ന വഴി എന്ന് പറഞ്ഞാല്‍ ഒരു വഴി തന്നെയാണ് കേട്ടോ.. റോഡല്ല പ്രശ്നം, കയറ്റം. ... അതും നല്ല വെയില്‍. ഇത്ര ദിവസം സിങ്കപ്പൂരില് ഉണ്ടായിട്ടും വെയിലുണ്ടായിരുന്നില്ല. ഇന്ന് നല്ല വെയിലാണ്. ഇതും മാത്രം എനിക്ക് പറ്റില്ല. മസ്കറ്റിലെ കൊടും ചൂട് നോക്കുമ്പോള്‍ ഇതൊന്നും പ്രശ്നമാവേണ്ടതല്ലല്ലോയെന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. അതിന് മസ്കറ്റില്‍ ആര് വെയില് കൊളളുന്നു. ബേര്‍ഡ് പാര്‍ക്കില്‍ നല്ല വെയിലായതു കൊണ്ട് അന്നത്തെ ദിവസത്തെ ട്രിപ്പ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായി.. അതു കൊണ്ട് തന്നെ ഓടി നടന്ന് കാണുകയായിരുന്നു. എന്നിട്ട് ഒരു ഒന്നു രണ്ട് പ്രാവശ്യം സ്വയം ഉറക്കെ പറഞ്ഞു. നമ്മളീ കിളികളെയൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന്. കഴിഞ്ഞ ദിവസം സൂവിലെ ട്രാമില്‍ കയറി മതിയായതു കൊണ്ട് ഇവിടെയുളള പനോറെയിലില്‍ കേറി ഒരു പരീക്ഷണം നടത്തണ്ടായെന്ന് വെച്ചു.

പിന്നീട് കയറിയത് World of Darkness കാണാനാണ്. സംഭവം മനസ്സിലായോ.. ഇല്ലേ... എന്നാല്‍ ഇവിടെയാണ് ഇരുട്ടില്‍ കഴിയുന്ന ആള്‍ക്കാര്‍.. മൂങ്ങകള്‍. മൂങ്ങകള്‍ ഇരുട്ടില്‍ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ വേണ്ടി റൂം മുഴുവന്‍ പകല്‍ സമയം ഇരുട്ടും, രാത്രി പകലും ആക്കിയിരിക്കുകയാണ്. നമ്മുടെ അമ്പിളിയമ്മാവന്‍റെ വെളിച്ചം പോലെ കാണികള്‍ക്ക് മൂങ്ങകളെ കാണാന്‍ വിധത്തില്‍ വെളിച്ചത്തെ ക്രമീകരിച്ചിരിക്കുന്നു.. Snowy Owls, Malay Fish Owls (മീൻ കൂമനാണത്രേ) Eurasian Eagle Owls (കൊമ്പന്‍ മൂങ്ങ), Barn Owls (വെള്ളിമൂങ്ങ), Great Grey Owls ,Bobook Owls ഇങ്ങനെ പല തരത്തിലുളള മൂങ്ങകളുണ്ട് ഇവിടെ.  ഇവയെ പറ്റി ഭയങ്കര വിവരമായതു കൊണ്ട് എല്ലാം ശരിക്കും മനസ്സിലായി.. (ആര്‍ക്കോ എന്ത് ശങ്കരാന്തി എന്നെന്തോ ചൊല്ലുണ്ടല്ലോ..) സ്നോയില്‍ മാത്രം താമസിക്കുന്ന മൂങ്ങയെപ്പറ്റി സത്യത്തില്‍ ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു ഇങ്ങനെയും ഒരു മൂങ്ങയുണ്ടെന്ന്. (എനിക്ക് വിവരമില്ലാത്തതു കൊണ്ടാണെന്നൊന്നും വിചാരിക്കല്ലേ... ഞാനൊരു ഭൂലോക പ്രസ്ഥാനമാണെന്നാണ് - യൂണിവേഴ്സല്‍ ഡിസാസ്റ്റര്‍ -  എന്‍റെ വിചാരം, എന്താ.. അങ്ങനെയല്ലേ.. )
ഇവിടെയും ഫോട്ടോയെടുക്കല്‍ നടന്നില്ല. ഇരുട്ടില്‍ എന്ത് ഫോട്ടോ.. ഫ്ലാഷ് ഉപയോഗിക്കാനും പാടില്ലല്ലോ... പാതിരാകൊക്ക് (Black-crowned Herons), എരണ്ട( Lesser Whistling Ducks), വയല്‍കണ്ണന്‍ (Stone Curlews) ഒക്കെയുണ്ട് ഇവിടെ തന്നെ.. (എനിക്കിതിന്‍റെയൊക്കെ മലയാളം പേരെങ്ങനെ അറിയാമെന്നല്ലേ... നമ്മുടെ ഗൂഗിളും വിക്കീപീഡിയയും ഇല്ലെങ്കില്‍ സത്യത്തില്‍ ഞാന്‍ പെട്ടു പോയേനേ.. ഇങ്ങനെ ഫ്രീയായി ഇന്‍ഫര്‍മേഷന്‍ കൊടുക്കരുതെന്ന് പറഞ്ഞ് അമേരിക്കയിലെന്തോ കേസുണ്ടെന്ന് തോന്നുന്നു.. ഈശ്വരാ ഇതെങ്ങാനും പെയ്ഡ് സൈറ്റാക്കിയാല്‍ ഞാന്‍ പെട്ടു പോകുമേ... അമ്മച്ചിയാണേ എന്‍റെ കാര്യം പോക്കാവും.. അങ്ങനെയൊന്നും സംഭവിക്കല്ലേയെന്ന് നിങ്ങളും പ്രാര്‍ത്ഥിച്ചേക്ക്. കാരണം ഇതെന്‍റെ മാത്രം ആവശ്യമല്ലായെന്ന് എന്നെനിക്കറിയാം)

ഹെലിക്കോണിയ ചെടികളുടെ ഒരു പാട് കളക്ഷനുണ്ടിവിടെ. മനസ്സിലായില്ലേ എന്താണിതെന്ന്. നമ്മുടെ പൂവാഴ (അങ്ങനെയല്ലേ അതിന്‍റെ പേര്....). ഇല്ലെങ്കില്‍ ഈ ഫോട്ടോ കാണുമ്പോള്‍ മനസ്സിലാവും.


അവിടുന്ന് നടന്ന് പോയപ്പോള്‍ കണ്ടത് ഈ പ്രാവിനെയാണ് (Crowned Pigeons). 
 


നല്ല ഇണക്കമുളളതാണ് ഇവ. ഒരു പേടിയുമില്ലാതെ നമ്മുടെ അടുത്തു കൂടി നടക്കും. ഫോട്ടോയ്ക്കൊക്കെ പോസ് ഒക്കെ ചെയ്തു തരൂട്ടോ... ഈ രസകരമായ വെയില്‍കായല്‍ എങ്ങനെയുണ്ട് ....
നടന്നു പോകുന്ന വഴിക്ക് പനോറെയില്‍ പോകുന്നതു കണ്ടൂട്ടോ.. നല്ല ഭംഗിയുണ്ട് കാണാന്.. മോണോറെയിലാണ് ഇത്. പൊക്കത്തില്‍ ഉണ്ടാക്കിയ പാലത്തില്‍ കൂടിയാണ് അതിന്‍റെ സഞ്ചാരം.

കുറച്ചു ദൂരം പോയപ്പോള്‍ പിള്ളേര് മണ്ണില്‍ കളിക്കുന്നു. നമ്മുടെ നാട്ടിലെ പിള്ളേരെ പോലെ ഇവരെന്തിനാ ഈ നാട്ടില്‍ വന്ന് മണ്ണില്‍ കളിക്കുന്നത് , ഇവര്‍ക്ക് ചോദിക്കാനും, പറയാനും ആരുമില്ലേയെന്ന് വെച്ച് നോക്കിയ പ്പോളാണ് സംഭവം പിടി കിട്ടിയത്. ഫോസില്‍ തപ്പിയെടുക്കുകയാണ്. അവിടെ ഒരു ഡിനോസറിന്‍റെ എല്ലോ.. അസ്ഥിയോ എന്തോ മണലില്‍ മൂടിയിട്ടുണ്ട്. നമുക്ക് അത് മാന്തി പുറത്തെടുക്കാം.. (വീട്ടില്‍ കൊണ്ടു പോകാനല്ല.. നമ്മള്‍ കണ്ടു പിടിച്ചുവെന്ന് അഭിമാനിക്കാം.) ഡീസന്‍റായതു കൊണ്ട് (ഡീസന്‍റാണെന്ന്  മറ്റുളളവര്‍ക്ക് തോന്നിക്കോട്ടേ എന്നു വിചാരിച്ച്) നമ്മള്‍ അത് മാന്താനൊന്നും പോയില്ല -അവിടെ മറ്റ് ആള്‍ക്കാരില്ലങ്കില്‍ ഞാന്‍ ഒന്നു ശ്രമിച്ചേനേ - ചേന സ്പൂണുകൊണ്ടുവരെ മാന്തിയെടുക്കുന്ന ഈ മലയാളിയുടെ അടുത്താണ് അവരുടെ ഒണക്ക എല്ലുംകഷ്ണം (ഫോസിലെന്നു പറഞ്ഞാല്‍ എന്തോ വലിയ സാധനം ആണെന്ന് തോന്നിയാലോ). പിന്നെ കണ്ടത് ഓസ്ട്രിച്ച്, എമു അങ്ങനെയുളള വയെയാണ്..


 അടുത്തതായി കണ്ടത് വേഴാമ്പലുകളെയാണ്. തെക്ക്കിഴക്കന്‍ ഏഷ്യയിലെ വേഴാമ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ കളക്ഷനാണിവിടെയത്രേ.. മലമുഴക്കി വേഴാമ്പലും (Great Indian Hornbill), നാട്ടു വേഴാമ്പലും, അങ്ങനെ പലതരത്തിലുളള വേഴാമ്പലുകളിണ്ടിവിടെ. വേഴാമ്പലുകള്‍ക്ക് വംശനാശ ഭീക്ഷണിയുളള കാരണം ഇവിടെ അങ്ങനെയുളളവയുടെ ബ്രീഡിംഗ് കേന്ദ്രം കൂടിയാണ്. 


പെലിക്കനുടെ ഒരു വലിയ ശേഖരമുണ്ട് ഇവിടെ, പല തരത്തിലും, കളറിലുമുളള പെലിക്കനുകള്‍. അരയന്നങ്ങള്‍ നിറഞ്ഞ കുളവും ഉണ്ട് കേട്ടോ ഇവിടെ തന്നെ







അടുത്തതായി കണ്ടത് ലോറി ലോഫ്റ്റ് ആണ്. ചെറിയ തത്തകളാണ് ഇവ. അതും പല കളറിലുളളവ. ലോകത്തിലെ ഏറ്റവും വലിയ ലോറി ഫ്ലൈറ്റ് ഏവിയറിയാണത്രേ ഇത്. ഒരു പാട് മരങ്ങള്‍, ഇതിന്‍റെ മുകളില്‍ വല കെട്ടി ഇവ പുറത്തു പോകാതെ സംരക്ഷിച്ചിരിക്കുന്നു.  ഈ മരങ്ങളുടെ മുകളില്‍ കൂടി തൂക്കു പാലമുണ്ട്. 
ലോറി ഫ്ലൈറ്റ് ഏവിയറി
9 നില കെട്ടിടത്തിന്‍റെ പൊക്കമുണ്ടത്രേ ഇതിന്. നമുക്ക് അതില്‍ നടന്ന് പോയി ഇവയെ കാണാം, ഫോട്ടോ എടുക്കാം, അവിടെ നിന്നും കാശ് കൊടുത്ത് വാങ്ങിയ പ്രത്യേക ഭക്ഷണം അവയ്ക്ക് കൊടുക്കാം. 1000 ലധികം കിളികളുണ്ട് ഇവിടെ. അവിടെ കയറിയപ്പോള്‍ അവയുടെ കലകല ശബ്ദം അരോചകമായിരുന്നോ എന്നറിയില്ല. കിളികളുടെ ശബ്ദം നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ ഇത് കുറച്ചു കടുത്തു പോയില്ലേ  എന്നൊരു സംശയമില്ലാതെയില്ല. 





കഴുകന്‍മാരെയും, ഗരുഡന്മാരെയും, പരുന്തുകളെയുമാണ് അടുത്തതായി കണ്ടത്. ഇത്രയും വലിയ കഴുകന്മാരെ ഞാനാദ്യമായി കാണുകയായിരുന്നു. അവയുടെ അടുത്ത് വലിയ വലിയ ഇറച്ചി കഷണങ്ങള്‍ കിടക്കുന്നത് കണ്ടപ്പോളേ പേടിയായി. ശവശരീരങ്ങളെ തിന്നാന്‍ ഇവരു വരുന്നതല്ലേ നമ്മള്‍ സിനിമയില്‍ കാണാറ്.. 

ഇവിടെയൊരു വെളളച്ചാട്ടമുണ്ട്. അതിരപ്പിളളി വെളളച്ചാട്ടമൊക്കെ കണ്ടിട്ടുളള നമുക്കിതൊക്കെ എന്താവാനാ.. ഇതില്‍ നൂലു പോലെയാണ് വെളളം വീഴുന്നത്. പക്ഷേ ഇത് ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വെളളച്ചാട്ടമാണത്രേ.. അതു കൊണ്ട് തന്നെ ഇവിടെ തളളിക്കയറി ഫോട്ടോയൊക്കെ ഞാനുമെടുത്തൂട്ടോ.. വെളളം കാണാത്ത പോലെ ഒരു പാട് മലയാളികളും ഫോട്ടോ എടുക്കാന്‍ ഇവിടെയുണ്ട് കേട്ടോ... ഒരു റെയിന്‍ഫോറസ്റ്റ് അറ്റ്മോസ്ഫിയര്‍‌ ഉണ്ടാക്കാനാണ് ഈ വെളളച്ചാട്ടവും, അതിനടുത്ത അരുവികളും ഒക്കെയിവിടെ.

തത്തകളാണ് പിന്നീട് അവിടെ എനിക്കും മോള്‍ക്കും കൂടുതല്‍ ഇഷ്ടമായത്. 92 തരം തത്തകളുണ്ടത്രേ അവിടെ.. ചുമ്മാ പറ്റിക്കാന്‌ പറയുന്നതാണോ.. (പാര്‍ക്കുകാര്‍ മാനനഷ്ടത്തിന് കേസു കൊടുക്കുമോ...) ഒരു പാട് വെറൈറ്റി ഞങ്ങള്‍ കണ്ടു. എത്രയെണ്ണമുണ്ടെന്ന് എണ്ണിയില്ല. എന്തായാലും സംഭവം കൊളളാമായിരുന്നു.



അവിടെയെത്തിയപ്പോള്‍ ഒരു ഹലോ കേട്ടു, അപ്പോള്‍ വേറെ ഒരു ഹലോ കൂടി, അപ്പോഴാണ് മനസ്സിലായത് ഈ ഹലോ പറയുന്നത് ഈ കൂട്ടില്‍ കിടക്കുന്ന തത്തയാണെന്ന്. നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്നതിനോട് തത്തമ്മേ.. പൂച്ച പൂച്ച എന്നു പറഞ്ഞാല്‍ അത് പറയില്ലേ.. അതു പോലെ, സിങ്കപ്പൂര്‍ തത്തയ്ക്ക് ഹലോയാണ്. മോളുടെ വകയും, എന്‍റെ വകയും ഹലോയുടെ മേളമായിരുന്നു പിന്നെ. ഓരോ കൂട്ടില്‍ ചെന്നിട്ടും ഹലോ.. ഹലോ... അവസാനം നിര്‍ത്തീട്ട് പോടേ എന്ന് കെട്ട്യോന്‍ പറയുന്നതു വരെ ഇത് തുടര്‍ന്നു. അവിടെയാണ് നമ്മുടെ നാഷനല്‍ ഫ്ലാഗിന്‍റെ കളര്‍ തത്തയേ കണ്ടത്. സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പറയ്..


ഇവിടെയും ഉണ്ട് പിള്ളേര്‍ക്ക് കളിക്കാനായി പാര്‍ക്ക്. പക്ഷേ അതില്‍ മോളെ കയറ്റിയാല്‍ അന്നത്തെ ദിവസം വേറെയൊന്നും നടക്കില്ലായെന്നറിയാവുന്നതു കൊണ്ട് അവളെ കാണിക്കാതെ സൂത്രത്തില്‍ അവിടെ നിന്ന് മാറി. 

ഫ്ലമിംഗോയുടെ ഒരു സംസ്ഥാന സമ്മേളനം അവിടെ നടക്കുന്നുണ്ടോയെന്ന് തോന്നി പോകുന്ന വിധത്തിലാണ് ഫ്ലമിംഗോകള്‍. എന്തു ഭംഗിയാണെന്നോ ഇതിന്. കണ്ട് മതി വരാതെ അവിടെ തന്നെ വായ പൊളിച്ച് നിന്നു, (വായയില്‍ ഈച്ച കേറാത്തതു ഭാഗ്യം.) എന്തായാലും അതും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ നിന്നിറങ്ങി.
 ദാ കണ്ടില്ലേ മോളുടെ വായന...


 ഇറങ്ങുന്ന വഴിക്ക് ഓര്‍ക്കിഡുകളെ നല്ല രീതിയില്‍ വളര്‍ത്തിയിരിക്കുന്നത് കണ്ടു. അതിന്‍റെ കൂടെ നിന്ന് കുറച്ചു ഫോട്ടോസും എടുത്തു. ( കുറേ കാലം കഴിയുമ്പോള്‍ ഈ ഫോട്ടോസും, വീഡിയോസുമല്ലേ നമുക്ക് ഓര്‍ക്കാനായി ഉണ്ടാവൂ. കണ്ടതൊക്കെ അപ്പോളേ മറക്കില്ലേ....) 


അങ്ങനെ ബേര്‍ഡ് പാര്‍ക്കിന് ടാറ്റാ പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് ബസ്സില്‍ കയറി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ കണ്ട ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്ന് 3 സെറ്റ് പൊറോട്ടയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. 2 പൊറോട്ടയും, പിന്നെ ഒരു കോഴിയെ നടുവെ മുറിച്ചിട്ട ഒരു കറിയുമാണ് ഒരു സെറ്റ്. കഷണമൊക്കെ അവിടെ വെച്ച് പൊറോട്ട മാത്രം കഴിച്ച് എഴുന്നേറ്റു. 


ഇനിയും ഞാനെഴുതിയാല്‍ ആരും വായിക്കില്ലായെന്ന് മനസ്സിലായതു കൊണ്ട് ഇതിന്‍റെ ബാക്കി അടുത്ത പോസ്റ്റില്‍....



Tuesday, March 20, 2012

സിങ്കപൂര്‍ യാത്ര - നാലാം ദിവസം

അങ്ങനെ സിങ്കപൂരില്‍ 3 ദിവസം കഴിഞ്ഞു. ദിവസങ്ങള്‍‌     ഓടി പോകുന്നതു പോലെ.. പണ്ടു മുതല്‍ സ്കൂളില്‍ നിന്നൊക്കെ ട്രിപ്പ് പോകുമ്പോള്‍ പ്രാര്‍ത്ഥിക്കും...ഈശ്വരാ ഈ യാത്ര അവസാനിക്കല്ലേയെന്ന്... അതു പോലെയാണ് ഇപ്പോളും മനസ്സില്‍. എന്തായാലും രാവിലെ നേരത്തെ എഴുന്നേറ്റെന്നൊന്നും കരുതേണ്ട.. എന്നും എഴുന്നേല്ക്കുന്നതു പോലെ നേരം വൈകി തന്നെ. എന്നാലും 9.30 യ്ക്ക് ഉളള സിങ്കപ്പൂര്‍ അട്രാക്ഷന്‍ എക്സ്പ്രസ്സില്‍ കയറി. ഹോട്ടലിന്‍റെ അടുത്തു തന്നെയാണ് സ്റ്റോപ്പ്. ഈ ബസ്സ് 8.30, 9.30, 10.30, 1.30 യ്ക്കൊക്കെയുണ്ട് അവിടെ നിന്നും. ഒരാള്‍ക്ക് 4.30 സിങ്കപ്പൂര്‍ ഡോളറിന് നേരെ സിങ്കപ്പൂര്‍ സൂവിലേക്കാണ്. (6753-0506 ഇതില്‍ വിളിച്ചാല്‍ ഈ ബസ്സിന്‍റെ ഡീറ്റെയില്‍സ് കിട്ടും). അര മണിക്കൂര്‍ യാത്രയേയുളളൂ സൂവിലേക്ക്. ബസ്സ് സിറ്റി വിട്ട് കുറച്ചു ദൂരം കൂടി പോയി. വൃത്തിയുളള റോഡുകള്‍. വശങ്ങളിലെല്ലാം മരങ്ങള്‍ ഭംഗിയായി നട്ടു പിടിപ്പിച്ചിരിക്കുന്നു. (ഇതുപോലുള്ള ഡയലോഗ് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഓ സഞ്ചാരം പ്രോഗ്രാമില്‍)

സിങ്കപ്പൂരിലെ റോഡിനെയും വൃത്തിയേയും പറ്റി പ്രത്യേകിച്ച് പറയണ്ടല്ലോ.. വര്‍ഷം മുഴുവന്‍ മഴ പെയ്യുന്ന സ്ഥലമായിട്ടും ഒരു റോഡും പൊട്ടിപ്പൊളിഞ്ഞിട്ടില്ല.( നമ്മുടെ നാട്ടില്‍ റോഡു പൊളിയുന്നതിന് കാരണമായി പറയുന്നത് മഴയാണെന്നല്ലേ...) അതു പോലെ ആരും വേസ്റ്റ് റോഡ്സൈഡില്‍ ഇടുന്നുമില്ല. 

 എന്തായാലും സൂവിലെത്തി, ടിക്കറ്റ് നേരത്തെയെടുത്തതു കൊണ്ട് അതിന് ക്യൂ നില്ക്കേണ്ടി വന്നില്ല. മോള്‍ക്ക് സ്ട്രോളറും വാടകയ്ക്കെടുത്ത് ഉളളിലേക്ക് നടന്നു. സ്ട്രോളര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ സൂവിന്‍റെ മാപ്പും കിട്ടി. അതില് കുന്നംകുളം എവിടെയാണെന്ന് നോക്കി ഞങ്ങള്‍ നടന്നു.


 



 ട്രാം ഉണ്ട് സൂവിന്‍റെയുളളില്‍. അതില്‍ കയറിയാല്‍ നടക്കാതെ സൂ കാണാലോയെന്ന് കരുതി (ഹമ്പട ഞാനേ...) അതിന്‍റെ ടിക്കറ്റ് അന്വേഷിച്ചു. നേരെ അവിടേക്ക് പോയി ടിക്കറ്റെടുത്തു ട്രാമില്‍ കയറി. ട്രാമിന് 4 സ്റ്റോപ്പ് മാത്രമേയുളളൂ..  പിന്നെ ട്രാമില്‍ ഇരുന്നാല്‍ വശങ്ങളില്‍ കാണാന്‍ പറ്റുന്ന മൃഗങ്ങള്‍ കുറവാണ്. പോകുന്ന വഴിക്ക്  സിംഹം, സീബ്ര, ജിറാഫിനെയും കണ്ടു. നമ്മുടെ നാട്ടിലെ പോലത്തെ സൂവല്ല. എല്ലാ മൃഗങ്ങളേയും ഫ്രീയായി വിട്ടിരിക്കുകയാണ്. ട്രാം ടിക്കറ്റെടുത്തത് വെറുതെയായെന്ന് പിന്നീട് തോന്നി. ഞങ്ങള്‍ ട്രാമില്‍ കയറി ആദ്യത്തെ സ്റ്റോപ്പില്‍ ഇറങ്ങി. സൂവില്‍ ദിവസവും ഷോകളുണ്ട് പക്ഷേ ഓരോന്നിന്‍റെയും സമയത്ത് അവിടെയെത്തി പെടുകയെന്നത് ബുദ്ധിമുട്ടാണ്. വീട്ടിലിരുന്ന് ലിസ്റ്റൊക്കെയുണ്ടാക്കിയപ്പോള്‍ ഓരോ സമയത്ത് ഏതൊക്കെ കാണണം എന്നൊക്കെ നമ്പറിട്ടെഴുതിക്കൊണ്ടാ വന്നത്... അതു വെറും നമ്പറായിത്തന്നെ കയ്യിലിരുന്നുവെന്ന് മാത്രം... അവിടെ ചെന്നപ്പോളാണ് ഇതൊന്നും നടക്കുന്ന കാര്യമല്ലായെന്ന് മനസ്സിലായത്. 

ഞങ്ങള്‍ ആദ്യം കയറിയത് കിഡ്സ് റെയിന്‍ഫോറസ്റ്റിലാണ്(Kidz Rainforest ). കയറുന്നയുടന്‍ തന്നെ പോണി റൈഡുകള്‍ക്കുളള അവസരമുണ്ട്. അതിനു വേണ്ടിയുളള പോണികളുടെ ഒരു കുതിരാലയം അവിടെ.. നാട്ടിലേ പോലെ വ്യത്തിയില്ലാത്ത തൊഴുത്തല്ലാട്ടോ, ഫാനൊക്കെയിട്ട് നല്ല ക്ലീന്‍ സ്ഥലത്തിങ്ങനെ ജാഡയായി നില്‍ക്കുന്നു..

ചെന്നപ്പോള്‍ തന്നെ അവിടെയുളള വാട്ടര്‍ തീമ്ഡ് പ്ലേഗ്രൌണ്ടില്‍ മോള്‍ക്ക് കളിക്കണം.. പിന്നീട് കളിക്കാമെന്ന് പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവുമോ.. അനിമല്‍ ഫ്രണ്ട്സ് ഷോ തുടങ്ങാന്‍ സമയവുമായി.. എന്തായാലും അത് കാണാമെന്ന് വെച്ചു.  അവളെ പിടിച്ച് വലിച്ച് അവിടേക്ക് കൊണ്ടു പോയി. അവിടെ ചെന്നിട്ടും ആദ്യമെല്ലാം വാശിയിലായിരുന്നു. പിന്നീട് അവിടെ നടന്ന പൂച്ചയുടേയും, നായയുടേയും ഷോ കണ്ടപ്പോള്‍ അവള്‍ക്ക് ഇഷ്ടമായി. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഷോ ആയിരുന്നു അത്. ഷോയുടെ അവസാനം ബബിള്‍സില്‍ കളിക്കാനുളള അവസരവും ഉണ്ടായിരുന്നു.



 രാവിലെ ഒന്നും കഴിക്കാതെ ഫുഡ് പാഴ്സലായി വാങ്ങിയാണ് പോയത്. അവിടെയിരുന്ന് അതും കഴിച്ച് ഞങ്ങള്‍ നടന്നു. നേരെ പോയത് Elephants of Asia യിലേക്കാണ്  അവിടെ ചെന്നപ്പോളേക്കും 'Elephants at Work and Play'  ഷോ തീര്‍ന്നു. ആ ഷോ തീര്‍ന്നതു കൊണ്ട് അധികം വിഷമം തോന്നിയില്ല. പിന്നെ തൃശ്ശൂര്‍ക്കാരിക്കാണ് ആനയെ കാണാത്തതിന് വിഷമം. നമ്മള്‍ കാണാത്ത ആനയുണ്ടോ.. കാളിയാറോഡ് നേര്‍ച്ചയ്ക്ക് എത്ര ആനയേ ആണ് നമ്മള്‍ കാണാറ്.. ( ഇപ്പോളല്ലേ ആനയുടെ എണ്ണം കുറഞ്ഞത്.) പണ്ടൊക്കെ നേര്‍ച്ചയ്ക്ക് ആനയെ കൊണ്ടു വരുമ്പോള്‍ തളയ്ക്കാറ്  ഞങ്ങളുടെ പറമ്പിലാണ്. എത്രയോ കറുപ്പും വെളുപ്പും ആനകളെ വാലില്‍ പിടിച്ച് കറക്കി എറിഞ്ഞിരിക്കുന്നു (വെറുതേ ഇരിക്കട്ടന്നേ) .എന്തായാലും മോള്‍ക്ക് ആനയേയും കാണിച്ച് കൊടുത്ത് അവിടെ നിന്ന് പോന്നു.


അപ്പോളേക്കും 'The Rainforest Fights Back'   ഷോ തുടങ്ങാറായെന്ന് മനസ്സിലാക്കി നേരെ Shaw Foundation Amphitheatre ലേക്ക് വെച്ചു പിടിച്ചു.







അവിടെ ചെന്ന് ഐസ്ക്രീമും വാങ്ങി ഷോ കാണാന്‍ പറ്റിയ സ്ഥലം നോക്കിയിരുന്നു.  കാട്ടിലെ കാലാവസ്ഥയില്‍ മൃഗങ്ങള്‍ എങ്ങനെ വളരുന്നു.. എന്നൊക്കെ മനസ്സിലാക്കി തരുന്ന ഒരു ഷോയാണിത്. മനുഷ്യര്‍ക്ക് സാധിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മൃഗങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നും ഇതില്‍ കാണിക്കുന്നു. എക്സാംപിള്‍ കുരങ്ങന്മാര്‍ തേങ്ങ പൊതിക്കുന്നത്, ആദ്യം ഒരാളെ വിളിച്ച് തേങ്ങ, എറിഞ്ഞോ, ഇടിച്ചോ, കടിച്ചോ എങ്ങനെയെങ്കിലും പൊതിക്കാന്‍ പറഞ്ഞു. ആ ചേട്ടന്‍ കുറേ നേരം ചകിരി കടിച്ചെടുക്കാന്‍ നോക്കി, ചകിരി അവിടെതന്നെയിരുന്നതല്ലാതെ പൊളിഞ്ഞു വന്നില്ല. ഇതൊരു ചിമ്പാന്‍സിക്ക് കൊടുത്തപ്പോള്‍ അത് ഈസിയായി 10 സെക്കന്‍റ് കൊണ്ട് ചകിരിയും കളഞ്ഞ് പൊട്ടിച്ച് വെളളവും കുടിച്ചു. 

 പിന്നെ പാമ്പിനെ ഒരാള് തോളിലിട്ടു കൊണ്ടു  നടന്നിട്ട്, അയാളുടെ രണ്ടാമത്തെ പാമ്പിനെ കാണാനില്ല, നിങ്ങളുടെ സീറ്റിനടിയിലോ മറ്റോ ഉണ്ടോ എന്ന് നോക്ക് എന്നൊക്കെ പറഞ്ഞ് കാണികളെ പേടിക്കാന്‍ നോക്കി. ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു വെന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പേടിച്ചൊന്നുമില്ല. നമുക്കറിയാലോ ഇത് ഷോയാണെന്ന്. അല്ലെങ്കില്‍ കാണായിരുന്നു എപ്പോളേ നമ്മള്‍ (തിരുവന്തപുരം ഭാഷയില്‍ പറഞ്ഞാല്‍) ഓടിത്തളളിക്കളഞ്ഞേനേ...
Shaw Foundation Amphitheatre ല്‍ Splash Safari ഷോ ഉണ്ടായിരുന്നു. പക്ഷേ അത് 10.30 യ്ക്കും, 5 മണിക്കും ആയിരുന്നു. 10. 30 ക്ക് കാണാന്‍ പറ്റിയില്ല. പിന്നെ 5 മണി വരെ അവിടെ നില്‍ക്കാന്‍ വയ്യാത്തതു കൊണ്ട് അത് കാണണ്ടായെന്ന് വെച്ചു. അല്ലാതെയെന്തു ചെയ്യാം. ഇവന്മാര്‍ക്ക് ഇതെല്ലാം സമയം നോക്കി വെച്ചു കൂടേ... എന്തായാലും അവിടെ പോയി ആഫ്രിക്കന്‍ പെന്‍ഗിനു കളെയും, പെലിക്കനെയും കണ്ടു.


ഇവയുടെ ഷോ ആയിരുന്നു നമ്മള്‍ മിസ് ചെയ്തത് എന്നത് ശരിക്കും വിഷമമായി. എന്നാലും  സിനിമകളില്‍ മാത്രം കണ്ടിട്ടുളള പെന്‍ഗിനുകളെ നേരിട്ട് കണ്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നി..
ഇതിനിടയില്‍ പോകുന്ന വഴിക്കെല്ലാം ഒരുപാട് ജീവികളെ കണ്ടൂട്ടോ.. 
 


 വെളള കടുവ താമസിക്കുന്ന സ്ഥലം കണ്ടപ്പോള്‍ ചെറിയ പേടി തോന്നാതിരുന്നില്ല. 3,4 കടുവകളെ ഒരു കിടങ്ങിന് അപ്പുറത്ത് ഇട്ടിരിക്കുന്നു. അതും ആരോഗ്യമൊന്നും ഇല്ലാത്ത ഞാഞ്ഞൂല്‍ കടുവയല്ല.. നല്ല തടിയന്‍ കടുവകള്‍. ബ്രേക്ക്ഫാസ്റ്റിന് ഒരു പാവം തൃശ്ശൂര്‍ക്കാരിയെ റോസ്റ്റാക്കി കഴിക്കാമെന്ന് വെറുതേ തോന്നല്ലേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ച് അവിടെ നിന്നു.
പിന്നെ സൂവില്‍ ഇഷ്ടമായത് മീനുകളെയാണ്.. ഇതിനെയെന്താണാവോ ഇത്ര ഇഷ്ടമെന്നല്ലേ... പണ്ടേ മീനുകളെന്‍റെ വീക്ക്നസ്സാണ്.. കഴിഞ്ഞ ജന്മത്തില്‍ മത്സ്യകന്യകയായിരുന്നുവെന്ന് ഹസ്ബന്‍റ് പറയാറുള്ളതാ....


 
അതെന്തായാലും എനിക്ക് മീനുകളെ കണ്ടാല്ഒരിളക്കമാണ്...  തിന്നാനല്ലാട്ടോ.. ചുമ്മാ മീന്‍മാര്‍ക്കറ്റില്‍ പോവുക.. മീനെ കാണുക.. ഇത്ര മാത്രം. ചൂണ്ടയിടാനൊക്കെ ഇഷ്ടമാണ്. . പക്ഷേ എനിക്കൊരു കൂട്ടില്ലാത്തതു കൊണ്ട് അതെന്‍റെ നടക്കാത്ത സ്വപ്നമാണ്. പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ... അപ്പോള്‍ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍ സൂവില്‍ എല്ലായിടത്തും ചെറിയ അരുവി പോലെ ഉണ്ടാക്കിയിട്ടുണ്ട്,അതിലെല്ലാം വലിയ മീനുകളും, ആമകളും.അരുവികളില്‍ മാത്രമല്ലാട്ടോ. ചെറുതും വലുതുമായ ടാങ്കുകളിലുമുണ്ട്.,പക്ഷേ കാണാന്‍ രസം അരുവികളിലെയാണ്
 .
 


 പിന്നെ കണ്ടതില്‍ ഇഷ്ടം തോന്നിയത് കങ്കാരുവിനെ കണ്ടപ്പോളാണ്.. ഈ കങ്കാരു .. കങ്കാരു .. എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു.
അവിടെ പോകുന്ന വഴിക്ക് ഒരു പഴയ ആഫ്രിക്കന്‍ വില്ലേജ് പോലെയെന്തോ കണ്ടു.. എന്താണെന്ന് ശരിക്കും മനസ്സിലായില്ല. പഴയ ഗ്രാനറി ഒക്കെയാണത്രേ –നമ്മുടെ നാട്ടിലെ പത്തായത്തിന്‍റെ റോളാണ് ഈ ഗഡിക്ക്.. ഒന്നും മനസ്സിലായില്ലെങ്കിലും നമ്മള്‍ അതിന്‍റെയടുത്ത് നിന്ന് ഫോട്ടോയൊക്കെയെടുത്തു.. ഈ ഫോട്ടോ കണ്ടിട്ട് നിങ്ങള്‍ക്കെന്തെങ്കിലും മനസ്സിലായോ (വലത്തു നിന്നും രണ്ടാമത്തേതാ ഞാന്‍‍ ‍)...




പിന്നെ കണ്ടത് ഒറങ് ഒട്ടാനെയാണ്.. മരത്തിന്‍റെ മുകളില്‍ പ്രത്യേക വലയൊക്കെ വിരിച്ചും, മറ്റു മരങ്ങളെ കയറുപയോഗിച്ച് കെട്ടിയും അതിന് ഓടികളിക്കാനുമുളള സൌകര്യങ്ങള്‍ ചെയ്തു കൊടുത്തിരിക്കുന്നു.  

ദേ തിന്നു ബോറടിച്ച് ഒരെണ്ണം.....


 അതു പോലെ കരടികള്‍ക്കും കാട്ടില്‍ കഴിയുന്ന രീതിയില്‍ ഇവിടെ കഴിയാന്‍ അവസരമുണ്ടാക്കിയിരിക്കുന്നു.


പിന്നീട് കണ്ടത് മുതല, ആമ (ആമയെന്ന് പറഞ്ഞാല്‍ ചെറിയ ആമകളെയല്ല.വലിയ ആമകളെയാണ്..കണ്ടാല്‍ കടലാമയുടെ വലുപ്പമുണ്ട് ) അതു പോലെ നക്ഷത്ര ആമകളെയും അവിടെ കണ്ടു. 






അങ്ങനെ സൂ മുഴുവന്‍ കണ്ടു തീര്‍ന്നതിനുശേഷം ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി, തൊട്ടടുത്ത് തന്നെ ബസ്സ് സ്റ്റോപ്പുണ്ടായിരുന്നു അവിടെ നിന്ന് ബസ്സ് കയറി നേരെ സിങ്കപ്പൂര്‍ ഫ്ലയറിലേക്ക് വിട്ടു. ആദ്യത്തെ ദിവസം പോയപ്പോള്‍ തിരക്കു കാരണം കയറാതിരുന്ന സ്ഥലം ഇപ്പോളെത്തിയപ്പോള്‍ ആടു കിടന്നയിടത്ത് പൂട പോലുമില്ലായെന്ന അവസ്ഥയിലായിരുന്നു. അവിടെയെത്തി ടിക്കറ്റ് എടുത്ത് ഫ്ലയറില്‍ കയറി. ഫ്ലയറില്‍ കേറുന്നതിന് മുമ്പ് Journey of Dreams ഉണ്ട്. ഫ്ലയറിന്‍റെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോയും മറ്റും ഒരു പനോരോമിക് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും മറ്റും കണ്ടു. ടൈം മെഷീന്‍ എന്ന ഡിസ്പ്ലേയില്‍ ഒരു ഡയല്‍ തിരിച്ച് നമുക്ക് ഫ്ലയറിന്‍റെ ഓരോ കാലഘട്ടങ്ങളിലൂടെ കടന്നു പോകാം. അങ്ങനെ പലതും..

സിങ്കപ്പൂര്‍ ഫ്ലയര്‍ 165 മീറ്റര്‍ ഉയരമുളള ലോകത്തിലെ ഏറ്റവും വലിയ ഒബ്സര്‍വേഷന്‍ വീലാണ്.  ആകാശത്തില്‍ നിന്നുള്ള വ്യൂ കാണാന്‍ പറ്റുന്ന പൊക്കത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഇതില്‍ നിന്നാല്‍ സിങ്കപ്പൂര്‍ മാത്രമല്ല ഇന്ത്യോനേഷ്യയും, മലേഷ്യയും കാണാമത്രേ (ഞാന് നോക്കീട്ട് കുറേ കിളികളെ മാത്രമേ കണ്ടുള്ളൂ, മലേഷ്യന്‍ കിളികളായിരിക്കും).... ഇതൊക്കെ സിങ്കപ്പൂരിന്‍റെ ഏതു സൈഡിലാണ് എന്താണെന്ന് വിവരമില്ലാത്തവര്‍ ഇതിന്‍റെ മുകളില്‍ കയറി നിന്നിട്ട് എന്തു കാര്യം. ഇതാണ് ജോഗ്രഫി ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയാലുളള സ്ഥിതി. (ചുമ്മാ... ആ ചേലക്കര കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ട് എവിടെ പോകാന്‍. അങ്ങനെയെങ്ങാനും പോയാല്‍ സിസ്റ്റേഴ്സ് അപ്പോളെ കാല് വെട്ടില്ലേ... പിന്നെ പോകാന്‍ പറ്റിയ തീയ്യറ്ററുമില്ലല്ലോ.. ) എന്തൊക്കെ പറഞ്ഞാലും ഫ്ലയറിന്‍റെ മുകളില്‍ നിന്നുളള വ്യൂ കൊള്ളാമായിരുന്നു.
 





ഇതിനു മുമ്പൊക്കെ നമ്മള്‍ തൃശ്ശൂര്‍ പൂരപറമ്പിലെ ജെയ്ന്‍റ് വീലിലല്ലേ കയറിയിട്ടുളളൂ... അതില്‍ കയറിയാല്‍ എന്തു കാണാന്‍. പണ്ടു തൊട്ടേ ജെയ്ന്‍റ് വീലില്‍ കയറുമ്പോള്‍ നല്ല ഇഷ്ടമാണ്. പക്ഷേ അത് താഴോട്ട് വരുമ്പോള്‍ വയറ്റില്‍ നിന്ന് എരിച്ചിലോ... പുകച്ചിലോ..എന്താ പറയുക... എന്തായാലും ഞാനെന്താണെന്ന് പറഞ്ഞു വരുന്നതെന്ന് അതില്‍ കയറിയവര്‍ക്ക് മനസ്സിലായിട്ടുണ്ടാവും... പക്ഷേ സിങ്കപ്പൂര്‍ ഫ്ലയര്‍ ഇങ്ങനെയൊന്നുമല്ലാട്ടോ. ഇത് മെല്ലെയാണ് കറങ്ങുക. എല്ലാം കണ്ട് ഫോട്ടോയൊക്കെ എടുക്കാനുളള സമയമുണ്ട്. നമ്മള്‍ കയറി നില്‍ക്കുന്ന കാപ്സൂളുകളില്‍ നില്‍ക്കാനും, ഇരിക്കാനും പറ്റും. കാപ്സൂളിന്‍റെ ആക്യതിയുളള എല്ലാ വശവും ഗ്ലാസ്സു കൊണ്ട് അടച്ചിരിക്കുന്ന എസിയുളള റൂമാണ് ഇത്. ഇതില്‍ കയറി മുകളില്‍ എത്തിയപ്പോള്‍ താഴെ ഒരു പുല്‍തകിടി കണ്ടു. നല്ല ഭംഗിയുണ്ടല്ലോ എന്ന് മനസ്സില്‍‌ പറഞ്ഞു ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോളാണ് അതൊരു കെട്ടിടത്തിന്‍റെ മുകള്‍ഭാഗമാണെന്ന് മനസ്സിലായത്. നല്ല ഭംഗിയില്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ പുല്ല് പിടിപ്പിച്ചിരിക്കുന്നു.





അവിടെ നിന്നാല്‍ എക്സപ്ലനേഡും, മറീനാബേയും, നദിയും എല്ലാം നല്ല ഭംഗിയില്‍ കാണാം. പിന്നെ വേറെ ഒരു കാര്യം ശ്രദ്ധിച്ചത്, നമ്മളിതിന്‍റെ മുകളില്‍ കയറിയപ്പോള്‍ തൊട്ട് ഫോട്ടോയെടുക്കല്‍, വീഡിയോ യെടുക്കലൊക്കെയായി ഭയങ്കര ബിസിയായിരുന്നു, അപ്പോള്‍ കുറച്ചു പേര്‍ ഒരു റിയാക്ഷനുമില്ലാതെ ചുമ്മാ കാപ്സൂളിന്‍റെ നടുവിലുളള ഇരിപ്പിടത്തില്‍ ഇരിക്കുന്നു. ഇരിക്കാനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരേ..  പൊക്കം പേടിയായിട്ടാവുമായിരിക്കുമല്ലേ...


പിന്നീട് പോയത് ലോകത്തിലെ ഏറ്റവും വലിയ ഫൌണ്ടനായി 1998 ല്‍ ഗിന്നസ് ബുക്കില്‍ വന്ന ഫൌണ്ടന്‍ ഓഫ് വെല്‍ത്ത് കാണാനാണ്.



ഇത് സിങ്കപ്പൂരിലെ വലിയ ഷോപ്പിംഗ് മാളായ സണ്‍ടെക് സിറ്റിയിലാണ്. അവിടെ ചെന്നപ്പോള്‍ ലേസര്‍ഷോയുടെ സമയമായിരുന്നു. ലേസര്‍ഷോ അത്ര രസമില്ലെങ്കിലും ഞങ്ങള്‍ അത് കണ്ട് അവിടെയിരുന്നു. ചൈനീസ് സംസ്കാരമനുസരിച്ച് ഈ ഫൌണ്ടനിലെ വെളളം ജീവന്‍റെയും സമ്പത്തിന്‍റെയും അടയാളമായാണത്രേ, അത് ഉള്ളിലേക്ക് ഒഴുകുന്നത്കൊണ്ട് സമ്പത്ത് സണ്‍ടെക്ക് മാളിലേക്ക് ഒഴുകിവരുമെന്ന്. ഫെങ്ഷൂയ് അനുസരിച്ച് ഈ ഫൌണ്ടന് 3 പ്രാവശ്യം വെളളം തൊട്ടുകൊണ്ട് ചുറ്റിയാല്‍ ആ തൊടുന്നവന്‍റെ കൂടെ ഭാഗ്യം വരുമത്രേ.. എന്തായാലും ഇത് പരീക്ഷിക്കാനൊന്നും ഞാന്‍ നിന്നില്ല. എങ്ങാനും ഭാഗ്യം വന്നാല്‍ ഞാന്‍ അഹങ്കാരിയായി പോയാലോ..  

 അവിടെ നിന്ന് പോയത് മെര്‍ലയണ്‍ പാര്‍ക്കിലേക്കാണ്. ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് സിങ്കപ്പൂര്‍ നദിയുടെ ഒരു വശത്താണ്. അവിടെ നിന്നുളള രാത്രി കാഴ്ച അതി മനോഹരമാണ്. 




ഞാന്‍ വാളു വെയ്ക്കുന്നതു പോലെ തോന്നുന്നത് ഒരു Optical illution (പറ്റിക്കല്‍ ഇല്യൂഷന്‍ അഥവാ ഭൂഖണ്ഡാന്തര ഛായാചിത്ര ഉഡായിപ്പ്) മാത്രമാണ്, അല്ലാതെ ഒരു ബിയറുകുടിച്ചാല്‍ വാളുമോ....




 സിങ്കപ്പൂരിന്‍റെ അടയാളമാണ് പകുതി മീനും, പകുതി സിംഹവുമായ  മെര്‍ലയണ്‍ പ്രതിമ. ഈ പാര്‍ക്കിലുളള ഈ പ്രതിമയുടെ പൊക്കം 8.6 മീറ്ററും തൂക്കം വെറും 40 ടണ്ണും ആണ്. സിങ്കപ്പൂര്‍  നദിയുടെ മറു വശത്തുളള മറീനാ ബേയിലേക്ക് വായനോക്കി  നില്‍ക്കുന്നതു പോലെയാണ് നില്‍പ്പ്. ഫോട്ടോ എടുക്കാന്‍ ഇതിനുമുമ്പില്‍ വ്യൂവിംഗ് ഡക്ക് ഉണ്ട്. ഇവിടെ നിന്നാല്‍ സിങ്കപ്പൂര്‍ ഫ്ലയറും. എക്സപ്ലനേഡും, മറീനാബേയും എല്ലാ നന്നായി കാണാം.  ഇവിടെ നിന്നുളള രാത്രി കാഴ്ച നല്ലതായിരിക്കുമെന്ന് മനസ്സിലാക്കി ഞങ്ങള്‍ സന്ധ്യയായിട്ടാണ് അവിടെ പോയത്. കേട്ടതു സത്യമാണെന്ന് അവിടെ ചെന്നപ്പോള്‍ മനസ്സിലായി. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ലേസര്‍ഷോ തുടങ്ങി. അത്ര വലുതെന്ന് പറയാനില്ലെങ്കിലും കൊളളാമായിരുന്നു.  ആ പാര്‍ക്കില്‍ ഈ പ്രതിമയുടെ പുറകിലായി രണ്ടു മീറ്റര്‍ പൊക്കമുളള രണ്ടുചെറിയ പ്രതിമകളും ഉണ്ട്. അമ്മയും രണ്ടു കുഞ്ഞുങ്ങളും എന്നും പറയാം.

അതും കണ്ട് കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടലില്‍ പോയി കുളിച്ച് ഫ്രഷായി (തിളച്ച വെളളം ഒഴിച്ചുവെന്നാണ് പറയേണ്ടത്. അന്ന് നടന്ന ദൂരം നേരെ നടന്നിരുന്നെങ്കില്‍ മലേഷ്യയിലെത്തിയേനെ...) ഭക്ഷണം കഴിച്ച് സൈഡായി - അങ്ങനെ നാലാം ദിവസവും തീര്‍ന്നു, ദിവസത്തിനപ്പോ 24 മണിക്കൂറില്ലേ എന്നൊരു സംശയം.




വായിച്ചിട്ട് നല്ലതാണെന്ന് തോന്നിയാല്‍ ഒരു കമന്‍റ് എഴുതണേ..