Tuesday, March 20, 2012

സിങ്കപൂര്‍ യാത്ര - നാലാം ദിവസം

അങ്ങനെ സിങ്കപൂരില്‍ 3 ദിവസം കഴിഞ്ഞു. ദിവസങ്ങള്‍‌     ഓടി പോകുന്നതു പോലെ.. പണ്ടു മുതല്‍ സ്കൂളില്‍ നിന്നൊക്കെ ട്രിപ്പ് പോകുമ്പോള്‍ പ്രാര്‍ത്ഥിക്കും...ഈശ്വരാ ഈ യാത്ര അവസാനിക്കല്ലേയെന്ന്... അതു പോലെയാണ് ഇപ്പോളും മനസ്സില്‍. എന്തായാലും രാവിലെ നേരത്തെ എഴുന്നേറ്റെന്നൊന്നും കരുതേണ്ട.. എന്നും എഴുന്നേല്ക്കുന്നതു പോലെ നേരം വൈകി തന്നെ. എന്നാലും 9.30 യ്ക്ക് ഉളള സിങ്കപ്പൂര്‍ അട്രാക്ഷന്‍ എക്സ്പ്രസ്സില്‍ കയറി. ഹോട്ടലിന്‍റെ അടുത്തു തന്നെയാണ് സ്റ്റോപ്പ്. ഈ ബസ്സ് 8.30, 9.30, 10.30, 1.30 യ്ക്കൊക്കെയുണ്ട് അവിടെ നിന്നും. ഒരാള്‍ക്ക് 4.30 സിങ്കപ്പൂര്‍ ഡോളറിന് നേരെ സിങ്കപ്പൂര്‍ സൂവിലേക്കാണ്. (6753-0506 ഇതില്‍ വിളിച്ചാല്‍ ഈ ബസ്സിന്‍റെ ഡീറ്റെയില്‍സ് കിട്ടും). അര മണിക്കൂര്‍ യാത്രയേയുളളൂ സൂവിലേക്ക്. ബസ്സ് സിറ്റി വിട്ട് കുറച്ചു ദൂരം കൂടി പോയി. വൃത്തിയുളള റോഡുകള്‍. വശങ്ങളിലെല്ലാം മരങ്ങള്‍ ഭംഗിയായി നട്ടു പിടിപ്പിച്ചിരിക്കുന്നു. (ഇതുപോലുള്ള ഡയലോഗ് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഓ സഞ്ചാരം പ്രോഗ്രാമില്‍)

സിങ്കപ്പൂരിലെ റോഡിനെയും വൃത്തിയേയും പറ്റി പ്രത്യേകിച്ച് പറയണ്ടല്ലോ.. വര്‍ഷം മുഴുവന്‍ മഴ പെയ്യുന്ന സ്ഥലമായിട്ടും ഒരു റോഡും പൊട്ടിപ്പൊളിഞ്ഞിട്ടില്ല.( നമ്മുടെ നാട്ടില്‍ റോഡു പൊളിയുന്നതിന് കാരണമായി പറയുന്നത് മഴയാണെന്നല്ലേ...) അതു പോലെ ആരും വേസ്റ്റ് റോഡ്സൈഡില്‍ ഇടുന്നുമില്ല. 

 എന്തായാലും സൂവിലെത്തി, ടിക്കറ്റ് നേരത്തെയെടുത്തതു കൊണ്ട് അതിന് ക്യൂ നില്ക്കേണ്ടി വന്നില്ല. മോള്‍ക്ക് സ്ട്രോളറും വാടകയ്ക്കെടുത്ത് ഉളളിലേക്ക് നടന്നു. സ്ട്രോളര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ സൂവിന്‍റെ മാപ്പും കിട്ടി. അതില് കുന്നംകുളം എവിടെയാണെന്ന് നോക്കി ഞങ്ങള്‍ നടന്നു.


 



 ട്രാം ഉണ്ട് സൂവിന്‍റെയുളളില്‍. അതില്‍ കയറിയാല്‍ നടക്കാതെ സൂ കാണാലോയെന്ന് കരുതി (ഹമ്പട ഞാനേ...) അതിന്‍റെ ടിക്കറ്റ് അന്വേഷിച്ചു. നേരെ അവിടേക്ക് പോയി ടിക്കറ്റെടുത്തു ട്രാമില്‍ കയറി. ട്രാമിന് 4 സ്റ്റോപ്പ് മാത്രമേയുളളൂ..  പിന്നെ ട്രാമില്‍ ഇരുന്നാല്‍ വശങ്ങളില്‍ കാണാന്‍ പറ്റുന്ന മൃഗങ്ങള്‍ കുറവാണ്. പോകുന്ന വഴിക്ക്  സിംഹം, സീബ്ര, ജിറാഫിനെയും കണ്ടു. നമ്മുടെ നാട്ടിലെ പോലത്തെ സൂവല്ല. എല്ലാ മൃഗങ്ങളേയും ഫ്രീയായി വിട്ടിരിക്കുകയാണ്. ട്രാം ടിക്കറ്റെടുത്തത് വെറുതെയായെന്ന് പിന്നീട് തോന്നി. ഞങ്ങള്‍ ട്രാമില്‍ കയറി ആദ്യത്തെ സ്റ്റോപ്പില്‍ ഇറങ്ങി. സൂവില്‍ ദിവസവും ഷോകളുണ്ട് പക്ഷേ ഓരോന്നിന്‍റെയും സമയത്ത് അവിടെയെത്തി പെടുകയെന്നത് ബുദ്ധിമുട്ടാണ്. വീട്ടിലിരുന്ന് ലിസ്റ്റൊക്കെയുണ്ടാക്കിയപ്പോള്‍ ഓരോ സമയത്ത് ഏതൊക്കെ കാണണം എന്നൊക്കെ നമ്പറിട്ടെഴുതിക്കൊണ്ടാ വന്നത്... അതു വെറും നമ്പറായിത്തന്നെ കയ്യിലിരുന്നുവെന്ന് മാത്രം... അവിടെ ചെന്നപ്പോളാണ് ഇതൊന്നും നടക്കുന്ന കാര്യമല്ലായെന്ന് മനസ്സിലായത്. 

ഞങ്ങള്‍ ആദ്യം കയറിയത് കിഡ്സ് റെയിന്‍ഫോറസ്റ്റിലാണ്(Kidz Rainforest ). കയറുന്നയുടന്‍ തന്നെ പോണി റൈഡുകള്‍ക്കുളള അവസരമുണ്ട്. അതിനു വേണ്ടിയുളള പോണികളുടെ ഒരു കുതിരാലയം അവിടെ.. നാട്ടിലേ പോലെ വ്യത്തിയില്ലാത്ത തൊഴുത്തല്ലാട്ടോ, ഫാനൊക്കെയിട്ട് നല്ല ക്ലീന്‍ സ്ഥലത്തിങ്ങനെ ജാഡയായി നില്‍ക്കുന്നു..

ചെന്നപ്പോള്‍ തന്നെ അവിടെയുളള വാട്ടര്‍ തീമ്ഡ് പ്ലേഗ്രൌണ്ടില്‍ മോള്‍ക്ക് കളിക്കണം.. പിന്നീട് കളിക്കാമെന്ന് പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവുമോ.. അനിമല്‍ ഫ്രണ്ട്സ് ഷോ തുടങ്ങാന്‍ സമയവുമായി.. എന്തായാലും അത് കാണാമെന്ന് വെച്ചു.  അവളെ പിടിച്ച് വലിച്ച് അവിടേക്ക് കൊണ്ടു പോയി. അവിടെ ചെന്നിട്ടും ആദ്യമെല്ലാം വാശിയിലായിരുന്നു. പിന്നീട് അവിടെ നടന്ന പൂച്ചയുടേയും, നായയുടേയും ഷോ കണ്ടപ്പോള്‍ അവള്‍ക്ക് ഇഷ്ടമായി. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഷോ ആയിരുന്നു അത്. ഷോയുടെ അവസാനം ബബിള്‍സില്‍ കളിക്കാനുളള അവസരവും ഉണ്ടായിരുന്നു.



 രാവിലെ ഒന്നും കഴിക്കാതെ ഫുഡ് പാഴ്സലായി വാങ്ങിയാണ് പോയത്. അവിടെയിരുന്ന് അതും കഴിച്ച് ഞങ്ങള്‍ നടന്നു. നേരെ പോയത് Elephants of Asia യിലേക്കാണ്  അവിടെ ചെന്നപ്പോളേക്കും 'Elephants at Work and Play'  ഷോ തീര്‍ന്നു. ആ ഷോ തീര്‍ന്നതു കൊണ്ട് അധികം വിഷമം തോന്നിയില്ല. പിന്നെ തൃശ്ശൂര്‍ക്കാരിക്കാണ് ആനയെ കാണാത്തതിന് വിഷമം. നമ്മള്‍ കാണാത്ത ആനയുണ്ടോ.. കാളിയാറോഡ് നേര്‍ച്ചയ്ക്ക് എത്ര ആനയേ ആണ് നമ്മള്‍ കാണാറ്.. ( ഇപ്പോളല്ലേ ആനയുടെ എണ്ണം കുറഞ്ഞത്.) പണ്ടൊക്കെ നേര്‍ച്ചയ്ക്ക് ആനയെ കൊണ്ടു വരുമ്പോള്‍ തളയ്ക്കാറ്  ഞങ്ങളുടെ പറമ്പിലാണ്. എത്രയോ കറുപ്പും വെളുപ്പും ആനകളെ വാലില്‍ പിടിച്ച് കറക്കി എറിഞ്ഞിരിക്കുന്നു (വെറുതേ ഇരിക്കട്ടന്നേ) .എന്തായാലും മോള്‍ക്ക് ആനയേയും കാണിച്ച് കൊടുത്ത് അവിടെ നിന്ന് പോന്നു.


അപ്പോളേക്കും 'The Rainforest Fights Back'   ഷോ തുടങ്ങാറായെന്ന് മനസ്സിലാക്കി നേരെ Shaw Foundation Amphitheatre ലേക്ക് വെച്ചു പിടിച്ചു.







അവിടെ ചെന്ന് ഐസ്ക്രീമും വാങ്ങി ഷോ കാണാന്‍ പറ്റിയ സ്ഥലം നോക്കിയിരുന്നു.  കാട്ടിലെ കാലാവസ്ഥയില്‍ മൃഗങ്ങള്‍ എങ്ങനെ വളരുന്നു.. എന്നൊക്കെ മനസ്സിലാക്കി തരുന്ന ഒരു ഷോയാണിത്. മനുഷ്യര്‍ക്ക് സാധിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മൃഗങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നും ഇതില്‍ കാണിക്കുന്നു. എക്സാംപിള്‍ കുരങ്ങന്മാര്‍ തേങ്ങ പൊതിക്കുന്നത്, ആദ്യം ഒരാളെ വിളിച്ച് തേങ്ങ, എറിഞ്ഞോ, ഇടിച്ചോ, കടിച്ചോ എങ്ങനെയെങ്കിലും പൊതിക്കാന്‍ പറഞ്ഞു. ആ ചേട്ടന്‍ കുറേ നേരം ചകിരി കടിച്ചെടുക്കാന്‍ നോക്കി, ചകിരി അവിടെതന്നെയിരുന്നതല്ലാതെ പൊളിഞ്ഞു വന്നില്ല. ഇതൊരു ചിമ്പാന്‍സിക്ക് കൊടുത്തപ്പോള്‍ അത് ഈസിയായി 10 സെക്കന്‍റ് കൊണ്ട് ചകിരിയും കളഞ്ഞ് പൊട്ടിച്ച് വെളളവും കുടിച്ചു. 

 പിന്നെ പാമ്പിനെ ഒരാള് തോളിലിട്ടു കൊണ്ടു  നടന്നിട്ട്, അയാളുടെ രണ്ടാമത്തെ പാമ്പിനെ കാണാനില്ല, നിങ്ങളുടെ സീറ്റിനടിയിലോ മറ്റോ ഉണ്ടോ എന്ന് നോക്ക് എന്നൊക്കെ പറഞ്ഞ് കാണികളെ പേടിക്കാന്‍ നോക്കി. ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു വെന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പേടിച്ചൊന്നുമില്ല. നമുക്കറിയാലോ ഇത് ഷോയാണെന്ന്. അല്ലെങ്കില്‍ കാണായിരുന്നു എപ്പോളേ നമ്മള്‍ (തിരുവന്തപുരം ഭാഷയില്‍ പറഞ്ഞാല്‍) ഓടിത്തളളിക്കളഞ്ഞേനേ...
Shaw Foundation Amphitheatre ല്‍ Splash Safari ഷോ ഉണ്ടായിരുന്നു. പക്ഷേ അത് 10.30 യ്ക്കും, 5 മണിക്കും ആയിരുന്നു. 10. 30 ക്ക് കാണാന്‍ പറ്റിയില്ല. പിന്നെ 5 മണി വരെ അവിടെ നില്‍ക്കാന്‍ വയ്യാത്തതു കൊണ്ട് അത് കാണണ്ടായെന്ന് വെച്ചു. അല്ലാതെയെന്തു ചെയ്യാം. ഇവന്മാര്‍ക്ക് ഇതെല്ലാം സമയം നോക്കി വെച്ചു കൂടേ... എന്തായാലും അവിടെ പോയി ആഫ്രിക്കന്‍ പെന്‍ഗിനു കളെയും, പെലിക്കനെയും കണ്ടു.


ഇവയുടെ ഷോ ആയിരുന്നു നമ്മള്‍ മിസ് ചെയ്തത് എന്നത് ശരിക്കും വിഷമമായി. എന്നാലും  സിനിമകളില്‍ മാത്രം കണ്ടിട്ടുളള പെന്‍ഗിനുകളെ നേരിട്ട് കണ്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നി..
ഇതിനിടയില്‍ പോകുന്ന വഴിക്കെല്ലാം ഒരുപാട് ജീവികളെ കണ്ടൂട്ടോ.. 
 


 വെളള കടുവ താമസിക്കുന്ന സ്ഥലം കണ്ടപ്പോള്‍ ചെറിയ പേടി തോന്നാതിരുന്നില്ല. 3,4 കടുവകളെ ഒരു കിടങ്ങിന് അപ്പുറത്ത് ഇട്ടിരിക്കുന്നു. അതും ആരോഗ്യമൊന്നും ഇല്ലാത്ത ഞാഞ്ഞൂല്‍ കടുവയല്ല.. നല്ല തടിയന്‍ കടുവകള്‍. ബ്രേക്ക്ഫാസ്റ്റിന് ഒരു പാവം തൃശ്ശൂര്‍ക്കാരിയെ റോസ്റ്റാക്കി കഴിക്കാമെന്ന് വെറുതേ തോന്നല്ലേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ച് അവിടെ നിന്നു.
പിന്നെ സൂവില്‍ ഇഷ്ടമായത് മീനുകളെയാണ്.. ഇതിനെയെന്താണാവോ ഇത്ര ഇഷ്ടമെന്നല്ലേ... പണ്ടേ മീനുകളെന്‍റെ വീക്ക്നസ്സാണ്.. കഴിഞ്ഞ ജന്മത്തില്‍ മത്സ്യകന്യകയായിരുന്നുവെന്ന് ഹസ്ബന്‍റ് പറയാറുള്ളതാ....


 
അതെന്തായാലും എനിക്ക് മീനുകളെ കണ്ടാല്ഒരിളക്കമാണ്...  തിന്നാനല്ലാട്ടോ.. ചുമ്മാ മീന്‍മാര്‍ക്കറ്റില്‍ പോവുക.. മീനെ കാണുക.. ഇത്ര മാത്രം. ചൂണ്ടയിടാനൊക്കെ ഇഷ്ടമാണ്. . പക്ഷേ എനിക്കൊരു കൂട്ടില്ലാത്തതു കൊണ്ട് അതെന്‍റെ നടക്കാത്ത സ്വപ്നമാണ്. പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ... അപ്പോള്‍ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍ സൂവില്‍ എല്ലായിടത്തും ചെറിയ അരുവി പോലെ ഉണ്ടാക്കിയിട്ടുണ്ട്,അതിലെല്ലാം വലിയ മീനുകളും, ആമകളും.അരുവികളില്‍ മാത്രമല്ലാട്ടോ. ചെറുതും വലുതുമായ ടാങ്കുകളിലുമുണ്ട്.,പക്ഷേ കാണാന്‍ രസം അരുവികളിലെയാണ്
 .
 


 പിന്നെ കണ്ടതില്‍ ഇഷ്ടം തോന്നിയത് കങ്കാരുവിനെ കണ്ടപ്പോളാണ്.. ഈ കങ്കാരു .. കങ്കാരു .. എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു.
അവിടെ പോകുന്ന വഴിക്ക് ഒരു പഴയ ആഫ്രിക്കന്‍ വില്ലേജ് പോലെയെന്തോ കണ്ടു.. എന്താണെന്ന് ശരിക്കും മനസ്സിലായില്ല. പഴയ ഗ്രാനറി ഒക്കെയാണത്രേ –നമ്മുടെ നാട്ടിലെ പത്തായത്തിന്‍റെ റോളാണ് ഈ ഗഡിക്ക്.. ഒന്നും മനസ്സിലായില്ലെങ്കിലും നമ്മള്‍ അതിന്‍റെയടുത്ത് നിന്ന് ഫോട്ടോയൊക്കെയെടുത്തു.. ഈ ഫോട്ടോ കണ്ടിട്ട് നിങ്ങള്‍ക്കെന്തെങ്കിലും മനസ്സിലായോ (വലത്തു നിന്നും രണ്ടാമത്തേതാ ഞാന്‍‍ ‍)...




പിന്നെ കണ്ടത് ഒറങ് ഒട്ടാനെയാണ്.. മരത്തിന്‍റെ മുകളില്‍ പ്രത്യേക വലയൊക്കെ വിരിച്ചും, മറ്റു മരങ്ങളെ കയറുപയോഗിച്ച് കെട്ടിയും അതിന് ഓടികളിക്കാനുമുളള സൌകര്യങ്ങള്‍ ചെയ്തു കൊടുത്തിരിക്കുന്നു.  

ദേ തിന്നു ബോറടിച്ച് ഒരെണ്ണം.....


 അതു പോലെ കരടികള്‍ക്കും കാട്ടില്‍ കഴിയുന്ന രീതിയില്‍ ഇവിടെ കഴിയാന്‍ അവസരമുണ്ടാക്കിയിരിക്കുന്നു.


പിന്നീട് കണ്ടത് മുതല, ആമ (ആമയെന്ന് പറഞ്ഞാല്‍ ചെറിയ ആമകളെയല്ല.വലിയ ആമകളെയാണ്..കണ്ടാല്‍ കടലാമയുടെ വലുപ്പമുണ്ട് ) അതു പോലെ നക്ഷത്ര ആമകളെയും അവിടെ കണ്ടു. 






അങ്ങനെ സൂ മുഴുവന്‍ കണ്ടു തീര്‍ന്നതിനുശേഷം ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി, തൊട്ടടുത്ത് തന്നെ ബസ്സ് സ്റ്റോപ്പുണ്ടായിരുന്നു അവിടെ നിന്ന് ബസ്സ് കയറി നേരെ സിങ്കപ്പൂര്‍ ഫ്ലയറിലേക്ക് വിട്ടു. ആദ്യത്തെ ദിവസം പോയപ്പോള്‍ തിരക്കു കാരണം കയറാതിരുന്ന സ്ഥലം ഇപ്പോളെത്തിയപ്പോള്‍ ആടു കിടന്നയിടത്ത് പൂട പോലുമില്ലായെന്ന അവസ്ഥയിലായിരുന്നു. അവിടെയെത്തി ടിക്കറ്റ് എടുത്ത് ഫ്ലയറില്‍ കയറി. ഫ്ലയറില്‍ കേറുന്നതിന് മുമ്പ് Journey of Dreams ഉണ്ട്. ഫ്ലയറിന്‍റെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോയും മറ്റും ഒരു പനോരോമിക് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും മറ്റും കണ്ടു. ടൈം മെഷീന്‍ എന്ന ഡിസ്പ്ലേയില്‍ ഒരു ഡയല്‍ തിരിച്ച് നമുക്ക് ഫ്ലയറിന്‍റെ ഓരോ കാലഘട്ടങ്ങളിലൂടെ കടന്നു പോകാം. അങ്ങനെ പലതും..

സിങ്കപ്പൂര്‍ ഫ്ലയര്‍ 165 മീറ്റര്‍ ഉയരമുളള ലോകത്തിലെ ഏറ്റവും വലിയ ഒബ്സര്‍വേഷന്‍ വീലാണ്.  ആകാശത്തില്‍ നിന്നുള്ള വ്യൂ കാണാന്‍ പറ്റുന്ന പൊക്കത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഇതില്‍ നിന്നാല്‍ സിങ്കപ്പൂര്‍ മാത്രമല്ല ഇന്ത്യോനേഷ്യയും, മലേഷ്യയും കാണാമത്രേ (ഞാന് നോക്കീട്ട് കുറേ കിളികളെ മാത്രമേ കണ്ടുള്ളൂ, മലേഷ്യന്‍ കിളികളായിരിക്കും).... ഇതൊക്കെ സിങ്കപ്പൂരിന്‍റെ ഏതു സൈഡിലാണ് എന്താണെന്ന് വിവരമില്ലാത്തവര്‍ ഇതിന്‍റെ മുകളില്‍ കയറി നിന്നിട്ട് എന്തു കാര്യം. ഇതാണ് ജോഗ്രഫി ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയാലുളള സ്ഥിതി. (ചുമ്മാ... ആ ചേലക്കര കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ട് എവിടെ പോകാന്‍. അങ്ങനെയെങ്ങാനും പോയാല്‍ സിസ്റ്റേഴ്സ് അപ്പോളെ കാല് വെട്ടില്ലേ... പിന്നെ പോകാന്‍ പറ്റിയ തീയ്യറ്ററുമില്ലല്ലോ.. ) എന്തൊക്കെ പറഞ്ഞാലും ഫ്ലയറിന്‍റെ മുകളില്‍ നിന്നുളള വ്യൂ കൊള്ളാമായിരുന്നു.
 





ഇതിനു മുമ്പൊക്കെ നമ്മള്‍ തൃശ്ശൂര്‍ പൂരപറമ്പിലെ ജെയ്ന്‍റ് വീലിലല്ലേ കയറിയിട്ടുളളൂ... അതില്‍ കയറിയാല്‍ എന്തു കാണാന്‍. പണ്ടു തൊട്ടേ ജെയ്ന്‍റ് വീലില്‍ കയറുമ്പോള്‍ നല്ല ഇഷ്ടമാണ്. പക്ഷേ അത് താഴോട്ട് വരുമ്പോള്‍ വയറ്റില്‍ നിന്ന് എരിച്ചിലോ... പുകച്ചിലോ..എന്താ പറയുക... എന്തായാലും ഞാനെന്താണെന്ന് പറഞ്ഞു വരുന്നതെന്ന് അതില്‍ കയറിയവര്‍ക്ക് മനസ്സിലായിട്ടുണ്ടാവും... പക്ഷേ സിങ്കപ്പൂര്‍ ഫ്ലയര്‍ ഇങ്ങനെയൊന്നുമല്ലാട്ടോ. ഇത് മെല്ലെയാണ് കറങ്ങുക. എല്ലാം കണ്ട് ഫോട്ടോയൊക്കെ എടുക്കാനുളള സമയമുണ്ട്. നമ്മള്‍ കയറി നില്‍ക്കുന്ന കാപ്സൂളുകളില്‍ നില്‍ക്കാനും, ഇരിക്കാനും പറ്റും. കാപ്സൂളിന്‍റെ ആക്യതിയുളള എല്ലാ വശവും ഗ്ലാസ്സു കൊണ്ട് അടച്ചിരിക്കുന്ന എസിയുളള റൂമാണ് ഇത്. ഇതില്‍ കയറി മുകളില്‍ എത്തിയപ്പോള്‍ താഴെ ഒരു പുല്‍തകിടി കണ്ടു. നല്ല ഭംഗിയുണ്ടല്ലോ എന്ന് മനസ്സില്‍‌ പറഞ്ഞു ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോളാണ് അതൊരു കെട്ടിടത്തിന്‍റെ മുകള്‍ഭാഗമാണെന്ന് മനസ്സിലായത്. നല്ല ഭംഗിയില്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ പുല്ല് പിടിപ്പിച്ചിരിക്കുന്നു.





അവിടെ നിന്നാല്‍ എക്സപ്ലനേഡും, മറീനാബേയും, നദിയും എല്ലാം നല്ല ഭംഗിയില്‍ കാണാം. പിന്നെ വേറെ ഒരു കാര്യം ശ്രദ്ധിച്ചത്, നമ്മളിതിന്‍റെ മുകളില്‍ കയറിയപ്പോള്‍ തൊട്ട് ഫോട്ടോയെടുക്കല്‍, വീഡിയോ യെടുക്കലൊക്കെയായി ഭയങ്കര ബിസിയായിരുന്നു, അപ്പോള്‍ കുറച്ചു പേര്‍ ഒരു റിയാക്ഷനുമില്ലാതെ ചുമ്മാ കാപ്സൂളിന്‍റെ നടുവിലുളള ഇരിപ്പിടത്തില്‍ ഇരിക്കുന്നു. ഇരിക്കാനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരേ..  പൊക്കം പേടിയായിട്ടാവുമായിരിക്കുമല്ലേ...


പിന്നീട് പോയത് ലോകത്തിലെ ഏറ്റവും വലിയ ഫൌണ്ടനായി 1998 ല്‍ ഗിന്നസ് ബുക്കില്‍ വന്ന ഫൌണ്ടന്‍ ഓഫ് വെല്‍ത്ത് കാണാനാണ്.



ഇത് സിങ്കപ്പൂരിലെ വലിയ ഷോപ്പിംഗ് മാളായ സണ്‍ടെക് സിറ്റിയിലാണ്. അവിടെ ചെന്നപ്പോള്‍ ലേസര്‍ഷോയുടെ സമയമായിരുന്നു. ലേസര്‍ഷോ അത്ര രസമില്ലെങ്കിലും ഞങ്ങള്‍ അത് കണ്ട് അവിടെയിരുന്നു. ചൈനീസ് സംസ്കാരമനുസരിച്ച് ഈ ഫൌണ്ടനിലെ വെളളം ജീവന്‍റെയും സമ്പത്തിന്‍റെയും അടയാളമായാണത്രേ, അത് ഉള്ളിലേക്ക് ഒഴുകുന്നത്കൊണ്ട് സമ്പത്ത് സണ്‍ടെക്ക് മാളിലേക്ക് ഒഴുകിവരുമെന്ന്. ഫെങ്ഷൂയ് അനുസരിച്ച് ഈ ഫൌണ്ടന് 3 പ്രാവശ്യം വെളളം തൊട്ടുകൊണ്ട് ചുറ്റിയാല്‍ ആ തൊടുന്നവന്‍റെ കൂടെ ഭാഗ്യം വരുമത്രേ.. എന്തായാലും ഇത് പരീക്ഷിക്കാനൊന്നും ഞാന്‍ നിന്നില്ല. എങ്ങാനും ഭാഗ്യം വന്നാല്‍ ഞാന്‍ അഹങ്കാരിയായി പോയാലോ..  

 അവിടെ നിന്ന് പോയത് മെര്‍ലയണ്‍ പാര്‍ക്കിലേക്കാണ്. ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് സിങ്കപ്പൂര്‍ നദിയുടെ ഒരു വശത്താണ്. അവിടെ നിന്നുളള രാത്രി കാഴ്ച അതി മനോഹരമാണ്. 




ഞാന്‍ വാളു വെയ്ക്കുന്നതു പോലെ തോന്നുന്നത് ഒരു Optical illution (പറ്റിക്കല്‍ ഇല്യൂഷന്‍ അഥവാ ഭൂഖണ്ഡാന്തര ഛായാചിത്ര ഉഡായിപ്പ്) മാത്രമാണ്, അല്ലാതെ ഒരു ബിയറുകുടിച്ചാല്‍ വാളുമോ....




 സിങ്കപ്പൂരിന്‍റെ അടയാളമാണ് പകുതി മീനും, പകുതി സിംഹവുമായ  മെര്‍ലയണ്‍ പ്രതിമ. ഈ പാര്‍ക്കിലുളള ഈ പ്രതിമയുടെ പൊക്കം 8.6 മീറ്ററും തൂക്കം വെറും 40 ടണ്ണും ആണ്. സിങ്കപ്പൂര്‍  നദിയുടെ മറു വശത്തുളള മറീനാ ബേയിലേക്ക് വായനോക്കി  നില്‍ക്കുന്നതു പോലെയാണ് നില്‍പ്പ്. ഫോട്ടോ എടുക്കാന്‍ ഇതിനുമുമ്പില്‍ വ്യൂവിംഗ് ഡക്ക് ഉണ്ട്. ഇവിടെ നിന്നാല്‍ സിങ്കപ്പൂര്‍ ഫ്ലയറും. എക്സപ്ലനേഡും, മറീനാബേയും എല്ലാ നന്നായി കാണാം.  ഇവിടെ നിന്നുളള രാത്രി കാഴ്ച നല്ലതായിരിക്കുമെന്ന് മനസ്സിലാക്കി ഞങ്ങള്‍ സന്ധ്യയായിട്ടാണ് അവിടെ പോയത്. കേട്ടതു സത്യമാണെന്ന് അവിടെ ചെന്നപ്പോള്‍ മനസ്സിലായി. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ലേസര്‍ഷോ തുടങ്ങി. അത്ര വലുതെന്ന് പറയാനില്ലെങ്കിലും കൊളളാമായിരുന്നു.  ആ പാര്‍ക്കില്‍ ഈ പ്രതിമയുടെ പുറകിലായി രണ്ടു മീറ്റര്‍ പൊക്കമുളള രണ്ടുചെറിയ പ്രതിമകളും ഉണ്ട്. അമ്മയും രണ്ടു കുഞ്ഞുങ്ങളും എന്നും പറയാം.

അതും കണ്ട് കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടലില്‍ പോയി കുളിച്ച് ഫ്രഷായി (തിളച്ച വെളളം ഒഴിച്ചുവെന്നാണ് പറയേണ്ടത്. അന്ന് നടന്ന ദൂരം നേരെ നടന്നിരുന്നെങ്കില്‍ മലേഷ്യയിലെത്തിയേനെ...) ഭക്ഷണം കഴിച്ച് സൈഡായി - അങ്ങനെ നാലാം ദിവസവും തീര്‍ന്നു, ദിവസത്തിനപ്പോ 24 മണിക്കൂറില്ലേ എന്നൊരു സംശയം.




വായിച്ചിട്ട് നല്ലതാണെന്ന് തോന്നിയാല്‍ ഒരു കമന്‍റ് എഴുതണേ..

Thursday, March 15, 2012

സിങ്കപ്പൂര്‍ യാത്ര –മൂന്നാം ദിവസം

തലേ ദിവസത്തേ പോലെ നേരം വൈകി പോകണ്ടല്ലോയെന്ന് കരുതി നേരത്തെ എഴുന്നേറ്റുവെന്ന് എന്നൊന്നും കരുതണ്ട. പണ്ടേ നേരത്തെ എഴുന്നേല്‍ക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. അത് കേരളമായാലും, മസ്കറ്റിലായാലും, സിങ്കപൂരായാലും കണക്കു തന്നെ. എന്തായാലും എങ്ങനെയൊക്കയോ സ്വയം തല്ലിയെഴുന്നേല്പിച്ചു, കെട്ട്യോനെയും, മോളെയും ചവിട്ടിയുണര്‍ത്തി. അല്ലാതെ എന്തു ചെയ്യാനാ... ഉറങ്ങാനാണെങ്കില്‍ നമുക്ക് മസ്കറ്റില്‍ കിടന്നാല്‍ പോരേ....

താഴെ നിന്നും മസാലദോശയും കഴിച്ച് നേരെ മെട്രോയിലേക്ക്, ഇന്നും സെന്‍റോസയിലേക്ക് തന്നെയാണ്. അവിടുത്തെ യൂണിവേഴ്സല്‍ സ്ററുഡിയോലിലേക്ക്. യൂണിവേഴ്സല്‍ സ്ററുഡിയോ എന്നു വെച്ചാല്‍ സെന്‍റോസ ഐലന്‍റിലെ ഒരു തീം പാര്‍ക്ക് ആണ്. ഇത്  ഏഷ്യയിലെ രണ്ടാമത്തെയും തെക്ക് കിഴക്ക് ഏഷ്യയിലെ ആദ്യത്തേയും യൂണിവേഴ്സല്‍ സ്ററുഡിയോ തീം പാര്‍ക്ക് (ജപ്പാനാണ് ആദ്യസ്ഥാനം) ആണ്. യൂണിവേഴ്സല്‍ പിച്ചേഴ്സിന്‍റെ സിനിമകളുടെ തീമിലാണ് ഓരോ ഏരിയകള്‍ തിരിച്ചിരിക്കുന്നത്. ബാറ്റില്‍സ്റ്റാര്‍ ഗാലക്റ്റിക്കയും, മഡഗാസ്കറും, ഷ്രെക്കും, ട്രാന്‍സ്ഫോര്‍മേഴ്സും, മമ്മിയും ഒക്കെ ഓരോ തീമുകളാണ്. ടിക്കറ്റ് നേരത്തെ നെറ്റില്‍ നിന്ന് എടുത്തിട്ടുണ്ട്. അതു കൊണ്ട് നമുക്ക് അതിന് ക്യൂ നില്ക്കണ്ടല്ലോ, ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ഓടി കയറാം (നമ്മുടെ നാട്ടില്‍ കല്യാണത്തിന് ഭക്ഷണത്തിന് ഗേറ്റ് തുറക്കുമ്പോള്‍ തളളിക്കയറുന്നതുപോലെ) എന്നൊക്കെയാണ് വിചാരിച്ചത്. എവിടെ.... അവിടെ ചെന്നപ്പോളല്ലേ മനസ്സിലായത് എന്നേക്കാളും ബുദ്ധിയുളളവരാണ് അവിടെയുളളതെന്ന്. എല്ലാവരുടെ കയ്യിലും ടിക്കറ്റ്.. ഇവിടെ തൃശ്ശൂര്‍ പൂരത്തിനുളള തിരക്ക് എന്നല്ലാ പറയേണ്ടത്... (അതിലും വലിയ തിരക്ക് എവിടെയാണാവോ, ബിവറേജസില്‍ പിന്നെ ക്യൂ ആണല്ലോ).. എന്തായാലും കാര്യം മനസ്സിലായല്ലോ.... അതു തന്നെ.... 

എക്സ്പ്രസ്സ് ടിക്കറ്റ് എന്ന ഒരു സംഭവമുണ്ട് അവിടെ... അതെടുത്താല്‍ നമുക്ക് റൈഡുകളില്‍ കയറാന്‍ ക്യൂ നില്‍ക്കേണ്ട. നേരിട്ട് കയറാം... പക്ഷേ ഒരു റൈഡില്‍ ഒരു പ്രാവശ്യമേ കയറാന്‍ പറ്റൂ... ഇതിന്‍റെ റിവ്യൂ വായിച്ചപ്പോള്‍ എല്ലാവരും അതെടുക്കേണ്ട... എന്നൊക്കെ എഴുതിയിരിക്കുന്നു.... എന്നാല്‍ പിന്നെ അതെടുക്കേണ്ടല്ലോ എന്ന് ഞങ്ങളും തീരുമാനിച്ചു. തീരുമാനിക്കാന്‍  വേറേയും കാരണമുണ്ട്... അതിന് കൊടുക്കണം 30 സിങ്കപ്പൂര്‍ ഡോളര്‍. അപ്പോള് 2 പേര്‍ക്ക് 60... ടിക്കറ്റ് ചാര്‍ജ് വേറെയുമുണ്ടേ.. ഒരാള്‍ക്ക് 73 സിങ്കപ്പൂര്‍ ഡോളര്‍. അപ്പോള്‍ എല്ലാം കൂടി നല്ല ഒരു തുകയാവൂലോ.. എത്രയായാലും മലയാളി അല്ലേ... മനസിലപ്പോത്തന്നെ കണ്‍വെര്‍ട്ട് ചെയ്ത് എല്ലാം ഇന്ത്യന്‍‌ രൂപയാക്കൂലോ.... പക്ഷേ ഇതെടുക്കാമായിരുന്നുവെന്ന് അവിടെ ചെന്നപ്പോള്‍ തോന്നി. ആ പോയ ബുദ്ധി തിരിച്ചു കിട്ടില്ലല്ലോ.... ഇനി അടുത്ത ട്രിപ്പിന് ആവട്ടെയല്ലേ.... (പിന്നെ പറയുന്നതു കേട്ടാല്‍ തോന്നും എന്നും അവിടെയാണെന്ന്..)

അങ്ങനെ അതിന്‍റെയുളളില്‍ കയറി. നമ്മുടെ താജ് മഹലും, അക്ഷര്‍ദാമും കയറുന്ന ബുദ്ധിമുട്ടില്ലാട്ടോ...  ചെന്നയുടന്‍ മോള്‍ക്ക് ഇരിക്കാന്‍ ഒരു സ്ട്രോളര്‍ വാടകയ്ക്ക് എടുത്തു.. അല്ലെങ്കില്‍ നമ്മുടെ കാര്യം കുഴപ്പത്തിലാവും.. അവള്‍ 10 മിനിട്ട് കഴിയുമ്പോള്‍  അവിടെ നില്‍ക്കും എന്നെയെടുക്ക്, എനിക്ക് വയ്യ.. എന്നൊക്കെ പറഞ്ഞ്.... എന്തായാലും സ്ട്രോളര്‍ എടുക്കുകയല്ലേ ഡബിള്‍ സ്ട്രോളര്‍ തന്നെയെടുത്തു. എനിക്ക് ഇരിക്കാനല്ലാട്ടോ.. കയ്യിലുളള ബാഗും കൂടി വെയ്ക്കാലോ എന്നു കരുതിയാണ്... 

 
അങ്ങനെ യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ ഉളളില്‍ കൂടി നടന്നു. Hollywood, Ancient Egypt, Sci-Fi City, New York, Madagascar, Far Far Away, The Lost World ഇങ്ങനെ പല സെക്ഷനാണ് അവിടെ.. ഹോളിവുഡില്‍ ഞങ്ങള്‍ക്കിഷ്ടമുളളതൊ ന്നും ഇല്ലായെന്ന് നെറ്റില്‍ നിന്ന് മനസ്സിലാക്കി യിരുന്നു. അവിടെ റോഡ് സൈഡില്‍ പഴയ സിനിമ യിലുളള നല്ല കാറുകള്‍ കിടക്കുന്നുണ്ട് . അതിന്‍റെ ഫോട്ടോ യുമെടുത്ത് ഞങ്ങള്‍ അടുത്ത സെക്ഷനിലേക്ക് നടന്നു.


പോകുന്ന വഴിക്ക് ട്രാന്‍സ്ഫോര്‍മര്‍ റൈഡ് കണ്ടു. നോക്കിയപ്പോള് ക്യൂ ടൈം 45 മിനിട്ട്. എന്നാല്‍ തിരക്ക് കുറയട്ടെ എന്ന് വിചാരിച്ച് അടുത്ത റൈഡിലേക്ക് പോയി, ആ തീരുമാനം ശരിയല്ലായിരുന്നുവെന്ന് പിന്നെ മനസ്സിലായി. വൈകീട്ട് ഇതേ റൈഡില്‍ കയറാന്‍ 1.30 മണിക്കൂര്‍ ക്യൂവില്‍ നിന്നപ്പോള്‍.


അവിടെ നിന്ന് നേരെ പോയത് Sci-Fi City ലേക്കാണ്. Battlestar Galactica റൈഡ് കണ്ടു. നോക്കിയപ്പോള്‍ ക്യൂ ടൈം 10 മിനിട്ട്. കൊളളാലോ വീഡിയോണ്‍ എന്ന് മനസ്സില്‍ പറഞ്ഞ് അതിലേക്ക് വെച്ചു പിടിച്ചു. ഈ റൈഡിനൊ ക്കെ ഒരു പ്രശ്നമുണ്ട് പിള്ളേരെ കയറ്റില്ല. അതു കൊണ്ട് ഓരോ റൈഡില്‍ കയറിയപ്പോളും ഒരാള്‍ മോളെയും നോക്കി താഴെ നില്‍ക്കും. അങ്ങനെ Battlestar Galactica റൈഡിലേക്ക് ഞാനാണ് ആദ്യം പോയത്. പേടിച്ച് പേടിച്ചാണ് പോയത്.. അവിടെ ചെന്ന് റൈഡില്‍ കയറിയപ്പോള്‍ കൂടെ കയറിയത് ഒരു മലയ്ക്കാരി (മലേഷ്യ). രണ്ടു പേരും റൈഡിന്‍റെ  കാര്യവും പറഞ്ഞ്  ഇരുന്നു. നമ്മള്‍ പേടിയില്ലായെന്ന് കാണിക്കാനൊന്നും പോയില്ല. രണ്ടു പേര്‍ക്കും നല്ല പേടിയായിരുന്നു.  ഫോട്ടോ കണ്ടില്ലേ ഇതാണ് സംഭവം. എങ്ങനെയുണ്ട് ..കൊളളാലേ.. തല കുത്തിയൊക്കെ വീഴുമ്പോള്‍ കൂക്കി വിളിച്ചാല്‍ പേടി തോന്നില്ലായെന്ന് പണ്ട് ഏതോ ഗുരു പറഞ്ഞിട്ടില്ലേ.. ഏത് ഗുരുവെന്നൊന്നും ചോദിച്ചേക്കരുത്. എന്തായാലും പേടി തോന്നിയെങ്കിലും റൈഡ് കൊളളാമായിരുന്നു.. 

അതിനു ശേഷം The Lost World ലേക്കാണ് പോയത്.  ജുറാസിക് പാര്‍ക്ക് സിനിമ യിലെ സൈറ്റില്‍ എത്തിയപ്പോലെയാണ് തോന്നിയത്. ആ സിനിമയിലെ എല്ലാ സംഭവങ്ങളുമുണ്ട് അവിടെ. റൈഡുകളെല്ലാം ഡിനോസര്‍ ആകൃതിയില്‍.




അവിടെയുളള Dino-Soarin  മോളെ കയറ്റാന്‍ പറ്റുന്ന റൈഡാണെന്ന് മനസ്സിലായിട്ട് അതില്‍ കയറി. നമുക്ക് അതിത്ര ഇഷ്ടപ്പെടില്ല. ഒരു സാധാ റൈഡ്. പക്ഷേ മോള്‍ക്ക് ഇഷ്ടപ്പെട്ടു. 

പിന്നെ പോയത് Far Far Away യിലേക്കാണ്. അവിടെ എത്തിയപ്പോ ശരിക്കും സിനിമയുടെ കാലഘട്ടത്തിലെത്തിയതുപോലെ. മാജിക് പോഷന്‍സ് വില്‍ക്കുന്ന കടകള്‍.. ഫെയറി ഗോഡ് മദറിന്‍റെ കടകള്‍



അവിടെ ചെന്ന് Shrek 4-D Adventure കയറി. അവിടെ ചെന്നാലുളള ആദ്യമുളള അരമണിക്കൂര്‍ കത്തി സഹിക്കാന്‍ പറ്റില്ല. ഷ്രക്കിനെ കുറിച്ച് അറിയാത്തവര്‍ക്ക് പറഞ്ഞു തരികയാണ്. ഷ്രെക്ക് ഒന്നു മുതല്‍ നാലു വരെ കണ്ട ഞങ്ങള്‍ക്ക് ഇതു കത്തിയല്ല വെട്ടുകത്തി ആയാണ് തോന്നിയത്. അതും ഇരിക്കാന്‍ പോലും സ്ഥലമില്ല അവിടെ.  എന്തായാലും കത്തി തീര്‍ന്ന് 3D കണ്ണാടിയും എടുത്തു തീയ്യറ്ററിന്‍റെയുളളില്‍ കയറി. കയറുന്ന സമയ ത്ത് ഫ്രയ നല്ല വാശിയി ലായിരുന്നു. പിന്നെ സിനിമ തുടങ്ങിയപ്പോള്‍ (സിനിമ മുഴുവന്‍ ഇല്ലാ ട്ടോ 40 മിനിട്ട് മാത്രം, കത്തിയടക്കം) അവള്‍ക്ക് ഇഷ്ടമായി. 4 ഡി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്തതു കൊണ്ട് എന്താണോയെന്തോ എന്നുളള ഒരു ആകാംക്ഷയിലായിരുന്നു. എന്തായാലും 4 ഡി കൊളളാമെന്ന് പിന്നീട് മനസ്സിലായി. സിനിമയിലെ സീനിനനുസരിച്ച് നമ്മള്‍ ഇരിക്കുന്ന കസേരകള്‍  മാറുന്നു. ഡോങ്കി തുമ്മുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് വെള്ളം തെറിക്കുന്നു. നാട്ടില്‍ ചിലര്‍ ബസ്സിലിരുന്ന് മുറുക്കാന്‍ തുപ്പുമ്പോ പുറകിലത്തെ സീറ്റിലിരുന്ന അവസ്ഥ. ഏതു നാട്ടുകാരായാലും ബ്വാ...എന്നാ നിലവിളിക്കുന്നത് എന്നു മനസിലായി - ചിലര്‍ ടിഷ്യു എടുത്ത് മുഖം തുടയ്ക്കുക വരെ ചെയ്തു. തേരില്‍ കയറി ഷ്രക്ക് പോകുമ്പോള്‍ ആ തേരില്‍ നമ്മള്‍ കയറിയതു പോലെയുളള ഫീല്‍ ആണ്.
കടപ്പാട്- ഗൂഗിള്‍
തേര് സ്പീഡില്‍ പോകുമ്പോള്‍ നമ്മളും അതുപോലെ പോവുകയാണെന്ന് തോന്നും, അതു പോലെ കുലുങ്ങുമ്പോള്‍ നമ്മളും കുലുങ്ങി ഇപ്പോള്‍ വീഴുമോയെന്ന് തോന്നും. എട്ടുകാലികളുടെ ഇടയില്‍ പെട്ടുപോകുമ്പോള്‍ കാലില്‍ കൂടി എട്ടു കാലി ഇഴയുന്നതു പോലെ തോന്നുന്നതും നല്ല രസമായിരുന്നു. കാലില്‍ കൂടി ഇഴയുന്നതു പോലെ തോന്നിയപ്പോള്‍ ഞാന്‍ കാലെടുത്ത് സ്വന്തം തലയില്‍ വെച്ചെന്ന് ഇപ്പോളും ഹസ്ബന്‍റ് കളിയാക്കും. അങ്ങനെ ആ രസകരമായ ഷോയും കഴിഞ്ഞു


പിന്നീട് പോയത് Donkey LIVE ലേക്കായിരുന്നു. ഷ്രെക്കിലെ ഡോങ്കി സ്ക്രീനില്‍ വരും‍, നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ലൈവായി മറുപടി തരും. എനിക്ക് ഇത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും.
കടപ്പാട്- ഗൂഗിള്‍
പിന്നീട് പോയത് New York-- Lights, Camera, Action ലേക്കായിരുന്നു. ഇത് ശരിക്കും നല്ല രസമായിരുന്നു.
കടപ്പാട്- ഗൂഗിള്‍
കടപ്പാട്- ഗൂഗിള്‍
 സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് ഹോസ്റ്റു ചെയ്യുന്ന ഷോയാണ്. ഹോളിവുഡ് സിനിമയില്‍ നമ്മള്‍ കാണുന്ന സീനുകള്‍ എങ്ങിനെ എടുക്കുന്നു എന്നത് സ്പീല്‍ ബര്‍ഗ് വിശദീകരിച്ചു തരുന്നു(നേരിട്ടല്ലാട്ടോ... വീഡിയോ മാത്രം). ഞങ്ങള്‍ നിന്ന വലിയ മുറിയുടെ ഒരു വശം കടലും കടല്‍തീരത്ത് വലിയ കെട്ടിടങ്ങളുമായി മാറി, വലിയ കൊടുങ്കാറ്റ് അടിക്കുന്നതും, സാധനങ്ങളും, കെട്ടിടങ്ങളും തകരുന്നതും, തീ കത്തുന്നതും (തീ കത്തിയപ്പോള്‍ ഉളള ചൂടും) എല്ലാം അല്ഭുതത്തോടെയും പേടിയോടെയുമാണ് ഞങ്ങള്‍ കണ്ടത്. പെട്ടന്ന് വെള്ളത്തിലേക്ക് ഇടിച്ചു കയറിയ കപ്പല്‍ ശരിക്കും പേടിപ്പിച്ചു. നമ്മളെയും ഇടിച്ചു കേറി വരുമോയെന്ന് പേടിയായി. അതു പോലെ തന്നെ സാധനങ്ങള്‍ വെളളത്തില്‍ വീഴുമ്പോള്‍ നമ്മള്‍ ശരിക്കും പേടിക്കും. അത് നമ്മുടെ തലയില്‍ വീഴുമോയെന്ന്. എന്തായാലും കൊളളാം.. 
അടുത്തതായി മോളുടെ ബോറടി മാറ്റാനായി മടഗാസ്കറിലെ ഥാ പാത്രങ്ങളുടെ പുറത്ത് കയറിയുള്ള ഒരു റൈഡില്‍ കയറി.
കടപ്പാട് - ഗൂഗിള്‍
  കയറിയപ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലായെന്ന് തോന്നുന്നു. അവള്‍ വാശി പിടിച്ചു. പിന്നെ ഹസ്ബന്‍റ് അവളെയും കൊണ്ട് ആ റൈഡില്‍ തന്നെയുളള കസേരയില്‍ ഇരുന്നു.




പിന്നീട് പോയത്  Revenge of the Mummy ലേക്കായിരുന്നു. എല്ലാ പ്രാവശ്യത്തേയും പോലെ ആദ്യം ഞാന്‍ തന്നെയാണ് കയറിയത്. (പിള്ളേരെ കേറ്റില്ല ഈ റൈഡിലും). ഇതിനും നല്ല ക്യൂ ആയിരുന്നു. ഇതൊരു ഹൈ സ്പീഡ് ഇന്‍ഡോര്‍ റോളര്‍ കോസ്റ്റര്‍ ആണ്. എന്നു വെച്ച് അത്ര ചെറുതായി തെറ്റിദ്ധരിക്കേണ്ട.വെളിച്ചം നന്നേ കുറവുളള കുറേ ചെറിയ റൂമുകളും കടന്ന് വേണം റൈഡിലെത്താന്‍.. നല്ല തിരക്കുളളതു കൊണ്ട് പോകുന്ന വഴിയില്‍ എന്തായാലും അധികം പേടി തോന്നിയില്ല. അവിടെയെത്തുന്നതു വരെ എന്ത് റൈഡാണോ ഇത് ഈശ്വരാ എന്ന് വിചാരിച്ചാണ് പോയത്.  കൂരിരുട്ടില്‍ ആയിരുന്നു റൈഡ്. നല്ല സ്പീഡില്‍ പോകുന്ന വാഹനം, പെട്ടെന്ന് മുന്‍പില്‍ ഗേറ്റ് അടച്ചിരിക്കും, പെട്ടെന്ന് നില്ക്കും, ബാക്കിലോട്ട് അതിവേഗത്തില്‍  ഓടും, അപ്രതീക്ഷിതമായി അഗാധതയിലെക്കുള്ള കൂപ്പുകുത്തലും, സൈഡില്‍ നിന്ന് പേടിപ്പിക്കാനായി വെളിച്ചം, തീ  ഒക്കെയായി ശരിക്കും ഒരു സംഭവം തന്നെയായിരുന്നു.  പൂര്‍ണ്ണമായും ഇരുട്ടിലായതുകൊണ്ട് എന്താണ് ഉണ്ടാവുക എന്നറിയാതെ എന്താ പറയുക ശരിക്കും ഹാര്‍ട്ട് അറ്റാക്ക് വരുമോയെന്ന് തോന്നും. പക്ഷേ സംഭവം കൊളളാമായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടും. 
  
പിന്നീട് പോയത് Treasure Hunters ലേക്കായിരുന്നു. ഒരു ജീപ്പ് റൈഡായിരുന്നു ഇത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന റൈഡാണ്. ഫ്രയയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന സ്റ്റിയറിംഗ് മോള് തന്നെയാണ് ഹാന്‍ഡില്‍ ചെയ്തത്.




കടപ്പാട് ഗൂഗിള്‍
 പിന്നെ കയറിയത് Accelerator. പേര് കേള്‍ക്കുന്നതു പോലെ അത്ര വലിയ സംഭവമല്ലാട്ടോ 
കടപ്പാട് ഗൂഗിള്‍
 ഇത്. പേര് കേള്‍ക്കുമ്പോള്‍ തോന്നും എന്തോ ഭീകര സംഭവമാണെന്ന്. ഫോട്ടോ കണ്ടില്ലേ... ഇത് വെറും ടീകപ്പ് റൈഡ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടും.

പിന്നീട് പോയത് TRANSFORMERS The Ride: The Ultimate 3D Battle ലേക്കായിരുന്നു. ഇതെന്താ പറയുകയെന്നറിയില്ല. അത്ര നല്ല റൈഡായിരുന്നു. പക്ഷേ ഇതിന്‍റെ ക്യൂ സഹിക്കാന്‍ പറ്റിയില്ല. ഡിസംബറില്‍ തുടങ്ങിയതേയുളളൂ ഈ റൈഡ്. അതു കൊണ്ട് വന്നവരെല്ലാം ഇതില്‍ മാത്രം കയറാന്‍ വന്നവരാണെന്ന് തോന്നി. ഒന്നര മണിക്കൂറാണ് ക്യൂ നിന്നത് ഈ റൈഡില്‍ കയറാന്‍. ഇടയ്ക്ക് തോന്നി ഇട്ടേച്ച് പോയാലോയെന്ന്. ഇതിലും മോളെ കയറ്റാന്‍ പറ്റാത്തതു കൊണ്ട് ഞാനൊറ്റയ്ക്കായിരുന്നു. നിന്ന് നിന്ന് കാല്‍ ഒടിഞ്ഞുവെന്ന് തോന്നിപോയി. എന്തായാലും വന്നതല്ലേ ഇനിയിപ്പോള്‍ കയറാതെ പോയാല്‍ സങ്കടമായാലോയെന്ന് കരുതി അവിടെ തന്നെ നിന്നു. ഓരോ വളവു കഴിയുമ്പോളും എത്തിയെന്ന് തോന്നും. എവിടെ... അവസാനം എത്താറായപ്പോള്‍ ഈ റൈഡിന്‍റെ വീഡിയോ വെച്ചിരിക്കുന്നു. അത് കണ്ടപ്പോള്‍ ഉളള ധൈര്യവും പോയി. ഒരു ട്രാന്‍സ്ഫോര്‍മറിന്‍റെ കൂടെ പോകുന്ന പട്ടാളക്കാരിലൊരാളാണ് ഞാന്‍..... അങ്ങനെ അവസാനം റൈഡിന്‍റെയവിടെയെത്തി. അപ്പോള്‍ ഈ വീഡിയോ കണ്ടിട്ട് പേടിച്ചിട്ടാണെന്ന് ഒരു ഫാമിലി ഞങ്ങള്‍ക്ക് കയറണ്ടായെന്ന് പറഞ്ഞ് തിരിച്ചു പോയി.

 


അതും കൂടി കണ്ടപ്പോള്‍ എന്‍റെ കാറ്റ് ബാക്കിയുണ്ടായിരുന്നതു കൂടി പോയെന്ന് പറഞ്ഞാല്‍ പോരേ... അതും പോരാഞ്ഞ് 3ഡി ഗ്ലാസ്സു കൂടി തന്നു. ഈശ്വരാ 3 ഡി സിനിമ കാണുമ്പോള്‍ തന്നെ കണ്ണിലേക്ക് കുത്തി കയറാന്‍ വരുന്നതു പോലെ തോന്നുമ്പോള്‍ കണ്ണടക്കുന്ന ഞാനാണ് ഇനി ഇതും വെച്ച് റോളര്‍ കോസ്റ്ററില്‍.. എന്തായാലും ധൈര്യം കാണിച്ച് റൈഡില്‍ കയറി. അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റില്ലല്ലോ... ഇപ്രാവശ്യം ഒരു അബദ്ധവും കാണിച്ചു, എല്ലാ പ്രാവശ്യവും മൊബൈല്‍ ഹസ്ബന്‍റിന്‍റെ കയ്യില്‍ കൊടുത്തിട്ടാണ് പോകാറ്. ഇപ്രാവശ്യം അത് മറന്നു. ജീന്‍സിന്‍റെ പോക്കറ്റിലുണ്ട്. റൈഡില്‍ കയറിയുടനെ അവര്‍ നമ്മള്‍ വീഴാതെയിരിക്കാനായി മടിയില്‍ ലോക്ക്.. ചെയ്തു. ഈശ്വരാ എന്‍റെ ഗാലക്സി എസിന്‍റെ പണി ഇപ്പോള്‍ തീരും. ഒന്നല്ലങ്കില്‍ ഫോണ്‍ നിലത്തു വീഴും, അല്ലെങ്കില്‍ അത് പൊട്ടും. എന്‍റെ ശ്രദ്ധ അതിലായിരുന്നു.. അങ്ങനെ റൈഡ് ആരംഭിച്ചു. 3 ഡി കണ്ണടയൊക്കെ വെച്ച് സ്റ്റൈലായി. പേടി പുറത്തു കാട്ടാന്‍ പാടില്ലല്ലോ.. ഇപ്രാവശ്യം അടുത്തുളളത് ഒരു യൂറോപ്യന്‍ ഫാമിലിയാണ്. പണ്ടാണെങ്കില്‍ ഞാന്‍ പറഞ്ഞേനെ മദാമ്മയാണെന്ന്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിംഗ് മുഴുവന്‍ ഇവരായതു കൊണ്ടും, സ്ഥിരം ഇവരെ കണ്ട് ഇവരെ കുറിച്ച്  ഒരു ധാരണ വന്നതു കൊണ്ട് ഇനിയങ്ങനെ പറയാന്‍ പറ്റില്ലല്ലോ.. നമ്മളേക്കാള്‍ തറകളുമുണ്ടേ ഇവരുടെയിടയിലും.. എന്തായാലും റൈഡ് തുടങ്ങി. ഈശ്വരാ കാത്തോണേ എന്ന് മനസ്സില്‍ പറഞ്ഞ് ഇരുന്നു. എന്തായാലും സംഭവം കൊളളായിരുന്നു.
ഈ ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിളിനാണേ... അല്ലാതെ ഈ റൈഡില്‍ ക്യാമറ കൊണ്ടു പോയൊന്നും ആരും കരുതേണ്ട...
നമ്മള്‍ പോകുന്ന ഓട്ടോബോട്ടിനെ ഒരു ഡിസപ്റ്റക്കോണ്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, നമ്മളെ രക്ഷിക്കാന്‍ വേറെ റോബോട്ടുകള്‍ വരുന്നതുമാണ് സംഭവം. എല്ലാം നടക്കുന്നത് രണ്ടുമൂന്ന് റൂമിലാണെങ്കിലും നമുക്ക് തോന്നുന്നത് നമ്മള്‍ പോകുന്നത് ഒരു സിറ്റിയില്‍ കൂടിയാണെന്ന് തോന്നും. നമ്മള്‍ പോകുമ്പോള് പെട്ടെന്ന് വണ്ടി വട്ടം കറങ്ങുന്നതും, പെട്ടെന്ന് റോഡ് തീരുന്നതും നമ്മള്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് പെട്ടെന്ന് വീഴുന്നതും (എത്ര നിലയാണെന്ന് എണ്ണാന്‍ പറ്റിയില്ലാ... പിന്നേ ഈ ബഹളത്തിന്‍റെ ഇടയിലാ എണ്ണല്‍, ശ്വാസം വിടാന്‍ വരെ സമയം കിട്ടിയില്ല)  പിന്നെ ഇതിന്‍റെ രസം 3 ഡി ഗ്ലാസ്സു കൂടിയുളളതു കൊണ്ട് ഓരോ സാധനങ്ങള്‍ എടുത്തെറിയുമ്പോളും, ഗ്ലാസ്സ് പൊട്ടി തകരുമ്പോളും കണ്ണിലേക്ക് തെറിക്കുന്നതു പോലെ തോന്നും. പിന്നെ ഗുണമെന്താണെന്ന് വെച്ചാല്‍ കണ്ണിലേക്ക് ഇതൊക്കെ തെറിക്കുമെന്ന് തോന്നുമ്പോള്‍ നമുക്ക് കണ്ണടച്ചു കളയാമെന്നേ... ആരോടും പറയേണ്ടാട്ടോ ഇത്... എന്തായാലും തീര്‍ന്നപ്പോള്‍ തീര്‍ന്നല്ലോയെന്ന് തോന്നി. നേരത്തേ ഡോങ്കി തുമ്മി നനച്ചതുകൊണ്ട് ജലദോഷം വന്നിട്ടാവണം തൊണ്ട വേദന, അല്ലാതെ അയ്യേ... നിലവിളിച്ചിട്ടൊന്നുമല്ല.


പുറത്തിറങ്ങി വന്നപ്പോള്‍ ഇത്രയും നേരം കാത്ത് നിന്നിട്ട് ഇതില്‍ കയറണോയെന്ന് ഹസ്ബന്‍റ്, കേറാതെ പോയാല്‍ അതു നഷ്ടമാവുമെന്ന് പറഞ്ഞ് വിട്ടു. ആള്‍ക്ക് മുക്കാല്‍ മണിക്കൂറേ കാത്തു നില്‍ക്കേണ്ടി വന്നുളളൂ.. എറ്റവും രസം ആളുടെ കൂടെ കയറിയ ഒരു തമിഴനായിരുന്നു. റൈഡിന്‍റെയിടയില്‍ ആള് കാപ്പാത്തുങ്കോ.. കാപ്പാത്തുങ്കോ എന്ന് വിളിക്കുകയായിരുന്നുവത്രേ. എന്തായാലും നല്ല രസത്തോടെ അത് അവസാനിച്ചു.
റൈഡ് കണ്ട് ഇറങ്ങി വരുന്ന ഹസ്ബന്‍റിന്‍റെ മുഖം എങ്ങനെയുണ്ടെന്ന് അറിയാന്‍ വേണ്ടി ചുമ്മാ ഒരു സ്നാപ്പ്

 പിന്നെ കയറിയത് Madagascar: A Crate Adventure- ഇത് മങ്ങിയ വെളിച്ചത്തില്‍ കൂടി പോകുന്ന ഒരു ഇന്‍ഡോര്‍ ബോട്ട് റൈഡാണ്. ആദ്യം ഞങ്ങള് അവിടെ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു. 1 മണിക്കൂര്‍ ക്യൂ നിന്ന് അവിടെയെത്താറായപ്പോള്‍ എന്തോ 
കടപ്പാട് - ഗൂഗിള്‍
കടപ്പാട് - ഗൂഗിള്‍
ടെക്നിക്കല്‍ പ്രോബ്ലം.. അത് നിര്‍ത്തി വെച്ചു. പിന്നീട് എല്ലാ റൈഡിലും കയറിയതിനു ശേഷം അവസാനമാണ് വീണ്ടും ഇതില്‍ കയറിയത്.   മഡഗാസ്കര്‍ സിനിമയെ ബേസ് ചെയ്തുളള റൈഡ്. ഇടയ്ക്കിടയ്ക്ക് നമ്മളെ പേടിപ്പിക്കാന്‍ മഡഗാസ്കറിലെ ജീവികള്‍ ഉണ്ട്. കുറച്ച് പോയപ്പോള്‍
വെളളം വീഴുന്ന സ്ഥലം കണ്ടു, നമ്മുടെ ദേഹത്ത് വീഴുമോയെന്ന് തോന്നി. പണ്ടു തൊട്ടേ നനയാന്‍ വിഷമമില്ല. പക്ഷേ ഈ പേരും പറഞ്ഞ് വാങ്ങിയ എന്‍റെ HD വീഡിയോ ക്യാമറ എന്‍റെ കയ്യിലുണ്ടേ... സ്റ്റില്‍
കടപ്പാട് - ഗൂഗിള്‍
ക്യാമറ ഇതൊക്കെ മുന്‍കൂട്ടി കണ്ടതു കൊണ്ടാണെന്ന് തോന്നുന്നു ഹസ് പുറത്തെടുത്തില്ല . പക്ഷേ ഞങ്ങള്‍ അവിടെയെത്തി യപ്പോളേക്കും വെളളം തീര്‍ന്നു. ചുമ്മാ പേടിച്ചു.. ചുമ്മാ ഒരു പേടി വേസ്റ്റ് ആയി. എന്തായാലും നല്ല റൈഡായിരുന്നു അത്.


അങ്ങനെ അവിടത്തെ റൈഡുകളൊക്കെ കയറി സന്തോഷത്തോടെ അവിടെ നിന്ന് ഇറങ്ങി. ഇനിയും ഇറങ്ങിയില്ലെങ്കില്‍ അവര് ഇറക്കി വിടുമെന്ന് തോന്നി. കാരണം 9.30 ആയി. അവിടുന്ന് മോണോ റെയില്‍ കയറി വീണ്ടും വിവോ സിറ്റിയിലേക്ക്. അവിടെ വലിയ ഒരു ക്രിസ്മസ്സ് ട്രീ ഉണ്ട്. അതും കണ്ട് മെട്രോയില്‍ കയറി ഹോട്ടലിലേക്ക്. ഹോട്ടലില്‍ എത്തിയയുടന്‍ ചൂടുവെളളത്തില്‍ ഒരു കുളി. അല്ലെങ്കില്‍ പിറ്റേ ദിവസം എഴുന്നേല്ക്കാന്‍ പറ്റില്ലായെന്ന് തോന്നി. കാലിലെ മസിലൊക്കെ ഒറ്റ ദിവസം കൊണ്ട് കല്ല് പോലെയായി. മസ്കറ്റില്‍ ചുമ്മായിരുന്ന് ഞാന്‍ സോഫ്റ്റാക്കി വെച്ചിരുന്ന എന്‍റെ കാലിലെ മസിലായിരുന്നു. എന്തു ചെയ്യാം .. ഈ ഡിസംബറിലെ പീക്ക് ടൈമില്‍ തന്നെ വന്നതു കൊണ്ടല്ലേ.... അപ്പോള്‍ ഇതല്ല ഇതിലും വലുത് വരണം...




(ഇതിലെ ഫോട്ടോസില്‍ കുറേയൊക്കെ ഗൂഗിള്‍ തപ്പിയെടുത്തതാണ്.. കാരണം ഇത്രയും തിരക്കുളള സമയത്ത് അവിടെ പോയ കാരണം ക്യൂവില്‍ നില്‍ക്കാനാണ് കൂടുതല്‍ സമയവും എടുത്തത്. ക്യൂവില്‍ അവിടെയെത്തിനു ശേഷമാണ് ഓരോ റൈഡും എന്താണെന്ന് മനസ്സിലാവുന്നത്. അതു കൊണ്ട് മിക്ക റൈഡില്‍ പോയപ്പോളും ക്യാമറ എടുത്തില്ല. അതു കൊണ്ട് ഫോട്ടോയെടുക്കല്‍ നടന്നില്ല. ഇപ്രാവശ്യത്തേക്ക് ഒന്ന്  ക്ഷമിച്ചേക്കണേ... തല്ലണ്ടാ.. ഞാന്‍ അടുത്ത പ്രാവശ്യം നന്നായി കൊളളാം.....)