Thursday, May 3, 2012

മലേഷ്യ യാത്ര- മൂന്നാം ദിവസം

അങ്ങനെ കോലാലംമ്പൂരിലെ മൂന്നാം ദിവസം. ഇന്ന് പോകുന്നത് ഒരു ഹൈലാന്‍റിലേക്കാണ്. ജെന്‍റിംഗ് ഹൈലാന്‍റിലേക്കാണ് എല്ലാവരും പോകാറ്. ഗൂഗിളില്‍ ഞാന്‍ നോക്കിയപ്പോള്‍ അവിടെ പ്രധാനമായുളളത് അമ്യൂസ്മെന്‍റ് പാര്‍ക്കും, കാസിനോയുമാണ്. മോള് ചെറുതായതു കൊണ്ട് പാര്‍ക്കില്‍ പോയാലും ‍ഒരു റൈഡിലും കയറാന്‍ പറ്റില്ല, പിന്നെ യൂണിവേഴ്സല്‍ സ്റ്റുഡിയോയില്‍ ചെയ്തപ്പോലെ ഒരാള് മോളെയും നോക്കിയിരുന്നിട്ട് മറ്റേയാള്‍ റൈഡില്‍ കയറണം.. പിന്നേ.. അത്ര ആക്രാന്തിച്ചിരിക്കുകയല്ലേ ഈ റൈഡില്‍ കയറാന്‍, അതും നമ്മുടെ നാട്ടില്‍ ഇത്രയും പാര്‍ക്കുകളുളളപ്പോള്‍. പിന്നെ അടുത്തത് അവിടെയുളളത് കാസിനോയാണ്. കാസിനോയില്‍ പോയി ഭാഗ്യം നോക്കി കാശ് കളയാന്‍ എന്തായാലും ഞാനില്ല.. നാട്ടില്‍ ചെല്ലുമ്പോള്‍ ഭാഗ്യം പരീക്ഷിക്കാന്‍ പത്ത് രൂപകൊടുത്തെടുക്കുന്ന ലോട്ടറിക്ക് ഒരു  രൂപ പോലും (പത്ത് രൂപയ്ക്കിപ്പോള്‍  ലോട്ടറി കിട്ടുമോയെന്നൊന്നും എനിക്കറിയില്ല... കിട്ടാന്‍ ചാന്‍സില്ലാലേ...) അടിക്കാത്ത എനിക്കാണ് ഇനി ഇവിടെ ചെന്നിട്ട് കോടികളടിക്കാന്‍ പോകുന്നത്.. അല്ലെങ്കിലും ഇങ്ങനെ വെറുതെ കിട്ടുന്ന കാശെനിക്കു വേണ്ട.. ഇതു കേട്ടിട്ട് എനിക്ക് കോടികളോ, ലക്ഷങ്ങളോ ആരെങ്കിലും തരാനുദ്ദേശിക്കുന്നെണ്ടെങ്കില്‍ വേണ്ടായെന്ന് വെയ്ക്ക ണ്ടാട്ടോ...  ‍ആ അപ്പോള്‍ പറഞ്ഞു വന്നത് നിങ്ങളെന്താ ജെന്‍റിംഗ് ഹൈലാന്‍റില്‍ പോകാതിരുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുളള മറുപടിയാണ്. അല്ലെങ്കിലും ഈ 5 ദിവസം കൊണ്ട് മലേഷ്യയുടെ ഒരു കക്ഷണം പോലും ഞങ്ങള്‍ കണ്ടു തീര്‍ന്നില്ല. മഹാഭാരതം പോലെ കാണ്ഡം കാണ്ഡമായി നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ ഈ രാജ്യം..

അങ്ങനെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചത് കാമറൂണ്‍ ഹൈലാന്‍റിലേക്കാണ്..നാട്ടില്‍ നിന്ന് ഊട്ടിക്കും, ബാംഗ്ലൂരിനും ബസ്സ് ഉളളതുപോലെ കോലാലംമ്പൂരില്‍ നിന്ന് നേരിട്ട് ഇവിടേക്ക് ബസ്സ് സര്‍വ്വീസുകളുണ്ട്. കോലാലംമ്പൂരിലെ പ്രധാന ബസ്സ്റ്റേഷനായ പുഡുരയയില്‍ നിന്നാണ് ബസ്സ്. ആവശ്യമുളള ഡ്രസ്സുകള്‍ വെച്ച ഒരു പെട്ടി മാത്രമെടുത്ത് ബാക്കി ലഗ്ഗേജുകളെല്ലാം താമസിച്ച ഹോട്ടലില്‍ വെച്ചു. തിരിച്ച് ആ ഹോട്ടലിലേക്ക് തന്നെയാണ് വരുന്നത്. ഹോട്ടലിന്‍റെ മുന്‍പില്‍ നിന്ന് ഒരു ടാക്സി വിളിച്ച് ബസ്സ് സ്റ്റാന്‍റിലേക്ക് പോയി. അധികം ദൂരമില്ല അവിടേയ്ക്ക്. അതു കൊണ്ട് ചെറിയ തുകയേ ആയുളളൂ.. (എത്രയായെന്ന് മറന്നു പോയി..) പുഡുരയ ബസ്സ്സ്റ്റേഷനെ കുറിച്ച് പറയുകയാണെങ്കില്‍ നമ്മുടെ തൃശ്ശൂര്‍ ബസ്സ്സ്റ്റാന്‍ഡ് പോലെയൊന്നുമല്ലാ... (ബാക്കി ജില്ലക്കാര് സന്തോഷിക്കേണ്ട.. എല്ലാ ബസ്സ്സ്റ്റാന്‍റും ഒരുപോലെയാണ്, മുറുക്കി തുപ്പിയ സീറ്റുകളും, സിനിമാ പോസ്റ്റ് ഒട്ടിച്ച ചുവരും, മൂത്ര നാറ്റമുളള ബസ്സ്സ്റ്റാന്‍ഡുകളല്ലേ എല്ലാ ജില്ലയിലും...) ഈ ബസ്സ്സ്റ്റാന്‍ഡ് എയര്‍പോര്‍ട്ടു പോലെ സുന്ദരമാണ്, ഓരോ ബസ്സ് വരുന്ന സ്ഥലത്തേക്കും പോകാന്‍ പ്രത്യേക ഡോറും, സ്റ്റെപ്പും, എക്സലേറ്ററും ഉളള ബസ്സ്സ്റ്റേഷന്‍. 

കാമറൂണിലേക്കുളള ബസ്സുകളുടെ റിവ്യു വായിച്ചതനുസ രിച്ച് കുര്‍ണ്ണിയ കമ്പനിയുടെ ബസ്സുകളില്‍ കയറരുതെന്ന് മനസ്സിലാക്കിയിരുന്നു. ടിക്കറ്റ് നേരത്തെ എടുത്തില്ല. അതിന്‍റെ ആവശ്യമില്ല. അവിടെ ഒരു പാട് കൌണ്ടറു കളുണ്ട്, ഏതു കൌണ്ടറാണെന്ന് അറിയാത്തതു കൊണ്ട് അവിടെ നിന്ന ചേട്ടനോട് സ്നേഹത്തോടെ ചോദിച്ചു, അയാള് നേരെ കൊണ്ടു പോയത് ഈ കുര്‍ണ്ണിയ കമ്പനിയുടെ കൌണ്ടറിലേക്ക്.. ഒരു തരത്തില്‍ അവിടുന്ന് ഞാന്‍ മുങ്ങി, അയാളുണ്ടോ വിടുന്നു, 30 റിഗ്ഗിറ്റേയുളളൂ, ഇതെടുക്ക് എന്നും പറഞ്ഞ് പുറകെ, അതിന്‍റെ ടിക്കറ്റ് എടുപ്പിച്ചേ വീടൂ.. പിന്നേ എന്നോടാ കളി... ഞാനാ സാധനമങ്ങ് ഓഫ് ചെയ്തു – ഈ ഇംഗ്ലീഷ് എന്ന സാധനം - എന്തുട്രാ ഗഡിയേ നിയ്യ് പറേണേ എന്ന് കണ്ണുരുട്ടിയും “ഒന്ന് മിണ്ടാതെ പോയേരാ... എന്ന് സ്നേഹത്തോടേയും. പറഞ്ഞിട്ട് നല്ല ഒരു കമ്പനിയുടെ ടിക്കറ്റും എടുത്ത് (35 റിഗ്ഗിറ്റാണ് നല്ല ബസ്സില്‍ പോകാന്‍), താഴെ വന്ന് പെട്ടിയും, പ്രമാണവും എടുത്ത് ബസ്സില്‍ കയറാന്‍ പോയി..  ഞങ്ങള്‍ പോയപ്പോളും കുര്‍ണിയ ബസ്സ് ആള്‍ക്കാരില്ലാതെ അവിടെ തന്നെ കിടപ്പുണ്ടായിരുന്നു.. അതില്‍ കേറാന്‍ ടിക്കറ്റെടുത്ത ഹതഭാഗ്യവാന്മാരെ നോക്കി ഒരു രാക്ഷസ ചിരിയും ചിരിച്ച് ഞങ്ങളങ്ങ് പോയി

കാമറൂണിലേക്ക് പോകുന്ന വഴി നല്ല രസമാണ്.. ദുരിയാനും, റംമ്പുത്താനും പഴുത്ത് തൂങ്ങി കിടക്കുന്ന പാതയോരം. അതൊക്കെ വായിനോക്കിയിരുന്നിട്ട് കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും രാവിലെ കഴിച്ച സര്‍വ്വ സീക്രട്സും ഇപ്പോള്‍ പുറത്തു വരുമോയെന്ന് തോന്നി.. മനസ്സിലായില്ലേ? ഛര്‍ദ്ദിക്കാനൊരു തോന്നലെന്നും പറയാം.. ഞാനിങ്ങനെ വായിനോക്കുന്നതു കണ്ടപ്പോളേ ഹസ് പറഞ്ഞതാ വേണ്ടാ, പുറത്തേക്ക് നോക്കണ്ടാ പണിയാവുമെന്ന്. എന്നിട്ട് എന്തു കൊണ്ടാ അങ്ങനെ സംഭവിക്കുന്നത് എന്നു പറഞ്ഞു തന്നു – മലയാളത്തിലാ പറഞ്ഞതെങ്കിലും ഞാനാകെ കേട്ടത് പണ്ട് ദൂരദര്‍‌ശനില്‍ പ്രോഗ്രാം തുടങ്ങുന്നതിന് മുന്പ് പല കളറിലുള്ള കട്ടകളും കാണിച്ച് ജലദോഷം വന്ന ചീവീട് നിലവിളിക്കുന്നതു പോലെയുള്ള ഒരു വിസില് ശബ്ദം മാത്രമാണ് – ഈ  ടൈപ്പ് സ്റ്റേഷന്‍ എന്‍റെ റേഡിയോയില് പണ്ടേ പിടിക്കാറില്ല. പണ്ട് സ്കൂളില് സയന്‍സു ക്ലാസിലും ഇങ്ങനെ ശബ്ദം മാത്രമേ കേള്‍ക്കുമായിരുന്നുള്ളു. എന്തായാലും പറഞ്ഞാല്‍ കേള്‍ക്കാന്‍ അന്നും ഇന്നും മടിയായതു കൊണ്ട് പണി കിട്ടി.. വിക്സും, അതു പോലെത്തെ ചപ്പും, ചവറുമൊക്കെ മണത്ത് വണ്ടിയിലെ ടി വി യും കണ്ട് ഡീസന്‍റായി പിന്നെ.. അതു കൊണ്ട് ഛര്‍ദ്ദിച്ചില്ല.. 

പോകുന്ന വഴിക്കെല്ലാം ഫ്രൂട്ട്സുകള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്. ബസ്സ് ആയ കാരണം നിര്‍ത്തി വാങ്ങാനൊന്നും പറ്റിയില്ല - ഒരു കാറു റെന്‍റ് ചെയ്ത് ഡ്രൈവു ചെയ്യാമായിരുന്നു എന്നു തോന്നിയത് ഇതൊക്കെ കണ്ടപ്പോഴാണ്.. മൂന്നാറിലേക്കുളള യാത്ര പോലെ രണ്ടു വശവും വലിയ മരങ്ങളാണ് ഇവിടെയും.  
അങ്ങനെ രാവിലെ 9 ന് തുടങ്ങിയ യാത്ര 12.30 ക്ക് അവസാനിച്ചു.. കാമറൂണ്‍ ബസ്സ്റ്റേഷന്‍ നമ്മുടെ ബസ്സ്റ്റേഷന്‍റെ ഡിസൈനാണ്.. എന്നു വെച്ച് നാറ്റമൊന്നുമില്ലാട്ടോ.. ഹോട്ടല്‍ അടുത്ത് തന്നെയായിരുന്നു, ടാക്സിയില്‍ പോകാനുളള ദൂരമില്ല, എന്നാലും പെട്ടിയും, കുട്ടിയും കൊണ്ട് കിലുക്കത്തിലെ രേവതിയേയും, മോഹന്‍ലാലിനേയും പോലെ നടക്കണ്ടല്ലോയെന്ന് വിചാരിച്ച് ടാക്സി വിളിച്ച് ഹോട്ടലില്‍ പോയി. മലേഷ്യ ചിലവു കുറഞ്ഞ രാജ്യമായതു കൊണ്ട് ടാക്സി ചാര്‍ജെല്ലാം കുറവാണ്.. ഒരു കുന്നിന്‍റെ മുകളിലായിരുന്നു ഹോട്ടല്‍.. അത്ര സൌകര്യമുളള ഹോട്ടലല്ലായിരുന്നു അത്. എന്നാലും ഒരു രാത്രി ഉറങ്ങാന്‍ അതു ധാരാളം.. ചെക്കിന്‍ ചെയ്തയുടന്‍ ഭക്ഷണം കഴിക്കാനിറങ്ങി. രാവിലെ കാര്യമായി കഴിച്ചിട്ടുണ്ടായിരുന്നില്ല – അപ്പോ വെറുതേയല്ല വാളു വെയ്ക്കാതിരുന്നത്, കാറ്റ് മാത്രം ഉള്ള വയറ്റീന്ന് എന്തുട്ട് തേങ്ങയാ വാളായ് പുറത്തേക്ക് വരുന്നത്... 
എല്ലാ ഹോട്ടലുകളും നടത്തുന്നത് തമിഴന്മാരാണ്. അവിടെ നിന്ന് ഊണും കഴിച്ച് ഇറങ്ങി. എനിക്കിഷ്ടപ്പെട്ടില്ല ഊണ്. പച്ചരി ചോറും ഞാനും പണ്ടേ ചേരില്ല. അതു കൊണ്ടാവും... 

കാമറൂണിലെ പ്രധാനഗുണം. എല്ലായിടവും ഇന്‍റര്‍നെറ്റ് ഫ്രീയായി കിട്ടും. ചുമ്മാ ഫോണിലെ വിഫി ഓണ്‍ ചെയ്ത് നടന്നാല്‍ മതി. എല്ലാ കടകളിലേയും നെറ്റ് ഒരു സെക്യൂരിറ്റിയുമില്ലാതെ ഓപ്പണാക്കി ഇട്ടിരിക്കുന്നു. ഇനി ഈ സ്ഥലത്ത് നെറ്റിന് ബില്ലൊന്നുമില്ലേയെന്തോ.. എന്തായാലും അതു നന്നായി.. 

ഗൂഗിളില്‍ തപ്പി കണ്ടു പിടിച്ചിരുന്ന മര്‍ഡിയിലേക്ക് (Malaysian Agricultural Research and Development Institute) എത്ര ദൂരമുണ്ടെന്ന് ചോദിച്ചപ്പോള്‍ ഇവിടെയടുത്താണെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ അവിടേക്ക് ആവട്ടെ ഇന്നത്തെ യാത്രയെന്ന് തീരുമാനിച്ച് അങ്ങോട്ട് പോയി. ഭക്ഷണം കഴിക്കാനിറങ്ങിയതായതു കൊണ്ട് കുട, വടി, കുന്തം, പരിച... അങ്ങനത്തെ ഒരു സാധനവും എടുത്തില്ലായിരുന്നു. ക്യാമറയും, വീഡിയോ ക്യാമറയും പണ്ടു തൊട്ടേ ഹോട്ടലില്‍ വെയ്ക്കാന്‍ ധൈര്യമില്ലാത്തതു കൊണ്ട് അതെപ്പോഴും കഴുത്തില്‍ തൂങ്ങി കിടക്കും. അങ്ങനെ നേരെ മര്‍ഡിയിലേക്ക് വിട്ടു. മര്‍ഡി എന്നു വെച്ചാല്‍ നമ്മുടെ മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രമില്ലേ.. ഇനി തിരുവോന്തരംകാരോട് പറയുകയാണെങ്കില്‍ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ അറിയില്ലേ.. അതിന്‍റെയൊരു മലേഷ്യന്‍ വേര്‍ഷന്‍. നടന്നു പോകാനുളള ദൂരമേയുളളതു കൊണ്ട് നടന്നു. റോഡിന്‍റെ ഇരു വശവും കാണാന്‍ അടിപൊളി.. പൈന്‍ മരങ്ങളും, നല്ല കളറുളള പൂക്കളും (അല്ലെങ്കിലും ഇതു പോലെ ഹൈറേഞ്ചിലെ പൂക്കള്‍ക്ക് നല്ല കളറല്ലേ... ) കൊണ്ട് വേറൊയൊരു രാജ്യത്തെത്തിയപോലെ ഒരു ഫീലിംഗ് തന്നെയായിരുന്നു. (വേറെ രാജ്യം തന്നെയാണല്ലോ..) പക്ഷേ പോകുന്ന വഴിക്ക് ഒന്ന് രണ്ട് ഓടകള് ചെറുതായി പൊട്ടി കിടന്നിരുന്നു. അതു കൊണ്ട് മോള് അതില്‍ വീഴാന്‍ പോയി. നമ്മുടെ നാട്ടിലേ പോലത്തെ രാഷ്ട്രീയമാണോ ഇവിടെയുമെന്ന് തോന്നിപോയി അതു കണ്ടപ്പോള്‍. അതു വരെ കളിച്ച് നടന്നിരുന്ന മോള് ഇതില്‍ വീണപ്പോള്‍ മുതല്‍ ഒക്കത്തായി.... 
റോഡ് സൈഡിലെ പൂ...

അങ്ങനെ മര്‍ഡിയിലെത്തി... അഞ്ച് റിഗ്ഗിറ്റാണ് ഫീ ഒരാള്‍ക്ക്. അതും കൊടുത്ത് അകത്തു കടന്നു. നമ്മളിതു വരെ കാണാത്ത പൂക്കളുടെയും, പച്ചക്കറികളുടേയും, മരങ്ങളുടേയും ലോകത്തേക്കാണ് മര്‍ഡി വാതില്‍ തുറക്കുന്നത്. പൈന്‍ മരങ്ങളാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. വലതു വശത്ത് സ്ട്രോബറിയുടെ വലിയ ഒരു ഫാം. 
 
ഒരു പാട് സ്ട്രോബറി ചെടികള്‍. പാക്കറ്റില്‍ മാത്രം സ്ട്രോബറി കണ്ടിട്ടുളള ഞങ്ങള്‍ക്ക് അതു ഒരു പുതുമയായിരുന്നു. അവിടെ തന്നെ സ്ട്രോബറിയുടെ ഫ്രഷ് ജ്യൂസും കിട്ടും. ഭക്ഷണം കഴിച്ചയുടനെയായതു കൊണ്ട് മോള്‍ക്ക് മാത്രം വാങ്ങി കൊടുത്തു. അവളത് പകുതി കുടിച്ച് ബാക്കി എവിടെയോ കൊണ്ടു പോയി വെച്ചതു കൊണ്ട് അതിന്‍റെ ടേസ്റ്റ് എന്താണെന്ന് മനസ്സിലായില്ല...(തിരിച്ചു വരുമ്പോള്‍ വാങ്ങാമെന്ന് കരുതി, പക്ഷേ പറ്റിയില്ല. അതെന്താണെന്ന് വഴിയേ മനസ്സിലാവും..) സ്ട്രോബറിയുടെ കൂടെ നിന്ന് ഫോട്ടൊയൊക്കെ എടുത്ത് അടുത്തുളള പൂന്തോട്ടം കാണാന്‍‌ പോയി. സ്ട്രോബറി പറിച്ചില്ലേയെന്നൊന്നും ചോദിക്കല്ലേ.. അതൊരു കദന കഥയാണ്.. ഞാനവിടെനിന്ന ചേച്ചിയോട് സ്നേഹത്തോടെ, എളിമയോടെ ചോദിച്ചതാ ഒരെണ്ണം പറിച്ചോട്ടേയെന്ന്. ആ ശാശ് സ്നേഹത്തോടെ എളിമയോടെ പറഞ്ഞു "നോ"യെന്ന്.... നീ വൈകിട്ട് വീട്ടിപ്പോകുന്ന വഴിക്ക് ബസ്സിറങ്ങുമ്പോ പട്ടി കടിക്കാനോടിച്ച്, ചാണകം ചവിട്ടി തെന്നി വീണ്,  ചെരിപ്പ് പൊട്ടി മുടന്തി മുടന്തിയാ യിരിക്കും വീട്ടിലെത്തുന്നെഡീ.  എന്ന് മനസില് ശപിച്ചിട്ട് ഹൃദയം പൊട്ടി ഞാന്‍ ബാക്കി  കാഴ്ചകള് കാണാന്‍ പോയി..  

സ്ട്രോബറിയുടെ മറുവശത്ത് പൂന്തോട്ടമാണ്. ഒരു പാട് തരത്തിലുളള പൂക്കള്‍, ഇതു വരെ കാണാത്തത്, നമ്മള്‍ കണ്ടിട്ടുളളവയ്ക്ക് തന്നെ വലുപ്പവും. നിറവും കൂടുതല്‍. പറഞ്ഞാല്‍ മനസ്സിലാവില്ല, ശരിക്കും കണ്ട് തന്നെ മനസ്സിലാക്കണം.. ഫോട്ടൊ നോക്കൂ..
 
പിച്ചര്‍ പ്ലാന്‍റുകളുടെ ഒരു പാട് ശേഖരമുണ്ട് അവിടെ.. മനസ്സിലായില്ലേ.. ജീവികളെ തിന്നുന്ന പൂവ്... ഈ ചെറിയേ ചെറിയേ ക്ഷുദ്ര  ജീവികള്‍ അതിന്‍റെ അടുത്തു വന്നു നോക്കുമ്പോ ഈ കുടത്തിനകത്ത് തേന്‍ കാണും, മനസില്‍ ലഡ്ഡു പൊട്ടുന്ന ജീവികള്‍ നാവും നീട്ടി 'ഞാന്‍ ദേ പോണൂ' എന്നും പറഞ്ഞ് അമ്പലക്കുളത്തില്‍ പിള്ളേര് ചാടും പോലെ ഡൈവ് ചെയ്യും. അപ്പോഴാ ചെടിയുടെ മനസില്‍ തമിഴ് നാട്ടിലെ ഒന്നൊന്നര കിലോയുള്ള ലഡ്ഡുവാവും പൊട്ടിത്തെറിക്കുന്നത്. അകത്തേക്ക് ചാടിയ ജീവിക്ക് തിരികെ കയറാനും പറ്റില്ല. അതവിടെ കിടന്ന് ചത്ത് ദ്രവിക്കും. അതിന്‍റെ സത്ത് കുടിച്ചാണ് ഈ ചെടി ജീവിക്കുന്നത്... ക്രൂര ചെടി....  
പിച്ചര്‍ പ്ലാന്‍റ്

പന്തലിട്ട പോലെ പലതരം ചെടികള്‍ വളര്‍ത്തിയിട്ടുണ്ട്. ഈ പൂവൊന്നും ഞാനിതു വരെ കണ്ടിട്ടില്ല..

അതു പോലെ റോസുകള്‍ പലവിധം.. 
അയ്യേ.. സത്യമായും അതിനല്ല...
ഈ പൂക്കളുടെയൊന്നും പേരെനിക്കറിയില്ല.. 
ഇതിനെയെന്താ പറയുക, നമ്മുടെ ഞൊട്ടങ്ങയുടെയൊക്കെ പോലെയിരിക്കും, പക്ഷേ അതല്ലാ സംഭവം..
ഈ ചെമ്പരത്തി പൂവിന്‍റെയൊക്കെ വലുപ്പം കണ്ടോ..
പൂവിന് മണമുണ്ടോയെന്ന് നോക്കുകയാണ് മോള്..


കോഴി പൂവിന്‍റെ കളക്ഷന്‍.. ഇതിന് വേറെയെന്താ പേരെ ന്നൊന്നും അറിയില്ല..
Gerbera പൂക്കളുടെ ഒരു പാട് വെറൈറ്റികളുണ്ടവിടെ..
 


അടുത്തതായി കണ്ടത് ചോളതോട്ടമാണ്. ചോളത്തിന്‍റെ ചെടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ചോളമെവിടെയാണ് ഉണ്ടാവുന്നതെന്ന് എനിക്കറിയില്ലായിരുന്നു, ഞാന്‍ വിചാരിച്ചിരുന്നത് ചെടിയുടെ മുകളില്‍ മാത്രമാണുണ്ടാവുകയെന്നായിരുന്നു. ഇതു കണ്ടപ്പോളാണ് ഓരോ ഇലയുടെ സൈഡിലുമുണ്ടാകും എന്ന് മനസ്സിലായത്.. 
തക്കാളി ഫാം കണ്ടിട്ടാണ് ശരിക്കും കണ്ണ് തളളി പോയത്. വളളി തക്കാളിയാണ്. എന്‍റെ ഫ്ലാറ്റ് കൃഷിയില്‍ തക്കാളി യുണ്ടാവുമെങ്കിലും അതൊക്കെ ഒരു കൊമ്പില്‍ ഒന്നോ രണ്ടെണ്ണമാണുണ്ടാവുക.. ഇത് കണ്ടോ. ഒരു കൊമ്പില്‍ എത്രയെണ്ണമാണെന്ന്.... 
പിന്നെ കണ്ടത് ചുരയ്ക്കായാണ്.. അതിന്‍റെ യൊരു വലുപ്പം നോക്ക്... പണ്ട് വീട്ടിലുണ്ടാകുന്ന ചുരയ്ക്കയൊക്കെ ഇതിന്‍റെ പകുതി വലുപ്പമേ ഉണ്ടാകാറുളളൂ.. ഇപ്പോള്‍ പിന്നെ ചുരയ്ക്കയൊക്കെ നമ്മളോട് ഗുഡ്ബൈ പറഞ്ഞ് പോയില്ലേ... തമിഴ്നാട്ടിലു ണ്ടെന്ന് തോന്നുന്നു... കടയില്‍ കാണാറുണ്ട്..

 
  ബ്രൊക്കളിയുടെ കളക്ഷന്‍ കണ്ടില്ലേ.. 
അതു പോലെ കാബേജും, ലെറ്റൂസും, കോളി ഫ്ലവറും, റാഡിഷും, എന്ന് വേണ്ടാ.. നമ്മുടെ കാന്താരി വരെയുണ്ടവിടെ.. അവിടെയില്ലാത്തതൊന്നുമില്ല...

എന്‍റെ സ്വഭാവമുള്ള ആള്‍ക്കാര്‍ സ്ഥിരം വരാറുണ്ടെന്ന്  തോന്നുന്നു അവിടെ, ആപ്പിള്‍ തോട്ടവും, മുന്തിരി തോട്ടവും കമ്പി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നു. 
ഇതു ബെറി വര്‍ഗ്ഗമാണോയെന്ന് സംശയം. എന്തായാലും പരീക്ഷിക്കാന്‍ നിന്നില്ല. അടുത്തെങ്ങാനും ആശുപത്രിയില്ലെങ്കിലോ..


കുട്ടികളുടെ റൈഡുമുണ്ടവിടെ.

അവിടെ തേയില തോട്ടവും, ഫാക്ടറിയുമുണ്ട്. തിങ്കളാഴ്ച ഫാക്ടറി മുടക്കമായതു കൊണ്ട് കാണല്‍ നടന്നില്ല.. 
തേയില ഫാക്ടറി
ഇത്രയും ആയപ്പോഴേക്കും മഴ ചാറി തുടങ്ങി. ഞാന്‍ പറഞ്ഞില്ലേ കുടയും , വടിയുമില്ലാതെയാണ് പോയതെന്ന്.. അവിടെ തന്നെയുളള കടയില്‍ കയറി. ഇവിടെയുളള പച്ചക്കറികളും, പഴങ്ങളും ഇവിടെ വില്ക്കുന്നുണ്ട്. (പക്ഷേ 4 മണിയായപ്പോഴേക്കും അതെല്ലാം തീര്‍ന്നിരുന്നു..) അതു പോലെ സ്ട്രോബറിയുടെ ജാം, ഉണങ്ങിയ സ്ട്രോബറി, തേയില, അങ്ങനെ അവിടെയുളള എല്ലാ സാധനങ്ങളും അവിടെ കിട്ടും. അവിടെ നിന്ന് ഡ്രൈ സ്ട്രോബറിയും, തേയിലയും, അങ്ങനെ കുറച്ചു സാധനങ്ങളും വാങ്ങിയിറങ്ങി. അപ്പോഴേക്കും മഴ ചാറല്‍ നിന്നിരുന്നു..

പിന്നെ കണ്ടത് കാക്റ്റകസ് ചെടികളാണ്. നമ്മുടെ കളളിമുള്ള് ചെടിയേ.. അതിന്‍റെ പല കളറും, പല സൈസും, തരത്തിലുമുളള ചെടികളുണ്ടവിടെ..
ചെടികളുടേയും, വിത്തുകളുടേയും കടയുണ്ടവിടെ. ചെടി വാങ്ങിയാല്‍ മസ്കറ്റിലേക്ക് കൊണ്ടു പോകാന്‍ പറ്റാത്തതു കൊണ്ട് വിത്തു വാങ്ങാമെന്ന് വെച്ചു. വിത്തു ചോദിച്ചപ്പോള്‍ തീര്‍ന്നുവെന്ന്....അങ്ങനെ വിത്ത് കിട്ടാത്ത സങ്കടത്തോടെ അവിടെ നിന്നിറങ്ങി.. എന്നാലും കാണാത്ത ഒരു പാട് ചെടികളും, പൂക്കളും, പഴങ്ങളും കണ്ട സന്തോഷത്തോടെ ഞങ്ങള്‍ ഹോട്ടലിലേക്ക് നടന്നു.







 അപ്പോഴേക്കും മഴ മാറിയിരുന്നു. അതു കൊണ്ട് പോകുന്ന വഴിക്കുളള ഒരു പാര്‍ക്കില്‍ കയറി. മോളെ കളിക്കാനും വിട്ടു. ഞങ്ങള്‍ കുറച്ച് ഫോട്ടോയുമെടുത്തു. കളിമണ്ണിലാണെന്ന് തോന്നുന്നു ആ പാര്‍ക്ക്, മഴ പെയ്തതു കൊണ്ട് മുഴുവന്‍ ചെളിയായിരുന്നു. ആ ചെളിയില്‍ മോള് വീണു. എപ്പോഴും ഒന്ന് രണ്ട് ഡ്രസ്സും കൊണ്ട് നടക്കുന്ന അന്നാണെങ്കില്‍ മാറാന്‍ ഡ്രസ്സുമില്ല. അവിടെ നിന്നും അവളെ കഴുകിച്ച്, നനഞ്ഞ ഡ്രസ്സില്‍ തന്നെ ഹോട്ടലിലേക്ക് പോയി...

ചെന്ന് കുളിച്ച് ഫ്രഷായി കുറച്ച് നേരം കിടന്ന് ഭക്ഷണം കഴിക്കാനിറങ്ങി.. രാത്രിയായപ്പോഴേക്കും നല്ല തണുപ്പായി, സ്വെറ്ററും, ഗ്ലൌസ്സും, തൊപ്പിയും വെച്ച് നല്ല സ്റ്റൈലായി ആണ് പുറത്തിറങ്ങിയത് (കിലുക്കം, രേവതി, ഊട്ടി...). പഴയ ഹോട്ടലില്‍ നിന്ന് തന്നെ ഭക്ഷണവും കഴിച്ച് തിരിച്ച് വരുന്ന വഴിക്ക് ദുരിയാനിരിക്കുന്നതു കണ്ടു. ഇതു വരെ ഇത് വാങ്ങാന്‍ പറ്റിയുണ്ടായിരുന്നില്ല. എന്തായാലും ട്രൈ ചെയ്യാമെന്ന് കരുതി ഒരെണ്ണം വാങ്ങി, മണം കിട്ടിയപ്പോള്‍ തന്നെ മോള് പറഞ്ഞു അപ്പിയാണെന്ന്, ഹസും ഒരു ചുള തിന്നിട്ട് വേണ്ടായെന്ന് പറഞ്ഞു, എനിക്കും ഇഷ്ടപ്പെട്ടില്ല.. പിന്നെ മലയാളി അല്ലേ.. കാശു കൊടുത്ത് വാങ്ങിയിട്ട് വെറുതെ കളയാന്‍ പറ്റുമോ.. ഞാനവിടെ കുത്തിയിരുന്നത് തിന്നു തീര്‍ത്തു....... 

പിന്നെയെങ്ങനെയോ
ഈ മലയുടെ മുകളില്‍ ഹോട്ടല്‍ വെച്ചവനേ കണ്ടാല്‍ തല്ലിയോടിക്കണം എന്നൊക്കെ പറഞ്ഞ് അതും കയറി ഹോട്ടലിലെത്തി..


           ( എന്തെങ്കിലും പറഞ്ഞിട്ട് പോ...ചുമ്മാ വായിച്ചിട്ട് പോകാതെ )