Wednesday, September 19, 2012

മസ്കറ്റ് - ഭാഗം 2

മസ്കറ്റിന്‍റെ ബാക്കി വിശേഷങ്ങളിലേക്ക്... ഇതു വരെ വായിച്ചതൊക്കെ മറന്നോ... എങ്കിലിവിടെയൊന്ന് ഞെക്കി നോക്കൂ...
മത്ര കോര്‍ണിഷില്‍ നിന്നുളള ഒരു ദൃശ്യം
അടുത്തതായി ഇവിടെ കാണാനുളളത് മത്ര കോര്‍ണിഷാണ്.   പ്രധാന തുറമുഖം ഇവിടെയാണ്. കപ്പലുകള്‍ കാണാത്തവര്‍ക്ക് ഇവിടെ വന്നാല്‍ പല വലുപ്പത്തിലും, പല രൂപത്തിലും ഉളള കപ്പലുകള്‍ കാണാം.. (അതിന് അവിടെ വരണോ, കൊച്ചിക്ക് പോയാ പോരേയെന്ന് ചോദിക്കരുതേ.... ) ഇവിടെ നിന്നുളള രാത്രി കാഴ്ച അതിമനോഹരമാണ്.. 


അതു പോലെ തന്നെ ഇവിടെയുളള ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മാര്‍ബിള്‍ പ്രതിമകള്‍ കാണേണ്ടതു തന്നെയാണ്.. മാര്‍ബിളിന് ഒരു വിലയുമില്ലേ ഈ ഒമാനിലെന്ന് തോന്നുന്നത് ഇവിടെ വരുമ്പോളാണ്. കടലിന്‍റെ വശങ്ങളിലെല്ലാം വെള്ളത്തിലേക്ക് വായിനോക്കിയിരിക്കാന്‍ പോലും മാര്‍ബിളില്‍ കൊത്തിയെടുത്ത കസേരകളാണ്.. 
റിയാം പാര്‍ക്കിലെ മലമുകളിലെ മകുടം..


റിയാം പാര്‍ക്കില്‍ നിന്നുളള കാഴ്ച
 

പാര്‍ക്കിലെ മുരടിച്ച തെങ്ങ്..

Add caption

വീണിതല്ലോ കിടക്കുന്നൂ.....
ഇവിടെയടുത്ത് തന്നെ രണ്ടു പാര്‍ക്കുകളുണ്ട്. റിയാം പാര്‍ക്കാണ് കേമന്‍. പാര്‍ക്കില്‍ നിന്നു നോക്കിയാല്‍ കടലും, കപ്പലുകളും കാണാം.. ഒരു കുന്നിലാണ് ഈ പാര്‍ക്ക്.  ആവശ്യത്തിന് വ്യായാമം കിട്ടാന്‍ ഈ പാര്‍ക്ക് ഒന്ന് കറങ്ങി കണ്ടാല്‍ മതിയെന്ന് സാരം.. ഒന്നു വെറുതേ കറങ്ങിയാല്‍ മതി കുറച്ച് നെയ്യ് ഉരുക്കി കളഞ്ഞിട്ട് പോകാം.. കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്യാണ്, അങ്ങനെയൊന്നും കളയാന്‍ ഞാനില്ലായെന്നാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... ഇവിടെയും കുട്ടികള്‍ക്കുളള ടോയ്സുണ്ട്. അതു പോലെ കാശ് മുടക്കി കയറാവുന്ന റൈഡുകളുമുണ്ട്.. 

മസ്കറ്റ് പാലസിലേക്ക് പോയാലോ ഇനി...  


1972 ല്‍ സ്ഥാപിച്ചതാണ് ഈ അല്‍ അലാം റോയല്‍ പാലസ്. ഈ പാലസിന്‍റെ രണ്ടു വശങ്ങളിലായി അല്‍ ജലാലി ഫോര്‍ട്ടും, അല്‍ മിറാനി ഫോര്‍ട്ടും സ്ഥിതി ചെയ്യുന്നു. സിറ്റിയിലെ ഏറ്റവും ഭംഗിയുളള കെട്ടിടമാണിത്. ഉളളില്‍ കയറി കാണാന്‍ പറ്റില്ലെങ്കിലും, ഗേറ്റ് വരെ പോയി നല്ല ഫോട്ടോസ് എടുക്കാം. ഗേറ്റില്‍ തന്നെ ചേട്ടന്‍മാര് തോക്കുമായി നില്‍ക്കുന്നുണ്ട്. പുറമേ നിന്ന് നോക്കിയാല്‍ ഈ തോക്ക് ചേട്ടന്‍മാരെ കാണില്ലാട്ടോ. എന്ന് വെച്ച് ഗേറ്റിന്‍റെയടുത്ത് പോയി തുറക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വന്നെന്ന് ചോദിച്ചാല്‍ മതി.. 
പാലസിന്‍റെ വശങ്ങളിലെ ഇടനാഴികളിലൊന്ന്...
രാജാവ് ഇവിടെയല്ലാ താമസമെങ്കിലും, പ്രധാന ദിവസങ്ങളിലും, വേറെ ഏതെങ്കിലും രാജ്യത്തു നിന്നും പ്രധാനപ്പെട്ട ആള്‍ക്കാര് വരുമ്പോളും ഇവിടെയുണ്ടാവാറുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ കൊട്ടാരത്തിന്‍റെ ഭംഗി എടുത്തു പറയേണ്ടതു തന്നെയാണ് കൂടാതെ കെട്ടിടത്തിനു മുന്നിലുള്ള പൂന്തോട്ടം ഓരോ സീസണിലും  പറ്റിയ പൂച്ചെടികള്‍ നട്ടു പിടിപ്പിച്ച് മനോഹരമാക്കാറുണ്ട്. 
പുഴുക്കളിലെ ഏതോ കലാകാരന്‍ കേറി മേഞ്ഞതാ...
ഇവിടെയുളള ഫോര്‍ട്ടുകളിലും അകത്ത് കയറാന്‍ നമുക്ക് പറ്റില്ല. പക്ഷേ പുറത്ത് നിന്ന് അതിമനോഹരങ്ങളായ ചിത്രങ്ങളെടുക്കാം.

പാലസും, കോട്ടയും കണ്ട് മടുത്തോ... എന്നാ വിട്ടേക്കാമല്ലേ..
ഇപ്പോള്‍ നമ്മള്‍ പഴയ മസ്കറ്റില്‍ കൂടിയാണ് പോകുന്നത്.. പോകുന്ന വഴിക്ക് ചെറിയ പാര്‍ക്കുകളും, ബോട്ട് ബേകളുമെല്ലാം കണ്ട് പോകാം..
പോകുന്ന വഴിയില്‍ നിന്നൊരു ക്ലിക്ക്..
ഇവിടെ നിന്ന് നേരെ ഖന്താബ് ബീച്ചിലേക്ക് പോകാം... ആ പോകുന്ന റോഡ് നല്ല രസമാണ്. ചുറ്റും മലകള്‍. 
സമുദ്രതീരത്ത് നിന്ന് കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വണ്ടി  കയറ്റം കയറുമ്പോള്‍ ചെവിയടയുക സാധാരണമാണ്.. മസ്കറ്റിലെ പ്രധാനപ്പെട്ട ബീച്ചാണിത്. 

 
 ഇവിടെ ബോട്ട് സര്‍വ്വീസുകളുണ്ട്.. ബോട്ട് എന്ന് പറയാനൊന്നും പറ്റില്ല. മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികളാണ് സത്യത്തില്‍. ഒന്ന് രണ്ട് നല്ല ബോട്ടുകളുമുണ്ട്... 10-12 റിയാല്‍ കൊടുത്താല്‍ കുടുംബ സമേതം കടലിലൊന്ന് ചുറ്റിയടിച്ച് വരാം.. ഒരു മലയുടെ ചെറിയ ദ്വാരത്തിലൂടെ അപ്പുറത്തേക്കും പോകാം. 
ആ കാണുന്ന ദ്വാരത്തിലൂടെയാണ് ബോട്ട് പോവുക

ഇതാണ് ഞാന്‍ പറഞ്ഞ മലയുടെ ഉളളിലുളള ദ്വാരം
മസ്കറ്റില്‍ വന്ന സമയത്ത് ഒരു ബോട്ട് യാത്ര നടത്തിയപ്പോള്‍ ഈ മലയുടെ അടിയില്‍ കൂടി പോകാന്‍ നല്ല രസമായിരുന്നു.. പക്ഷേ കുറച്ച് നാള്‍ മുമ്പ് ഒന്ന് കൂടി ആ യാത്ര നടത്തി.. അവിടെയെത്തിയപ്പോള്‍ അങ്ങോട്ട് പോകണോയെന്ന് നമ്മുടെ കപ്പിത്താന്‍ ( ബോട്ട് ഓടിക്കുന്ന അപ്പൂപ്പന്‍...) ചോദിച്ചു. പിന്നെ കാശ് മുടക്കിയിട്ട് അവിടെ പോകാതെ തിരിച്ചു വരാനോ... ആ വിട്ടേക്ക് എന്ന് സ്റ്റൈലായി അറബിയില്‍ ( 6 വര്‍ഷമായി മസ്കറ്റിലെങ്കിലും ആകെ അറിയാവുന്ന അറബി ഗഫൂര്‍ക്കാ ദോസ്തിന്‍റെ അറബിയാണ്..) പറയണമെന്ന് ആഗ്രഹിച്ചെങ്കിലും അയാള്‍ക്കത് ബുദ്ധിമുട്ടായാലോ എന്ന് കരുതി നമ്മുടെ നാടന്‍ ഇംഗ്ലീഷില്‍ പറഞ്ഞു.. ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് നമ്മുടെ അപ്പൂപ്പന്‍ ബോട്ടങ്ങ് വിട്ടു.. അള്ളോ ... പടച്ചോനേ യെന്നുളള വിളിയേ കുറച്ച് നേരത്തേക്ക് കേട്ടുളളൂ- എന്തുകൊണ്ടാണോ നിലവിളി എന്‍റെ സ്വരമായിരുന്നു.... ( നീന്തല്‍ അറിയില്ലാന്ന കാര്യം അങ്ങോട്ട് പോകണം എന്ന് അപ്പൂപ്പനോട് പറഞ്ഞപ്പോള്‍ ഞാനോര്‍ത്തില്ല.. ലൈഫ് ജാക്കറ്റും ഇല്ല.. ആകെ മോള്‍ക്ക് മാത്രമേ ജാക്കറ്റുളളൂ..) എന്തായാലും യൂണിവേഴ്സല്‍ സ്റ്റുഡിയോയിലെ ഏതോ റൈഡില്‍ കയറിയ പ്രതീതിയായിരുന്നു കുറച്ച്  നേരത്തേക്ക്.. എല്ലാം കഴിഞ്ഞ് തീരത്തോടടുത്തപ്പോളാണ് ഞാന്‍ സമ്മതം മൂളിയത് എത്ര വലിയ പൊട്ടത്തരമാണെന്ന് തോന്നിയത്... എന്നാലും നല്ല ഒരു റൈഡ് കടലില്‍ നടത്തിയതിന് ഒരു പാട് സന്തോഷവും തോന്നി...  (ഇതില്‍ നിന്ന് പഠിച്ച പാഠം... നല്ല തിരയുളളപ്പോള്‍ സാഹസികയാത്ര നടത്തരുത്.. )
അപ്പോളൊരു ബോട്ട് യാത്രയ്ക്ക് പോയാലോ..... 

ബോട്ട് യാത്ര ചെയ്ത് ക്ഷീണിച്ചല്ലേ.. എന്നാലെല്ലാവരും പോയി കുളിച്ച് വിശ്രമിച്ചോളൂട്ടോ... ബാക്കി പിന്നെ കാണാം....