Thursday, March 15, 2012

സിങ്കപ്പൂര്‍ യാത്ര –മൂന്നാം ദിവസം

തലേ ദിവസത്തേ പോലെ നേരം വൈകി പോകണ്ടല്ലോയെന്ന് കരുതി നേരത്തെ എഴുന്നേറ്റുവെന്ന് എന്നൊന്നും കരുതണ്ട. പണ്ടേ നേരത്തെ എഴുന്നേല്‍ക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. അത് കേരളമായാലും, മസ്കറ്റിലായാലും, സിങ്കപൂരായാലും കണക്കു തന്നെ. എന്തായാലും എങ്ങനെയൊക്കയോ സ്വയം തല്ലിയെഴുന്നേല്പിച്ചു, കെട്ട്യോനെയും, മോളെയും ചവിട്ടിയുണര്‍ത്തി. അല്ലാതെ എന്തു ചെയ്യാനാ... ഉറങ്ങാനാണെങ്കില്‍ നമുക്ക് മസ്കറ്റില്‍ കിടന്നാല്‍ പോരേ....

താഴെ നിന്നും മസാലദോശയും കഴിച്ച് നേരെ മെട്രോയിലേക്ക്, ഇന്നും സെന്‍റോസയിലേക്ക് തന്നെയാണ്. അവിടുത്തെ യൂണിവേഴ്സല്‍ സ്ററുഡിയോലിലേക്ക്. യൂണിവേഴ്സല്‍ സ്ററുഡിയോ എന്നു വെച്ചാല്‍ സെന്‍റോസ ഐലന്‍റിലെ ഒരു തീം പാര്‍ക്ക് ആണ്. ഇത്  ഏഷ്യയിലെ രണ്ടാമത്തെയും തെക്ക് കിഴക്ക് ഏഷ്യയിലെ ആദ്യത്തേയും യൂണിവേഴ്സല്‍ സ്ററുഡിയോ തീം പാര്‍ക്ക് (ജപ്പാനാണ് ആദ്യസ്ഥാനം) ആണ്. യൂണിവേഴ്സല്‍ പിച്ചേഴ്സിന്‍റെ സിനിമകളുടെ തീമിലാണ് ഓരോ ഏരിയകള്‍ തിരിച്ചിരിക്കുന്നത്. ബാറ്റില്‍സ്റ്റാര്‍ ഗാലക്റ്റിക്കയും, മഡഗാസ്കറും, ഷ്രെക്കും, ട്രാന്‍സ്ഫോര്‍മേഴ്സും, മമ്മിയും ഒക്കെ ഓരോ തീമുകളാണ്. ടിക്കറ്റ് നേരത്തെ നെറ്റില്‍ നിന്ന് എടുത്തിട്ടുണ്ട്. അതു കൊണ്ട് നമുക്ക് അതിന് ക്യൂ നില്ക്കണ്ടല്ലോ, ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ഓടി കയറാം (നമ്മുടെ നാട്ടില്‍ കല്യാണത്തിന് ഭക്ഷണത്തിന് ഗേറ്റ് തുറക്കുമ്പോള്‍ തളളിക്കയറുന്നതുപോലെ) എന്നൊക്കെയാണ് വിചാരിച്ചത്. എവിടെ.... അവിടെ ചെന്നപ്പോളല്ലേ മനസ്സിലായത് എന്നേക്കാളും ബുദ്ധിയുളളവരാണ് അവിടെയുളളതെന്ന്. എല്ലാവരുടെ കയ്യിലും ടിക്കറ്റ്.. ഇവിടെ തൃശ്ശൂര്‍ പൂരത്തിനുളള തിരക്ക് എന്നല്ലാ പറയേണ്ടത്... (അതിലും വലിയ തിരക്ക് എവിടെയാണാവോ, ബിവറേജസില്‍ പിന്നെ ക്യൂ ആണല്ലോ).. എന്തായാലും കാര്യം മനസ്സിലായല്ലോ.... അതു തന്നെ.... 

എക്സ്പ്രസ്സ് ടിക്കറ്റ് എന്ന ഒരു സംഭവമുണ്ട് അവിടെ... അതെടുത്താല്‍ നമുക്ക് റൈഡുകളില്‍ കയറാന്‍ ക്യൂ നില്‍ക്കേണ്ട. നേരിട്ട് കയറാം... പക്ഷേ ഒരു റൈഡില്‍ ഒരു പ്രാവശ്യമേ കയറാന്‍ പറ്റൂ... ഇതിന്‍റെ റിവ്യൂ വായിച്ചപ്പോള്‍ എല്ലാവരും അതെടുക്കേണ്ട... എന്നൊക്കെ എഴുതിയിരിക്കുന്നു.... എന്നാല്‍ പിന്നെ അതെടുക്കേണ്ടല്ലോ എന്ന് ഞങ്ങളും തീരുമാനിച്ചു. തീരുമാനിക്കാന്‍  വേറേയും കാരണമുണ്ട്... അതിന് കൊടുക്കണം 30 സിങ്കപ്പൂര്‍ ഡോളര്‍. അപ്പോള് 2 പേര്‍ക്ക് 60... ടിക്കറ്റ് ചാര്‍ജ് വേറെയുമുണ്ടേ.. ഒരാള്‍ക്ക് 73 സിങ്കപ്പൂര്‍ ഡോളര്‍. അപ്പോള്‍ എല്ലാം കൂടി നല്ല ഒരു തുകയാവൂലോ.. എത്രയായാലും മലയാളി അല്ലേ... മനസിലപ്പോത്തന്നെ കണ്‍വെര്‍ട്ട് ചെയ്ത് എല്ലാം ഇന്ത്യന്‍‌ രൂപയാക്കൂലോ.... പക്ഷേ ഇതെടുക്കാമായിരുന്നുവെന്ന് അവിടെ ചെന്നപ്പോള്‍ തോന്നി. ആ പോയ ബുദ്ധി തിരിച്ചു കിട്ടില്ലല്ലോ.... ഇനി അടുത്ത ട്രിപ്പിന് ആവട്ടെയല്ലേ.... (പിന്നെ പറയുന്നതു കേട്ടാല്‍ തോന്നും എന്നും അവിടെയാണെന്ന്..)

അങ്ങനെ അതിന്‍റെയുളളില്‍ കയറി. നമ്മുടെ താജ് മഹലും, അക്ഷര്‍ദാമും കയറുന്ന ബുദ്ധിമുട്ടില്ലാട്ടോ...  ചെന്നയുടന്‍ മോള്‍ക്ക് ഇരിക്കാന്‍ ഒരു സ്ട്രോളര്‍ വാടകയ്ക്ക് എടുത്തു.. അല്ലെങ്കില്‍ നമ്മുടെ കാര്യം കുഴപ്പത്തിലാവും.. അവള്‍ 10 മിനിട്ട് കഴിയുമ്പോള്‍  അവിടെ നില്‍ക്കും എന്നെയെടുക്ക്, എനിക്ക് വയ്യ.. എന്നൊക്കെ പറഞ്ഞ്.... എന്തായാലും സ്ട്രോളര്‍ എടുക്കുകയല്ലേ ഡബിള്‍ സ്ട്രോളര്‍ തന്നെയെടുത്തു. എനിക്ക് ഇരിക്കാനല്ലാട്ടോ.. കയ്യിലുളള ബാഗും കൂടി വെയ്ക്കാലോ എന്നു കരുതിയാണ്... 

 
അങ്ങനെ യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ ഉളളില്‍ കൂടി നടന്നു. Hollywood, Ancient Egypt, Sci-Fi City, New York, Madagascar, Far Far Away, The Lost World ഇങ്ങനെ പല സെക്ഷനാണ് അവിടെ.. ഹോളിവുഡില്‍ ഞങ്ങള്‍ക്കിഷ്ടമുളളതൊ ന്നും ഇല്ലായെന്ന് നെറ്റില്‍ നിന്ന് മനസ്സിലാക്കി യിരുന്നു. അവിടെ റോഡ് സൈഡില്‍ പഴയ സിനിമ യിലുളള നല്ല കാറുകള്‍ കിടക്കുന്നുണ്ട് . അതിന്‍റെ ഫോട്ടോ യുമെടുത്ത് ഞങ്ങള്‍ അടുത്ത സെക്ഷനിലേക്ക് നടന്നു.


പോകുന്ന വഴിക്ക് ട്രാന്‍സ്ഫോര്‍മര്‍ റൈഡ് കണ്ടു. നോക്കിയപ്പോള് ക്യൂ ടൈം 45 മിനിട്ട്. എന്നാല്‍ തിരക്ക് കുറയട്ടെ എന്ന് വിചാരിച്ച് അടുത്ത റൈഡിലേക്ക് പോയി, ആ തീരുമാനം ശരിയല്ലായിരുന്നുവെന്ന് പിന്നെ മനസ്സിലായി. വൈകീട്ട് ഇതേ റൈഡില്‍ കയറാന്‍ 1.30 മണിക്കൂര്‍ ക്യൂവില്‍ നിന്നപ്പോള്‍.


അവിടെ നിന്ന് നേരെ പോയത് Sci-Fi City ലേക്കാണ്. Battlestar Galactica റൈഡ് കണ്ടു. നോക്കിയപ്പോള്‍ ക്യൂ ടൈം 10 മിനിട്ട്. കൊളളാലോ വീഡിയോണ്‍ എന്ന് മനസ്സില്‍ പറഞ്ഞ് അതിലേക്ക് വെച്ചു പിടിച്ചു. ഈ റൈഡിനൊ ക്കെ ഒരു പ്രശ്നമുണ്ട് പിള്ളേരെ കയറ്റില്ല. അതു കൊണ്ട് ഓരോ റൈഡില്‍ കയറിയപ്പോളും ഒരാള്‍ മോളെയും നോക്കി താഴെ നില്‍ക്കും. അങ്ങനെ Battlestar Galactica റൈഡിലേക്ക് ഞാനാണ് ആദ്യം പോയത്. പേടിച്ച് പേടിച്ചാണ് പോയത്.. അവിടെ ചെന്ന് റൈഡില്‍ കയറിയപ്പോള്‍ കൂടെ കയറിയത് ഒരു മലയ്ക്കാരി (മലേഷ്യ). രണ്ടു പേരും റൈഡിന്‍റെ  കാര്യവും പറഞ്ഞ്  ഇരുന്നു. നമ്മള്‍ പേടിയില്ലായെന്ന് കാണിക്കാനൊന്നും പോയില്ല. രണ്ടു പേര്‍ക്കും നല്ല പേടിയായിരുന്നു.  ഫോട്ടോ കണ്ടില്ലേ ഇതാണ് സംഭവം. എങ്ങനെയുണ്ട് ..കൊളളാലേ.. തല കുത്തിയൊക്കെ വീഴുമ്പോള്‍ കൂക്കി വിളിച്ചാല്‍ പേടി തോന്നില്ലായെന്ന് പണ്ട് ഏതോ ഗുരു പറഞ്ഞിട്ടില്ലേ.. ഏത് ഗുരുവെന്നൊന്നും ചോദിച്ചേക്കരുത്. എന്തായാലും പേടി തോന്നിയെങ്കിലും റൈഡ് കൊളളാമായിരുന്നു.. 

അതിനു ശേഷം The Lost World ലേക്കാണ് പോയത്.  ജുറാസിക് പാര്‍ക്ക് സിനിമ യിലെ സൈറ്റില്‍ എത്തിയപ്പോലെയാണ് തോന്നിയത്. ആ സിനിമയിലെ എല്ലാ സംഭവങ്ങളുമുണ്ട് അവിടെ. റൈഡുകളെല്ലാം ഡിനോസര്‍ ആകൃതിയില്‍.




അവിടെയുളള Dino-Soarin  മോളെ കയറ്റാന്‍ പറ്റുന്ന റൈഡാണെന്ന് മനസ്സിലായിട്ട് അതില്‍ കയറി. നമുക്ക് അതിത്ര ഇഷ്ടപ്പെടില്ല. ഒരു സാധാ റൈഡ്. പക്ഷേ മോള്‍ക്ക് ഇഷ്ടപ്പെട്ടു. 

പിന്നെ പോയത് Far Far Away യിലേക്കാണ്. അവിടെ എത്തിയപ്പോ ശരിക്കും സിനിമയുടെ കാലഘട്ടത്തിലെത്തിയതുപോലെ. മാജിക് പോഷന്‍സ് വില്‍ക്കുന്ന കടകള്‍.. ഫെയറി ഗോഡ് മദറിന്‍റെ കടകള്‍



അവിടെ ചെന്ന് Shrek 4-D Adventure കയറി. അവിടെ ചെന്നാലുളള ആദ്യമുളള അരമണിക്കൂര്‍ കത്തി സഹിക്കാന്‍ പറ്റില്ല. ഷ്രക്കിനെ കുറിച്ച് അറിയാത്തവര്‍ക്ക് പറഞ്ഞു തരികയാണ്. ഷ്രെക്ക് ഒന്നു മുതല്‍ നാലു വരെ കണ്ട ഞങ്ങള്‍ക്ക് ഇതു കത്തിയല്ല വെട്ടുകത്തി ആയാണ് തോന്നിയത്. അതും ഇരിക്കാന്‍ പോലും സ്ഥലമില്ല അവിടെ.  എന്തായാലും കത്തി തീര്‍ന്ന് 3D കണ്ണാടിയും എടുത്തു തീയ്യറ്ററിന്‍റെയുളളില്‍ കയറി. കയറുന്ന സമയ ത്ത് ഫ്രയ നല്ല വാശിയി ലായിരുന്നു. പിന്നെ സിനിമ തുടങ്ങിയപ്പോള്‍ (സിനിമ മുഴുവന്‍ ഇല്ലാ ട്ടോ 40 മിനിട്ട് മാത്രം, കത്തിയടക്കം) അവള്‍ക്ക് ഇഷ്ടമായി. 4 ഡി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്തതു കൊണ്ട് എന്താണോയെന്തോ എന്നുളള ഒരു ആകാംക്ഷയിലായിരുന്നു. എന്തായാലും 4 ഡി കൊളളാമെന്ന് പിന്നീട് മനസ്സിലായി. സിനിമയിലെ സീനിനനുസരിച്ച് നമ്മള്‍ ഇരിക്കുന്ന കസേരകള്‍  മാറുന്നു. ഡോങ്കി തുമ്മുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് വെള്ളം തെറിക്കുന്നു. നാട്ടില്‍ ചിലര്‍ ബസ്സിലിരുന്ന് മുറുക്കാന്‍ തുപ്പുമ്പോ പുറകിലത്തെ സീറ്റിലിരുന്ന അവസ്ഥ. ഏതു നാട്ടുകാരായാലും ബ്വാ...എന്നാ നിലവിളിക്കുന്നത് എന്നു മനസിലായി - ചിലര്‍ ടിഷ്യു എടുത്ത് മുഖം തുടയ്ക്കുക വരെ ചെയ്തു. തേരില്‍ കയറി ഷ്രക്ക് പോകുമ്പോള്‍ ആ തേരില്‍ നമ്മള്‍ കയറിയതു പോലെയുളള ഫീല്‍ ആണ്.
കടപ്പാട്- ഗൂഗിള്‍
തേര് സ്പീഡില്‍ പോകുമ്പോള്‍ നമ്മളും അതുപോലെ പോവുകയാണെന്ന് തോന്നും, അതു പോലെ കുലുങ്ങുമ്പോള്‍ നമ്മളും കുലുങ്ങി ഇപ്പോള്‍ വീഴുമോയെന്ന് തോന്നും. എട്ടുകാലികളുടെ ഇടയില്‍ പെട്ടുപോകുമ്പോള്‍ കാലില്‍ കൂടി എട്ടു കാലി ഇഴയുന്നതു പോലെ തോന്നുന്നതും നല്ല രസമായിരുന്നു. കാലില്‍ കൂടി ഇഴയുന്നതു പോലെ തോന്നിയപ്പോള്‍ ഞാന്‍ കാലെടുത്ത് സ്വന്തം തലയില്‍ വെച്ചെന്ന് ഇപ്പോളും ഹസ്ബന്‍റ് കളിയാക്കും. അങ്ങനെ ആ രസകരമായ ഷോയും കഴിഞ്ഞു


പിന്നീട് പോയത് Donkey LIVE ലേക്കായിരുന്നു. ഷ്രെക്കിലെ ഡോങ്കി സ്ക്രീനില്‍ വരും‍, നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ലൈവായി മറുപടി തരും. എനിക്ക് ഇത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും.
കടപ്പാട്- ഗൂഗിള്‍
പിന്നീട് പോയത് New York-- Lights, Camera, Action ലേക്കായിരുന്നു. ഇത് ശരിക്കും നല്ല രസമായിരുന്നു.
കടപ്പാട്- ഗൂഗിള്‍
കടപ്പാട്- ഗൂഗിള്‍
 സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് ഹോസ്റ്റു ചെയ്യുന്ന ഷോയാണ്. ഹോളിവുഡ് സിനിമയില്‍ നമ്മള്‍ കാണുന്ന സീനുകള്‍ എങ്ങിനെ എടുക്കുന്നു എന്നത് സ്പീല്‍ ബര്‍ഗ് വിശദീകരിച്ചു തരുന്നു(നേരിട്ടല്ലാട്ടോ... വീഡിയോ മാത്രം). ഞങ്ങള്‍ നിന്ന വലിയ മുറിയുടെ ഒരു വശം കടലും കടല്‍തീരത്ത് വലിയ കെട്ടിടങ്ങളുമായി മാറി, വലിയ കൊടുങ്കാറ്റ് അടിക്കുന്നതും, സാധനങ്ങളും, കെട്ടിടങ്ങളും തകരുന്നതും, തീ കത്തുന്നതും (തീ കത്തിയപ്പോള്‍ ഉളള ചൂടും) എല്ലാം അല്ഭുതത്തോടെയും പേടിയോടെയുമാണ് ഞങ്ങള്‍ കണ്ടത്. പെട്ടന്ന് വെള്ളത്തിലേക്ക് ഇടിച്ചു കയറിയ കപ്പല്‍ ശരിക്കും പേടിപ്പിച്ചു. നമ്മളെയും ഇടിച്ചു കേറി വരുമോയെന്ന് പേടിയായി. അതു പോലെ തന്നെ സാധനങ്ങള്‍ വെളളത്തില്‍ വീഴുമ്പോള്‍ നമ്മള്‍ ശരിക്കും പേടിക്കും. അത് നമ്മുടെ തലയില്‍ വീഴുമോയെന്ന്. എന്തായാലും കൊളളാം.. 
അടുത്തതായി മോളുടെ ബോറടി മാറ്റാനായി മടഗാസ്കറിലെ ഥാ പാത്രങ്ങളുടെ പുറത്ത് കയറിയുള്ള ഒരു റൈഡില്‍ കയറി.
കടപ്പാട് - ഗൂഗിള്‍
  കയറിയപ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലായെന്ന് തോന്നുന്നു. അവള്‍ വാശി പിടിച്ചു. പിന്നെ ഹസ്ബന്‍റ് അവളെയും കൊണ്ട് ആ റൈഡില്‍ തന്നെയുളള കസേരയില്‍ ഇരുന്നു.




പിന്നീട് പോയത്  Revenge of the Mummy ലേക്കായിരുന്നു. എല്ലാ പ്രാവശ്യത്തേയും പോലെ ആദ്യം ഞാന്‍ തന്നെയാണ് കയറിയത്. (പിള്ളേരെ കേറ്റില്ല ഈ റൈഡിലും). ഇതിനും നല്ല ക്യൂ ആയിരുന്നു. ഇതൊരു ഹൈ സ്പീഡ് ഇന്‍ഡോര്‍ റോളര്‍ കോസ്റ്റര്‍ ആണ്. എന്നു വെച്ച് അത്ര ചെറുതായി തെറ്റിദ്ധരിക്കേണ്ട.വെളിച്ചം നന്നേ കുറവുളള കുറേ ചെറിയ റൂമുകളും കടന്ന് വേണം റൈഡിലെത്താന്‍.. നല്ല തിരക്കുളളതു കൊണ്ട് പോകുന്ന വഴിയില്‍ എന്തായാലും അധികം പേടി തോന്നിയില്ല. അവിടെയെത്തുന്നതു വരെ എന്ത് റൈഡാണോ ഇത് ഈശ്വരാ എന്ന് വിചാരിച്ചാണ് പോയത്.  കൂരിരുട്ടില്‍ ആയിരുന്നു റൈഡ്. നല്ല സ്പീഡില്‍ പോകുന്ന വാഹനം, പെട്ടെന്ന് മുന്‍പില്‍ ഗേറ്റ് അടച്ചിരിക്കും, പെട്ടെന്ന് നില്ക്കും, ബാക്കിലോട്ട് അതിവേഗത്തില്‍  ഓടും, അപ്രതീക്ഷിതമായി അഗാധതയിലെക്കുള്ള കൂപ്പുകുത്തലും, സൈഡില്‍ നിന്ന് പേടിപ്പിക്കാനായി വെളിച്ചം, തീ  ഒക്കെയായി ശരിക്കും ഒരു സംഭവം തന്നെയായിരുന്നു.  പൂര്‍ണ്ണമായും ഇരുട്ടിലായതുകൊണ്ട് എന്താണ് ഉണ്ടാവുക എന്നറിയാതെ എന്താ പറയുക ശരിക്കും ഹാര്‍ട്ട് അറ്റാക്ക് വരുമോയെന്ന് തോന്നും. പക്ഷേ സംഭവം കൊളളാമായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടും. 
  
പിന്നീട് പോയത് Treasure Hunters ലേക്കായിരുന്നു. ഒരു ജീപ്പ് റൈഡായിരുന്നു ഇത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന റൈഡാണ്. ഫ്രയയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന സ്റ്റിയറിംഗ് മോള് തന്നെയാണ് ഹാന്‍ഡില്‍ ചെയ്തത്.




കടപ്പാട് ഗൂഗിള്‍
 പിന്നെ കയറിയത് Accelerator. പേര് കേള്‍ക്കുന്നതു പോലെ അത്ര വലിയ സംഭവമല്ലാട്ടോ 
കടപ്പാട് ഗൂഗിള്‍
 ഇത്. പേര് കേള്‍ക്കുമ്പോള്‍ തോന്നും എന്തോ ഭീകര സംഭവമാണെന്ന്. ഫോട്ടോ കണ്ടില്ലേ... ഇത് വെറും ടീകപ്പ് റൈഡ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടും.

പിന്നീട് പോയത് TRANSFORMERS The Ride: The Ultimate 3D Battle ലേക്കായിരുന്നു. ഇതെന്താ പറയുകയെന്നറിയില്ല. അത്ര നല്ല റൈഡായിരുന്നു. പക്ഷേ ഇതിന്‍റെ ക്യൂ സഹിക്കാന്‍ പറ്റിയില്ല. ഡിസംബറില്‍ തുടങ്ങിയതേയുളളൂ ഈ റൈഡ്. അതു കൊണ്ട് വന്നവരെല്ലാം ഇതില്‍ മാത്രം കയറാന്‍ വന്നവരാണെന്ന് തോന്നി. ഒന്നര മണിക്കൂറാണ് ക്യൂ നിന്നത് ഈ റൈഡില്‍ കയറാന്‍. ഇടയ്ക്ക് തോന്നി ഇട്ടേച്ച് പോയാലോയെന്ന്. ഇതിലും മോളെ കയറ്റാന്‍ പറ്റാത്തതു കൊണ്ട് ഞാനൊറ്റയ്ക്കായിരുന്നു. നിന്ന് നിന്ന് കാല്‍ ഒടിഞ്ഞുവെന്ന് തോന്നിപോയി. എന്തായാലും വന്നതല്ലേ ഇനിയിപ്പോള്‍ കയറാതെ പോയാല്‍ സങ്കടമായാലോയെന്ന് കരുതി അവിടെ തന്നെ നിന്നു. ഓരോ വളവു കഴിയുമ്പോളും എത്തിയെന്ന് തോന്നും. എവിടെ... അവസാനം എത്താറായപ്പോള്‍ ഈ റൈഡിന്‍റെ വീഡിയോ വെച്ചിരിക്കുന്നു. അത് കണ്ടപ്പോള്‍ ഉളള ധൈര്യവും പോയി. ഒരു ട്രാന്‍സ്ഫോര്‍മറിന്‍റെ കൂടെ പോകുന്ന പട്ടാളക്കാരിലൊരാളാണ് ഞാന്‍..... അങ്ങനെ അവസാനം റൈഡിന്‍റെയവിടെയെത്തി. അപ്പോള്‍ ഈ വീഡിയോ കണ്ടിട്ട് പേടിച്ചിട്ടാണെന്ന് ഒരു ഫാമിലി ഞങ്ങള്‍ക്ക് കയറണ്ടായെന്ന് പറഞ്ഞ് തിരിച്ചു പോയി.

 


അതും കൂടി കണ്ടപ്പോള്‍ എന്‍റെ കാറ്റ് ബാക്കിയുണ്ടായിരുന്നതു കൂടി പോയെന്ന് പറഞ്ഞാല്‍ പോരേ... അതും പോരാഞ്ഞ് 3ഡി ഗ്ലാസ്സു കൂടി തന്നു. ഈശ്വരാ 3 ഡി സിനിമ കാണുമ്പോള്‍ തന്നെ കണ്ണിലേക്ക് കുത്തി കയറാന്‍ വരുന്നതു പോലെ തോന്നുമ്പോള്‍ കണ്ണടക്കുന്ന ഞാനാണ് ഇനി ഇതും വെച്ച് റോളര്‍ കോസ്റ്ററില്‍.. എന്തായാലും ധൈര്യം കാണിച്ച് റൈഡില്‍ കയറി. അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റില്ലല്ലോ... ഇപ്രാവശ്യം ഒരു അബദ്ധവും കാണിച്ചു, എല്ലാ പ്രാവശ്യവും മൊബൈല്‍ ഹസ്ബന്‍റിന്‍റെ കയ്യില്‍ കൊടുത്തിട്ടാണ് പോകാറ്. ഇപ്രാവശ്യം അത് മറന്നു. ജീന്‍സിന്‍റെ പോക്കറ്റിലുണ്ട്. റൈഡില്‍ കയറിയുടനെ അവര്‍ നമ്മള്‍ വീഴാതെയിരിക്കാനായി മടിയില്‍ ലോക്ക്.. ചെയ്തു. ഈശ്വരാ എന്‍റെ ഗാലക്സി എസിന്‍റെ പണി ഇപ്പോള്‍ തീരും. ഒന്നല്ലങ്കില്‍ ഫോണ്‍ നിലത്തു വീഴും, അല്ലെങ്കില്‍ അത് പൊട്ടും. എന്‍റെ ശ്രദ്ധ അതിലായിരുന്നു.. അങ്ങനെ റൈഡ് ആരംഭിച്ചു. 3 ഡി കണ്ണടയൊക്കെ വെച്ച് സ്റ്റൈലായി. പേടി പുറത്തു കാട്ടാന്‍ പാടില്ലല്ലോ.. ഇപ്രാവശ്യം അടുത്തുളളത് ഒരു യൂറോപ്യന്‍ ഫാമിലിയാണ്. പണ്ടാണെങ്കില്‍ ഞാന്‍ പറഞ്ഞേനെ മദാമ്മയാണെന്ന്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിംഗ് മുഴുവന്‍ ഇവരായതു കൊണ്ടും, സ്ഥിരം ഇവരെ കണ്ട് ഇവരെ കുറിച്ച്  ഒരു ധാരണ വന്നതു കൊണ്ട് ഇനിയങ്ങനെ പറയാന്‍ പറ്റില്ലല്ലോ.. നമ്മളേക്കാള്‍ തറകളുമുണ്ടേ ഇവരുടെയിടയിലും.. എന്തായാലും റൈഡ് തുടങ്ങി. ഈശ്വരാ കാത്തോണേ എന്ന് മനസ്സില്‍ പറഞ്ഞ് ഇരുന്നു. എന്തായാലും സംഭവം കൊളളായിരുന്നു.
ഈ ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിളിനാണേ... അല്ലാതെ ഈ റൈഡില്‍ ക്യാമറ കൊണ്ടു പോയൊന്നും ആരും കരുതേണ്ട...
നമ്മള്‍ പോകുന്ന ഓട്ടോബോട്ടിനെ ഒരു ഡിസപ്റ്റക്കോണ്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, നമ്മളെ രക്ഷിക്കാന്‍ വേറെ റോബോട്ടുകള്‍ വരുന്നതുമാണ് സംഭവം. എല്ലാം നടക്കുന്നത് രണ്ടുമൂന്ന് റൂമിലാണെങ്കിലും നമുക്ക് തോന്നുന്നത് നമ്മള്‍ പോകുന്നത് ഒരു സിറ്റിയില്‍ കൂടിയാണെന്ന് തോന്നും. നമ്മള്‍ പോകുമ്പോള് പെട്ടെന്ന് വണ്ടി വട്ടം കറങ്ങുന്നതും, പെട്ടെന്ന് റോഡ് തീരുന്നതും നമ്മള്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് പെട്ടെന്ന് വീഴുന്നതും (എത്ര നിലയാണെന്ന് എണ്ണാന്‍ പറ്റിയില്ലാ... പിന്നേ ഈ ബഹളത്തിന്‍റെ ഇടയിലാ എണ്ണല്‍, ശ്വാസം വിടാന്‍ വരെ സമയം കിട്ടിയില്ല)  പിന്നെ ഇതിന്‍റെ രസം 3 ഡി ഗ്ലാസ്സു കൂടിയുളളതു കൊണ്ട് ഓരോ സാധനങ്ങള്‍ എടുത്തെറിയുമ്പോളും, ഗ്ലാസ്സ് പൊട്ടി തകരുമ്പോളും കണ്ണിലേക്ക് തെറിക്കുന്നതു പോലെ തോന്നും. പിന്നെ ഗുണമെന്താണെന്ന് വെച്ചാല്‍ കണ്ണിലേക്ക് ഇതൊക്കെ തെറിക്കുമെന്ന് തോന്നുമ്പോള്‍ നമുക്ക് കണ്ണടച്ചു കളയാമെന്നേ... ആരോടും പറയേണ്ടാട്ടോ ഇത്... എന്തായാലും തീര്‍ന്നപ്പോള്‍ തീര്‍ന്നല്ലോയെന്ന് തോന്നി. നേരത്തേ ഡോങ്കി തുമ്മി നനച്ചതുകൊണ്ട് ജലദോഷം വന്നിട്ടാവണം തൊണ്ട വേദന, അല്ലാതെ അയ്യേ... നിലവിളിച്ചിട്ടൊന്നുമല്ല.


പുറത്തിറങ്ങി വന്നപ്പോള്‍ ഇത്രയും നേരം കാത്ത് നിന്നിട്ട് ഇതില്‍ കയറണോയെന്ന് ഹസ്ബന്‍റ്, കേറാതെ പോയാല്‍ അതു നഷ്ടമാവുമെന്ന് പറഞ്ഞ് വിട്ടു. ആള്‍ക്ക് മുക്കാല്‍ മണിക്കൂറേ കാത്തു നില്‍ക്കേണ്ടി വന്നുളളൂ.. എറ്റവും രസം ആളുടെ കൂടെ കയറിയ ഒരു തമിഴനായിരുന്നു. റൈഡിന്‍റെയിടയില്‍ ആള് കാപ്പാത്തുങ്കോ.. കാപ്പാത്തുങ്കോ എന്ന് വിളിക്കുകയായിരുന്നുവത്രേ. എന്തായാലും നല്ല രസത്തോടെ അത് അവസാനിച്ചു.
റൈഡ് കണ്ട് ഇറങ്ങി വരുന്ന ഹസ്ബന്‍റിന്‍റെ മുഖം എങ്ങനെയുണ്ടെന്ന് അറിയാന്‍ വേണ്ടി ചുമ്മാ ഒരു സ്നാപ്പ്

 പിന്നെ കയറിയത് Madagascar: A Crate Adventure- ഇത് മങ്ങിയ വെളിച്ചത്തില്‍ കൂടി പോകുന്ന ഒരു ഇന്‍ഡോര്‍ ബോട്ട് റൈഡാണ്. ആദ്യം ഞങ്ങള് അവിടെ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു. 1 മണിക്കൂര്‍ ക്യൂ നിന്ന് അവിടെയെത്താറായപ്പോള്‍ എന്തോ 
കടപ്പാട് - ഗൂഗിള്‍
കടപ്പാട് - ഗൂഗിള്‍
ടെക്നിക്കല്‍ പ്രോബ്ലം.. അത് നിര്‍ത്തി വെച്ചു. പിന്നീട് എല്ലാ റൈഡിലും കയറിയതിനു ശേഷം അവസാനമാണ് വീണ്ടും ഇതില്‍ കയറിയത്.   മഡഗാസ്കര്‍ സിനിമയെ ബേസ് ചെയ്തുളള റൈഡ്. ഇടയ്ക്കിടയ്ക്ക് നമ്മളെ പേടിപ്പിക്കാന്‍ മഡഗാസ്കറിലെ ജീവികള്‍ ഉണ്ട്. കുറച്ച് പോയപ്പോള്‍
വെളളം വീഴുന്ന സ്ഥലം കണ്ടു, നമ്മുടെ ദേഹത്ത് വീഴുമോയെന്ന് തോന്നി. പണ്ടു തൊട്ടേ നനയാന്‍ വിഷമമില്ല. പക്ഷേ ഈ പേരും പറഞ്ഞ് വാങ്ങിയ എന്‍റെ HD വീഡിയോ ക്യാമറ എന്‍റെ കയ്യിലുണ്ടേ... സ്റ്റില്‍
കടപ്പാട് - ഗൂഗിള്‍
ക്യാമറ ഇതൊക്കെ മുന്‍കൂട്ടി കണ്ടതു കൊണ്ടാണെന്ന് തോന്നുന്നു ഹസ് പുറത്തെടുത്തില്ല . പക്ഷേ ഞങ്ങള്‍ അവിടെയെത്തി യപ്പോളേക്കും വെളളം തീര്‍ന്നു. ചുമ്മാ പേടിച്ചു.. ചുമ്മാ ഒരു പേടി വേസ്റ്റ് ആയി. എന്തായാലും നല്ല റൈഡായിരുന്നു അത്.


അങ്ങനെ അവിടത്തെ റൈഡുകളൊക്കെ കയറി സന്തോഷത്തോടെ അവിടെ നിന്ന് ഇറങ്ങി. ഇനിയും ഇറങ്ങിയില്ലെങ്കില്‍ അവര് ഇറക്കി വിടുമെന്ന് തോന്നി. കാരണം 9.30 ആയി. അവിടുന്ന് മോണോ റെയില്‍ കയറി വീണ്ടും വിവോ സിറ്റിയിലേക്ക്. അവിടെ വലിയ ഒരു ക്രിസ്മസ്സ് ട്രീ ഉണ്ട്. അതും കണ്ട് മെട്രോയില്‍ കയറി ഹോട്ടലിലേക്ക്. ഹോട്ടലില്‍ എത്തിയയുടന്‍ ചൂടുവെളളത്തില്‍ ഒരു കുളി. അല്ലെങ്കില്‍ പിറ്റേ ദിവസം എഴുന്നേല്ക്കാന്‍ പറ്റില്ലായെന്ന് തോന്നി. കാലിലെ മസിലൊക്കെ ഒറ്റ ദിവസം കൊണ്ട് കല്ല് പോലെയായി. മസ്കറ്റില്‍ ചുമ്മായിരുന്ന് ഞാന്‍ സോഫ്റ്റാക്കി വെച്ചിരുന്ന എന്‍റെ കാലിലെ മസിലായിരുന്നു. എന്തു ചെയ്യാം .. ഈ ഡിസംബറിലെ പീക്ക് ടൈമില്‍ തന്നെ വന്നതു കൊണ്ടല്ലേ.... അപ്പോള്‍ ഇതല്ല ഇതിലും വലുത് വരണം...




(ഇതിലെ ഫോട്ടോസില്‍ കുറേയൊക്കെ ഗൂഗിള്‍ തപ്പിയെടുത്തതാണ്.. കാരണം ഇത്രയും തിരക്കുളള സമയത്ത് അവിടെ പോയ കാരണം ക്യൂവില്‍ നില്‍ക്കാനാണ് കൂടുതല്‍ സമയവും എടുത്തത്. ക്യൂവില്‍ അവിടെയെത്തിനു ശേഷമാണ് ഓരോ റൈഡും എന്താണെന്ന് മനസ്സിലാവുന്നത്. അതു കൊണ്ട് മിക്ക റൈഡില്‍ പോയപ്പോളും ക്യാമറ എടുത്തില്ല. അതു കൊണ്ട് ഫോട്ടോയെടുക്കല്‍ നടന്നില്ല. ഇപ്രാവശ്യത്തേക്ക് ഒന്ന്  ക്ഷമിച്ചേക്കണേ... തല്ലണ്ടാ.. ഞാന്‍ അടുത്ത പ്രാവശ്യം നന്നായി കൊളളാം.....)




Sunday, March 11, 2012

സിങ്കപൂര്‍ യാത്ര –രണ്ടാം ദിവസം

രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെന്ന് വിചാരിച്ചാണ് കിടന്നത്. പക്ഷേ തലേ ദിവസത്തെ ഉറക്കമില്ലായ്മ കാരണം അത് നടന്നില്ല. എന്തായാലും 8.30 യ്ക്ക് റൂമില്‍ നിന്ന് ഇറങ്ങി. താഴെ തന്നെയുളള റസ്റ്റോറന്‍റില്‍ നിന്ന് നല്ല ഇഡ്ഡലിയും, സാമ്പാറും കഴിച്ച് മെട്രോയില്‍ കയറി ഹാര്‍ബര്‍ ഫ്രണ്ട് സ്റ്റേഷനില്‍ (HarbourFront MRT Station) ഇറങ്ങി. അവിടെ നിന്ന് വിവോ സിറ്റിയിലെ സെന്‍റോസ എക്സ്പ്രസ്സ് സ്റ്റേഷനിലേക്ക്. സെന്‍റോസാ ഐലന്‍ഡിലേക്ക് പോകാന്‍ മോണോ റെയില്‍, കേബിള്‍ കാര്‍ ഇതിലേതെങ്കിലും ഒന്നായിരിക്കും നല്ലത് - നടന്നു പോകാനും ഓപ്ഷനുണ്ട്.  നടക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ലാത്തതുകൊണ്ട് അതു വേണ്ട എന്നു തീരുമാനിച്ചു. ഐലന്‍ഡിലേക്കുള്ള ടിക്കറ്റ് എടുത്ത് അവിടെ എത്തിയാല്‍ നമുക്ക് ആ ദിവസം മുഴുവന്‍ അവിടെയുള്ള ഏതു പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷനിലും കയറാം. വിവോ സിറ്റിയിലെത്തിയപ്പോള്‍ പൂരത്തിന്‍റെ തിരക്ക്. ഈ സിങ്കപൂരിലിലുളളവരെല്ലാം ഞങ്ങള്‍ വന്ന ദിവസം തന്നെ എന്തിനാണാവോ ഇറങ്ങിയിരിക്കുന്നത്. എന്തായാലും ക്യൂ നിന്ന് മോണോറെയിലില്‍ കയറിപ്പറ്റി.

ആദ്യം Imbiah Station ലാണ് ഇറങ്ങിയത്. അവിടെ ഇറങ്ങി മെര്‍ലയണ്‍ പ്രതിമയും, ടൈഗര്‍ സ്കൈയും കണ്ട് ഫോട്ടോ എടുത്തു.




മെര്‍ലയണിന്‍റെ ഉളളില്‍ കയറി അതിന്‍റെ മുകളില്‍ കയറി വേണമെങ്കില്‍ നമുക്ക് കാണാം. വൈകീട്ട് വീണ്ടും വരാമെന്ന് കരുതി വീണ്ടും മോണോറെയില്‍ കയറി. 
പിന്നെ ഞങ്ങള്‍ പോയത് അണ്ടര്‍വാട്ടര്‍ വേള്‍ഡ് കാണാനാണ്. മോള്‍ക്ക് വിശന്നതു കൊണ്ട് അവള്‍ക്കു ഫുഡും വാങ്ങി അവിടെ ഒരു ബെഞ്ചില്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരാള്‍ വന്നു. ഒരു വെളളമയില്‍. എന്‍റെ കയ്യിലുളള നഗ്ഗറ്റ്സ് തട്ടിപ്പറിക്കാനാവുമോ എന്ന് പേടിച്ച് ഞാനെന്തു ചെയ്യണം എന്നറിയാതെ ഇരുന്നു. അല്ലെങ്കിലേ പണ്ടു തൊട്ടേ കോഴിയെ പേടിയുളള എന്‍റെ അപ്പോളത്തെ അവസ്ഥ  ഒന്ന് ആലോചിച്ചു നോക്കിയേ..എന്തായാലും ഒന്നും സംഭവിച്ചില്ല. അത് ഒരു പാവം മയിലായിരുന്നു. ഇത് ഞങ്ങളുടെ അടുത്ത് നില്‍ക്കുന്നതു കണ്ടിട്ട് കുറേ പേര്‍ ഫോട്ടോയെടുക്കാന്‍ വന്നു. അങ്ങനെ നിങ്ങളെന്‍റെ ഫോട്ടോയെടുക്കേണ്ട എന്ന് മയിലും. എന്തായാലും എന്തിനധികം പറയുന്നു അവസാനം മയില്‍ മയിലിന്‍റെ പാട്ടിനു പോയി.



ഞങ്ങള്‍ അണ്ടര്‍വാട്ടര്‍ വേള്‍ഡിലേക്കും. ഇതിനു മുമ്പ് മലമ്പുഴയിലുളള സാദാ അക്വേറിയം മാത്രം കണ്ടിട്ടുളള എനിക്ക് ഇത് വേറിട്ട അനുഭവമായിരുന്നു. ഇവിടെ ലോകത്തിലെ വിവിധ സ്ഥലങ്ങളിലുളള 250 തരത്തിലുളള 2,500 സമുദ്രജല ജീവികളുണ്ട്. പവിഴ പുറ്റുകളും, തിരണ്ടികളും, ഈലുകളും, ആമകളും, ഷാര്‍ക്കുകളും അടക്കം. . ഇത് മുഴുവനായി അണ്ടര്‍ഗ്രൌണ്ടിലാണ്.   കേറി ചെല്ലുന്നതിന് സൈഡിലായി  ടച്ച് പൂളുണ്ട്. എന്നു വെച്ചാല്‍ മനസ്സിലായില്ലേ.. ഓ അതു തന്നെ.. കയ്യിടാന്‍ പറ്റുന്ന ഒരു ടാങ്ക്. അതില്‍ നമുക്ക് കൈ വൃത്തിയാക്കിയതിനുശേഷം (കയ്യ് കഴുകാന്‍ അവിടെ സോപ്പും, പൈപ്പുമെല്ലാം ഉണ്ട്) കയ്യിടാം. മീനിനെ തൊട്ടുനോക്കാം. ചെറിയ മീനൊന്നുമല്ലാട്ടോ... Starfish, rays, baby sharks ഒക്കെയാണ്.  ഞാനും ചുമ്മാ കൈയ്യിട്ട് നോക്കി. മീനുകളെല്ലാം നമ്മുടെ കയ്യില്‍ ഉരുമി പോകും. വേണമെങ്കില്‍ എടുത്തു പൊക്കാം. എന്നു വെച്ച് അധികം പൊക്കിയാല്‍ വിവരം അറിയും.  അതിനു ശേഷം  കടലിലുളള എല്ലാ ജീവികളെയും തരം തിരിച്ച് ഓരോ ടാങ്കിലിട്ടിരിക്കുന്നതും കണ്ടു. അതു കണ്ടതിന്‍ ശേഷം താഴേത്തേക്ക് ഇറങ്ങി. അവിടെയും ഒരു പാട് മീനുകളുടെ ടാങ്കുകള്‍. 





പിന്നെ ഒരു ടണലും. 83 മീറ്റർ നീളമുള്ള ഒരു വലിയ അക്രിലിക്‌ ടണലാണിത്‌, കാഴ്‌ചകൾ കാണാൻ നാം ഇതിലൂടെ നടക്കണമെന്നില്ല. സ്വയം നീങ്ങുന്ന ഒരു ട്രാവലേറ്റര്‍ ഇതിലുണ്ട്‌ (ഞാന് വീണ്ടും രക്ഷപെട്ടു). അതിൽ കയറി നിന്നാൽ മതി. ഇനി അതില്‍ കയറി പോകണ്ട. സ്വയം നടക്കണമെങ്കില്‍ അതുമാവാം. ഇതിന്‍റെ ഒരു വശം മാത്രമേ സഞ്ചരിക്കൂ.. മറ്റേ വശത്തു കൂടി നമുക്ക് നടന്നോ, നിന്ന് ഫോട്ടോയെടുത്തോ പോകാം. എങ്ങനെയായാലും നമ്മുടെ തലയ്ക്കു മുകളില്‍ കൂടി വലിയ വലിയ മീനുകള്‍ നീന്തുന്നത് കാണാം. നമുക്ക് തൊടാന്‍ പറ്റുന്ന വിധത്തില്‍.





അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ പോയത് അതിന്‍റെയടുത്ത് തന്നെയുളള ഡോള്‍ഫിന്‍ ഷോ കാണാനാണ്. ഒരു വലിയ നീന്തല്‍ കുളം. അതിന്‍റെ ചുറ്റും ഇരിക്കാനുളള സ്ഥലം. ഞങ്ങള്‍ നേരത്തെ തന്നെ എത്തിയതുകൊണ്ട്‌ ഇരിക്കാൻ നല്ല സീറ്റുകിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഷോ തുടങ്ങി. ശരിക്കും കാണേണ്ടതു തന്നെയാണ്. ഡോള്‍ഫിനെ കൊണ്ട് ഓരോന്നും ചെയ്യിക്കുന്നത്. ഡോള്‍ഫിന്‍ ഷോയുടെ ഇടയ്ക്ക് ഫര്‍സീലുകളും വന്നു. അവയുടെ നടത്തവും,  നൃത്തവും,  വളയത്തിലൂടെ ചാട്ടവുംപന്തുകളിയും ശരിയ്ക്കും ഞങ്ങളെ രസിപ്പിച്ചു
.


പരിപാടി തീരാറായപ്പോള്‍ മഴ പെയ്തു. ഭാഗ്യത്തിന് ഞങ്ങള്‍ ഇരിക്കുന്നയിടം നനഞ്ഞില്ല. മഴ പെയ്യുമ്പോളും ഷോ അവിടെ നടന്നു.
ഷോ കഴിഞ്ഞിട്ടും മഴ മാറിയില്ല. കുറച്ചു നേരം കൂടി ഞങ്ങള്‍ അവിടെയിരുന്നു. കുടയുണ്ടെങ്കിലും ക്യാമറയും, വീഡിയോ ക്യാമറയും, ബാഗുമെല്ലാം നനഞ്ഞാലോ.. മഴ മാറിയ ശേഷം ഞങ്ങള്‍ അവിടെ നിന്നും ബസ്സില്‍ കയറി ബീച്ചിലേക്ക് പോയി. അവിടെ ചെന്ന് എവിടെയാണ് അനിമല്‍ എന്‍കൌണ്ടേഴ്സ് നടക്കുന്നതെന്ന് ചോദിച്ചപ്പോള് അത് പലാവന്‍ ബീച്ചിലാണെന്ന് അറിഞ്ഞു. ഫുഡ് കഴിച്ച് ഞങ്ങള്‍ ബീച്ചിലേക്ക് പോകാനുളള ട്രാമും കാത്തു നിന്നു. ട്രാമില്‍ കയറി അവിടെയെത്തിയപ്പോളേക്കും ഷോ തുടങ്ങിയിരുന്നു. ഓപ്പണ്‍ സ്റ്റേജിലായിരുന്നു ഷോ.



ഞങ്ങളുടെ ഭാഗ്യക്കേടെന്നല്ലാതെ എന്തു പറയാന്‍ മഴ ചതിച്ചു. മഴ പെയ്തതോടെ ഷോ അവര്‍ മതിയാക്കി. മഴയത്തു കയറി നില്‍ക്കാന്‍ അവിടെ സ്ഥലമില്ലായിരുന്നു. ക്യാമറ നനയാതെ നോക്കണോ, അതോ മഴയത്തു ഓടി കളിക്കുന്ന മോളെ പിടിക്കണോ എന്നറിയാതെ ശരിക്കും പണിപെട്ടു. അവസാനം ഓടി അവിടെയുളള ബസ് സ്റ്റോപ്പില്‍ പോയി ഇരുന്നു.

മഴ മാറിയപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ എതിരെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കണ്ടു. രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം കാര്യമായ ഭക്ഷണം ഹസ് കഴിക്കാത്തതു കൊണ്ട് (ഞാനും, കൊച്ചും ഹെല്‍ത്ത് കോണ്‍ഷസ്‍ അല്ലാത്തതുകൊണ്ട് കയ്യില്‍ കിട്ടിയതെല്ലാം കഴിച്ചിരുന്നു.) നേരെ ഞാന്‍ അവിടെ പോയി ഒരു കോഫിയും, ഫുഡും മേടിച്ചു. .

 അപ്പോഴേക്കും മോള്‍ക്ക് വെളളത്തില്‍ കളിക്കണമെന്ന്. പണ്ടേ വെളളം കണ്ടാല്‍ അതില്‍ ചാടുന്ന സ്വഭാവമാണ് അവള്‍ക്ക്. അവളിറങ്ങിയാല്‍ എന്നെയും നനയ്ക്കുമെന്നറിയാവുന്നതു കൊണ്ട് അവിടെ നിന്നും മെല്ലെ മാറ്റി അടുത്തുളള ടോയ്സില്‍ കൊണ്ടു പോയി. അവിടെ അവള്‍ക്ക് ഒരു കൂട്ടുകാരിയേയും കിട്ടി. പിന്നെ അവിടെ നിന്നും പിടിച്ചു കൊണ്ടു പോകാന്‍ കുറച്ചു ബുദ്ധിമുട്ടി.

പിന്നീട് ഞങ്ങള്‍ പോയത് ലൂജ്&സ്കൈ റൈഡിലേക്ക് ആയിരുന്നു. അവിടെ ചെന്ന് ഫാമിലി ടിക്കറ്റെടുത്ത് സ്കൈ റൈഡില്‍ കയറി. വളരെ ഉയരത്തില്‍ വലിച്ച് കെട്ടിയിരിക്കുന്ന ഇരുമ്പ് വടത്തില്‍ ബന്ധിച്ച കസേരയില്‍ ഇരുന്ന് കൊണ്ടുള്ള ഒരു ആകാശ യാത്ര .ഒരു മലയുടെ മുകളിലേക്ക് പോകുന്നതു പോലെ. അത്ര പേടിയൊന്നും തോന്നിയില്ല. മോളും പ്രശ്നമൊന്നു മുണ്ടാക്കിയില്ല.  മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ നല്ല രസമായിരുന്നു. അതില്‍ പോയപ്പോളാണ് ഒരു ദുരിയാന്‍ മരവും, അതില്‍ ദുരിയാന്‍ തൂങ്ങി കിടക്കുന്നതും കണ്ടത്.

പിന്നെ ലൂജ് റൈഡായിരുന്നു. യന്ത്ര സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത വണ്ടിയാണിത്.  വളഞ്ഞു പുളഞ്ഞ പാതയിലൂടെയുളള ഒരു യാത്ര. അതും ഇറക്കത്തിലേക്ക്. ഹാന്‍ഡില്‍ പിന്നോട്ട് വലിച്ച് വണ്ടിയുടെ വേഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ആവാം. ആദ്യം എനിക്ക് പേടി തോന്നിയെങ്കിലും ഓടിച്ചു നോക്കിയപ്പോള്‍ നല്ല രസമായി. ഫാമിലി പാസ്സുളളതു കാരണം 2 പ്രാവശ്യം ലൂജ്&സ്കൈ റൈഡില്‍ കയറി. അങ്ങനെ ഒരു പാട് രസമുളള ആ റൈഡ് കഴിഞ്ഞ സങ്കടത്തോടെ അവിടെ നിന്ന് പോന്നു. ഇനിയുളളത് സോങ് ഓഫ് ദി സീ യാണ്. അതിന്‍റെ സമയം 7.30 ആണ്. ആ സമയത്തിനുളളില്‍ രാവിലെ പോയ മെര്‍ലയണ്‍ പ്രതിമയുടെ അവിടെ ഒന്നു കൂടി പോകാമെന്നു കരുതി അങ്ങോട്ട് പോയി. അവിടെ ചെന്ന് പ്രതിമയുടെ സൈഡില്‍ ചെന്നപ്പോളാണ് അവിടെ വെളളച്ചാട്ടങ്ങളും, ബീച്ചിലേക്ക് പോകുന്ന ഒരു പാതയുമുണ്ടെന്ന് മനസ്സിലായത്. ഞങ്ങള് ആ പാതയിലൂടെ നടന്നു. 
അപ്പോഴേക്കും സോങ് ഓഫ് ദി സീ തുടങ്ങാനുളള സമയം ആകാറായി.  സോങ് ഓഫ് ദി സീ ഒരു  പാട്ടു പാടി ഒരു രാജകുമാരിയെ ഉണര്‍ത്താന്‍ ‍ ശ്രമിക്കുന്ന ഒരാളുടെ കഥ പറയുന്ന ലേസര്‍ഷോയാണ്. വാട്ടര്‍ജെറ്റും. ഫ്ലെയിം ബഴ്സ്റ്റേഴ്സും, ലേസറും, പാട്ടും എല്ലാം കൂടി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന എന്‍റര്‍ടെയിംമെന്‍റ് ഷോയാണ്. നേരത്തെ പോയില്ലെങ്കില്‍ നല്ല സീറ്റ് കിട്ടിയില്ലെങ്കിലോ എന്നു വിചാരിച്ച് ഞങ്ങള്‍ അവിടേയ്ക്ക് പോയി. 


ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിളിന്

 അവിടെയെത്തി ഇരുന്ന് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷോ തുടങ്ങി. അന്നത്തെ ദിവസത്തെ നടന്ന ക്ഷീണമെല്ലാം മറക്കാന്‍ ആ ഒരു ഷോ മതിയായിരുന്നു. ഇതിനു മുന്‍പ് പല ലേസര്‍ഷോകള്‍ മസ്കറ്റില്‍ വെച്ചു കണ്ടിട്ടുണ്ടെങ്കിലും  അതൊന്നും ഇതിന്‍റെ അടുത്തൊന്നും വരില്ല. ഇതില്‍ ഓരോ കഥാപാത്രങ്ങള്‍ വരുന്നതെല്ലാം എത്ര നന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്.  



ഷോ തീര്‍ന്നതിനു ശേഷം മോണോറെയിലില്‍ കയറി ഹാര്‍ബര്‍ഫ്രന്‍റിലേക്ക്, അവിടെ നിന്നും ഹോട്ടലിലേക്ക്...






Wednesday, February 29, 2012

സിങ്കപൂര്‍ യാത്ര- ഒന്നാം ദിവസം

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിങ്കപ്പൂരിലെത്തിയത്. ഹോട്ടലില്‍  ചെന്ന് ബെഡ്ഡ് കണ്ടപ്പോള്‍ തന്നെ ഉറങ്ങാനാണ് തോന്നിയത്. കുളിച്ച് ഫ്രഷായി കുറച്ചു നേരം വിശ്രമിച്ച് 5 മണിയായപ്പോള്‍ ഇറങ്ങി. നേരെ മെട്രോ സ്റ്റേഷനിലേക്ക് - വഴി റിസപ്ഷനില്‍ ചോദിച്ചു. അടുത്തു തന്നെയായിരുന്നതുകൊണ്ട് കണ്ടു പിടിക്കാന്‍ അധികം ബുദ്ധിമുട്ടിയില്ല. അതു നോക്കിയാണ് ഈ ഹോട്ടല്‍ തന്നെ സെലക്ട് ചെയ്തത്. ചെന്ന് ടിക്കറ്റ് എടുത്ത് ( എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ കറന്‍സി മാറ്റിയതു കൊണ്ട്, പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഹോട്ടലിന്‍റെ അടുത്തു തന്നെയുണ്ട്.)നേരെ സിങ്കപ്പൂര്‍ ഫ്ലൈയറിലേക്ക് (Singapore flyer) പോയി. അവിടെ ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിനേക്കാളും തിരക്ക്. ക്രിസ്തുമസ്സിന്‍റെ പിറ്റേദിവസം ആയതു കൊണ്ട് സിങ്കപൂരിലുളള എല്ലാവരും അവിടെയുണ്ടെന്ന് തോന്നി. ടിക്കറ്റ് എടുക്കാന്‍  ചെന്നപ്പോള്‍ കൌണ്ടറിലെ ചേച്ചി പറഞ്ഞു ഇന്നത്തേക്ക് ടിക്കറ്റെടുത്താല്‍ 2 മണിക്കൂര്‍ ക്യൂവില്‍ നില്ക്കേണ്ടി വരുമെന്ന്. അതുകൊണ്ട് ഞങ്ങള്‍ വേറെ ഒരു ദിവസം വരാമെന്ന് വിചാരിച്ച് അവിടെ നിന്ന് പോന്നു.








എക്സപ്ലനേഡ് (Esplanade) കാണാമെന്ന് കരുതി അവിടെ നിന്ന് നടന്നു. പോകുന്നവഴിക്ക് മറീനാബേ സാന്‍ഡ്സിന്‍റേയും (Marina bay sands), ഹെലിക്സ് ബ്രിഡ്ജിന്‍റേയും (Helix bridge) ഫോട്ടോയും എടുത്ത് എക്സപ്ലനേഡിലേക്ക് പോയി. അവിടെ അടുത്തുളള ഒരു ഹോക്കര്‍  സെന്‍ററില്‍ (ഭക്ഷണസാധനങ്ങളുടെ വഴിയോര കച്ചവടം) കേറി. അവിടെ കയറിയപ്പോളാണ് മനസ്സിലായത് ഇതൊന്നും നമുക്ക് തിന്നാന്‍ പറ്റുന്ന സാധനങ്ങളല്ല എന്ന്. കാണാന്‍ നല്ല ഭംഗിയുള്ള ഡിഷുകള്‍, ചീഞ്ഞ മീന്‍ പുഴുങ്ങിയ മണമാണന്നേയുള്ളു. അവിടെ നിന്ന് ജ്യൂസും കുടിച്ച് ഇറങ്ങി. യാത്രയുടെ ക്ഷീണമുളളതു കൊണ്ട് ബാക്കി കാഴ്ച പിറ്റേ ദിവസത്തേക്ക് മാറ്റി. അവിടേ നിന്ന് ഹോട്ടലിലേക്ക് ബസ്സ് കിട്ടും. പക്ഷേ ബസ്സിലെ ടിക്കറ്റിംഗ് മെഷീനില്‍ കോയിനുകള്‍ മാത്രമാണോ എടുക്കുകയെന്നറിയില്ല , . ഞങ്ങളുടെ കയ്യില്‍ ചില്ലറയുണ്ടായിരുന്നില്ല. അതുകൊണ്ട് ചുമ്മാ നാണം കെടണ്ടല്ലോയെന്നു കരുതി ഒരു ടാക്സി വിളിച്ച് ഹോട്ടലിലേക്ക് പോന്നു.

ഹോട്ടലിലെത്തി ഡ്രസ്സ് ഒക്കെ മാറി നേരെ അടുത്തുളള ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ പോയി നല്ല നാടന്‍ പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു (എവിടെയായാലും നമ്മള്‍ മലയാളികള്‍ നമ്മുടെ സംസ്ഥാന ഭക്ഷണം മറക്കാന്‍ പാടില്ലല്ലോ). നേരെ മുസ്തഫ ഷോപ്പിംഗ് മാളിലേക്ക് കയറി, എന്തൊക്കെയുണ്ടെന്ന് അറിയേണ്ടേ.. പണ്ടേ വിന്‍ഡോ ഷോപ്പിംഗ് എന്‍റെ ഒരു വീക്ക്നസ്സാണ്.. എന്തായാലും കയറിയതല്ലേ മസ്കറ്റില്‍ കിട്ടാത്ത തരം കുറച്ച് ജ്യൂസുകളും (ലിച്ചിയും മുല്ലപ്പൂവും, കരിമ്പും ബേസില്‍ സീഡും തുടങ്ങിയവ ) വാങ്ങിയിറങ്ങി. റൂമില്‍ കൊണ്ടു പോയി കുടിച്ചപ്പോളാണ് മനസ്സിലായത് വെറുതെയല്ല ഇത് ഇവിടെയില്ലാത്തത് എന്ന്. അത്ര വൃത്തികെട്ട ടേസ്റ്റായിരുന്നു, (കരിമ്പും കരിമീനും, മാങ്ങയും മാങ്ങാത്തൊലിയും അങ്ങനെയെന്തിന്‍റെയൊ ടേസ്റ്റ്)..എന്തായാലും വാങ്ങിയതല്ലേ കളയാന്‍ പറ്റുമോ.. എന്തായാലും അത് അവിടെ വെച്ചു. 5 ദിവസവും. അവസാനം അത് വേസ്റ്റില്‍ ഒഴിച്ചിട്ട് ഇങ്ങ് പോന്നു.