Wednesday, September 19, 2012

മസ്കറ്റ് - ഭാഗം 2

മസ്കറ്റിന്‍റെ ബാക്കി വിശേഷങ്ങളിലേക്ക്... ഇതു വരെ വായിച്ചതൊക്കെ മറന്നോ... എങ്കിലിവിടെയൊന്ന് ഞെക്കി നോക്കൂ...
മത്ര കോര്‍ണിഷില്‍ നിന്നുളള ഒരു ദൃശ്യം
അടുത്തതായി ഇവിടെ കാണാനുളളത് മത്ര കോര്‍ണിഷാണ്.   പ്രധാന തുറമുഖം ഇവിടെയാണ്. കപ്പലുകള്‍ കാണാത്തവര്‍ക്ക് ഇവിടെ വന്നാല്‍ പല വലുപ്പത്തിലും, പല രൂപത്തിലും ഉളള കപ്പലുകള്‍ കാണാം.. (അതിന് അവിടെ വരണോ, കൊച്ചിക്ക് പോയാ പോരേയെന്ന് ചോദിക്കരുതേ.... ) ഇവിടെ നിന്നുളള രാത്രി കാഴ്ച അതിമനോഹരമാണ്.. 


അതു പോലെ തന്നെ ഇവിടെയുളള ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മാര്‍ബിള്‍ പ്രതിമകള്‍ കാണേണ്ടതു തന്നെയാണ്.. മാര്‍ബിളിന് ഒരു വിലയുമില്ലേ ഈ ഒമാനിലെന്ന് തോന്നുന്നത് ഇവിടെ വരുമ്പോളാണ്. കടലിന്‍റെ വശങ്ങളിലെല്ലാം വെള്ളത്തിലേക്ക് വായിനോക്കിയിരിക്കാന്‍ പോലും മാര്‍ബിളില്‍ കൊത്തിയെടുത്ത കസേരകളാണ്.. 
റിയാം പാര്‍ക്കിലെ മലമുകളിലെ മകുടം..


റിയാം പാര്‍ക്കില്‍ നിന്നുളള കാഴ്ച
 

പാര്‍ക്കിലെ മുരടിച്ച തെങ്ങ്..

Add caption

വീണിതല്ലോ കിടക്കുന്നൂ.....
ഇവിടെയടുത്ത് തന്നെ രണ്ടു പാര്‍ക്കുകളുണ്ട്. റിയാം പാര്‍ക്കാണ് കേമന്‍. പാര്‍ക്കില്‍ നിന്നു നോക്കിയാല്‍ കടലും, കപ്പലുകളും കാണാം.. ഒരു കുന്നിലാണ് ഈ പാര്‍ക്ക്.  ആവശ്യത്തിന് വ്യായാമം കിട്ടാന്‍ ഈ പാര്‍ക്ക് ഒന്ന് കറങ്ങി കണ്ടാല്‍ മതിയെന്ന് സാരം.. ഒന്നു വെറുതേ കറങ്ങിയാല്‍ മതി കുറച്ച് നെയ്യ് ഉരുക്കി കളഞ്ഞിട്ട് പോകാം.. കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്യാണ്, അങ്ങനെയൊന്നും കളയാന്‍ ഞാനില്ലായെന്നാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... ഇവിടെയും കുട്ടികള്‍ക്കുളള ടോയ്സുണ്ട്. അതു പോലെ കാശ് മുടക്കി കയറാവുന്ന റൈഡുകളുമുണ്ട്.. 

മസ്കറ്റ് പാലസിലേക്ക് പോയാലോ ഇനി...  


1972 ല്‍ സ്ഥാപിച്ചതാണ് ഈ അല്‍ അലാം റോയല്‍ പാലസ്. ഈ പാലസിന്‍റെ രണ്ടു വശങ്ങളിലായി അല്‍ ജലാലി ഫോര്‍ട്ടും, അല്‍ മിറാനി ഫോര്‍ട്ടും സ്ഥിതി ചെയ്യുന്നു. സിറ്റിയിലെ ഏറ്റവും ഭംഗിയുളള കെട്ടിടമാണിത്. ഉളളില്‍ കയറി കാണാന്‍ പറ്റില്ലെങ്കിലും, ഗേറ്റ് വരെ പോയി നല്ല ഫോട്ടോസ് എടുക്കാം. ഗേറ്റില്‍ തന്നെ ചേട്ടന്‍മാര് തോക്കുമായി നില്‍ക്കുന്നുണ്ട്. പുറമേ നിന്ന് നോക്കിയാല്‍ ഈ തോക്ക് ചേട്ടന്‍മാരെ കാണില്ലാട്ടോ. എന്ന് വെച്ച് ഗേറ്റിന്‍റെയടുത്ത് പോയി തുറക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വന്നെന്ന് ചോദിച്ചാല്‍ മതി.. 
പാലസിന്‍റെ വശങ്ങളിലെ ഇടനാഴികളിലൊന്ന്...
രാജാവ് ഇവിടെയല്ലാ താമസമെങ്കിലും, പ്രധാന ദിവസങ്ങളിലും, വേറെ ഏതെങ്കിലും രാജ്യത്തു നിന്നും പ്രധാനപ്പെട്ട ആള്‍ക്കാര് വരുമ്പോളും ഇവിടെയുണ്ടാവാറുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ കൊട്ടാരത്തിന്‍റെ ഭംഗി എടുത്തു പറയേണ്ടതു തന്നെയാണ് കൂടാതെ കെട്ടിടത്തിനു മുന്നിലുള്ള പൂന്തോട്ടം ഓരോ സീസണിലും  പറ്റിയ പൂച്ചെടികള്‍ നട്ടു പിടിപ്പിച്ച് മനോഹരമാക്കാറുണ്ട്. 
പുഴുക്കളിലെ ഏതോ കലാകാരന്‍ കേറി മേഞ്ഞതാ...
ഇവിടെയുളള ഫോര്‍ട്ടുകളിലും അകത്ത് കയറാന്‍ നമുക്ക് പറ്റില്ല. പക്ഷേ പുറത്ത് നിന്ന് അതിമനോഹരങ്ങളായ ചിത്രങ്ങളെടുക്കാം.

പാലസും, കോട്ടയും കണ്ട് മടുത്തോ... എന്നാ വിട്ടേക്കാമല്ലേ..
ഇപ്പോള്‍ നമ്മള്‍ പഴയ മസ്കറ്റില്‍ കൂടിയാണ് പോകുന്നത്.. പോകുന്ന വഴിക്ക് ചെറിയ പാര്‍ക്കുകളും, ബോട്ട് ബേകളുമെല്ലാം കണ്ട് പോകാം..
പോകുന്ന വഴിയില്‍ നിന്നൊരു ക്ലിക്ക്..
ഇവിടെ നിന്ന് നേരെ ഖന്താബ് ബീച്ചിലേക്ക് പോകാം... ആ പോകുന്ന റോഡ് നല്ല രസമാണ്. ചുറ്റും മലകള്‍. 
സമുദ്രതീരത്ത് നിന്ന് കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വണ്ടി  കയറ്റം കയറുമ്പോള്‍ ചെവിയടയുക സാധാരണമാണ്.. മസ്കറ്റിലെ പ്രധാനപ്പെട്ട ബീച്ചാണിത്. 

 
 ഇവിടെ ബോട്ട് സര്‍വ്വീസുകളുണ്ട്.. ബോട്ട് എന്ന് പറയാനൊന്നും പറ്റില്ല. മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികളാണ് സത്യത്തില്‍. ഒന്ന് രണ്ട് നല്ല ബോട്ടുകളുമുണ്ട്... 10-12 റിയാല്‍ കൊടുത്താല്‍ കുടുംബ സമേതം കടലിലൊന്ന് ചുറ്റിയടിച്ച് വരാം.. ഒരു മലയുടെ ചെറിയ ദ്വാരത്തിലൂടെ അപ്പുറത്തേക്കും പോകാം. 
ആ കാണുന്ന ദ്വാരത്തിലൂടെയാണ് ബോട്ട് പോവുക

ഇതാണ് ഞാന്‍ പറഞ്ഞ മലയുടെ ഉളളിലുളള ദ്വാരം
മസ്കറ്റില്‍ വന്ന സമയത്ത് ഒരു ബോട്ട് യാത്ര നടത്തിയപ്പോള്‍ ഈ മലയുടെ അടിയില്‍ കൂടി പോകാന്‍ നല്ല രസമായിരുന്നു.. പക്ഷേ കുറച്ച് നാള്‍ മുമ്പ് ഒന്ന് കൂടി ആ യാത്ര നടത്തി.. അവിടെയെത്തിയപ്പോള്‍ അങ്ങോട്ട് പോകണോയെന്ന് നമ്മുടെ കപ്പിത്താന്‍ ( ബോട്ട് ഓടിക്കുന്ന അപ്പൂപ്പന്‍...) ചോദിച്ചു. പിന്നെ കാശ് മുടക്കിയിട്ട് അവിടെ പോകാതെ തിരിച്ചു വരാനോ... ആ വിട്ടേക്ക് എന്ന് സ്റ്റൈലായി അറബിയില്‍ ( 6 വര്‍ഷമായി മസ്കറ്റിലെങ്കിലും ആകെ അറിയാവുന്ന അറബി ഗഫൂര്‍ക്കാ ദോസ്തിന്‍റെ അറബിയാണ്..) പറയണമെന്ന് ആഗ്രഹിച്ചെങ്കിലും അയാള്‍ക്കത് ബുദ്ധിമുട്ടായാലോ എന്ന് കരുതി നമ്മുടെ നാടന്‍ ഇംഗ്ലീഷില്‍ പറഞ്ഞു.. ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് നമ്മുടെ അപ്പൂപ്പന്‍ ബോട്ടങ്ങ് വിട്ടു.. അള്ളോ ... പടച്ചോനേ യെന്നുളള വിളിയേ കുറച്ച് നേരത്തേക്ക് കേട്ടുളളൂ- എന്തുകൊണ്ടാണോ നിലവിളി എന്‍റെ സ്വരമായിരുന്നു.... ( നീന്തല്‍ അറിയില്ലാന്ന കാര്യം അങ്ങോട്ട് പോകണം എന്ന് അപ്പൂപ്പനോട് പറഞ്ഞപ്പോള്‍ ഞാനോര്‍ത്തില്ല.. ലൈഫ് ജാക്കറ്റും ഇല്ല.. ആകെ മോള്‍ക്ക് മാത്രമേ ജാക്കറ്റുളളൂ..) എന്തായാലും യൂണിവേഴ്സല്‍ സ്റ്റുഡിയോയിലെ ഏതോ റൈഡില്‍ കയറിയ പ്രതീതിയായിരുന്നു കുറച്ച്  നേരത്തേക്ക്.. എല്ലാം കഴിഞ്ഞ് തീരത്തോടടുത്തപ്പോളാണ് ഞാന്‍ സമ്മതം മൂളിയത് എത്ര വലിയ പൊട്ടത്തരമാണെന്ന് തോന്നിയത്... എന്നാലും നല്ല ഒരു റൈഡ് കടലില്‍ നടത്തിയതിന് ഒരു പാട് സന്തോഷവും തോന്നി...  (ഇതില്‍ നിന്ന് പഠിച്ച പാഠം... നല്ല തിരയുളളപ്പോള്‍ സാഹസികയാത്ര നടത്തരുത്.. )
അപ്പോളൊരു ബോട്ട് യാത്രയ്ക്ക് പോയാലോ..... 

ബോട്ട് യാത്ര ചെയ്ത് ക്ഷീണിച്ചല്ലേ.. എന്നാലെല്ലാവരും പോയി കുളിച്ച് വിശ്രമിച്ചോളൂട്ടോ... ബാക്കി പിന്നെ കാണാം.... 


Thursday, August 2, 2012

മസ്കറ്റ് ഭാഗം - 1

ഇന്ന് നമുക്ക് മസ്കറ്റിലേക്ക് പോയാലോ... മസ്കറ്റ് എന്നു വെച്ചാല്‍ ശരിക്കുമുളള മസ്കറ്റ് എന്ന സ്ഥലത്തേക്ക്... ഒമാനിലെ പ്രധാന എയര്‍പോര്‍ട്ടായ സീബ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്ട്ടില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ദൂരമുണ്ട് ശരിക്കുള്ള മസ്കറ്റിലേക്ക്.
 
കളള് ചെത്താനല്ലാട്ടോ ഈ കെട്ടി വെച്ചിരിക്കുന്നത്. ഇങ്ങനെ കെട്ടിവെക്കും ഈന്തപഴമാകുന്നതിന് മുമ്പ്.

റോഡിന്‍റെ വശങ്ങളിലെ മരങ്ങള്‍. മരത്തിലേക്ക് വായനോക്കി നില്‍ക്കുന്ന ആ ജീവി ഞാന്‍ തന്നെയാണ്.
പോകുന്ന വഴി ശരിക്കും നല്ല രസമാണ്. അകലെ മലകളും, പിന്നെ കെട്ടിടങ്ങളും, റോഡിന്‍റെ വശങ്ങളില്‍ മുഴുവന്‍ മരങ്ങളും ചെടികളും, പൂക്കളും, ഈന്തപ്പനങ്ങളും എല്ലാമുണ്ട്.

റോഡിന്‍റെ വശങ്ങളിലെ പൂച്ചെടികള്‍
ഇവിടെ ഓരോ സീസണനുസരിച്ച്  പൂചെടികള്‍ നടും, റോഡിന്‍റെ വശങ്ങളിലും, പാര്‍ക്കിലും എല്ലാം. തണുപ്പുകാലമായ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ചെണ്ടുമല്ലിയും, പെട്ട്യൂണിയയും ആയിരിക്കും വശങ്ങളില്‍.  ബാക്കി സമയങ്ങളില്‍ ശവം നാറിയും, സീനിയ പൂക്കളുമുണ്ടാകും.

അതു പോലെ നാഷണല്‍ ഡേ ആയ നവംബര്‍ 18 നോടനുബന്ധിച്ച് റോഡിന്‍റെ വശങ്ങളില്‍ മുഴുവന്‍ മാല ബള്‍ബുകള്‍ തൂക്കാറുണ്ട്. അതു കൊണ്ട് തന്നെ മസ്കറ്റ് കാണാന്‍ വരുന്നവര്‍ക്ക് ഏറ്റവും നല്ല സമയം ഈ നവംമ്പര്‍, ഡിസംമ്പര്‍ മാസങ്ങളാണ്- ഈ സമയത്ത് ക്ലൈമറ്റും നല്ലതാവും. അതു പോലെ തന്നെ ഫ്ളൈറ്റില്‍ നിന്നുളള മസ്കറ്റിന്‍റെ ഭംഗിയും എടുത്ത് പറയേണ്ടത്. രാത്രിയിലെ കാഴ്ചയാണുട്ടോ.. രാത്രി വരുമ്പോള്‍ താഴേക്ക് നോക്കാന്‍ മറക്കേണ്ട.. എന്ന് വെച്ച് സൈഡ് സീറ്റ് കിട്ടാത്തവര്‍ സൈഡിലിരിക്കുന്നവരുടെ തലയ്ക്കുമുകളിലൂടെ ചാടി താഴത്തെ കാഴ്ചകള്‍ കാണാന്‍ പോയാല്‍ അടി കിട്ടുമേ... അങ്ങനെ കിട്ടുന്ന അടിക്ക് ഞാന്‍ ഉത്തരവാദിയല്ല, അടിയോ ചവിട്ടോ തെറിയോ അതെല്ലാം ഓരോരുത്തരുടെ ഭാഗ്യം പോലിരിക്കും....
മഴക്കാലത്ത് മസ്കറ്റിലെ മേഘങ്ങള്‍...

മസ്കറ്റ് ഗ്രാന്‍റ് മോസ്ക്
എയര്‍പോര്‍ട്ടില്‍ നിന്നും പോന്നാല്‍ അടുത്ത സ്റ്റോപ്പായ അസൈബ, അവിടെയാണ് ഏറ്റവും വലിയ പളളിയായ ഗ്രാന്‍റ് മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. അവിടെ തന്നെയാണ് ഈയുളളവളുടേയും വീട്.. എന്ന് വെച്ച് അതിന്‍റെ അഹങ്കാരം എനിക്കില്ലാട്ടോ.. സിങ്കപ്പൂരും, മലേഷ്യയും കറങ്ങിയ ഞാനീ പളളി ഇതു വരെ പോയി കണ്ടിട്ടില്ല.. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹാന്‍റ്മെയ്ഡ് കാര്‍പറ്റ് ഇവിടെയാണുളളത്.  

മസ്കറ്റ് ഗ്രാന്‍റ് മോസ്ക്
ഈ പളളി കാണാന്‍ കൊളളാത്തതു കൊണ്ടല്ലാ ഇതുവരെ കാണാത്തത്. വെളളിയാഴ്ച വിസിറ്റേഴ്സിന് പ്രവേശനമില്ല. പിന്നെ ബാക്കിയുളള ദിവസങ്ങളില്‍ രാവിലെ പോകണം.. രാവിലെ എണീല്‍ക്കാന്‍ മടിയുളള ഞാന്‍ പിന്നെയെങ്ങനെ പോകാനാ.. എന്തായാലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അടുത്ത് തന്നെ പോകാട്ടോ.. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷമെന്ന് പറയുന്നതു പോലെ..

അസൈബയിലൊരു ബീച്ചുണ്ട്ട്ടോ.. ചില സീസണില്‍ കടലിലെ ചെറിയ എല്ലാ ജീവികളെയും ഇവിടെ തീരത്തോട് ചേര്‍ന്ന് കാണാം. നക്ഷത്ര മല്‍സ്യം, കക്ക, ശംഖ്, പിന്നെ ഇവയുടെ ഷേപ്പിലുളള ഒരു പാട് ജീവികള്‍...  ഇപ്പോള്‍ ഈ ബീച്ച് തീരത്ത് നല്ല ഒരു പാര്‍ക്കും ഉണ്ട്.. 
നക്ഷത്ര മല്‍സ്യം
മസ്കറ്റ് ഓപ്പറാ ഹൌസ്
പോകുന്ന വഴിക്ക് പിന്നെ കാണാനുളളത് മസ്കറ്റ് ഓപ്പറാ ഹൌസ് ആണ്. അതിനെ കുറിച്ചുളള കൂടുതല്‍ വിവരം ഇനിയുളള പോസ്റ്റിലിടാം.. വേറെയൊന്നും കൊണ്ടല്ല. ഞാനിതു വരെ അവിടെ കയറിയില്ല.. പുറമേ നിന്നുളള ഫോട്ടോ മാത്രമേ എടുത്തുളളൂ.. അവിടെ പോകാന്‍ നമ്മുടെ കൂതറ ഡ്രസ്സുകളൊന്നും പറ്റില്ലാത്രെ.. ഡ്രസ്സ് കോഡുണ്ടെന്ന്.. കോട്ടും, സ്യൂട്ടുമൊക്കെ വേണം, അല്ലെങ്കില്‍ ഇവിടെത്തെ ദേശീയ ഡ്രസ്സ് മതി... പുതിയ കോട്ടും, സ്യൂട്ട് വാങ്ങാന്‍ കുഴപ്പമില്ല, പിന്നെ അതിന് ശേഷം മീന്‍ മേടിക്കാന്‍ പോകുമ്പോളും ഇടാന്‍ തോന്നിയാലോ എന്ന് വെച്ച് ഒഴിവാക്കുന്നതാ.. ഇവിടെ ചില ചെറിയ കടകളില്‍ പോകുമ്പോളും കാണാം ഇതു പോലെയുളള കോട്ടുധാരികളെ.. കോട്ടും, ടൈയ്യും അതിനോടൊപ്പം പാരഗണിന്‍റെ പോലുള്ള റബ്ബറു ചെരുപ്പും. 
 
റോസ് ഗാര്‍ഡനിലെ ഒരു അസ്തമയം
ആര്‍ട്ടിഫിഷല്‍ വെളളച്ചാട്ടം..


അടുത്തതായി കാണാനുളളത് ഖുറം നാച്ചറല്‍ പാര്‍ക്കാണ്. ഇതിന് റോസ് ഗാര്‍ഡനെന്നും പറയും. മസ്കറ്റിലെ ഒരു നല്ല പാര്‍ക്കാണിത്. ഫൌണ്ടനും,ലേയ്ക്കും, കുട്ടികള്‍ക്കുളള ടോയ്സൊ ക്കെയുമായി സംഭവം വലുതാണൂട്ടോ.. പിന്നെ ഇതിന്‍റെ ഒരു സൈഡില്‍ ആര്‍ട്ടിഫിഷല്‍ വെളളച്ചാട്ടമുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് മുംതാസ് മഹല്‍ റെസ്ടോറന്‍റ് ഉണ്ട്. അവരുടേയാണോ ഇതെന്ന് വര്‍ണ്ണത്തില്‍ ആശങ്ക.... ഉല്‍പ്രേക്ഷ.....



 
എല്ലാ വൈകുന്നേരവും, അവധിദിവസങ്ങളിലും ഇവിടെ നല്ല തിരക്കാണ്. സൌദിയില്‍ നിന്നും വന്ന ഒരു സുഹൃത്ത് ഈ പാര്‍ക്ക് കണ്ട് അന്തം വിട്ടതില്‍ നിന്നും സൌദിയില്‍ ഈ വലുപ്പത്തിലുളള പാര്‍ക്കില്ലാന്ന് അനുമാനിക്കാലേ... ഒരു വശത്ത് ഒരു പാട് തരത്തിലുളള റോസ് ചെടികള്‍ (നാട്ടിലെ വെച്ച് നോക്കുമ്പോള്‍ അധികമില്ലാട്ടോ.. ), വേറെ സ്ഥലത്ത് കുറേ മുല്ല ചെടികള്‍... മസ്കറ്റില്‍ മുല്ല പൂമാല കിട്ടണമെങ്കില്‍ ഈ  പാര്‍ക്കില്‍ വന്നാല്‍ മതി. ഒരു അമ്മൂമ്മ മുട്ടെല്ലാം പറിച്ച് മാലയാക്കി ഇവിടെ വില്‍ക്കാന്‍ വെക്കും. ഒരു മുഴത്തിന്‍റെ പകുതിക്ക് 200 ബൈസയാണ് (25-30 രൂപ) . നാട്ടിലെ പോലെ കെട്ടികോര്‍ക്കാന്‍ അറിയാത്തതു കൊണ്ട് നാട്ടില്‍ കിട്ടുന്നതിനേ ക്കാള്‍ പൂവുണ്ടാകും ഇതില്‍. 
പക്ഷികളെ കാണാനിവിടെ വന്നാല്‍ മതീട്ടോ.. വൈകുന്നേരം കൂടണയാന്‍ വരുന്ന പലയിനം പക്ഷികളെ കാണാം. ഒരു മരത്തില്‍ തന്നെ നൂറുകണക്കിന് പക്ഷികള്‍. അതുപോലെ ലേക്കില്‍ പലതരം നീര്‍ പതംഗങ്ങളും (മലയാളം മനസിലാവാത്തവര്‍ക്ക് : വെള്ളം കണ്ടാല്‍  അതിലിറങ്ങി വായി നോക്കി നടന്ന് ആ വെള്ളം ചവിട്ടിക്കലക്കുന്ന ടൈപ്പ് കിളികള്‍ - എന്നെ മലയാളം പഠിപ്പിച്ച ടീച്ചറിതു വായിച്ചാല്‍ ഞെട്ടും) . 



ഈ പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ നാട്ടിലെ വീഗാലാന്‍റു പോലെയുളള പാര്‍ക്കുണ്ട്. വീഗാലാന്‍റിന്‍റെ പത്തിലൊന്ന് സാധനങ്ങളേയിവിടെയുളളൂട്ടോ.. ഓരോ റൈഡില്‍ കയറാന്‍ കാശ് കൊടുക്കണം. ഈ പാര്‍ക്കില്‍‍ വെച്ചാണ് മസ്കറ്റിലെ മലയാളികള്‍ നടത്തുന്ന കേരളോല്‍സവം എന്ന പരിപാടി എല്ലാ വര്‍ഷവും നടക്കുന്നത്.. നാട്ടില്‍ നിന്ന് ചെണ്ടയും, പഞ്ചവാദ്യവുമൊക്കെ വരും, ആനകള്‍ മാത്രം മസ്കറ്റില്‍ നിന്നു തന്നെയാണ് - ഖുറം തെര്‍മ്മോക്കോളനും, റൂവി സ്റ്റൈറോഫോമനും. (മൂന്നാമത്തെ ആനക്ക് പേരിടുന്നതിനായി ഉടനേ തന്നെ ഒരു SMS കോണ്‍ടസ്റ്റ് നടത്തും. അതില്‍ ജയിക്കുന്നവര്‍ സമ്മാനം കിട്ടാനായി പ്രോസസിംഗ് ചാര്‍ജായ 3,75,213 രൂപ ഉടനേ തന്നെ അയക്കേണ്ടതാണ്) കണ്ടാല്‍ ആനയ്ക്ക് പോലും മനസ്സിലാവില്ല....സംശയമുണ്ടെങ്കില്‍ ഈ ഫോട്ടോ നോക്ക്. 

എങ്ങനെയുണ്ട് ആനകള്‍...
ബീച്ചില്‍ നിന്നൊരു സായാഹ്നദൃശ്യം

ഈ റോസ് ഗാര്‍ഡനില്‍ നിന്ന് കുറച്ച് ഉളളിലേക്ക് പോയാല്‍ ബീച്ചുണ്ട്. നല്ല ബീച്ചാണ്, അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ്. മസ്കറ്റ് ഏരിയയില്‍ കണ്ടല്‍ കാടുകളുളളത് ഇവിടെയാണ്. റോഡില്‍ നിന്നുളള ഫോട്ടോയെടുക്കാനേ പറ്റൂട്ടോ.. റെസ്ട്രിക്റ്റഡ് ഏരിയയാണ്.. 

ബോറടിച്ചോ വായിച്ചിട്ട്... എങ്കില്‍ ഇനി ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍....


Friday, July 6, 2012

ഒമാന്‍

ഒമാനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു അറബ് രാജ്യം, മറ്റു അറബ് രാജ്യങ്ങളെ പോലെ ഇപ്പോളും രാജഭരണ മാണ്. പക്ഷേ അതു കൊണ്ട് നേട്ടങ്ങള്‍ മാത്രമേ ഈ രാജ്യത്തുണ്ടായിട്ടുളളൂ. നല്ല ഒരു ഭരണാധികാ രിയാണ് ഇവിടെത്തെ രാജാവായ ഹിസ് മജസ്റ്റി സുല്‍ത്താന്‍ കാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്. 1970 മുതല്‍ ഇവിടത്തെ രാജാവായ ഇദ്ദേഹത്തിന്‍റെ ഭരണം കൊണ്ടാണ് ഈ രാജ്യം ഇത്രയും വികസിച്ചത്. സലാലയില്‍ 1940 ല്‍ ജനിച്ച ഇദ്ദേഹം നമ്മുടെ രാജ്യത്തിലെ പൂനയിലും  വിദ്യ അഭ്യസിച്ചിട്ടുണ്ടെന്ന് നമുക്ക് അഭിമാനിക്കാമല്ലേ. 


ഇനി മസില്‍ വിടാമല്ലേ... എഴുതിയത് വായിച്ചപ്പോള്‍ ഒരു പ്രസംഗത്തിന്‍റെ ലുക്ക്. നിങ്ങള്‍ക്കും തോന്നിയില്ലേ..

എങ്ങോട്ടു നോക്കിയാലും കുന്നുകളും, മലകളും. പക്ഷേ മഴയില്ലാത്ത സ്ഥലമായതു കൊണ്ട് മലകളിലും കുന്നുകളിലും പച്ചപ്പില്ല. (മഴയില്ലാ എന്നല്ലാ.. ആകെ വര്‍ഷത്തില്‍ രണ്ടു മാസം പെയ്യും. ആ മഴ പെയ്താല്‍ നമുക്കറിയാം ചൂട് കഴിഞ്ഞു, ഇനി മുതല്‍ തണുപ്പാണെന്ന്. അല്ലെങ്കില്‍ തണുപ്പ് കഴിഞ്ഞു ഇനി മുതല്‍ ചൂടാണെന്ന്. അങ്ങനെ കാലാവസ്ഥ മാറ്റത്തിനാണ് ഇവിടെ മഴ. മാസത്തില്‍ എല്ലാ ദിവസവും പെയ്യില്ലാട്ടോ. ഒരാഴ്ചയെ ങ്ങാനും അടുപ്പിച്ച് പെയ്താല്‍ പെയ്തുവെന്ന് പറയാം.) ഇതെല്ലാം ഒമാന്‍റെ തലസ്ഥാന നഗരമായ മസ്കറ്റിലെ കാര്യമാണ്. ഉള്ളിലേക്ക് പോയാല്‍ മസ്കറ്റിനേക്കാളും മഴ കിട്ടും. അതു കൊണ്ട് തന്നെ കൃഷിയെല്ലാം ഉള്ളിലേക്കാണ്. 

വെളളരി
മസ്കറ്റിലുളള കൃഷി എന്നു പറഞ്ഞാല്‍ ആകെ എന്‍റെ ബാല്‍ക്കണിയുളള ക്യാപ്സിക്കം, തക്കാളി, പയറ്, ലെറ്റ്യൂ സ്, ചീര, വെണ്ട, കറിവേപ്പ്, പാലക്ക് ഇതു പോലെ കുറച്ചു പേരുടെ ബാല്‍ക്കണിയിലുളളതൊക്കെയേ ഉളളൂ.. ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാനെന്താ കൃഷി വിസയിലാണോ പോയതെന്ന്. തെറ്റിദ്ധരിക്കല്ലേ. പിന്നേ.. പറയുന്നതു കേട്ടാല്‍ തോന്നും ബാല്‍ക്കണിയില്‍ പച്ചക്കറി കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണൂട്ടോ.. ഞാന്‍ നട്ട പച്ചക്കറി കളേക്കാള്‍ കൂടുതല്‍ അടുക്കള വേസ്റ്റില്‍ നിന്ന് ഉണ്ടായതാ.. പക്ഷേ ഇതൊക്കെ പരിപാലിക്കുന്നത് ഞാനാണേ... അതു കൊണ്ട് ക്രെഡിറ്റ് എനിക്ക് തന്നെയല്ലേ.. പരിപാലിച്ച് ഇങ്ങനെ വളര്‍ത്തുന്ന ചെടികളില്‍ പലതും ഓരോ പ്രാവശ്യം നാട്ടില്‍ പോയി തിരിച്ച് വരുമ്പോഴേക്കും കരി ഞ്ഞു പോകും, അങ്ങനെ കരിഞ്ഞു പോയതില്‍ എനിക്കേ റ്റവും സങ്കടം തോന്നിയത് കറിവേപ്പ് പോയതിലാണ്. എപ്പോഴും വെളളം വേണ്ട ബ്രഹ്മി പോലും ഒരു കുലുക്കവും ഇല്ലാതെ നിന്നപ്പോള്‍ മരം പോലെ തഴച്ച് നിന്നിരുന്ന കറിവേപ്പ് ഉണങ്ങി പോയി. നാട്ടില്‍ പോകു മ്പോള്‍ വെളളം ഒഴിക്കാന്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി യൊക്കെ തയ്യാറാക്കിയാണ് പോവുക. പക്ഷേ ചില ചട്ടിയില്‍ അതു വീഴില്ല. അങ്ങനെ പോയതാണ് കറിവേപ്പ്.
തക്കാളി

ക്യാപ്സിക്കം

തണ്ണി മത്തന്‍
ഇപ്പോളെന്‍റെ തോട്ടത്തില്‍ ആകെയുളളത് കുറേ റോസാ പ്പൂക്കളും. മുല്ലയും. പാലക്കും, പയറും, അമര പയറു മാണ്. ഇതിലൊന്നും കായില്ലാട്ടോ ഇപ്പോള്‍ പുറത്ത് 40-50 ഡിഗ്രി ചൂടില്‍ ആകെ ഉണ്ടാവുക റോസാപ്പൂവും, ബോഗന്‍ വില്ലയും മാത്രമാണെന്ന് അങ്ങനെ ഞാന്‍ തെളിയിച്ചു.  
ലെറ്റ്യൂസ്

ലെറ്റ്യൂസിന്‍റെ പൂവ്.

ഓ പിന്നേ... ഇവിടെ ആള്‍ക്കാര്‍ വാഴയും കുറുന്തോട്ടിയും വരെ ഉണ്ടാക്കുന്നു അപ്പോഴാ ഇയ്യാളുടെ ഒണക്ക റോസ.....ഞാന്‍ ബ്ലോഗ് എഴുതുന്നത് കണ്ടിട്ട് ഞാന്‍ എണീറ്റു പോയ തക്കത്തിന് എന്‍റെ കണവന്‍ എഴുതിയ ഡയലോ ഗാണ്.. എന്നാല്‍ പിന്നെ അതും കിടക്കട്ടെയെന്ന് വെച്ചു... 
വെണ്ട

മാതള നാരങ്ങ
 കാബേജ് പൂവ്

ഡെസര്‍ട്ട് റോസ്

മാതള നാരങ്ങ ചെടിയും, പൂവും

തണ്ണിമത്തന്‍
ആളുടെ ഓഫിസിലെ ഒരു മദാമ്മ അവരുടെ വീട്ടില്‍  നമ്മുടെ റോബസ്റ്റാ വാഴത്തൈ 25 റിയാലിന് – (ഇപ്പോഴത്തെ കണക്കനുസരിച്ച് 25 * 144 – നമ്മുടെ 3600 രൂപയ്ക്ക്) വാങ്ങി നട്ടിട്ട് ഒരു വലിയ കുല പഴമുണ്ടായി എന്ന് വെച്ച് നമുക്കത് പോലെ ചെയ്യാന്‍ പറ്റുമോ... ആ 25 റിയാലിന്‍റെ പകുതി പോലും വേണ്ട ഒരു കുല പഴം വാങ്ങാന്‍.. അപ്പോളാ. കാശ് മുടക്കിയുളള ഒരു പരിപാടിക്കും ഞാനില്ല. ആകെ കാശ് മുടക്കി വാങ്ങുന്നത് മണ്ണാണ്. അത് വാങ്ങാതെ തരമില്ല. ഇവിടത്തെ മണ്ണിലൊന്നും ചെടി പിടിക്കില്ല. പിന്നെ റോഡ് സൈഡിലെങ്ങനെയാ ഇത്രയും ചെടിയെന്ന് ചോദിച്ചാല്‍ ഇടയ്ക്കിടയ്ക്ക് കാശ് മുടക്കി വാങ്ങുന്ന മണ്ണ് ചാക്ക് കണക്കിന് തട്ടിയാണ് ഇതൊ ക്കെയുണ്ടാക്കുന്നത്. ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ നാടിനെ പറ്റി ഓര്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ മണ്ണും വാങ്ങ ണ്ടാ, വെളളവും വേണ്ട. ആകെ വെളളം വേണ്ടത് വേനല്‍ ക്കാലത്ത് മാത്രമല്ലേ... ഇതു പോലെ റോഡിന്‍റെ വശങ്ങളില്‍ നല്ല ചെടികളും, പൂക്കളും നട്ടു പിടിപ്പിച്ചു കൂടെ.... ആ കാശെങ്ങനെ അടിച്ചു മാറ്റാമെന്നല്ലേ അവിടെ ചിന്ത..
റോസ്

ക്യാബേജില്‍ വിരുന്നു വന്നയാള്‍
ഇപ്പോളേകദേശം രൂപം കിട്ടിയോ മസ്ക്കറ്റിനെ കുറിച്ച്.. ഇല്ലേ.. പിന്നെ ഞാനീ വായിലെ വെളളം വറ്റിച്ചതെന്തിനാ... ഒരു പ്രാവശ്യം കൂടി പറയാം.. ഇനിയും മനസ്സിലാ യില്ലെങ്കില്‍ പാസ്പോര്‍ട്ട് എടുക്കുക, ഇവിടേക്കുളള ടൂറി സ്റ്റ് വിസയെടുക്കുക, റിട്ടേണ്‍ ടിക്കറ്റെടുത്ത് ഇവിടെ വന്ന് കണ്ട് മനസ്സിലാക്കിക്കോട്ടോ..  റിട്ടേണെന്തിനായെന്ന് ചോദിച്ചാല്‍ അതില്ലാതെ ഒരു രാജ്യത്തേക്കും വിസിറ്റ് വിസ കിട്ടില്ലല്ലോ... 

ഒമാനില്‍ മുഴുവന്‍ മലകളാണ്.. ഇവിടെ വരുന്ന ഓരോരു ത്തരേയും പ്രധാനമായി ആകര്‍ഷിക്കുന്നത് ഈ മലകളാണ്. മഴയില്ലാത്ത രാജ്യമായതു കൊണ്ട് മലയിലൊന്നും പുല്ലു പോലുമില്ല. അതു കൊണ്ടു തന്നെ മലയിലെ മണ്ണിന്‍റെ രീതി അനുസരിച്ച് ഈ മലകളുടെ കളറും വ്യത്യാസമുണ്ട്. പണ്ട് ഈ മലകളെല്ലാം കടലിന് അടിയിലായിരുന്നുവത്രേ.. അതു കൊണ്ട് തന്നെ ഈ മലകളുടെ മുകളില്‍ കയറിയാല്‍ ശംഖും, കക്കയുടേ യും അവശിഷ്ടങ്ങള്‍ കാണാം.. ഇത് ഞാന്‍ കയറി തെളിയിച്ചതാണൂട്ടോ.. മസ്കറ്റില്‍ വന്ന സമയത്ത് വേറെ പണിയൊന്നു മില്ലാതെയിരുന്ന ഒരു വെളളിയാഴ്ച വീടിന്‍റെ പുറകിലുളള ഒരു മലയില്‍ എങ്ങനെയൊ ക്കെയോ അളളിപ്പിടിച്ച് കയറി. കയറുന്നത് കുഴപ്പമില്ലായിരുന്നു.. തിരിച്ച് ഇറങ്ങുമ്പോഴാണ് പണി. ഗ്രിപ്പ് പോയാല്‍.. അയ്യോ ഡും എന്ന് പറയുന്നതിന് മുമ്പ് താഴെയെത്തും.. എന്തായാലും ഒന്നും പറ്റാതെ താഴെയെത്തി.  

ഇവിടെയും എണ്ണകിണറുണ്ട്ട്ടോ.. അവിടെ നിന്ന് കുഴിച്ചെ ടുക്കുന്ന ഒരു മെഷിന്‍ റോഡിന്‍റെ വശങ്ങളിലൊരെണ്ണമുണ്ട്. ഇടയ്ക്ക് അത് പ്രവര്‍ത്തിക്കുന്നതും കാണാം. അതിലെണ്ണയുണ്ടെന്നും, ഇല്ല ചുമ്മാ കാണിക്കാന്‍ വെച്ചിരി ക്കുകയാണെന്നും രണ്ട് അഭിപ്രായമുണ്ട്. സത്യമെന്തെന്ന് അറിയില്ല. ചോദിക്കാന്‍ പറ്റിയ വിവരമുളളയാരെയും ഇത് വരെ കണ്ടില്ല..   ആരെങ്കിലും മുമ്പില്‍ പെടാതെയിരിക്കില്ല. കാത്തിരിക്കാലേ.
 
നമ്മുടെ അതേ കടലാസ് പൂവ്
പിന്നെ ഗള്‍ഫ് രാജ്യമായതു കൊണ്ട് അറിയാമല്ലോ കടലാണ് വശങ്ങളില്‍. എല്ലാ വശവും കടലുണ്ടോയെന്ന് നോക്കട്ടെ ഒരു മിനിട്ട്.. ഈ ഗൂഗിളിന്‍റെ  ഒരുപയോഗം കണ്ടോ.. രാജ്യത്തിന്‍റെ രണ്ടു വശമേ കടലുളളൂ, ബാക്കി വശങ്ങളില്‍ യു.എ.ഇയും, സൌദി അറേബിയയും, യെമനും ആണ്.. മസ്ക്റ്റിന്‍റെ അടുത്ത് കിടക്കുന്നത് കൊണ്ട് ദുബായിലേക്ക് ഇവിടെ നിന്ന് ബസ്സില്‍ പോകാം. 5 മണിക്കൂര്‍ യാത്രയേ യുളളൂ.. സ്ഥിരം ബസ്സുമുണ്ട്. (ഞാന്‍ പോയില്ലാട്ടോ ഇതു വരെ.)

പിന്നെ ഇവിടത്തെ ഭക്ഷണത്തെ കുറിച്ച് പറയുകയാ ണെങ്കില്‍ കുബൂസും, ഷൊവര്‍മ്മയും, ചിക്കനും, മീനും, തൈരും, ബിരിയാണിയും അങ്ങനെ നമ്മള്‍ കഴിക്കുന്ന തെന്തും ഇവരും കഴിക്കും. മസാല വ്യത്യാസമുണ്ട്, അതു പോലെ എരിവും കുറവാണ്.  
മത്ത പൂവ്
മസ്കറ്റ് കഴിഞ്ഞാല്‍ പിന്നെ ഇവിടെ പ്രധാനമായും കാണാ നുളളത് സലാലയാണ്. സലാലയിലേക്ക്  ഇവിടെ നിന്നും 1000 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ കാറെടുത്ത് ഇറങ്ങി യാല്‍ രാത്രി അവിടെയെത്താം. ഒരു വെക്കേഷന് ഇങ്ങനെ യൊരു പോക്ക് പോയതാ.. അതോടെ ഇനി കാറും കൊണ്ട് പോകില്ലായെന്ന് തീരുമാനിച്ചു.. അതെന്തു കൊണ്ടാണെ ന്നൊക്കെ വിശദമായി ഇനിയുളള പോസ്റ്റുകളില്‍.. 
ഗള്‍ഫ് സൈക്കിള്‍ കുമ്പളങ്ങ- ഒരു സുഹൃത്തിന്‍റെ വീട്ടിലെ കാഴ്ച.
ഇതൊഴികെ ബാക്കിയുള്ള ഫോട്ടോയെല്ലാം എന്‍റെ വീട്ടിലുണ്ടായ ചെടികളുടേതാണ്
പിന്നെ സൂര്‍, സോഹാര്‍, നിസ്‍വ, ജബല് അക്തര്, ജബല്‍ ഷംസ്, ബര്‍ക്ക, അങ്ങനെ പോകുന്നു സ്ഥലങ്ങള്‍. ഇതിനെ പറ്റിയെല്ലാം വിശദമായി അടുത്ത പോസ്റ്റുകളില്‍. എന്നും പോസ്റ്റിന് നീളം കൂടുതലാണെന്ന പരാതിയാണ്.. അതു കൊണ്ട് ഇനി മുതല്‍ സ്ലോ സ്പീഡ് ഇന്‍റര്‍നെറ്റ് ഉപഭോക്താ ക്കള്‍ക്കു വേണ്ടി പോസ്റ്റിന്‍റെ നീളം കുറയ്ക്കുമെന്ന് ഞാനി താ പ്രതിജ്ഞയെടുക്കുന്നു. ഇത് സത്യം, സത്യം, സത്യം.. (ഇതൊന്നും നടക്കില്ലാന്ന് നിങ്ങളെ പോലെ എനിക്കും അറിയാം. എന്‍റെ കത്തി കഴിഞ്ഞിട്ട് എന്തെങ്കിലും എഴുതു മ്പോഴേക്കും നീളം കൂടാതെയിരിക്കില്ല. )

(ഈ പോസ്റ്റില്‍ നിങ്ങള്‍ പ്രതീക്ഷിച്ചതൊന്നും ഇല്ലായെന്നെനിക്കറിയാം.. ഇപ്രാവശ്യത്തേക്ക് ക്ഷമി... ഇത് വായിച്ചിട്ട് എന്നെ ആരും ചീത്ത വിളിച്ചില്ലെങ്കില്‍ അടുത്ത പോസ്റ്റുമായി വരാം.. )