തലേ ദിവസത്തേ പോലെ നേരം വൈകി പോകണ്ടല്ലോയെന്ന് കരുതി നേരത്തെ എഴുന്നേറ്റുവെന്ന് എന്നൊന്നും കരുതണ്ട. പണ്ടേ നേരത്തെ എഴുന്നേല്‍ക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. അത് കേരളമായാലും, മസ്കറ്റിലായാലും, സിങ്കപൂരായാലും കണക്കു തന്നെ. എന്തായാലും എങ്ങനെയൊക്കയോ സ്വയം തല്ലിയെഴുന്നേല്പിച്ചു, കെട്ട്യോനെയും, മോളെയും ചവിട്ടിയുണര്‍ത്തി. അല്ലാതെ എന്തു ചെയ്യാനാ... ഉറങ്ങാനാണെങ്കില്‍ നമുക്ക് മസ്കറ്റില്‍ കിടന്നാല്‍ പോരേ....
താഴെ നിന്നും മസാലദോശയും കഴിച്ച് നേരെ മെട്രോയിലേക്ക്, ഇന്നും സെന്‍റോസയിലേക്ക് തന്നെയാണ്. അവിടുത്തെ യൂണിവേഴ്സല്‍ സ്ററുഡിയോലിലേക്ക്. യൂണിവേഴ്സല്‍ സ്ററുഡിയോ എന്നു വെച്ചാല്‍ സെന്‍റോസ ഐലന്‍റിലെ ഒരു തീം പാര്‍ക്ക് ആണ്. ഇത് ഏഷ്യയിലെ രണ്ടാമത്തെയും തെക്ക് കിഴക്ക് ഏഷ്യയിലെ ആദ്യത്തേയും യൂണിവേഴ്സല്‍ സ്ററുഡിയോ തീം പാര്‍ക്ക് (ജപ്പാനാണ് ആദ്യസ്ഥാനം) ആണ്. യൂണിവേഴ്സല്‍ പിച്ചേഴ്സിന്‍റെ സിനിമകളുടെ തീമിലാണ് ഓരോ ഏരിയകള്‍ തിരിച്ചിരിക്കുന്നത്. ബാറ്റില്‍സ്റ്റാര്‍ ഗാലക്റ്റിക്കയും, മഡഗാസ്കറും, ഷ്രെക്കും, ട്രാന്‍സ്ഫോര്‍മേഴ്സും, മമ്മിയും ഒക്കെ ഓരോ തീമുകളാണ്. ടിക്കറ്റ് നേരത്തെ നെറ്റില്‍ നിന്ന് എടുത്തിട്ടുണ്ട്. അതു കൊണ്ട് നമുക്ക് അതിന് ക്യൂ നില്ക്കണ്ടല്ലോ, ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ഓടി കയറാം (നമ്മുടെ നാട്ടില്‍ കല്യാണത്തിന് ഭക്ഷണത്തിന് ഗേറ്റ് തുറക്കുമ്പോള്‍ തളളിക്കയറുന്നതുപോലെ) എന്നൊക്കെയാണ് വിചാരിച്ചത്. എവിടെ.... അവിടെ ചെന്നപ്പോളല്ലേ മനസ്സിലായത് എന്നേക്കാളും ബുദ്ധിയുളളവരാണ് അവിടെയുളളതെന്ന്. എല്ലാവരുടെ കയ്യിലും ടിക്കറ്റ്.. ഇവിടെ തൃശ്ശൂര്‍ പൂരത്തിനുളള തിരക്ക് എന്നല്ലാ പറയേണ്ടത്... (അതിലും വലിയ തിരക്ക് എവിടെയാണാവോ, ബിവറേജസില്‍ പിന്നെ ക്യൂ ആണല്ലോ).. എന്തായാലും കാര്യം മനസ്സിലായല്ലോ.... അതു തന്നെ....
എക്സ്പ്രസ്സ് ടിക്കറ്റ് എന്ന ഒരു സംഭവമുണ്ട് അവിടെ... അതെടുത്താല്‍ നമുക്ക് റൈഡുകളില്‍ കയറാന്‍ ക്യൂ നില്‍ക്കേണ്ട. നേരിട്ട് കയറാം... പക്ഷേ ഒരു റൈഡില്‍ ഒരു പ്രാവശ്യമേ കയറാന്‍ പറ്റൂ... ഇതിന്‍റെ റിവ്യൂ വായിച്ചപ്പോള്‍ എല്ലാവരും അതെടുക്കേണ്ട... എന്നൊക്കെ എഴുതിയിരിക്കുന്നു.... എന്നാല്‍ പിന്നെ അതെടുക്കേണ്ടല്ലോ എന്ന് ഞങ്ങളും തീരുമാനിച്ചു. തീരുമാനിക്കാന്‍ വേറേയും കാരണമുണ്ട്... അതിന് കൊടുക്കണം 30 സിങ്കപ്പൂര്‍ ഡോളര്‍. അപ്പോള് 2 പേര്‍ക്ക് 60... ടിക്കറ്റ് ചാര്‍ജ് വേറെയുമുണ്ടേ.. ഒരാള്‍ക്ക് 73 സിങ്കപ്പൂര്‍ ഡോളര്‍. അപ്പോള്‍ എല്ലാം കൂടി നല്ല ഒരു തുകയാവൂലോ.. എത്രയായാലും മലയാളി അല്ലേ... മനസിലപ്പോത്തന്നെ കണ്‍വെര്‍ട്ട് ചെയ്ത് എല്ലാം ഇന്ത്യന്‍ രൂപയാക്കൂലോ.... പക്ഷേ ഇതെടുക്കാമായിരുന്നുവെന്ന് അവിടെ ചെന്നപ്പോള്‍ തോന്നി. ആ പോയ ബുദ്ധി തിരിച്ചു കിട്ടില്ലല്ലോ.... ഇനി അടുത്ത ട്രിപ്പിന് ആവട്ടെയല്ലേ.... (പിന്നെ പറയുന്നതു കേട്ടാല്‍ തോന്നും എന്നും അവിടെയാണെന്ന്..)
അങ്ങനെ അതിന്‍റെയുളളില്‍ കയറി. നമ്മുടെ താജ് മഹലും, അക്ഷര്‍ദാമും കയറുന്ന ബുദ്ധിമുട്ടില്ലാട്ടോ... ചെന്നയുടന്‍ മോള്‍ക്ക് ഇരിക്കാന്‍ ഒരു സ്ട്രോളര്‍ വാടകയ്ക്ക് എടുത്തു.. അല്ലെങ്കില്‍ നമ്മുടെ കാര്യം കുഴപ്പത്തിലാവും.. അവള്‍ 10 മിനിട്ട് കഴിയുമ്പോള്‍ അവിടെ നില്‍ക്കും എന്നെയെടുക്ക്, എനിക്ക് വയ്യ.. എന്നൊക്കെ പറഞ്ഞ്.... എന്തായാലും സ്ട്രോളര്‍ എടുക്കുകയല്ലേ ഡബിള്‍ സ്ട്രോളര്‍ തന്നെയെടുത്തു. എനിക്ക് ഇരിക്കാനല്ലാട്ടോ.. കയ്യിലുളള ബാഗും കൂടി വെയ്ക്കാലോ എന്നു കരുതിയാണ്...
പോകുന്ന വഴിക്ക് ട്രാന്‍സ്ഫോര്‍മര്‍ റൈഡ് കണ്ടു. നോക്കിയപ്പോള് ക്യൂ ടൈം 45 മിനിട്ട്. എന്നാല്‍ തിരക്ക് കുറയട്ടെ എന്ന് വിചാരിച്ച് അടുത്ത റൈഡിലേക്ക് പോയി, ആ തീരുമാനം ശരിയല്ലായിരുന്നുവെന്ന് പിന്നെ മനസ്സിലായി. വൈകീട്ട് ഇതേ റൈഡില്‍ കയറാന്‍ 1.30 മണിക്കൂര്‍ ക്യൂവില്‍ നിന്നപ്പോള്‍.
അവിടെ നിന്ന് നേരെ പോയത് Sci-Fi City ലേക്കാണ്. Battlestar Galactica റൈഡ് കണ്ടു. നോക്കിയപ്പോള് ക്യൂ ടൈം 10 മിനിട്ട്. കൊളളാലോ വീഡിയോണ്‍ എന്ന് മനസ്സില്‍ പറഞ്ഞ് അതിലേക്ക് വെച്ചു പിടിച്ചു. ഈ റൈഡിനൊ ക്കെ ഒരു പ്രശ്നമുണ്ട് പിള്ളേരെ കയറ്റില്ല. അതു കൊണ്ട് ഓരോ റൈഡില്‍ കയറിയപ്പോളും ഒരാള്‍ മോളെയും നോക്കി താഴെ നില്‍ക്കും. അങ്ങനെ Battlestar Galactica റൈഡിലേക്ക് ഞാനാണ് ആദ്യം പോയത്. പേടിച്ച് പേടിച്ചാണ് പോയത്.. അവിടെ ചെന്ന് റൈഡില്‍ കയറിയപ്പോള്‍ കൂടെ കയറിയത് ഒരു മലയ്ക്കാരി (മലേഷ്യ). രണ്ടു പേരും റൈഡിന്‍റെ കാര്യവും പറഞ്ഞ് ഇരുന്നു. നമ്മള്‍ പേടിയില്ലായെന്ന് കാണിക്കാനൊന്നും പോയില്ല. രണ്ടു പേര്‍ക്കും നല്ല പേടിയായിരുന്നു. ഫോട്ടോ കണ്ടില്ലേ ഇതാണ് സംഭവം. എങ്ങനെയുണ്ട് ..കൊളളാലേ.. തല കുത്തിയൊക്കെ വീഴുമ്പോള്‍ കൂക്കി വിളിച്ചാല്‍ പേടി തോന്നില്ലായെന്ന് പണ്ട് ഏതോ ഗുരു പറഞ്ഞിട്ടില്ലേ.. ഏത് ഗുരുവെന്നൊന്നും ചോദിച്ചേക്കരുത്. എന്തായാലും പേടി തോന്നിയെങ്കിലും റൈഡ് കൊളളാമായിരുന്നു..
അതിനു ശേഷം The Lost World ലേക്കാണ് പോയത്. ജുറാസിക് പാര്‍ക്ക് സിനിമ യിലെ സൈറ്റില്‍ എത്തിയപ്പോലെയാണ് തോന്നിയത്. ആ സിനിമയിലെ എല്ലാ സംഭവങ്ങളുമുണ്ട് അവിടെ. റൈഡുകളെല്ലാം ഡിനോസര്‍ ആകൃതിയില്‍.
അവിടെയുളള Dino-Soarin മോളെ കയറ്റാന്‍ പറ്റുന്ന റൈഡാണെന്ന് മനസ്സിലായിട്ട് അതില്‍ കയറി. നമുക്ക് അതിത്ര ഇഷ്ടപ്പെടില്ല. ഒരു സാധാ റൈഡ്. പക്ഷേ മോള്‍ക്ക് ഇഷ്ടപ്പെട്ടു.
അവിടെയുളള Dino-Soarin മോളെ കയറ്റാന്‍ പറ്റുന്ന റൈഡാണെന്ന് മനസ്സിലായിട്ട് അതില്‍ കയറി. നമുക്ക് അതിത്ര ഇഷ്ടപ്പെടില്ല. ഒരു സാധാ റൈഡ്. പക്ഷേ മോള്‍ക്ക് ഇഷ്ടപ്പെട്ടു.
പിന്നെ പോയത് Far Far Away യിലേക്കാണ്. അവിടെ എത്തിയപ്പോ ശരിക്കും സിനിമയുടെ കാലഘട്ടത്തിലെത്തിയതുപോലെ. മാജിക് പോഷന്‍സ് വില്‍ക്കുന്ന കടകള്‍.. ഫെയറി ഗോഡ് മദറിന്‍റെ കടകള്‍
അവിടെ ചെന്ന് Shrek 4-D Adventure കയറി. അവിടെ ചെന്നാലുളള ആദ്യമുളള അരമണിക്കൂര്‍ കത്തി സഹിക്കാന്‍ പറ്റില്ല. ഷ്രക്കിനെ കുറിച്ച് അറിയാത്തവര്‍ക്ക് പറഞ്ഞു തരികയാണ്. ഷ്രെക്ക് ഒന്നു മുതല്‍ നാലു വരെ കണ്ട ഞങ്ങള്‍ക്ക് ഇതു കത്തിയല്ല വെട്ടുകത്തി ആയാണ് തോന്നിയത്. അതും ഇരിക്കാന്‍ പോലും സ്ഥലമില്ല അവിടെ. എന്തായാലും കത്തി തീര്‍ന്ന് 3D കണ്ണാടിയും എടുത്തു തീയ്യറ്ററിന്‍റെയുളളില്‍ കയറി. കയറുന്ന സമയ ത്ത് ഫ്രയ നല്ല വാശിയി ലായിരുന്നു. പിന്നെ സിനിമ തുടങ്ങിയപ്പോള്‍ (സിനിമ മുഴുവന്‍ ഇല്ലാ ട്ടോ 40 മിനിട്ട് മാത്രം, കത്തിയടക്കം) അവള്‍ക്ക് ഇഷ്ടമായി. 4 ഡി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്തതു കൊണ്ട് എന്താണോയെന്തോ എന്നുളള ഒരു ആകാംക്ഷയിലായിരുന്നു. എന്തായാലും 4 ഡി കൊളളാമെന്ന് പിന്നീട് മനസ്സിലായി. സിനിമയിലെ സീനിനനുസരിച്ച് നമ്മള്‍ ഇരിക്കുന്ന കസേരകള്‍ മാറുന്നു. ഡോങ്കി തുമ്മുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് വെള്ളം തെറിക്കുന്നു. നാട്ടില്‍ ചിലര്‍ ബസ്സിലിരുന്ന് മുറുക്കാന്‍ തുപ്പുമ്പോ പുറകിലത്തെ സീറ്റിലിരുന്ന അവസ്ഥ. ഏതു നാട്ടുകാരായാലും ബ്വാ...എന്നാ നിലവിളിക്കുന്നത് എന്നു മനസിലായി - ചിലര്‍ ടിഷ്യു എടുത്ത് മുഖം തുടയ്ക്കുക വരെ ചെയ്തു. തേരില്‍ കയറി ഷ്രക്ക് പോകുമ്പോള്‍ ആ തേരില്‍ നമ്മള്‍ കയറിയതു പോലെയുളള ഫീല്‍ ആണ്.
കടപ്പാട്- ഗൂഗിള്‍ |
പിന്നീട് പോയത് Donkey LIVE ലേക്കായിരുന്നു. ഷ്രെക്കിലെ ഡോങ്കി സ്ക്രീനില്‍ വരും, നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ലൈവായി മറുപടി തരും. എനിക്ക് ഇത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും.
കടപ്പാട്- ഗൂഗിള്‍ |
പിന്നീട് പോയത് New York-- Lights, Camera, Action ലേക്കായിരുന്നു. ഇത് ശരിക്കും നല്ല രസമായിരുന്നു.
സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് ഹോസ്റ്റു ചെയ്യുന്ന ഷോയാണ്. ഹോളിവുഡ് സിനിമയില്‍ നമ്മള്‍ കാണുന്ന സീനുകള്‍ എങ്ങിനെ എടുക്കുന്നു എന്നത് സ്പീല്‍ ബര്‍ഗ് വിശദീകരിച്ചു തരുന്നു(നേരിട്ടല്ലാട്ടോ... വീഡിയോ മാത്രം). ഞങ്ങള്‍ നിന്ന വലിയ മുറിയുടെ ഒരു വശം കടലും കടല്‍തീരത്ത് വലിയ കെട്ടിടങ്ങളുമായി മാറി, വലിയ കൊടുങ്കാറ്റ് അടിക്കുന്നതും, സാധനങ്ങളും, കെട്ടിടങ്ങളും തകരുന്നതും, തീ കത്തുന്നതും (തീ കത്തിയപ്പോള്‍ ഉളള ചൂടും) എല്ലാം അല്ഭുതത്തോടെയും പേടിയോടെയുമാണ് ഞങ്ങള്‍ കണ്ടത്. പെട്ടന്ന് വെള്ളത്തിലേക്ക് ഇടിച്ചു കയറിയ കപ്പല്‍ ശരിക്കും പേടിപ്പിച്ചു. നമ്മളെയും ഇടിച്ചു കേറി വരുമോയെന്ന് പേടിയായി. അതു പോലെ തന്നെ സാധനങ്ങള്‍ വെളളത്തില്‍ വീഴുമ്പോള്‍ നമ്മള്‍ ശരിക്കും പേടിക്കും. അത് നമ്മുടെ തലയില്‍ വീഴുമോയെന്ന്. എന്തായാലും കൊളളാം..
കടപ്പാട്- ഗൂഗിള്‍ |
കടപ്പാട്- ഗൂഗിള്‍ |
അടുത്തതായി മോളുടെ ബോറടി മാറ്റാനായി മടഗാസ്കറിലെ കഥാ പാത്രങ്ങളുടെ പുറത്ത് കയറിയുള്ള ഒരു റൈഡില്‍ കയറി.
കയറിയപ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലായെന്ന് തോന്നുന്നു. അവള്‍ വാശി പിടിച്ചു. പിന്നെ ഹസ്ബന്‍റ് അവളെയും കൊണ്ട് ആ റൈഡില്‍ തന്നെയുളള കസേരയില്‍ ഇരുന്നു.
കടപ്പാട് - ഗൂഗിള്‍ |
പിന്നീട് പോയത് Revenge of the Mummy ലേക്കായിരുന്നു. എല്ലാ പ്രാവശ്യത്തേയും പോലെ ആദ്യം ഞാന്‍ തന്നെയാണ് കയറിയത്. (പിള്ളേരെ കേറ്റില്ല ഈ റൈഡിലും). ഇതിനും നല്ല ക്യൂ ആയിരുന്നു. ഇതൊരു ഹൈ സ്പീഡ് ഇന്‍ഡോര്‍ റോളര്‍ കോസ്റ്റര്‍ ആണ്. എന്നു വെച്ച് അത്ര ചെറുതായി തെറ്റിദ്ധരിക്കേണ്ട.വെളിച്ചം നന്നേ കുറവുളള കുറേ ചെറിയ റൂമുകളും കടന്ന് വേണം റൈഡിലെത്താന്‍.. നല്ല തിരക്കുളളതു കൊണ്ട് പോകുന്ന വഴിയില്‍ എന്തായാലും അധികം പേടി തോന്നിയില്ല. അവിടെയെത്തുന്നതു വരെ എന്ത് റൈഡാണോ ഇത് ഈശ്വരാ എന്ന് വിചാരിച്ചാണ് പോയത്. കൂരിരുട്ടില്‍ ആയിരുന്നു റൈഡ്. നല്ല സ്പീഡില്‍ പോകുന്ന വാഹനം, പെട്ടെന്ന് മുന്‍പില്‍ ഗേറ്റ് അടച്ചിരിക്കും, പെട്ടെന്ന് നില്ക്കും, ബാക്കിലോട്ട് അതിവേഗത്തില്‍ ഓടും, അപ്രതീക്ഷിതമായി അഗാധതയിലെക്കുള്ള കൂപ്പുകുത്തലും, സൈഡില്‍ നിന്ന് പേടിപ്പിക്കാനായി വെളിച്ചം, തീ ഒക്കെയായി ശരിക്കും ഒരു സംഭവം തന്നെയായിരുന്നു. പൂര്‍ണ്ണമായും ഇരുട്ടിലായതുകൊണ്ട് എന്താണ് ഉണ്ടാവുക എന്നറിയാതെ എന്താ പറയുക ശരിക്കും ഹാര്‍ട്ട് അറ്റാക്ക് വരുമോയെന്ന് തോന്നും. പക്ഷേ സംഭവം കൊളളാമായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടും.
പിന്നീട് പോയത് Treasure Hunters ലേക്കായിരുന്നു. ഒരു ജീപ്പ് റൈഡായിരുന്നു ഇത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന റൈഡാണ്. ഫ്രയയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന സ്റ്റിയറിംഗ് മോള് തന്നെയാണ് ഹാന്‍ഡില്‍ ചെയ്തത്.
കടപ്പാട് ഗൂഗിള്‍ |
കടപ്പാട് ഗൂഗിള്‍ |
അതും കൂടി കണ്ടപ്പോള്‍ എന്‍റെ കാറ്റ് ബാക്കിയുണ്ടായിരുന്നതു കൂടി പോയെന്ന് പറഞ്ഞാല്‍ പോരേ... അതും പോരാഞ്ഞ് 3ഡി ഗ്ലാസ്സു കൂടി തന്നു. ഈശ്വരാ 3 ഡി സിനിമ കാണുമ്പോള്‍ തന്നെ കണ്ണിലേക്ക് കുത്തി കയറാന്‍ വരുന്നതു പോലെ തോന്നുമ്പോള്‍ കണ്ണടക്കുന്ന ഞാനാണ് ഇനി ഇതും വെച്ച് റോളര്‍ കോസ്റ്ററില്‍.. എന്തായാലും ധൈര്യം കാണിച്ച് റൈഡില്‍ കയറി. അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റില്ലല്ലോ... ഇപ്രാവശ്യം ഒരു അബദ്ധവും കാണിച്ചു, എല്ലാ പ്രാവശ്യവും മൊബൈല്‍ ഹസ്ബന്‍റിന്‍റെ കയ്യില്‍ കൊടുത്തിട്ടാണ് പോകാറ്. ഇപ്രാവശ്യം അത് മറന്നു. ജീന്‍സിന്‍റെ പോക്കറ്റിലുണ്ട്. റൈഡില്‍ കയറിയുടനെ അവര്‍ നമ്മള്‍ വീഴാതെയിരിക്കാനായി മടിയില്‍ ലോക്ക്.. ചെയ്തു. ഈശ്വരാ എന്‍റെ ഗാലക്സി എസിന്‍റെ പണി ഇപ്പോള്‍ തീരും. ഒന്നല്ലങ്കില്‍ ഫോണ്‍ നിലത്തു വീഴും, അല്ലെങ്കില്‍ അത് പൊട്ടും. എന്‍റെ ശ്രദ്ധ അതിലായിരുന്നു.. അങ്ങനെ റൈഡ് ആരംഭിച്ചു. 3 ഡി കണ്ണടയൊക്കെ വെച്ച് സ്റ്റൈലായി. പേടി പുറത്തു കാട്ടാന്‍ പാടില്ലല്ലോ.. ഇപ്രാവശ്യം അടുത്തുളളത് ഒരു യൂറോപ്യന്‍ ഫാമിലിയാണ്. പണ്ടാണെങ്കില്‍ ഞാന്‍ പറഞ്ഞേനെ മദാമ്മയാണെന്ന്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിംഗ് മുഴുവന്‍ ഇവരായതു കൊണ്ടും, സ്ഥിരം ഇവരെ കണ്ട് ഇവരെ കുറിച്ച് ഒരു ധാരണ വന്നതു കൊണ്ട് ഇനിയങ്ങനെ പറയാന്‍ പറ്റില്ലല്ലോ.. നമ്മളേക്കാള്‍ തറകളുമുണ്ടേ ഇവരുടെയിടയിലും.. എന്തായാലും റൈഡ് തുടങ്ങി. ഈശ്വരാ കാത്തോണേ എന്ന് മനസ്സില്‍ പറഞ്ഞ് ഇരുന്നു. എന്തായാലും സംഭവം കൊളളായിരുന്നു.
ഈ ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിളിനാണേ... അല്ലാതെ ഈ റൈഡില്‍ ക്യാമറ കൊണ്ടു പോയൊന്നും ആരും കരുതേണ്ട... |
പുറത്തിറങ്ങി വന്നപ്പോള്‍ ഇത്രയും നേരം കാത്ത് നിന്നിട്ട് ഇതില്‍ കയറണോയെന്ന് ഹസ്ബന്‍റ്, കേറാതെ പോയാല്‍ അതു നഷ്ടമാവുമെന്ന് പറഞ്ഞ് വിട്ടു. ആള്‍ക്ക് മുക്കാല്‍ മണിക്കൂറേ കാത്തു നില്‍ക്കേണ്ടി വന്നുളളൂ.. എറ്റവും രസം ആളുടെ കൂടെ കയറിയ ഒരു തമിഴനായിരുന്നു. റൈഡിന്‍റെയിടയില്‍ ആള് കാപ്പാത്തുങ്കോ.. കാപ്പാത്തുങ്കോ എന്ന് വിളിക്കുകയായിരുന്നുവത്രേ. എന്തായാലും നല്ല രസത്തോടെ അത് അവസാനിച്ചു.
റൈഡ് കണ്ട് ഇറങ്ങി വരുന്ന ഹസ്ബന്‍റിന്‍റെ മുഖം എങ്ങനെയുണ്ടെന്ന് അറിയാന്‍ വേണ്ടി ചുമ്മാ ഒരു സ്നാപ്പ് |
പിന്നെ കയറിയത് Madagascar: A Crate Adventure- ഇത് മങ്ങിയ വെളിച്ചത്തില്‍ കൂടി പോകുന്ന ഒരു ഇന്‍ഡോര്‍ ബോട്ട് റൈഡാണ്. ആദ്യം ഞങ്ങള് അവിടെ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു. 1 മണിക്കൂര്‍ ക്യൂ നിന്ന് അവിടെയെത്താറായപ്പോള്‍ എന്തോ
കടപ്പാട് - ഗൂഗിള്‍ |
കടപ്പാട് - ഗൂഗിള്‍ |
വെളളം വീഴുന്ന സ്ഥലം കണ്ടു, നമ്മുടെ ദേഹത്ത് വീഴുമോയെന്ന് തോന്നി. പണ്ടു തൊട്ടേ നനയാന്‍ വിഷമമില്ല. പക്ഷേ ഈ പേരും പറഞ്ഞ് വാങ്ങിയ എന്‍റെ HD വീഡിയോ ക്യാമറ എന്‍റെ കയ്യിലുണ്ടേ... സ്റ്റില്‍
കടപ്പാട് - ഗൂഗിള്‍ |
അങ്ങനെ അവിടത്തെ റൈഡുകളൊക്കെ കയറി സന്തോഷത്തോടെ അവിടെ നിന്ന് ഇറങ്ങി. ഇനിയും ഇറങ്ങിയില്ലെങ്കില്‍ അവര് ഇറക്കി വിടുമെന്ന് തോന്നി. കാരണം 9.30 ആയി. അവിടുന്ന് മോണോ റെയില്‍ കയറി വീണ്ടും വിവോ സിറ്റിയിലേക്ക്. അവിടെ വലിയ ഒരു ക്രിസ്മസ്സ് ട്രീ ഉണ്ട്. അതും കണ്ട് മെട്രോയില്‍ കയറി ഹോട്ടലിലേക്ക്. ഹോട്ടലില്‍ എത്തിയയുടന്‍ ചൂടുവെളളത്തില്‍ ഒരു കുളി. അല്ലെങ്കില്‍ പിറ്റേ ദിവസം എഴുന്നേല്ക്കാന്‍ പറ്റില്ലായെന്ന് തോന്നി. കാലിലെ മസിലൊക്കെ ഒറ്റ ദിവസം കൊണ്ട് കല്ല് പോലെയായി. മസ്കറ്റില്‍ ചുമ്മായിരുന്ന് ഞാന്‍ സോഫ്റ്റാക്കി വെച്ചിരുന്ന എന്‍റെ കാലിലെ മസിലായിരുന്നു. എന്തു ചെയ്യാം .. ഈ ഡിസംബറിലെ പീക്ക് ടൈമില്‍ തന്നെ വന്നതു കൊണ്ടല്ലേ.... അപ്പോള്‍ ഇതല്ല ഇതിലും വലുത് വരണം...
(ഇതിലെ ഫോട്ടോസില്‍ കുറേയൊക്കെ ഗൂഗിള്‍ തപ്പിയെടുത്തതാണ്.. കാരണം ഇത്രയും തിരക്കുളള സമയത്ത് അവിടെ പോയ കാരണം ക്യൂവില്‍ നില്‍ക്കാനാണ് കൂടുതല്‍ സമയവും എടുത്തത്. ക്യൂവില്‍ അവിടെയെത്തിനു ശേഷമാണ് ഓരോ റൈഡും എന്താണെന്ന് മനസ്സിലാവുന്നത്. അതു കൊണ്ട് മിക്ക റൈഡില്‍ പോയപ്പോളും ക്യാമറ എടുത്തില്ല. അതു കൊണ്ട് ഫോട്ടോയെടുക്കല്‍ നടന്നില്ല. ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിച്ചേക്കണേ... തല്ലണ്ടാ.. ഞാന്‍ അടുത്ത പ്രാവശ്യം നന്നായി കൊളളാം.....)
സുനി...അങ്ങനെ സിംഗപ്പൂർയാത്ര അവസാനിച്ചു അല്ലേ..?
ReplyDeleteതുടക്കക്കാരിയാണെങ്കിലും, വിവരണം നന്നായി എഴുതി.. പ്രത്യേകിച്ച് ആനിമേഷൻ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള റൈഡുകൾ ഏറെ ഇഷ്ടപ്പെട്ടു...
ഫോണ്ട്സൈസ് മാറ്റിയതുകൊണ്ട് വായിയ്ക്കുവാനുള്ള ബുദ്ധിമുട്ട് മാറി.
കൂടുതൽ യാത്രകൾ ആശംസിയ്ക്കുന്നു.
വേർഡ് വേരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു.
ReplyDeleteവായിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. സിംഗപ്പൂര്‍ യാത്ര അവസാനിച്ചിട്ടില്ല - ഇനിയും 2 ദിവസം കൂടിയുണ്ട് അതുകൊണ്ട് ആരേലും കൈ തല്ലി ഒടിക്കുന്നതുവരെ എഴുതണം എന്നാണ് ആഗ്രഹം.
ReplyDeleteയാത്രാ വിശേഷങ്ങള്‍ ഇനിയും എഴുതൂ,ആശംസകള്‍...
ReplyDeleteനന്ദി കൃഷ്ണകുമാര്‍, ഇനിയും വായിക്കുമല്ലോ..
Deleteജീവിതത്തില്‍ യാത്ര ചെയ്യണമെന്നു ഒരു പാട് കൊതിച്ച സ്ഥലമാണ് സിഗപൂര്‍ . പല കാരണങ്ങളാല്‍ ഇത് വരെ നടന്നിട്ടില . ഈ പോസ്റ്റ് വായിച്ചപ്പോള്‍ അവിടം പോയ പ്രതീതി . ഒത്തിരി നന്ദി ... യാത്ര വിവരണം ഒരു പാട് നന്നായിരിക്കുന്നു കൂടെ ഫോട്ടോകളും . ഇനി യാത്ര പോകുമ്പോള്‍ ക്യാമറ മറന്നെക്കല്ലേ...
ReplyDeleteവീണ്ടും വരാം ...സ്നേഹാശംസകളോടെ ... സസ്നേഹം ...
വായിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി. ക്യാമറ മറന്നു പോയതല്ല, യൂണിവേഴ്സല്‍ സ്റ്റുഡിയോയില്‍ ക്യാമറയുടെ ആവശ്യമില്ല. റൈഡുകളാണ്, മിക്കതിലും ക്യാമറ കൊണ്ടു പോകാന്‍ പറ്റില്ല. അതു കൊണ്ട് അന്നേ ദിവസം ക്യാമറ ബാഗില്‍ തന്നെയിരുന്നു. ഒരു ദിവസം അതിനും റെസ്റ്റ് വേണ്ടേ...
Deleteനന്നായി എഴുതിയിട്ടുണ്ട്. തുടരൂ.
ReplyDeleteനന്ദി അനിമേഷ്...
Deleteഇതും കലക്കി
ReplyDeleteഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു തമാശയോര്‍മ്മ വന്നു. 94-ല്‍ വിവാഹം കഴിഞ്ഞ് ഞാന്‍ അനുവിനെയും സിംഗപ്പൂരില്‍ കൊണ്ടുപോയി. അന്ന് ജുറാസിക് പാര്‍ക്കിലെ ഡിനോസോറുകളുടെ ഷോ കാണാന്‍ പോയി. അവയുടെ അലര്‍ച്ചയും ചലനവുമൊക്കെ കണ്ട് രസിച്ച് തിരിച്ച് പോന്നു. ആറുമാസത്തെ താമസത്തിന് ശേഷം അനു തിരിച്ച് നാട്ടിലേയ്ക്ക് പോന്നു. നാട്ടില്‍ വന്നുകഴിഞ്ഞ് വീട്ടില്‍ എല്ലാരും കൂടി ജുറാസിക് പാര്‍ക്ക് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അനുവിന്റെ വീരസ്യം. “ഞാന്‍ ഇതിനെയെല്ലാം നേരില്‍ കണ്ടിട്ടുണ്ട്. വീട്ടിലെല്ലാരും തര്‍ക്കിച്ചു. ഇങ്ങിനത്തെ മൃഗങ്ങളൊന്നും ഇപ്പോള്‍ ജീവനോടെയില്ല. അനു ദൃക്‌സാക്ഷിയല്ലേ? സമ്മതിക്കുമോ? അങ്ങിനെ എന്നെ ഫോണ്‍ ചെയ്തു. അപ്പോള്‍ ആണ് ഞാന്‍ ആ യാഥാര്‍ത്ഥ്യം അറിഞ്ഞത്. ഡിനോസോറുകള്‍ വംശനാശം വന്നുപോയതാണെന്നും സിംഗപ്പൂരില്‍ കണ്ടതൊക്കെ യന്ത്രങ്ങളായിരുന്നുവെന്നും അവള്‍ക്ക് അറിയുകയേയില്ലായിരുന്നു എന്ന്. അതെല്ലാം ഒറിജിനല്‍ മൃഗങ്ങളായിരുന്നു എന്നായിരുന്നു അവളുടെ ധാരണ. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഗ്രാമീണപ്പെണ്ണായിരുന്നു അവള്‍. (ഇപ്പോ ആള് പുലിയായി കേട്ടോ)
ReplyDelete