ഇന്ന് നമുക്ക് മസ്കറ്റിലേക്ക് പോയാലോ... മസ്കറ്റ് എന്നു വെച്ചാല്‍ ശരിക്കുമുളള മസ്കറ്റ് എന്ന സ്ഥലത്തേക്ക്... ഒമാനിലെ പ്രധാന എയര്‍പോര്‍ട്ടായ സീബ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ദൂരമുണ്ട് ശരിക്കുള്ള മസ്കറ്റിലേക്ക്.
 |
കളള് ചെത്താനല്ലാട്ടോ ഈ കെട്ടി വെച്ചിരിക്കുന്നത്. ഇങ്ങനെ കെട്ടിവെക്കും ഈന്തപഴമാകുന്നതിന് മുമ്പ്. |
 |
റോഡിന്റെ വശങ്ങളിലെ മരങ്ങള്‍. മരത്തിലേക്ക് വായനോക്കി നില്ക്കുന്ന ആ ജീവി ഞാന്‍ തന്നെയാണ്. |
പോകുന്ന വഴി ശരിക്കും നല്ല രസമാണ്. അകലെ മലകളും, പിന്നെ കെട്ടിടങ്ങളും, റോഡിന്റെ വശങ്ങളില് മുഴുവന്‍ മരങ്ങളും ചെടികളും, പൂക്കളും, ഈന്തപ്പനങ്ങളും എല്ലാമുണ്ട്.
 |
റോഡിന്റെ വശങ്ങളിലെ പൂച്ചെടികള്‍ |
ഇവിടെ ഓരോ സീസണനുസരിച്ച് പൂചെടികള്‍ നടും, റോഡിന്റെ വശങ്ങളിലും, പാര്‍ക്കിലും എല്ലാം. തണുപ്പുകാലമായ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ചെണ്ടുമല്ലിയും, പെട്ട്യൂണിയയും ആയിരിക്കും വശങ്ങളില്. ബാക്കി സമയങ്ങളില്‍ ശവം നാറിയും, സീനിയ പൂക്കളുമുണ്ടാകും.
അതു പോലെ നാഷണല്‍ ഡേ ആയ നവംബര്‍ 18 നോടനുബന്ധിച്ച് റോഡിന്റെ വശങ്ങളില് മുഴുവന്‍ മാല ബള്‍ബുകള്‍ തൂക്കാറുണ്ട്. അതു കൊണ്ട് തന്നെ മസ്കറ്റ് കാണാന്‍ വരുന്നവര്‍ക്ക് ഏറ്റവും നല്ല സമയം ഈ നവംമ്പര്‍, ഡിസംമ്പര്‍ മാസങ്ങളാണ്- ഈ സമയത്ത് ക്ലൈമറ്റും നല്ലതാവും. അതു പോലെ തന്നെ ഫ്ളൈറ്റില്‍ നിന്നുളള മസ്കറ്റിന്റെ ഭംഗിയും എടുത്ത് പറയേണ്ടത്. രാത്രിയിലെ കാഴ്ചയാണുട്ടോ.. രാത്രി വരുമ്പോള്‍ താഴേക്ക് നോക്കാന്‍ മറക്കേണ്ട.. എന്ന് വെച്ച് സൈഡ് സീറ്റ് കിട്ടാത്തവര്‍ സൈഡിലിരിക്കുന്നവരുടെ തലയ്ക്കുമുകളിലൂടെ ചാടി താഴത്തെ കാഴ്ചകള്‍ കാണാന്‍ പോയാല്‍ അടി കിട്ടുമേ... അങ്ങനെ കിട്ടുന്ന അടിക്ക് ഞാന്‍ ഉത്തരവാദിയല്ല, അടിയോ ചവിട്ടോ തെറിയോ അതെല്ലാം ഓരോരുത്തരുടെ ഭാഗ്യം പോലിരിക്കും....
 |
മഴക്കാലത്ത് മസ്കറ്റിലെ മേഘങ്ങള്‍... |
 |
മസ്കറ്റ് ഗ്രാന്റ് മോസ്ക് |
എയര്‍പോര്‍ട്ടില്‍ നിന്നും പോന്നാല്‍ അടുത്ത സ്റ്റോപ്പായ അസൈബ, അവിടെയാണ് ഏറ്റവും വലിയ പളളിയായ ഗ്രാന്റ് മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. അവിടെ തന്നെയാണ് ഈയുളളവളുടേയും വീട്.. എന്ന് വെച്ച് അതിന്റെ അഹങ്കാരം എനിക്കില്ലാട്ടോ.. സിങ്കപ്പൂരും, മലേഷ്യയും കറങ്ങിയ ഞാനീ പളളി ഇതു വരെ പോയി കണ്ടിട്ടില്ല.. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹാന്റ്മെയ്ഡ് കാര്‍പറ്റ് ഇവിടെയാണുളളത്.
 |
മസ്കറ്റ് ഗ്രാന്റ് മോസ്ക് |
ഈ പളളി കാണാന്‍ കൊളളാത്തതു കൊണ്ടല്ലാ ഇതുവരെ കാണാത്തത്. വെളളിയാഴ്ച വിസിറ്റേഴ്സിന് പ്രവേശനമില്ല. പിന്നെ ബാക്കിയുളള ദിവസങ്ങളില്‍ രാവിലെ പോകണം.. രാവിലെ എണീല്ക്കാന് മടിയുളള ഞാന്‍ പിന്നെയെങ്ങനെ പോകാനാ.. എന്തായാലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അടുത്ത് തന്നെ പോകാട്ടോ.. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷമെന്ന് പറയുന്നതു പോലെ..
അസൈബയിലൊരു ബീച്ചുണ്ട്ട്ടോ.. ചില സീസണില്‍ കടലിലെ ചെറിയ എല്ലാ ജീവികളെയും ഇവിടെ തീരത്തോട് ചേര്‍ന്ന് കാണാം. നക്ഷത്ര മല്‍സ്യം, കക്ക, ശംഖ്, പിന്നെ ഇവയുടെ ഷേപ്പിലുളള ഒരു പാട് ജീവികള്‍... ഇപ്പോള്‍ ഈ ബീച്ച് തീരത്ത് നല്ല ഒരു പാര്‍ക്കും ഉണ്ട്..
 |
നക്ഷത്ര മല്‍സ്യം |
 |
മസ്കറ്റ് ഓപ്പറാ ഹൌസ് |
പോകുന്ന വഴിക്ക് പിന്നെ കാണാനുളളത് മസ്കറ്റ് ഓപ്പറാ ഹൌസ് ആണ്. അതിനെ കുറിച്ചുളള കൂടുതല്‍ വിവരം ഇനിയുളള പോസ്റ്റിലിടാം.. വേറെയൊന്നും കൊണ്ടല്ല. ഞാനിതു വരെ അവിടെ കയറിയില്ല.. പുറമേ നിന്നുളള ഫോട്ടോ മാത്രമേ എടുത്തുളളൂ.. അവിടെ പോകാന്‍ നമ്മുടെ കൂതറ ഡ്രസ്സുകളൊന്നും പറ്റില്ലാത്രെ.. ഡ്രസ്സ് കോഡുണ്ടെന്ന്.. കോട്ടും, സ്യൂട്ടുമൊക്കെ വേണം, അല്ലെങ്കില്‍ ഇവിടെത്തെ ദേശീയ ഡ്രസ്സ് മതി... പുതിയ കോട്ടും, സ്യൂട്ട് വാങ്ങാന്‍ കുഴപ്പമില്ല, പിന്നെ അതിന് ശേഷം മീന്‍ മേടിക്കാന്‍ പോകുമ്പോളും ഇടാന്‍ തോന്നിയാലോ എന്ന് വെച്ച് ഒഴിവാക്കുന്നതാ.. ഇവിടെ ചില ചെറിയ കടകളില്‍ പോകുമ്പോളും കാണാം ഇതു പോലെയുളള കോട്ടുധാരികളെ.. കോട്ടും, ടൈയ്യും അതിനോടൊപ്പം പാരഗണിന്റെ പോലുള്ള റബ്ബറു ചെരുപ്പും.
 |
റോസ് ഗാര്‍ഡനിലെ ഒരു അസ്തമയം |
 |
ആര്‍ട്ടിഫിഷല്‍ വെളളച്ചാട്ടം.. |
അടുത്തതായി കാണാനുളളത് ഖുറം നാച്ചറല്‍ പാര്‍ക്കാണ്. ഇതിന് റോസ് ഗാര്‍ഡനെന്നും പറയും. മസ്കറ്റിലെ ഒരു നല്ല പാര്‍ക്കാണിത്. ഫൌണ്ടനും,ലേയ്ക്കും, കുട്ടികള്‍ക്കുളള ടോയ്സൊ ക്കെയുമായി സംഭവം വലുതാണൂട്ടോ.. പിന്നെ ഇതിന്റെ ഒരു സൈഡില്‍ ആര്‍ട്ടിഫിഷല്‍ വെളളച്ചാട്ടമുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് മുംതാസ് മഹല്‍ റെസ്ടോറന്റ് ഉണ്ട്. അവരുടേയാണോ ഇതെന്ന് വര്‍ണ്ണത്തില്‍ ആശങ്ക.... ഉല്പ്രേക്ഷ.....
എല്ലാ വൈകുന്നേരവും, അവധിദിവസങ്ങളിലും ഇവിടെ നല്ല തിരക്കാണ്. സൌദിയില്‍ നിന്നും വന്ന ഒരു സുഹൃത്ത് ഈ പാര്‍ക്ക് കണ്ട് അന്തം വിട്ടതില്‍ നിന്നും സൌദിയില്‍ ഈ വലുപ്പത്തിലുളള പാര്‍ക്കില്ലാന്ന് അനുമാനിക്കാലേ... ഒരു വശത്ത് ഒരു പാട് തരത്തിലുളള റോസ് ചെടികള്‍ (നാട്ടിലെ വെച്ച് നോക്കുമ്പോള്‍ അധികമില്ലാട്ടോ.. ), വേറെ സ്ഥലത്ത് കുറേ മുല്ല ചെടികള്‍... മസ്കറ്റില്‍ മുല്ല പൂമാല കിട്ടണമെങ്കില്‍ ഈ പാര്‍ക്കില്‍ വന്നാല്‍ മതി. ഒരു അമ്മൂമ്മ മുട്ടെല്ലാം പറിച്ച് മാലയാക്കി ഇവിടെ വില്ക്കാന് വെക്കും. ഒരു മുഴത്തിന്റെ പകുതിക്ക് 200 ബൈസയാണ് (25-30 രൂപ) . നാട്ടിലെ പോലെ കെട്ടികോര്ക്കാന് അറിയാത്തതു കൊണ്ട് നാട്ടില്‍ കിട്ടുന്നതിനേ ക്കാള്‍ പൂവുണ്ടാകും ഇതില്‍.
പക്ഷികളെ കാണാനിവിടെ വന്നാല്‍ മതീട്ടോ.. വൈകുന്നേരം കൂടണയാന്‍ വരുന്ന പലയിനം പക്ഷികളെ കാണാം. ഒരു മരത്തില്‍ തന്നെ നൂറുകണക്കിന് പക്ഷികള്‍. അതുപോലെ ലേക്കില്‍ പലതരം നീര് പതംഗങ്ങളും (മലയാളം മനസിലാവാത്തവര്‍ക്ക് : വെള്ളം കണ്ടാല്‍ അതിലിറങ്ങി വായി നോക്കി നടന്ന് ആ വെള്ളം ചവിട്ടിക്കലക്കുന്ന ടൈപ്പ് കിളികള്‍ - എന്നെ മലയാളം പഠിപ്പിച്ച ടീച്ചറിതു വായിച്ചാല്‍ ഞെട്ടും) .
ഈ പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ നാട്ടിലെ വീഗാലാന്റു പോലെയുളള പാര്‍ക്കുണ്ട്. വീഗാലാന്റിന്റെ പത്തിലൊന്ന് സാധനങ്ങളേയിവിടെയുളളൂട്ടോ.. ഓരോ റൈഡില്‍ കയറാന്‍ കാശ് കൊടുക്കണം. ഈ പാര്‍ക്കില്‍ വെച്ചാണ് മസ്കറ്റിലെ മലയാളികള്‍ നടത്തുന്ന കേരളോല്‍സവം എന്ന പരിപാടി എല്ലാ വര്‍ഷവും നടക്കുന്നത്.. നാട്ടില്‍ നിന്ന് ചെണ്ടയും, പഞ്ചവാദ്യവുമൊക്കെ വരും, ആനകള്‍ മാത്രം മസ്കറ്റില്‍ നിന്നു തന്നെയാണ് - ഖുറം തെര്മ്മോക്കോളനും, റൂവി സ്റ്റൈറോഫോമനും. (മൂന്നാമത്തെ ആനക്ക് പേരിടുന്നതിനായി ഉടനേ തന്നെ ഒരു SMS കോണ്ടസ്റ്റ് നടത്തും. അതില്‍ ജയിക്കുന്നവര്‍ സമ്മാനം കിട്ടാനായി പ്രോസസിംഗ് ചാര്‍ജായ 3,75,213 രൂപ ഉടനേ തന്നെ അയക്കേണ്ടതാണ്) കണ്ടാല്‍ ആനയ്ക്ക് പോലും മനസ്സിലാവില്ല....സംശയമുണ്ടെങ്കില്‍ ഈ ഫോട്ടോ നോക്ക്.
 |
എങ്ങനെയുണ്ട് ആനകള്‍... |
 |
ബീച്ചില്‍ നിന്നൊരു സായാഹ്നദൃശ്യം |
ഈ റോസ് ഗാര്‍ഡനില്‍ നിന്ന് കുറച്ച് ഉളളിലേക്ക് പോയാല്‍ ബീച്ചുണ്ട്. നല്ല ബീച്ചാണ്, അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ്. മസ്കറ്റ് ഏരിയയില്‍ കണ്ടല്‍ കാടുകളുളളത് ഇവിടെയാണ്. റോഡില്‍ നിന്നുളള ഫോട്ടോയെടുക്കാനേ പറ്റൂട്ടോ.. റെസ്ട്രിക്റ്റഡ് ഏരിയയാണ്..
ബോറടിച്ചോ വായിച്ചിട്ട്... എങ്കില്‍ ഇനി ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍....