Tuesday, January 31, 2012

സിങ്കപൂര്‍ യാത്രകുറേ കാലത്തെ ആഗ്രഹമായിരുന്നു സിങ്കപൂര്‍ യാത്ര.  ഇതിനു വേണ്ടി ഒരു പാട് യാത്രാ ബ്ലോഗുകള്‍ വായിച്ചു. കുറേ ട്രാവല്‍ ഓപ്പറേറ്റേഴ്സ് ന് മെയില്‍ അയച്ചു. എല്ലാവരും മറുപടി അയച്ചത് ഹോട്ടല്‍ താമസവും, അര ദിവസത്തെ കാഴ്ചയും. ഇതിനാണെങ്കില്‍ ഒടുക്കത്തെ കാശും. അതോടെ പാക്കേജ് ടൂര്‍ എന്ന മോഹം ഉപേക്ഷിച്ചു.
പിന്നെ നമ്മുടെ ഗൂഗിളിനെ തന്നെ ആശ്രയിച്ചു. സിങ്കപൂരില്‍ പോകേണ്ട സ്ഥലങ്ങള്‍     ഏതൊക്കെയാണ് എന്ന് തപ്പി. അവിടെ യുണ്ടായിരുന്ന കൂട്ടുകാരിക്ക് മെയിലും അയച്ചു. അങ്ങനെ കൂട്ടുകാരി അയച്ച ലിസ്റ്റും നോക്കി എവിടെയൊക്കെ പോകണമെന്ന് ഏകദേശം തീരുമാനിച്ചു. അങ്ങനെ ഓരോ ദിവസവും പോകേണ്ട സ്ഥലങ്ങള്, എങ്ങനെ പോകണം, എന്നൊക്കെ ഒരു ലിസ്റ്റുണ്ടാക്കി. 
പിന്നെ ഫ്ളൈറ്റ് ടിക്കറ്റ് നോക്കലായി. മസ്കറ്റില്‍ നിന്ന് ആയതുകൊണ്ട് ഡിറക്ട് ഫ്ളൈറ്റ് ഇല്ല. പിന്നേ എല്ലാ എയര്‍ലൈന്‍സും മാറി മാറി നോക്കി. അങ്ങനെ അവസാനം ശ്രീലങ്കന്‍ എയര് വെയ്സ് മള്‍ട്ടി സിറ്റി കൊടുത്ത് 200 റിയാലിന് മസ്കറ്റ്- സിങ്കപൂര്‍- കോലാലമ്പൂര്‍-മസ്കറ്റ് കിട്ടി. അങ്ങനെ അത് ബുക്ക് ചെയ്തു.
പിന്നെ ഹോട്ടല് തപ്പലായി. ഡിസംബര്‍ പീക്ക് ടൈമായതു കൊണ്ട് അത് കുറച്ചു കട്ടിയായിരുന്നു. എല്ലാ ഹോട്ടലും റേറ്റ് കൂടുതല്‍. പിന്നെ ഓരോ ഹോട്ടലിന്‍റെയും റിവ്യൂ വായിച്ച് നല്ല റിവ്യു ഉളള ഹോട്ടലുകളുടെ ലിസ്റ്റ് ഉണ്ടാക്കി. ഇതില്‍ നിന്ന് മെട്രോ സ്റ്റേഷന്‍റെ അടുത്തുള്ള ഹോട്ടലുകള്‍ നോക്കി അതില്‍ നിന്ന് ഒരെണ്ണം ബുക്ക് ചെയ്തു. 
പിന്നെ വിസ എടുത്തു കാത്തിരിപ്പായിരുന്നു ആ ദിവസം വരാന്‍. പോകുന്നതിന്‍റെ രണ്ടു ദിവസം മുമ്പ് യൂണിവേഴ്സല്‍ സ്റ്റുഡിയോ, സൂ, ബേര്‍ഡ് പാര്‍ക്ക് ടിക്കറ്റ് എടുത്തു. ഇതിനിടയ്ക്ക് സിങ്കപൂരിലെ കാലാവസ്ഥ നോക്കിയപ്പോള്‍ മഴ ഇടയ്ക്കിടയ്ക്ക് ഉണ്ടെന്ന് കണ്ടതു കൊണ്ട് കുട. റെയിന്‍കോട്ട് തപ്പിയിറങ്ങി. (മസ്കറ്റില്‍ മഴ എന്നതു കാലാവസ്ഥ മാറുന്ന സമയത്തു മാത്രമായതു കൊണ്ട് ഇതൊക്കെ കിട്ടാന്‍ കുറച്ചു പാടാണ്.) ഞങ്ങള്‍ക്ക് റെയിന്‍കോട്ട് കിട്ടി. പക്ഷേ മോള്‍ക്ക് കിട്ടിയില്ല. പിന്നെ അവിടെ ചെന്നിട്ട് വാങ്ങാലോ എന്ന് കരുതി.
അങ്ങനെ കാത്ത് കാത്തിരുന്ന് ആ സുദിനം വന്നെത്തി. ആദ്യത്തെ വിദേശയാത്ര ( ആദ്യത്തെയല്ല. നമ്മുടെ കേരളത്തില്‍ നിന്നും ഇവിടെ മസ്കറ്റിലേക്ക് പോന്നതു തന്നെയാണ്. പക്ഷേ ഇപ്പോള്‍ മസ്കറ്റ് നമ്മുടെ സ്വന്തം പോലെ ആയതുകൊണ്ടും, പിന്നെ ആദ്യമായി കാഴ്ച കാണാന്‍ മാത്രം പോകുന്നതു കൊണ്ടും ഇത് ആദ്യ വിദേശയാത്ര അല്ലേ....)
പകലു തന്നെ കാറൊക്കെ കൊണ്ടു ഫ്രണ്ടിന്‍റെ വീട്ടിലിട്ടു. അല്ലെങ്കില്‍ 11 ദിവസത്തെ യാത്രയും കഴിഞ്ഞ് വരുമ്പോള്‍ അതിന്‍റെ ബാറ്ററി തീര്‍ന്നിരിക്കും. പിന്നെ അതു സ്റ്റാര്‍ട്ട് ചെയ്യാന്‍ വേറെ വണ്ടിക്ക് ഓടേണ്ടി വരും. രാവിലെ തന്നെ നെറ്റില്‍ നിന്നും ബോര്‍ഡിംഗ് പാസ്സെടുത്തു. പ്രിന്‍റ് വന്നില്ല. അതിനു പകരം ഒരു മെസേജ്. പോയി ക്രെഡിറ്റ് കാര്‍ഡ് കാണിച്ചാലേ പ്രിന്‍റാന്‍ പറ്റുവെന്ന്. 
അങ്ങനെ രാത്രി എയര്‍പോട്ടിലേക്ക്. അവിടെ ക്രെഡിറ്റ് കാര്‍ഡ് കാണിച്ചു. കൌണ്ടറില് ഇരുന്നത് ഒരു മന്ദബുദ്ധിയാണോ... അതോ പുതിയതായി വന്നതാണോ എന്തോ... അതിന് ഞങ്ങളുടെ ഈ നീണ്ട ലിസ്റ്റ് (മസ്കറ്റ്-കൊളംബോ—സിങ്കപ്പൂര്‍- കോലംലമ്പൂര്‍- കൊളംബോ-മസ്കറ്റ്) കണ്ടപ്പോള്‍ ഒന്നു മനസ്സിലായില്ല. ആരോടൊക്കെയോ വിളിച്ചു ചോദിച്ച് കൊളംബോയിലേക്കുളള ബോര്‍ഡിംഗ് പാസ്സ് അടിച്ചു തന്നു. ബാക്കി കൊളംബോയില്‍ ചെന്നിട്ട് തരാമെന്നു പറഞ്ഞു.  9.30 ക്ക് ഫ്ലൈറ്റില് കയറി. നേരെ കൊളംബോ അവിടെ നിന്നും സിങ്കപൂരിലേക്ക്. കൊളംബോയില്‍ ഇറങ്ങി. എവിടേയ്ക്ക് പോകണം എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. ആദ്യമായാണ് ഈ ഇറങ്ങികേറല്‍. പിന്നെ അവിടെയിരുന്ന പെണ്ണിനോട് ചോദിച്ചപ്പോള്‍ കൌണ്ടര്‍ നമ്പര്‍ പറഞ്ഞു തന്നു. ആ കൌണ്ടറിനടുത്ത് പോയി ഇരുന്നു. ആ സ്ഥലം കണ്ടപ്പോള്‍ ഇത്രയും ചെറുതാണോ ഈ എയര്‍പോര്‍ട്ട് എന്നു തോന്നി. (പക്ഷേ അത് വെറും തോന്നലായിരുന്നുവെന്ന് തിരിച്ചു വന്ന ദിവസം മനസ്സിലായി.) കണ്ടു കഴിഞ്ഞാല് നമ്മുടെ ഏതെങ്കിലും ബസ് സ്റ്റാന്‍ഡ് പോലെയുണ്ട്. നിറയെ കടകളൊക്കെയായി. ആകെ കുറച്ചു പേര്‍ക്ക് ഇരിക്കാനുളള സ്ഥലമേയുളളൂ.. 5,6 ഫ്ലൈറ്റിലേക്കുളള ആള്‍ക്കാരു മുഴുവന്‍ വന്നു കഴിഞ്ഞപ്പോള് പൂരത്തിനുളള തിരക്കായി...അങ്ങനെ കുറേ നേരം ലൈനില്‍ നിന്ന് ചെക്കിംഗിന്... നമ്മുടെ നാട്ടിലെ പോലെയല്ല ഷൂ വരെ അഴിച്ച് അതില്‍ വെയ്ക്കണം. അങ്ങനെ ഫ്ലൈറ്റിലേക്ക്. 
ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ സിങ്കപൂര്‍ കണ്ടു തുടങ്ങി. ദ്വീപുകളും.... 

അവിടെയെത്തി എയര്‍പോര്‍ട്ട് ഷട്ടിലില്‍ ഹോട്ടലിലേക്ക്.. 
ഹോട്ടലിലെത്തി. റിവ്യു വായിച്ചതുപോലെ നല്ല ഹോട്ടല്‍. നല്ല വ്യത്തിയുളള ഹോട്ടല്. ഹോട്ടലിന് ചുറ്റും ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍. മുന്പില്‌ തന്നെ വലിയ ഷോപ്പിംഗ് മാള്‍ (മുസ്തഫ). ഇതു കണ്ടപ്പോളാണ് ഇത്രയും വലിയ മാളുകളും ഉണ്ടെന്നു മനസ്സിലായത്. മസ്കറ്റില്‍ ഉളളതെല്ലാം ഇതിന്‍റെ കുട്ടികളുടെ അത്രയുമേ ഉള്ളുവെന്ന്.
8 comments:

 1. ബൂലോകത്തേയ്ക്ക് സ്വാഗതം. യാത്രാവിവരണങ്ങളുമായാണല്ലേ തുടക്കം. എല്ലാ ആശംസകളും...

  സമയം പോലെ എല്ലാം വായിയ്ക്കാം.

  ReplyDelete
 2. താങ്ക്സ്. വായിച്ച് അഭിപ്രായം പറയണേ..

  ReplyDelete
 3. നമസ്ക്കാരം..... നല്ല യാത്ര വിവരണം....സാധാരണയായി നാട്ടില്‍ നിന്നുമാണ് യാത്രകള്‍ തിരിക്കുക.....എന്തായാലും ആശംസകള്‍..... നല്ല ഒഴുക്കുള്ള വിവരണം....ആശംസകള്‍.....

  ReplyDelete
 4. മുഹമ്മദ് മുസ്തഫ & ഷംസുദീന്‍ കമ്പനി ഓര്‍ത്തു. ഇപ്പോള്‍ ഹൈപ്പര്‍ മാളുകളൊക്കെ കണ്ട് പരിചയമായെങ്കിലും രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് ആദ്യമായി അതിന്റെ അകത്തുകയറി അദ്ഭുതപ്പെട്ട് നിന്നതോര്‍ത്തു. ലിറ്റില്‍ ഇന്‍ഡ്യയെന്ന കുട്ടി ഇന്‍ഡ്യയെയും. ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവന്നതിന് നന്ദി സുനി.

  ReplyDelete
 5. ആദ്യ പോസ്റ്റ്‌ കൊള്ളാം സുനീ. തുടര്‍ന്നും വായിക്കാം. തുടര്‍ക്കഥ പോലെ.

  ReplyDelete
 6. ഒന്നാം പോസ്റ്റ് കൊള്ളാം.. രണ്ടാം പോസ്റ്റെന്താ , ഗൂഗിള്‍ അമ്മച്ചി മുക്കിയോ?? :)

  ReplyDelete
 7. good post, but u didn't described what u did in Singapore, please post 2nd part, iam planning to visit Singapore shortly

  ReplyDelete
  Replies
  1. സിങ്കപ്പുര്‍ യാത്ര 7 പോസ്റ്റുണ്ട്. വലതു വശത്തെ ലേബല്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ പോസ്റ്റുകളും കാണാം... വരവിനും, അഭിപ്രായത്തിനും നന്ദി.

   Delete