Wednesday, June 6, 2012

മലേഷ്യ യാത്ര- നാലാം ദിവസം

അങ്ങനെ കാമറൂണിലെ പ്രഭാതം.. നല്ല തണുപ്പായിരുന്നു രാത്രിയില്‍. അതു കൊണ്ട് രാവിലെ എഴുന്നേല്‍ക്കാനേ തോന്നിയില്ല. പറയുന്നതു കേട്ടാല്‍ തോന്നും, അല്ലെങ്കില്‍ എല്ലാ ദിവസവും 5 മണിക്ക് ഉണര്‍ന്നു കുളിച്ച്, കുറിയും തൊട്ടേ അടുക്കളയില്‍ കയറുമെന്ന്.. എല്ലാം ഒരു ജാഡ യല്ലേ..

അങ്ങനെ തണുപ്പത്ത് അലാമടിക്കുന്ന ഫോണിനെ തെറിയും പറഞ്ഞ് എങ്ങനെയൊക്കെയോ സ്വയം എഴുന്നേറ്റു, കുംഭ കര്‍ണ്ണനേയും തല്ലിയെഴുന്നേല്‍പ്പിച്ചു. വീണ്ടും രാജകീയമായ ഡ്രസ്സുകളുമിട്ട് (സ്വെറ്ററും, തൊപ്പിയും, കൈയുറയും) പുറ ത്തേക്കിറങ്ങി. താമസിച്ചിരുന്ന ഹോട്ടലിന് ചുറ്റും പൂക്ക ളും, പച്ചക്കറികളുമാണ്. ഇന്നലെയതൊന്നും ശ്രദ്ധിച്ചിരു ന്നില്ല. ഇന്ന് വിശാലമായി കാണാനുളള സമയമില്ല. 


രാവിലെ തന്നെ ചെക്കൌട്ട് ചെയ്തിറങ്ങി, ഇനിയിങ്ങോട്ടു വരില്ല, നേരെ പെട്ടി കൊണ്ടു പോയി സി എസ്. ട്രാവല്‍ ഏജന്‍സിയില്‍ കൊണ്ടു പോയി വെച്ചു. ഇന്ന് അവരോ ടൊപ്പമാണ് യാത്ര.. ഈ ട്രിപ്പില്‍ ആദ്യമായാണ് പാക്കേജ് ടൂര്‍. 25 റിഗ്ഗിറ്റാണ് ഒരാള്‍ക്ക്, മോള് ചെറുതായതു കൊണ്ട് അവള്‍ക്ക് വേണ്ട. രാവിലെ മുതല്‍ ഉച്ച വരെയാണ് ട്രിപ്പ്. പെട്ടി അവിടെ വെച്ച് പോയി ഭക്ഷണം കഴിച്ച് വന്നു... ദോശയാണ് വാങ്ങിയത്. ഇതും ദോശയോ എന്ന് സംശയം തോന്നുന്ന ഒരു വസ്തു. ആ... ഇവിടെയൊക്കെ ദോശ ഇതായിരിക്കുമല്ലേ... കറിയെല്ലാം ഒരു കണക്കായിരുന്നു.. മോള്‍ തൊട്ടു പോലും നോക്കിയില്ല ദോശ... തിരിച്ച് ട്രാവല്‍ ഏജന്‍സിയില്‍ വന്നു, 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു ഒമ്നി പോലുള്ള വണ്ടി  വന്നു... കമ്പനി ഈ യന്ത്രം ആദ്യമായി ഉണ്ടാക്കിയപ്പോള് മേടിച്ച വണ്ടിയാണെന്ന് തോന്നുന്നു..  എന്തായാലും കയറി, തലേ ദിവസം വേറെയൊരു ട്രാവല്‍ ഏജന്‍സിയുടെ വണ്ടിയാണ് ഹോട്ടലില്‍ കൊണ്ടു വിട്ടത്, ആ എന്തായാലും ആ വണ്ടിയേക്കാള്‍ ഭേദമാണ്.. കേറിയ പ്പോള്‍ അതിലൊരു മലയാളി ഫാമിലിയും ഇരിക്കുന്നു.. എവിടെ പോയാലും മലയാളിയെ കാണാന്‍ പറ്റുമെന്ന് പറയുന്നത് അങ്ങനെ യാഥാര്‍ത്ഥ്യമായി.. വേറെയൊരു സഹയാത്രികന്‍ സിങ്കപ്പൂര്‍കാരനുമായിരുന്നു. അങ്ങനെ യാത്ര തുടര്‍ന്നു..

പോകുന്ന വഴിയെല്ലാം കാണാന്‍  അടിപൊളി. തേയില തോട്ടങ്ങളും, സ്ട്രോബറി ഫാമുകളും, വെജിറ്റബിള്‍ ഫാമു കളുമായി നല്ല രസം... ആദ്യമായി കൊണ്ടു പോയത് റോസ് സെന്‍ററിലേക്കായിരുന്നു.. അവിടെ ടിക്കറ്റ് എടുക്ക ണം.. 5 റിഗ്ഗിറ്റാണ് ഒരാള്‍ക്ക്.. ടിക്കറ്റ് എടുത്ത് അകത്തു കയറി. ഈ ടിക്കറ്റിന്‍റെ കാശ് വാങ്ങി അവര്‍ പുട്ടടിക്ക യാണോ എന്നൊരു സംശയം തോന്നി.. (മലേഷ്യയായതു കൊണ്ട് നാസിലെമക് അടിക്കുകയാണോയെന്ന് തിരുത്തി പറയാം..) തലേ ദിവസം മര്‍ഡിയില്‍ കണ്ട അത്ര പോലും റോസ് ചെടികളില്ല ഇവിടെ... 

മലയാറ്റൂര്‍ മലയോ.. അതോ ശബരിമലയോ..
ഒരു കുന്നിന്‍ മുകളിലേക്ക് കേറിയാണ് ഈ റോസ് സെന്‍റര്‍.. അതു കേറാന്‍ സ്റ്റെപ്പുകളും.. കുത്തനെയാണ്. കയറാന്‍ കുറച്ചു ബുദ്ധിമുട്ടി. അതും മോളേയും എടുത്ത്. കുറച്ചൊക്കെ അവളൊറ്റയ്ക്ക് കയറിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ സമരത്തിലായി, പറഞ്ഞിട്ടും കാര്യ മില്ല, നമുക്കുതന്നെ കയറാന്‍ പറ്റുന്നില്ല.. പിന്നെ മോളുടെ കാര്യം പറയാനുണ്ടോ... കേറി ചെന്നപ്പോള്‍ ചുറ്റു പാടും കാണാന്‍ നല്ല ഭംഗിയായിരുന്നു..
ഒരു വശം മുഴുവന്‍ ഓറഞ്ച് മര‌ങ്ങള്‍, അതും നിറച്ച് ഓറഞ്ച് പഴുത്ത് കിടക്കുന്നു.. കുന്നിന്‍ ചെരുവിലായതു കൊണ്ട് പറിക്കാന്‍ പറ്റില്ല.. പിന്നെ നാട്ടില്‍ നിന്നു പോകുമ്പോള്‍ ചെറിയ വലതോട്ടിയും കൊണ്ടു പോയാല്‍ പറിക്കാം...
 
അതു പോലെ കുന്നില്‍ നിന്നു നോക്കുമ്പോള്‍ ചുറ്റും തേയില തോട്ടങ്ങളും, കുറേ ഫാമുകളും... ആ കാഴ്ച മാത്രം കാണാനാണെന്ന് തോന്നുന്നു ടിക്കറ്റെടുത്ത് അവിടെ കയറിയത്...  കുറച്ചു കൂടി ചെടികള്‍ നട്ടു പിടിപ്പിച്ചും, പുല്ല് പറിച്ചും വൃത്തിയാക്കിയാല്‍ നല്ലൊരു ടൂറിസ്റ്റ് സ്പോട്ടു തന്നെയാണ് അത്... 
Langsat പഴത്തിന്‍റെ മരം

ഈ ജാമ്പവാന്‍റെ കാലത്തെ ലാന്‍ഡ് റോവറുകള്‍ ഒരു പാട് കണ്ടു ഇവിടെ.. അതൊക്കെ ഇപ്പോഴും ഓടുന്നുണ്ടെന്ന് തോന്നുന്നു. ഒന്ന് രണ്ടെണ്ണമേ റോഡില്‍ കണ്ടു ളളൂ.. ബാക്കിയെല്ലാം ഇതു പോലെ പാര്‍ക്ക് ചെയ്തി ട്ടിരിക്കുകയാണ്... ഡിസ്കവറി ടര്‍ബോയില്‍ കാണി ക്കുന്നതു പോലെ ചെയ്യാന്‍ നമ്മുടെ നാട്ടില്‍ ആള്‍ക്കാ രുണ്ടെങ്കില്‍ സ്റ്റൈലന്‍ വണ്ടിയാക്കി ഇറക്കാമായിരുന്നു.. പക്ഷേ പ്രശ്നം രാജ്യം വേറെയായി പോയി...

അവിടെ നിന്നും പോകുന്ന വഴിക്ക് തേയില തോട്ടത്തില്‍ നിര്‍ത്തി, ഫോട്ടോയെടുക്കാന്‍ പറ്റിയ സ്ഥലമായിരുന്നു. അവിടെയുളള വലിയ പാറയുടെ മുകളില്‍ വലിഞ്ഞു കേറണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല - ഗ്രിപ്പു കിട്ടുന്നില്ല.. അതു കൊണ്ട് അവിടെ കണ്ട ചെറിയ കല്ലില്‍ കയറി നിന്ന് ഫോട്ടോയെടുത്തു...
അവിടെ നിന്ന് നേരെ പോയത് ടീ ഫാക്ടറിയിലേക്കാണ്. തിങ്കളാഴ്ച ദിവസം മലേഷ്യയിലെ എല്ലാ തേയില ഫാക്ടറികള്‍ക്കും മുടക്കമാണ്. അതു കൊണ്ട് ഇന്നലത്തെ യാത്രയില്‍ ടീ ഫാക്ടറി കാണല്‍ നടന്നില്ല. ഇന്ന് കാണാമെന്ന് ട്രാവല്‍ ഏജന്‍സിക്കാര് പറഞ്ഞതുമാണ്. അവിടെ എത്തിയപ്പോളാണ് ആ ഫാക്ടറി 4 ദിവസത്തേക്ക് മുടക്കമാണെന്ന് അറിഞ്ഞത്.. അതു കൊണ്ട് ഫാക്ടറിയുടെ ഉളളില്‍ കയറി കാണല്‍ നടന്നില്ല.. പുറമേ നിന്ന് കണ്ട് ഫോട്ടോയുമെടുത്ത് അവിടെയുളള കഫ്റ്റീരിയയില്‍ നിന്ന് മോള്‍ക്ക് പാലും, കേക്കും വാങ്ങി അവിടെ യിരുന്നു. 
 
 
ആ കഫ്റ്റീരിയയില്‍ ഇരുന്നാല്‍ ആ തേയില തോട്ടത്തിന്‍റെ കുറേ നല്ല ചിത്രങ്ങള്‍ ബാക്ക് ഗ്രൌണ്ടില്‍ വരുന്ന വിധത്തില്‍ എടുക്കാം.. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം അവിടെ സീരിയലിന്‍റേയോ, സിനിമയുടേയോ എന്തോ ഷൂട്ടിംഗ് നടക്കുന്നു. അതു കൊണ്ട് ആ സ്ഥലത്തേക്ക് അടുപ്പിച്ചില്ല അവര്‍.... അവര്‍ക്കറിയില്ലല്ലോ ഇത് കാണാന്‍ വേണ്ടി ഇത്ര ദൂരത്തു നിന്നു വന്നതാണെന്ന്...
ഇത് 1930 ല്‍ ഉപയോഗിച്ച solid brass tea rolling table  ആണെന്ന്..

അവിടെ നിന്ന്  നേരെ പോയത് തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ്.. നമ്മുടെ പറമ്പു പോലെ കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലം. അതിന്‍റെയിടയില്‍ നമ്മുടെ നാട്ടില്‍ വെക്കുന്നതു പോലെയുളള തേനീച്ച പെട്ടികള്‍.. നമ്മുടെ നാട്ടില്‍ റബറും, മാവിന്‍റേയും ഇടയ്ക്കാണെങ്കില്‍ ഇവിടെ ഓറഞ്ച് തോട്ടത്തിന്‍റെ ഇടയിലാണെന്ന് മാത്രം.. ഇവിടെ ഓറഞ്ചിനൊന്നും ഒരു വിലയുമില്ലെന്ന് വീണ്ടും തോന്നുന്ന വിധത്തില്‍ മരത്തില്‍ ഇല പോലും കാണാതെ ഓറഞ്ച് പഴുത്തു കിടക്കുന്നു. രാജ് കലേഷിന്‍റെ ഫൂഡ് പാത്തില്‍ ഓറഞ്ച് തോട്ടം കാണിച്ചതു പോലെയെന്നും പറയാം.. ഒരു ഫാമിലുള്ള അത്രയ്ക്ക് ഓറഞ്ച് മരങ്ങളി വിടെയില്ലെങ്കിലും ഉളളതിലെല്ലാം കായ്കള്‍ ഒരു പാടുണ്ട്..

 
 
അതുപോലെ തേനീച്ചകള്‍ക്ക് തേന്‍ നുകരാന്‍ പല തരത്തിലുളള പൂക്കളും, ചെടികളും അവിടെയുണ്ട്..
പൂക്കളുടെയെല്ലാം കളറുകളെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ.. ആ നാടിനെ മുഴുവന്‍ ഫോട്ടോഷോപ്പിലിട്ട് കളറ് കൂട്ടിയതു പോലെയുണ്ട്..
അവിടെ നിന്ന് ഇറങ്ങുന്ന വഴിക്ക് പഴകടകളില്‍ കയറി.. ഇതു വരെ കാണാത്ത രണ്ടു മൂന്നു തരം പഴങ്ങളും, അതു പോലെ കുറച്ചു ഡ്രൈ ഫ്രൂട്ട്സും വാങ്ങിയിറങ്ങി. കയ്പക്ക യൊക്കെ എത്ര നന്നായിട്ടാണ് ഉണക്കി വെച്ചി രിക്കുന്നത്. കയ്പ് തോന്നുകയേ ഇല്ല.. അതു പോലെ റോസാപൂ, മുന്തിരി പിന്നെ ഒരു പുളിച്ചികായ് (ഒറിജിനല്‍ പേരറിയില്ല.. പണ്ട് സ്കൂളിലെ തൊട്ടടുത്ത വീട്ടില്‍ നിന്ന് പറിച്ച് തിന്നാറുണ്ടായിരുന്നു.. പിന്നെ അതു കണ്ടത് മസ്കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ്... നൊസ്റ്റാള്‍ജിയ തോന്നിയതു കൊണ്ട് ഒരു പ്രാവശ്യം വാങ്ങി.. അപാ രമായ പുളി. ഒരെണ്ണം തിന്നപ്പോത്തന്നെ ജീവി തം ധന്യമായി. കുറേ കാലം ഫ്രിഡ്ജില്‍ ഇരുന്നു.. പിന്നെ അതു അവിടെയിരുന്ന് ഉണങ്ങിയപ്പോള്‍ എടുത്ത് വേസ്റ്റി ലിട്ടു... ആ അപ്പോള്‍ പറഞ്ഞു വന്നത് അതൊക്കെ നന്നായി പഞ്ചസാരയൊക്കെ ചേര്‍ത്ത് ഉണക്കി വെച്ചി രിക്കുന്നു...... ഈശ്വരാ ഇത്രയും പുളി പോകണമെങ്കില്‍ എത്ര പഞ്ചസാര ചേര്‍ത്തിട്ടുണ്ടാവും.. കൊച്ചു ത്രേസ്യ ചേച്ചി പറഞ്ഞു പോലെ ആ വൃത്തി കെട്ട സാധനം ചേര്‍ത്തതല്ലേ ഞാന്‍ മൂക്കു മുട്ടെ തിന്നത്..

അങ്ങനെ അവിടത്തെ ഷോപ്പിംഗും, കാഴ്ചയും കഴിഞ്ഞ് വീണ്ടും നമ്മുടെ രാജകീയ വണ്ടിയിലേക്ക്... അടുത്തതായി പോയത് ബട്ടര്‍ഫ്ലൈ പാര്‍ക്കിലേക്കാണ്.. കോലാലംമ്പൂരിലെ ബട്ടര്‍ഫ്ലൈ പാര്‍ക്ക് കണ്ടതു കൊണ്ട് സഹയാത്രികര്‍ ഇവിടെയിറങ്ങിയില്ല.. കാരണം 5 റിഗ്ഗിറ്റ് വെച്ച് ടിക്കറ്റ് എടുക്കണം ഒരാള്‍ക്ക്. നാട്ടില്‍ ഒന്നോ രണ്ടോ പൂമ്പാറ്റകളെ മാത്രം കണ്ടിട്ടുളള ഞങ്ങള്‍ അതു കാണാമെന്ന് വെച്ചു. ഇതിവിടെ കാണാമെന്നറിഞ്ഞതു കൊണ്ട് കോലാലംമ്പൂരി ലെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ ഞങ്ങള്‍ പോയിരുന്നില്ല. സമയം കിട്ടിയില്ലാന്നുളളതും പ്രധാന കാരണമാണ്.. 
 
 
 
കേറിയ വഴിക്ക് കണ്ടത് കാറ്റക്സ് ചെടികളുടെ വന്‍ശേഖരമാണ്. ഇത്രയും വലുപ്പത്തിലുളളവയൊക്കെ ഉണ്ടെന്നതു തന്നെ ആദ്യത്തെ അറിവായിരുന്നു... ഉരുണ്ടതും, നീണ്ടതുമായി പല തരം.. 
അതു കണ്ടിട്ട് തിരിഞ്ഞപ്പോളാണ് ഒരു അടച്ചിട്ട ഗ്ലാസ്സ് റൂം കണ്ടത്.. അതിലാണ് പൂമ്പാറ്റകള്, ഒരു പാട് തരം പൂമ്പാറ്റകള്‍. വാതില്‍ തുറക്കുമ്പോള്‍ പറന്നു പോകാന്‍ കുറേയെണ്ണം ശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് നമ്മുടെ തലയി ലും വന്നിരിക്കും ചിലത്, പൂമ്പാറ്റകള്‍ മാത്രമല്ല അവിടെ പലതരം ഇന്‍സെക്റ്റുകളുമുണ്ട്.. തേളുകള്‍, പലതരം വണ്ടുകള്‍, പാമ്പുകള്‍, അണ്ണാന്‍, പഴുതാര, പച്ച തവളകള്‍, ചെറിയ എട്ടുകാലികള്‍, ടരാന്‍റുല, അങ്ങനെ പലതരം ജീവികള്‍. എല്ലാത്തിനേയും കണ്ട് പുറത്തിറങ്ങി.



ടരാന്‍റുല- നമ്മുടെ എട്ടുകാലിയുടെ വലിയ എഡിഷന്‍.
 
വണ്ടി നേരെ പോയത്  സ്ട്രോബറി ഫാമിലേക്കാണ്.. സ്ട്രോബറികളും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ തന്നെയുളള സ്ട്രോബറി കടയില്‍ കയറി, സ്ട്രോബറി ഐസ്ക്രീമും, കേക്കും വാങ്ങി.. ഈശ്വരാ എന്തൊരു പുളി.. ഈ ഫാമില്‍ നിന്നും നേരിട്ട് പഴുത്തത് പറിച്ചാലും ഈ പുളിയുണ്ടല്ലേ എന്നൊക്കെ പറഞ്ഞ് എങ്ങനെയൊക്കെയോ അത് അകത്താക്കി. കാശ് കൊടുത്ത് വാങ്ങിയതല്ലേ കളയാന്‍ പറ്റുമോ. അങ്ങനെ അവിടുത്തെ കാഴ്ചയും കണ്ട് അവിടെ നിന്നു വിട്ടു.
 
 
 
 പോകുന്ന വഴിക്കെല്ലാം തേയ്യിലതോട്ടങ്ങളും പണ്ടത്തെ ബ്രിട്ടീഷ് ടൈപ്പ് ബംഗ്ലാവുകളുമാണ്.. അങ്ങനെ കാമറൂ ണിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു തീര്‍ന്നു.. ഇനി മടക്കം. തിരിച്ചുളള ബസ്സിന് ടിക്കറ്റെടുത്തിട്ടില്ല, അതെടുത്തിട്ടാവാം ഭക്ഷണമെന്ന് കരുതി നേരെ ബസ്സ്റ്റാന്റിലേക്ക് പോയി, വന്ന ബസ്സില്‍ തന്നെ തിരിച്ചുളള ടിക്കറ്റുമെടുത്തു. തിരിച്ച് 30 റിഗ്ഗിറ്റേയുളളൂ.. അപ്പോള്‍ ഇങ്ങോട്ടെടുത്ത ടിക്കറ്റ് ആയ 35 റിഗ്ഗിറ്റിലെ 5 ആര്‍ക്കായിരിക്കും... എന്താ യാലും 10 റിഗ്ഗിറ്റ് ലാഭം.. പിന്നെ നമ്മള്‍ ബാക്കി കാര്യങ്ങള് അന്വേഷിക്കേണ്ട കാര്യമില്ലല്ലോ.. നേരെ ഭക്ഷണം കഴിക്കാന്‍ വിട്ടു.. പുതിയ പരീക്ഷിണത്തിന് നിന്നില്ല. കെ. എഫ്. സി പോലെ അവിടെ വേറെയൊരു കമ്പനിയുണ്ടായിരുന്നു. അവിടെ കയറി ചിക്കന്‍ വറുത്തതും, ഫ്രഞ്ച് ഫ്രൈസും, പെപ്സിയും വാങ്ങി. അപ്പോഴാണ് എല്ലാവരും വേറെയെ ന്തോ സാധനം വാങ്ങുന്നതും കണ്ടത്. എന്നാലതും ഒരു പ്ലെയ്റ്റ് പോരട്ടെയെന്ന് വെച്ചു. സംഭവം കയ്യില് കിട്ടിയ പ്പോളല്ലേ കാര്യം മനസ്സിലായത്. നമ്മുടെ കഞ്ഞി അതില് കുറച്ച് ചിക്കന് പീസുകളു മുണ്ട്. എന്നിട്ട് അതില്‍ ഉളളി നെയ്യില് വറുത്തിട്ടിരിക്കുന്നു... സംഭവം എന്തായാലും കൊളളാമായിരുന്നു... അതും കഴിച്ച് പെട്ടിയും എടുത്ത് ബസ്സിലേക്ക്. ഇങ്ങോട്ട് വന്നപ്പോള് വായിനോക്കിയിരുന്നിട്ട് ശര്ദ്ദിക്കാന്‍ വന്നതു കൊണ്ട് തിരിച്ച് ടീസന്റായി കിടന്നു റങ്ങി.. നമ്മുടെ നാടന് ബസ്സില് ഇരുന്ന് ഉറങ്ങി നല്ല ശീലമു ളളതു കൊണ്ട് ഉറക്കം കേമമായി. കണ്ണ് തുറന്നപ്പോള്‍ ബസ്സ് മലയൊക്കെ ഇറങ്ങിയിരുന്നു. നമ്മുടെ നാടു പോലെ രണ്ടു വശവും മരങ്ങളൊക്കെയുളള നല്ല റോഡില് കൂടി പോകുന്നു.. ഓഫീസ് വിട്ട സമയമായതു കൊണ്ട് സിറ്റിയില്‍ കയറിയപ്പോള്‍ നല്ല ട്രാഫിക്ക് ജാമായിരുന്നു.  നേരെ ഹോട്ട ലില്‍ പോയി ചെക്കിന്‍ ചെയ്തു, അവിടെയേല്പിച്ചിരുന്ന പെട്ടികളും എടുത്തു. 


ഇന്ന് വൈകീട്ട് ഷോപ്പിംഗ് ആണ് പ്ലാന്‍. ക്യാമറയ്ക്ക് ആവശ്യമായ കുറച്ചു സാധനങ്ങള്‍ വാങ്ങണം. മെട്രോയില്‍ കയറി ഇലക്ട്രോണിക്സ് സാധനങ്ങള്‍ കിട്ടുന്ന ബുക്കിംഗ് ബിന്താങ്ങില്‍ ഇറങ്ങി.. അവിടെ എവിടെ, എന്തൊന്നും അറിയില്ല. നെറ്റില്‍ നോക്കി രണ്ടു മൂന്ന് ഷോപ്പിംഗ് മാളിന്‍റെ പേരൊക്കെ മനസ്സിലുണ്ട്. അങ്ങനെ ഒരറ്റം മുതല്‍ നടന്നു, എല്ലാ ഷോപ്പിംഗ് മോളിലും കുറേ ചെറിയ ചെറിയ കടകള്‍. ഒരേ സാധനത്തിന് പലയിടത്തും പല വില. നന്നായി പേശിയാല് ലാഭം, അല്ലെങ്കില്‍ നഷ്ടം. എല്ലാത്തിലും വിലയെഴുതി ഒട്ടിച്ചിട്ടുണ്ട്, എല്ലാം ഒരു പറ്റിപ്പ്. അതിലെ ഴുതിയ വിലയുടെ പകുതിക്കൊക്കെ സാധനം കിട്ടും,  അങ്ങനെ പോയപ്പോള്‍ ഒരു കടയില്‍ ഗ്യാലക്സി എസ് 2 യുടെ OTG കേബിള്‍. വില നോക്കിയപ്പോള്‍ ഒമാനിലെ വിലയുടെ നാലിലൊന്ന്, അതും വാങ്ങി, ക്യാമറയുടെ സാധനങ്ങളും വാങ്ങി തിരിച്ച് മെട്രോയില്‍ കയറി. 
റോഡരികില്‍ നിന്ന പ്രതിമയല്ല. പ്രതിമ പോലെ..

സമയമുണ്ടായിരുന്നെങ്കില്‍ ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് കോലാംലംമ്പൂര്‍.  ആ ഇനിയെന്നെങ്കിലും ഒന്നു കൂടി പോക ണം. ബാക്കി സ്ഥലങ്ങളും കാണണം. നമ്മുടെ നാട്ടില്‍ നിന്നും അധികം ചിലവില്ലാതെ പോകാന്‍ പറ്റുന്ന സ്ഥലമാണ് മലേഷ്യ. എയര്‍ ഏഷ്യയുടെ ഫ്ലൈറ്റില്‍ തിരക്കു കുറഞ്ഞ സമയത്ത് 4000 ഇന്ത്യന്‍ രൂപയേ ഉളളൂ ഒരാള്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്, പിന്നെ അവിടെ ഹോട്ടല്‍ റെയ്റ്റും കുറവാണ്. ചിലവും കുറവാണ്. യാത്രക്ക് മെട്രോയും, മോണോ റെയിലും ഉള്ളതു കൊണ്ട് ടാക്സി വിളിക്കേണ്ട ആവശ്യ മില്ല. (ടാക്സി വിളിച്ചാല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടു പോകും.) ട്രെയിന്‍ ചാര്‍ജെല്ലാം കുറവാണ്.


അങ്ങനെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ ഷോപ്പിം ഗിന് പറ്റിയ ചെറിയ ഒരു പാട് കടകളുണ്ട്. നല്ല ഭംഗിയുളള വാച്ചുകളും, മോള്‍ക്ക് ഒരു ആംഗ്രി ബേര്‍ഡിന്‍റെ ഒരു ബാഗും വാങ്ങി നടന്നപ്പോളാണ് ഒരു മസാജിംഗ് ചെയര്‍ കണ്ടത്. ഷോപ്പിംഗിനായി പോയപ്പോള്‍ ഒരു പാട് പേര്‍ മസാജിംഗിന് വിളിച്ചി രുന്നു. അവിടെയെന്തായാലും കയറാന്‍ ഉദ്ദേശ്യമില്ലാ യിരുന്നു.. അപ്പോള്‍ പിന്നെ ഇവിടെ പരീക്ഷിക്കാമെന്ന് വെച്ചു. സിങ്കപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ കാല്‍ മാത്രമേ മസാജ് ചെയ്യുളളൂ.. ഇവിടെ ഫുള്‍ ബോഡിയാണ്. ഇതു ഫ്രീയല്ലാട്ടോ.. 5 റിഗ്ഗിറ്റാണെന്ന് തോന്നുന്നു. ഓര്‍മ്മയില്ല. (പ്രായമൊക്കെ കൂടി വരികയല്ലേ ) അങ്ങനെ ഞാനാദ്യം പരീക്ഷിച്ചു, നല്ല സുഖമുണ്ടായിരുന്നു. ആരോ പുറത്തു കയറി ചവിട്ടി തിരുമ്മുന്നത് പോലെ തോന്നി, കൊളളാമെന്ന് തോന്നിയപ്പോള്‍ കണവനും പരീക്ഷി ക്കാന്‍ തീരുമാനിച്ചു.. അങ്ങനെ അവിടെ നിന്ന് ചവിട്ടും , കുത്തുമൊക്കെ വാങ്ങി നേരെ ഹോട്ടലിലേക്ക് പോയി. കുളിച്ച് ഫ്രഷായി പോയി ഭക്ഷണവും കഴിച്ച് തിരിച്ചു വരുന്ന വഴിക്ക് അവിടെ കണ്ട ചൈനാ കടയില്‍കയറി മോള്‍ക്ക് ഒരു സോളാര്‍ ഫാനുളള തൊപ്പി വാങ്ങി. വെയിലത്ത് ഇറങ്ങുമ്പോള്‍ ഫാന്‍ കറങ്ങും. എന്തിന് അധികം പറയുന്നു, ഇവിടെ വന്നപ്പോള്‍ സാധനം കാണാനില്ല. ഹോട്ടലില്‍ മിസ്സായെന്ന് തോന്നുന്നു... 


അങ്ങനെ മലേഷ്യയിലെ യാത്ര തീര്‍ന്നു. പിറ്റേ ദിവസം രാവിലെ പുത്രജയ കാണാനായിരുന്നു പ്ലാന്‍. പക്ഷേ മടി കാരണവും, ആദ്യ ദിവസം പോയ ചോകിറ്റ് ബസാറില്‍ പോയി ഫ്രൂട്ട്സ് വാങ്ങാനുളള കലശലായ മോഹവും കാരണം പുത്രജയ കാണണ്ടായെന്ന് വെച്ചു. പുത്രജയ യിലുളളത് കുറേ കെട്ടിടങ്ങളാണ്, ക്യാപ്പിറ്റല്‍ സിറ്റിയാണ് പുത്രജയ.  അതു കാണാന്‍ പണ്ടു മുതലേ താല്പര്യമില്ലാ രണ്ടു പേര്‍ക്കും, അതു കൊണ്ട് 9 മണിക്ക് നേരെ ചോകിറ്റ് ബസാറില്‍ പോയി റംബുത്താനും, പിന്നെ പേരറിയാത്തെ പഴങ്ങളും വാങ്ങി, നേരെ ഹോട്ടലിലേക്ക്, എല്ലാം ലഗ്ഗേജില്‍ കുത്തി നിറച്ച് എയര്‍പോര്‍ട്ടിലേക്ക്, ഉച്ചക്ക് 2 മണിക്കാണ് ഫ്ലൈറ്റ്... 

അങ്ങനെ ഞങ്ങളുടെ 11 ദിവസത്തെ ഹോളിഡേ ട്രിപ്പ് കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ഇത്രയും ദിവസം അധിക മാണൂട്ടോ... അവസാനം ആകുമ്പോള്‍ എവിടെയും പോ കാന്‍ തോന്നില്ല...


(അപ്പോള്‍ അടുത്ത യാത്രയുമായി കാണാമെന്ന് കരുതുന്നു. അടുത്ത യാത്രാ വിശേഷം കാശ് മുടക്കില്ലാത്തത് ആയാലോ.. എന്താണെന്നല്ലേ... ഞങ്ങളുടെ ഈ ഒമാനെ കുറിച്ച്, ഇവിടെ കാണാനെന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍. എന്തായാലും നിങ്ങളുടെ ഓരോരുത്തരുടേയും മറുപടി അനുസരിച്ച് എഴുതണോയെന്ന് തീരുമാനിക്കാം..)